കിഴക്കേ കല്ലട സ്വദേശിനിയെ രാത്രി വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി കൊടുവിള കരാചരുവില്‍ വീട്ടില്‍ ജോമോന്‍ (19) ആണ് പിടിയിലായത്. മറ്റൊരു കേസ് അന്വേഷിക്കാനുള്ള യാത്രയിലായിരുന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ ബിന്‍സ് രാജിനോടാണ് ജോമോന്‍ ലിഫ്റ്റ് ചോദിച്ചത്.
കൊല്ലം-തേനി പാതയില്‍ അലിന്‍ഡ് ഫാക്ടറിക്ക് മുന്നിലെത്തിയപ്പോഴാണ് എസ്‌ഐയുടെ സ്‌കൂട്ടറിലാണ് ലിഫ്റ്റ് ചോദിച്ചു കയറിയതെന്ന് പൊലീസിന് പിടികൊടുക്കാതെ മുങ്ങി നടന്ന ജോമോന്‍ തിരിച്ചറിഞ്ഞത്. ഇറങ്ങി ഓടുന്നതിനിടെ ജോമോനെ എസ്‌ഐ പിടികൂടാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു. പൊന്തക്കാട്ടില്‍ ഒളിച്ച പ്രതിയെ എസ്‌ഐയും അലിന്‍ഡിനു മുന്നില്‍ സമരം ചെയ്യുകയായിരുന്ന യുഡിഎഫ് പ്രവര്‍ത്തകരും ചേര്‍ന്ന് പിടികൂടി.
കുണ്ടറ സ്‌റ്റേഷനിലെത്തിച്ച പ്രതിയെ പിന്നീട് കിഴക്കേ കല്ലട പൊലീസിന് കൈമാറി. കിഴക്കേ കല്ലട സ്‌റ്റേഷനില്‍, മോഷണമുള്‍പ്പെടെ കേസുകളിലെ പ്രതിയാണ് ജോമോനെന്ന് പൊലീസ് പറഞ്ഞു.