ബെംഗളൂരുവില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുക്കവേയായിരുന്നു തന്റെ ഐപിഎല്‍ ഭാവിയെക്കുറിച്ച് താരം പ്രതികരിച്ചത്. 'നിങ്ങള്‍ വിരമിച്ചതുപോലെ' എന്ന് അവതാരകന്‍ ധോണിയോട് ചോദിച്ചുതുടങ്ങുകയായിരുന്നു. കേട്ടയുടനെ തന്നെ ധോണിയുടെ അടുത്തിരുന്നയാള്‍ തടസ്സപ്പെടുത്തി 'അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് മാത്രമാണ് വിരമിച്ചത്, അങ്ങനെ തിരുത്തേണ്ടത് പ്രധാനമാണ്' എന്ന് പറഞ്ഞു. ഉടന്‍ തന്നെ ധോണി പുഞ്ചിരിയോടെ അതെയെന്ന് സമ്മതിക്കുകയും പിന്നാലെ ആരാധകര്‍ ആര്‍പ്പുവിളിക്കുകയും ചെയ്തു. ധോണി വീണ്ടും പുഞ്ചിരിച്ചുകൊണ്ട് കാണികള്‍ക്ക് നേരെ വിരല്‍ ചൂണ്ടി അത് സിഎസ്‌കെ ആരാധകരാണെന്ന് പറയുകയും ചെയ്തു.
പിന്നീട് തൊട്ടടുത്തിരിക്കുന്നയാള്‍ ധോണിയോട് കാല്‍മുട്ടിനേറ്റ പരിക്കിന്റെ കാര്യവും ചോദിച്ചു. കാല്‍മുട്ട് ശസ്ത്രക്രിയയെ അതിജീവിച്ചുവെന്നും സുഖം പ്രാപിച്ചുവരികയാണെന്നുമായിരുന്നു താരത്തിന്റെ മറുപടി. നവംബറോടെ കാര്യങ്ങള്‍ കൂടുതല്‍ ശരിയാകുമെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ടെന്നും ധോണി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഐപിഎല്ലില്‍ സൂപ്പര്‍ കിങ്‌സ് കിരീടം ഉയര്‍ത്തിയതിന് ശേഷം പരിക്കിനെ തുടര്‍ന്ന് ധോണി ശസ്ത്രക്രിയക്ക് വിധേയനായത് ചെന്നൈ ആരാധകരെ ആശങ്കയിലാഴ്ത്തിയിരുന്നു. എന്നാല്‍ പരിക്ക് മാറി ആരാധകരുടെ സ്വന്തം 'തല' സൂപ്പര്‍ കിങ്‌സിനെ നയിക്കാനെത്തുമെന്നാണ് ധോണി സൂചന നല്‍കിയിരിക്കുന്നത്.തുടക്കം മുതലേ നല്ലൊരു ക്രിക്കറ്റ് താരമാകാനല്ല താന്‍ ആഗ്രഹിച്ചിരുന്നതെന്നും നല്ലൊരു മനുഷ്യനായി ഓര്‍മ്മിക്കപ്പെടാനാണ് ശ്രമിച്ചിരുന്നതെന്നും ധോണി പറഞ്ഞു. ജീവിതാവസാനം വരെ അതിനായി മാത്രമാണ് പരിശ്രമിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഐപിഎല്‍ സീസണിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് അഞ്ചാം തവണയും ജേതാക്കളായത്. ആവേശകരമായ ഫൈനലില്‍ 2022ലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തിയായിരുന്നു തലയും പിള്ളേരും കപ്പുയര്‍ത്തിയത്.