കരിപ്പൂരിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സിഐഎസ്എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് നവീനിനെ സസ്പെന്‍ഡ് ചെയ്തു. ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് ഏകോപിപ്പിച്ചത് ഇയാളാണെന്ന് പൊലീസ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്നലെ പൊലീസ് മണിക്കൂറുകളോളം ഇയാളെ ചോദ്യം ചെയ്തിരുന്നു.നവീന് പുറമേ കസ്റ്റംസിലെ ഒരുദ്യോഗസ്ഥനും സംഭവത്തില്‍ പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇത് സംബന്ധിച്ച സമഗ്ര വിവരം പൊലീസ് കൈമാറിയതിന് പിന്നാലെയാണ് പ്രിവന്റീവ് കസ്റ്റംസ് വിഭാഗം അന്വേഷണം തുടങ്ങിയത്. കൂടുതല്‍ ഇദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്ന കാര്യവും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്ത് വന്നവരില്‍ നിന്നും സ്വര്‍ണ്ണം പിടികൂടിയ സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് പുറത്തുവന്നത്.കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്ത് സംഘത്തിന് വേണ്ടി ഉദ്യോഗസ്ഥര്‍ ഇടപെട്ടതിന്റെ തെളിവുകളാണ് കേരളാ പൊലീസിന് ലഭിച്ചത്. ഈ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ 60 തവണ കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയതായാണ് പൊലീസ് കണ്ടെത്തല്‍.
ദിവസങ്ങള്‍ക്കു മുമ്പ് കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനക്ക് ശേഷം പുറത്തിറങ്ങിയ മൂന്ന് പേരില്‍ നിന്നും കരിപ്പൂര്‍ പൊലീസ് സ്വര്‍ണം പിടികൂടിയിരുന്നു. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഒരാളുടെ മൊബൈല്‍ ഫോണില്‍ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഷിഫ്റ്റ് കണ്ടെത്തിയത്.