തിരുവനന്തപുരത്ത് വീട്ടിലെ പിവിസി പൈപ്പിനുള്ളിൽ പെരുമ്പാമ്പ്

തിരുവനന്തപുരത്ത് വീട്ടിലെ പിവിസി പൈപ്പിനുള്ളിൽ പെരുമ്പാമ്പ് കയറി. ആര്യനാട് ചൂഴ സ്വദേശി രവിയുടെ വീട്ടിലെ വെള്ളം പോകുന്ന പൈപ്പിലാണ് പെരുമ്പാമ്പ് കയറിയിരുന്നത്. വനം വകുപ്പ് പരുത്തിപ്പള്ളി റേഞ്ചിലെ ആർ.ആർ.ടി അംഗം റോഷിണിയാണ് പെരുമ്പാമ്പിനെ പിടികൂടിയത്.ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. വെള്ളം പോകാനായി ഉപയോഗിച്ചിരുന്ന 15 മീറ്റർ നീളമുള്ള പിവിസി പൈപ്പിലാണ് പെരുമ്പാമ്പ് കയറിയത്. വെള്ളം പോകാത്തതിനെ തുടർന്ന് പൈപ്പ് പരിശോധിക്കുന്നതിനിടെയാണ് പാമ്പിനെ കണ്ടെത്തിയത്. ഉടൻതന്നെ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.ആർ.ആർ.ടി അംഗം റോഷിണിയുടെ നേതൃത്വത്തിലുള്ള ഒരു ടീം സ്ഥലത്തെത്തി. രണ്ടു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ഏറെ പണിപ്പെട്ടാണ് പെരുമ്പാമ്പിനെ പിടികൂടിയത്. പത്തടി നീളവും 25 കിലോ ഭാരവുമുള്ള പാമ്പിനെയാണ് പിടികൂടിയത്.