നാലാം തിങ്കള്‍, ഷാരൂഖിന്റെ ജവാന്റെ കളക്ഷനില്‍ മറ്റൊരു നാഴികക്കല്ല്

ബോളിവുഡിനെ വിസ്‍മയിക്കുകയാണ് ഷാരൂഖിനറെ ജവാൻ. പ്രതീക്ഷകള്‍ക്കപ്പുറത്തുള്ള ഒരു വിജയമായി മാറിയ ചിത്രമാണ് ജവാൻ. ആഗോളതലത്തില്‍ ഷാരൂഖിന്റെ ജവാൻ 1000 കോടി കടന്ന് നേരത്തെ റെക്കോര്‍ഡിട്ടിരുന്നു. ഇന്ത്യൻ ബോക്സ് ഓഫീസില്‍ മാത്രമായും കളക്ഷൻ റിക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുകയാണ് ജവാൻ എന്നാണ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്‍തിരിക്കുന്നത്.

നാലാം തിങ്കളിന് ജവാൻ 550 കോടി എന്ന മാന്ത്രിക സംഖ്യയിലെത്തും എന്നാണ് തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്യുന്നത്. ഇന്നലെ മാത്രം ജവാൻ 9.12 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് നേടിയത്. ഇന്ത്യയില്‍ നിന്ന് ആകെ 547.79 കോടി രൂപയാണ് ഷാരൂഖ് ഖാന്റെ ജവാൻ ഇന്നലെ വരെ നേടിയത്. ഇന്ത്യയില്‍ ഒരു ഹിന്ദിസിനിമയുടെ കളക്ഷനില്‍ ഒന്നാം സ്ഥാനത്ത് ഇപ്പോള്‍ ജവാനാണ്.തമിഴകത്തിന്റെ ഹിറ്റ്‍മേക്കര്‍ അറ്റ്‍ലി ബോളിവുഡ് അരങ്ങേറ്റം വൻ ഹിറ്റാക്കി മാറ്റിയിരിക്കുകയാണ്. ഇതാദ്യമായിട്ടാണ് ഷാരൂഖിനെ നായകനാക്കി അറ്റ്‍ലി സംവിധാനം ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്. ബോളിവുഡില്‍ നയൻതാര നായികയാകുന്നതും ആദ്യം. മികച്ച പ്രകടനമായിരുന്നു ജവാനില്‍ നയൻതാരയുടേതെന്ന് ചിത്രം കണ്ടവര്‍ ഒരേപോലെ അഭിപ്രായപ്പെട്ടു. വില്ലനായെത്തിയത് ജവാനില്‍ വിജയ് സേതുപതിയായിരുന്നു. ഛായാഗ്രാഹണം ജി കെ വിഷ്‍ണുവാണ്. ഷാരൂഖിന്റെ ജവാനായി അനിരുദ്ധ് രവിചന്ദര്‍ സംഗീതംനിര്‍വഹിച്ചപ്പോള്‍ സാന്യ മല്‍ഹോത്ര, പ്രിയാമണി, ദീപിക പദുക്കോണ്‍ സുനില്‍ ഗ്രോവര്‍, റിദ്ധി ദോഗ്ര, സഞ്‍ജീത ഭട്ടാചാര്യ, ലെഹര്‍, സായ് ധീന, സ്‍മിത, ഓംകാര്‍ ദാസ്, രവിന്ദ് വിജയ്, സഞ്‍ജയ് ദത്ത്, ഭരത് രാജ് എന്നിവരും ജവാനില്‍ പ്രധാന വേഷങ്ങളില്‍ എത്തി.

പതിവ് ഷാരൂഖ് ഖാൻ ബോളിവുഡ് സിനിമകളില്‍ നിന്ന് വ്യത്യസ്‍തമായിരുന്നു ജവാൻ. സാമൂഹ്യ രാഷ്‍ട്രീയ പ്രശ്‍നങ്ങള്‍ ഷാരൂഖ് ചിത്രം ചര്‍ച്ച ചെയ്‍തിരുന്നു. സമൂഹ്യ സന്ദേശങ്ങള്‍ നല്‍കുന്നതായിരുന്നു ജവാൻ. ജവാനില്‍ ഷാരൂഖ് ഖാൻ രാഷ്‍ടീയം പറയുന്നു എന്നത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.