ആറ്റിങ്ങൽ: പൂവമ്പാറ ദേശീയപാതയുടെ ഒരു വശത്ത് അപകടാവസ്ഥയിൽ നിൽക്കുന്ന വൻ മരങ്ങൾ അടിയന്തിരമായി മുറിച്ചു മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചെന്ന് നഗരസഭ അധ്യക്ഷ അഡ്വ.എസ്.കുമാരി പറഞ്ഞു. ഇന്ന് രാവിലെ ചെയർപേഴ്സൺ സ്ഥലം സന്ദർശിച്ച ശേഷം നാഷണൽ ഹൈവേ അതോറിട്ടിയുമായി ബന്ധപ്പെട്ടിരുന്നു. ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന ഗവ.റെസ്റ്റ് ഹൗസിനോട് ചേർന്നുള്ള ചെങ്കുത്തായ പ്രദേശത്താണ് മരങ്ങൾ അപകടാവസ്ഥയിൽ നിൽക്കുന്നത്. ശക്തമായ മഴയിൽ വൃക്ഷങ്ങളുടെ ചുവട്ടിലെ മണ്ണ് വലിയൊരളവിൽ ഒലിച്ചു പോയതായി കണ്ടെത്തി. വൃക്ഷങ്ങൾ കടപുഴകിയാൽ ദേശീയപാതയിലും, സമീപത്തെ വൈദ്യുതി കമ്പിയിലേക്കും വീണ് വലിയൊരപകടം തന്നെ ഉണ്ടാവും. കൂടാതെ സർക്കാർ അതിഥി മന്ദിരത്തിനും കേടുപാടുകൾ സംഭവിക്കും. ഈ വിഷയത്തെ സംബന്ധിച്ചുള്ള നഗരസഭ ഹെൽത്ത് വിഭാഗത്തിന്റെ അന്വേഷണ റിപ്പോർട്ട് നാഷണൽ ഹൈവേ അതോറിട്ടിക്ക് കൈമാറിയിട്ടുണ്ടെന്നും ചെയർപേഴ്സൺ അറിയിച്ചു.