പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയും രണ്ട് മക്കളും കൈഞരമ്പ് മുറിച്ച് മരിച്ചനിലയില്‍; കൊലപാതകമെന്ന് പരാതി

ന്യൂഡല്‍ഹി: നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി)യില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥന്റെ ഭാര്യയെയും രണ്ടുമക്കളെയും മരിച്ചനിലയില്‍ കണ്ടെത്തി. പൊലീസ് കോണ്‍സ്റ്റബിള്‍ ജഗേന്ദ്ര ശര്‍മയുടെ ഭാര്യ വര്‍ഷ ശര്‍മ(27)യെയും നാലും രണ്ടരവയസ്സും പ്രായമുള്ള മക്കളെയുമാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കൈഞരമ്പ് മുറിച്ചനിലയിലാണ് മൂവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നും സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

ഞായറാഴ്ച രാവിലെ പത്തരയോടെയാണ് യുവതിയും മക്കളും ജീവനൊടുക്കിയെന്ന വിവരം പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് പൊലീസ് സംഘം സ്ഥലത്തെത്തി വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തുകടന്നതോടെയാണ് മൂവരെയും മരിച്ചനിലയില്‍ കണ്ടത്.
മക്കളെ കൊലപ്പെടുത്തിയ ശേഷം യുവതിയും കൈഞരമ്പ് മുറിച്ച് ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം, മരണം കൊലപാതകമാണെന്ന് യുവതിയുടെ പിതാവിന്റെ ആരോപണം.

പൊലീസ് കോണ്‍സ്റ്റബിളായ ജഗേന്ദ്ര ശര്‍മയും വര്‍ഷയും 2017-ലാണ് വിവാഹിതരായത്. വിവാഹത്തിന് പിന്നാലെ സ്ത്രീധനത്തിന്റെ പേരില്‍ മകളെ ഭര്‍ത്താവ് ഉപദ്രവിച്ചിരുന്നതായാണ് പിതാവിന്റെ പരാതി. പലതവണ മകളെ മര്‍ദിച്ചിരുന്നതായും കൊലപാതകം ആത്മഹത്യയാക്കി വരുത്തിതീര്‍ക്കാനാണ് ജഗേന്ദ്ര ശര്‍മ ശ്രമിക്കുന്നതെന്നും പിതാവ് ആരോപിച്ചു.