ഷാരോണ്‍ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതില്‍ പ്രതിഷേധിച്ച് ഓള്‍ മെന്‍സ് അസോസിയേഷന്‍ (എകെഎംഎ). ബുധനാഴ്ച സെക്രട്ടേറിയറ്റിനു മുന്നില്‍ കോലം കത്തിച്ച് പ്രതിഷേധിച്ചു. ഷാരോണിന്റെ പിതാവ് ജയരാജ് ഗ്രീഷ്മയുടെയും, എകെഎംഎ സംസ്ഥാന പ്രസിഡന്റ് വട്ടിയൂര്‍കാവ് അജിത്ത് കുമാര്‍ ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ച ജസ്റ്റിസ് മുഹമ്മദ് നിയാസിന്റെയും കോലം കത്തിച്ചാണ് പ്രതിഷേധം നടത്തിയത്.പ്രതി അന്വേഷണവുമായി സഹകരിച്ചിരുന്നുവെന്നും സമൂഹത്തിന്റെ വികാരം കണക്കിലെടുത്ത് പ്രതിക്കു ജാമ്യത്തിനുള്ള അവകാശം നിഷേധിക്കാനാവില്ലെന്നും വ്യക്തമാക്കിയാണ് ഗ്രീഷ്മയ്ക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പ്രതിക്കു ക്രിമിനല്‍ പശ്ചാത്തലമില്ല. വെറും 22 വയസ്സു മാത്രമാണു പ്രായം. വിചാരണയില്‍ ഇടപെടുമെന്നോ ഒളിവില്‍ പോകുമെന്നോ ആശങ്കയ്ക്ക് ഇടയില്ല. 2022 ഒക്ടോബര്‍ 31 മുതല്‍ കസ്റ്റഡിയിലാണെന്നതും വിലയിരുത്തിയാണു കോടതി ജാമ്യം അനുവദിച്ചത്. പ്രോസിക്യൂഷന്‍ ജാമ്യഹര്‍ജിയെ എതിര്‍ത്തിരുന്നു.പ്രണയബന്ധത്തില്‍ നിന്നു പിന്മാറാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നു, കാമുകനായ ഷാരോണ്‍ രാജിനെ 2022 ഒക്ടോബര്‍ 14നു രാവിലെ പത്തരയോടെ വീട്ടില്‍ വിളിച്ചു വരുത്തി കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കിയെന്നാണു കേസ്. തുടര്‍ന്നു ഗുരുതരാവസ്ഥയിലായ ഷാരോണ്‍ 2022 ഒക്ടോബര്‍ 25നു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചു. തെളിവുനശിപ്പിക്കാന്‍ ശ്രമിച്ചതിന് ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും അറസ്റ്റ് ചെയ്തിരുന്നു.