വരുന്നൂ തിരുവനന്തപുരത്ത് മീഡിയം മെട്രോ റെയിൽ; ജനുവരിയോടെ ഡിപിആർ

തലസ്ഥാനത്തും കൊച്ചി മെട്രോയുടെ മാതൃകയിലുള്ള മീഡിയം മെട്രോ പദ്ധതിക്ക് സാധ്യത തെളിയുന്നു. 
 
ഇതിന്റെ വിശദമായ പദ്ധതിരേഖ (ഡി.പി.ആർ.) തയ്യാറാക്കാൻ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനെ കെ.എം.ആർ.എൽ. ചുമതലപ്പെടുത്തി. കൊച്ചിൻ മെട്രോ റെയിൽ കോർപ്പറേഷനാണ് (കെ.എം.ആർ.എൽ.) തിരുവനന്തപുരം മെട്രോ പദ്ധതിയുടെ നടത്തിപ്പ്. ഇതോടെ ഒരു പതിറ്റാണ്ടിലധികമായി ചർച്ചചെയ്യുന്ന തലസ്ഥാനത്തെ മെട്രോ പദ്ധതി യാഥാർഥ്യത്തിലേക്ക് നീങ്ങുകയാണ്. 
 
ജനുവരിയിൽ ഡി.പി.ആർ. സർക്കാരിന് സമർപ്പിക്കുമെന്നാണ് കെ.എം.ആർ.എൽ. വൃത്തങ്ങൾ നൽകുന്ന സൂചന. സംസ്ഥാന, കേന്ദ്ര സർക്കാരുകൾ ഡി.പി.ആർ. അംഗീകരിക്കുന്നമുറയ്ക്കായിരിക്കും നിർമാണം തുടങ്ങുക. മെട്രോയുടെ പദ്ധതിരേഖ തയ്യാറാക്കുന്നതിനു മുൻപ് കഴിഞ്ഞ ജൂലായിൽ കെ.എം.ആർ.എൽ. തിരുവനന്തപുരത്തിന്റെ സമഗ്ര ഗതാഗതപദ്ധതി (സി.എം.പി.) അവതരിപ്പിച്ചിരുന്നു. 
 
എന്നാൽ, ഇതിൽ ഏതുതരം മെട്രോയാണ് ഇവിടെ നടപ്പാക്കാൻ ലക്ഷ്യമിടുന്നതെന്ന് സൂചിപ്പിച്ചിരുന്നില്ല. തുടർന്ന് ഓൾട്ടർനേറ്റീവ് ട്രാൻസ്‌പോർട്ട് അനാലിസിസ് പഠനം നടത്തിയാണ് കൊച്ചിയിലേതിനു സമാനമായ മീഡിയം മെട്രോയാണ് തിരുവനന്തപുരത്തിനും അനുയോജ്യമാണെന്ന് കണ്ടെത്തിയത്. 
 
ഇതിന്റെ അന്തിമ റിപ്പോർട്ടും ഡി.പി.ആറിനൊപ്പം സർക്കാരിന് നൽകും. 
 
2012-ലാണ് തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതി വിഭാവനം ചെയ്തത്. 2014-ൽ ഡി.എം.ആർ.സി. പദ്ധതിയുടെ ആദ്യ രൂപരേഖയും സമർപ്പിച്ചിരുന്നു. പള്ളിപ്പുറംമുതൽ കൈമനംവരെ ആദ്യഘട്ടത്തിലും കൈമനംമുതൽ നെയ്യാറ്റിൻകരവരെ രണ്ടാംഘട്ടത്തിലും നടപ്പാക്കാമെന്നായിരുന്നു പഠന റിപ്പോർട്ട്. 4219 കോടി രൂപയായിരുന്നു ചെലവ് കണക്കാക്കിയത്. പിന്നീട് പദ്ധതിയുടെ നടത്തിപ്പ് കൊച്ചി മെട്രോ റെയിൽ കോർപ്പറേഷന് നൽകുകയായിരുന്നു. 
 
ന്യൂഡൽഹി ആസ്ഥാനമായുള്ള അർബൻ മാസ് ട്രാൻസിറ്റ് കമ്പനിയെയാണ് (യു.എം.ടി.സി.) കെ.എം.ആർ.എൽ. പിന്നീടുള്ള പഠനങ്ങൾക്ക് നിയോഗിച്ചത്. 
 
മെട്രോയ്ക്കു പുറമേ ജില്ലയിലെയും നഗരത്തിലെയും ഗതാഗതപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഏഴുഘട്ടങ്ങളിലായി 14000 കോടിയുടെ പദ്ധതി നടപ്പാക്കണമെന്നാണ്‌ യു.എം.ടി.സി. നടത്തിയ പഠനം പറയുന്നത്‌.