തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്കോ ഔട്ട്‌ലെറ്റുകളില്‍ മദ്യക്കുപ്പികള്‍ പൊട്ടിയതെന്നു പറഞ്ഞ് മാറ്റിവയ്ക്കുന്നതിലൂടെ വന്‍ ക്രമക്കേട് നടക്കുന്നുവെന്നു വിജിലന്‍സ് കണ്ടെത്തി.ചില ഔട്ട്‌ലെറ്റുകളില്‍ ആയിരത്തോളം കുപ്പികള്‍ ഈ കണക്കില്‍ പെടുത്തിയിട്ടുണ്ട്. പൊട്ടാത്ത ബോട്ടിലുകളുള്‍പ്പെടെ ഇത്തരത്തില്‍ മാറ്റിവയ്ക്കുന്നതായും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ഇവയുള്‍പ്പെടെ നിരവധി ക്രമക്കേടുകളാണ് ‘ഓപ്പറേഷന്‍ മൂണ്‍ലൈറ്റ്’ എന്ന പേരില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യക്തമായതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ട 78 ഔട്ട്‌ലെറ്റുകളിലായിരുന്നു പരിശോധന. കഴിഞ്ഞ ഒരു വർഷത്തിനിടയ്ക്ക് പൊട്ടിയ ഇനത്തിൽ മാറ്റിയ മദ്യത്തിന്‍റെ അളവ് പരിശോധിച്ചപ്പോഴാണ് ചില ഔട്ട്‌ലെറ്റുകളില്‍ മാത്രം വലിയ തോതില്‍ മദ്യക്കുപ്പികള്‍ പൊട്ടുന്നതായി കണ്ടെത്തിയത്. ആലത്തൂരില്‍ 885 ബോട്ടിലുകളും, നീലേശ്വരത്ത് 881ഉം, ഗുരുവായൂർ ഔട്ട്‌ലെറ്റിൽ 758ഉം, കോഴിക്കോട് ഇഴഞ്ഞിപ്പാലം ഔട്ട്‌ലെറ്റിൽ 641ഉം, കൊല്ലം കുരീപ്പുഴയില്‍ 615ഉം, തിരുവനന്തപുരം ഉള്ളൂരില്‍ 600ഉം, കാഞ്ഞങ്ങാട് ഔട്ട്‌ലെറ്റിൽ 488ഉം, കാസർകോട് 448ഉം, ഇടുക്കി ജില്ലയിലെ രാമനാട് ഔട്ട്‌ലെറ്റിൽ 459ഉം ബോട്ടിലുകള്‍ പൊട്ടിയെന്ന പേരില്‍ മാറ്റിവച്ചതായി കണ്ടെത്തി. മൂന്നാർ ഔട്ട്‌ലെറ്റിൽ 434, കോഴിക്കോട് കുട്ടനെല്ലൂർ ഔട്ട്‌ലെറ്റിൽ 354, മൂന്നാർ മുണ്ടക്കയത്ത് 305, പാലക്കാട് ജില്ലയിലെ പാപമണി ഔട്ട്‌ലെറ്റിൽ 310 ബോട്ടിലുകളും ഒരു വര്‍ഷത്തിനിടെ പൊട്ടിയ ഇനത്തിൽ മാറ്റിയിരുന്നു.പാലക്കാട് ജില്ലയിലെ കൊളപ്പുള്ളി ഔട്ട്‌ലെറ്റിൽ 3,93,000 രൂപയുടെ മദ്യവും കോഴിക്കോട് ജില്ലയിലെ കാർക്കംകുളം ഔട്ട്‌ലെറ്റിൽ 3,75,100 രൂപയുടെ മദ്യവും, ആലപ്പുഴ അന്ധകാരനാഴി ഔട്ട്‌ലെറ്റിൽ 2,87,000 രൂപയുടെ മദ്യവും കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മദ്യക്കുപ്പി പൊട്ടിയ ഇനത്തിൽ മാറ്റിവച്ചതായും വിജിലൻസ് കണ്ടെത്തി.
ഇങ്ങനെ പൊട്ടിയതായി കാണിച്ച് കൂട്ടിയിട്ടിരിക്കുന്ന കുപ്പികൾ വിജിലൻസ് സംഘം പരിശോധിച്ചതിൽ പകുതിയിലധികവും പ്ലാസ്റ്റിക് കുപ്പികൾ ആണെന്നും കണ്ടെത്തി. ഇപ്രകാരം ചില ഔട്ട്‌ലെറ്റുകളിൽ മാത്രം ക്രമാതീതമായി മദ്യക്കുപ്പികൾ പൊട്ടിയതിൽ ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് വരും ദിവസങ്ങളിൽ പരിശോധന നടത്തുന്നതാണെന്ന് വിജിലൻസ് അറിയിച്ചു.പരിശോധന നടത്തിയവയില്‍ 70 ഔട്ട്‌ലെറ്റുകളിലും മദ്യം വിറ്റ തുകയും കൗണ്ടറിൽ കാണപ്പെട്ട തുകയും തമ്മിൽ വ്യത്യാസം കണ്ടെത്തി. ചില പ്രത്യകതരം മദ്യം കൂടുതല്‍ വിറ്റഴിച്ചതായും കണക്കുകള്‍ പരിശോധിച്ചപ്പോള്‍ വ്യക്തമായി. ബെവ്കോ ഉദ്യോഗസ്ഥരെ മദ്യകമ്പനികളുടെ ഏജന്‍റുമാർ സ്വാധീനിച്ചിട്ടുണ്ടോയെന്നാണ് സംശയം. മദ്യം പൊതിഞ്ഞു നല്‍കാന്‍ ന്യൂസ് പേപ്പര്‍ പണം കൊടുത്ത് വാങ്ങിയിട്ടും, അവിടങ്ങളില്‍ മദ്യം പൊതിയാതെയാണ് കൊടുക്കുന്നതെന്ന് വിജിലന്‍സ് കണ്ടെത്തി.
പരിശോധനയിൽ കണ്ടെത്തിയ അപാകതകളെപ്പറ്റി വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണം നടത്തുന്നതാണെന്നും, കണ്ടെത്തിയ അപാകതകളെപ്പറ്റി വിശദമായ റിപ്പോർട്ട് മേൽ നടപടിക്കായി സർക്കാരിന് നൽകുമെന്നും വിജിലൻസ് ഡയറക്റ്റർ ടി. കെ വിനോദ് കുമാർ അറിയിച്ചു.