ദില്ലി: ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ നേട്ടങ്ങളുടെ പെരുമഴ തീര്‍ത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഏകദിന ലോകകപ്പില്‍ ഒരു ഇന്ത്യക്കാരന്‍ നേടുന്ന വേഗമേറിയ സെഞ്ചുറിയാണ് രോഹിത് പൂര്‍ത്തിയാക്കിയത്. 63 പന്തിലായിരുന്നു രോഹിത്തിന്റെ നേട്ടം. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിനെയാണ് രോഹിത് മറികടന്നത്. 1983ല്‍ സിംബാബ്‌വെക്കെതിരെ കപില്‍ 72 പന്തില്‍ സെഞ്ചുറി നേടിയിരുന്നു. ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളുള്ള താരവും രോഹിത് തന്നെ.ഏഴ് സെഞ്ചുറികാണ് രോഹിത്തിന്റെ അക്കൗണ്ടില്‍. മറികടന്നത് ആറ് സെഞ്ചുറികളുള്ള സാക്ഷാന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ. 2019 ലോകകപ്പില്‍ അഞ്ച് സെഞ്ചുറികളാണ് രോഹിത് നേടിയിരുന്നത്. ഒരു ലോകകപ്പില്‍ മാത്രം ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന റെക്കോര്‍ഡും രോഹിത്തിന്റെ അക്കൗണ്ടിലാണ്. ലോകകപ്പില്‍ വേഗത്തില്‍ 1000 റണ്‍സ് പിന്നിടുന്ന താരം റെക്കോര്‍ഡ് പങ്കിടാനും രോഹിത്തിനായി. 22-ാം ഇന്നിംഗ്‌സിലാണ് രോഹിത് 1000 കടന്നത്. ഓസ്‌ട്രേലിയന്‍ ഓപ്പണല്‍ ഡേവിഡ് വാര്‍ണറാണ് രോഹിത്തിനൊപ്പമുള്ള താരം. സച്ചിനും സൗരവ് ഗാംഗുലിക്കും വിരാട് കോലിക്ക് ശേഷം ലോകകപ്പില്‍ 1000 റണ്‍സ് നേടാനും രോഹിത്തിനായി.ദില്ലിയില്‍ അഫ്ഗാനിസ്ഥാനെതിരെ 273 റണ്‍സാണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത്. മാശം തുടക്കമായിരുന്നു അഫ്ഗാനിസ്ഥാന് ലഭിച്ചത്. 63 റണ്‍സെടുക്കുന്നതിനെ അവരുടെ മൂന്ന് വിക്കറ്റുകകള്‍ പോയിരുന്നു. മുന്‍നിര താരങ്ങളായ ഇബ്രാഹിം സദ്രാന്‍ (22), റഹ്മാനുള്ള ഗുര്‍ബാസ് (21), റഹ്മത്ത് ഷാ (16) എന്നിവര്‍ക്ക് തിളങ്ങാനായില്ല. സദ്രാനെ, ജസപ്രിത് ബുമ്ര വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്റെ കൈകളിലെത്തിച്ചു. 13-ാം ഓവറില്‍ ഗുര്‍ബാസിനെ ഹാര്‍ദിക് പാണ്ഡ്യയും മടക്കി. റഹ്മത്ത് ആവട്ടെ ഷാര്‍ദുല്‍ താക്കൂറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പിന്നീട് ഷാഹിദി - ഓമര്‍സായ് സഖ്യം അഫ്ഗാനെ കരകയറ്റുകയായിരുന്നു. 20 ഓവറില്‍ കൂടുതല്‍ ബാറ്റ് ചെയ്ത ഇരുവരും 121 റണ്‍സ് കൂട്ടിചേര്‍ത്തു. കുല്‍ദീപ് യാദവാണ് കൂട്ടുകെട്ട് പൊളിച്ചത്.ഷാഹിദി കുല്‍ദീപിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങി. എട്ട് ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ഷാഹിദിയുടെ ഇന്നിംഗ്‌സ്. പിന്നീട് മുഹമ്മദ് നബിക്കൊപ്പം (41) റണ്‍സ് കൂട്ടിര്‍ത്ത് ഒമര്‍സായ് മടങ്ങി. നബിയെ, ബുമ്ര വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീടെത്തിയ ആര്‍ക്കും തിളങ്ങാനായില്ല. നജീബുള്ള സദ്രാന്‍ (2), റാഷിദ് ഖാന്‍ (16) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മുജീബ് ഉര്‍ റഹ്മാന്‍ (10), നവീന്‍ ഉള്‍ ഹഖ് (9) പുറത്താവാതെ നിന്നു. ഷാര്‍ദുല്‍, കുല്‍ദീപ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി. ഒമ്പത് ഓവറില്‍ 76 റണ്‍സ് വഴങ്ങിയ സിറാജിന് ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ സാധിച്ചില്ല