ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ വീണ്ടും സച്ചിന്റെ കിടിലൻ സേവ് ഉണ്ടായി. ഡീഗോ മൗറീഷ്യയ്ക്ക് സച്ചിനെ മാത്രമാണ് മുന്നിൽകിട്ടിയത്. സച്ചിന്റെ സേവിന് പിന്നാലെ റഫറി ഓഫ്സൈഡ് ഫ്ലാഗും ഉയർത്തി. മത്സരത്തിൽ പിന്നിലായ ശേഷം സമനില ഗോൾ കണ്ടെത്താനുള്ള തുടർച്ചയായ ശ്രമങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നുണ്ടായി. പക്ഷേ അഡ്രിയാൻ ലൂണയെയും സംഘത്തെയും ഒഡീഷ താരങ്ങൾ പ്രതിരോധിച്ചു. ആദ്യ പകുതിയിൽ ബോൾ പൊസഷനിൽ ഇരുടീമുകളും ഏകദേശം തുല്യത പാലിച്ചു.
രണ്ടാം പകുതിയുടെ തുടക്കം മുതല്‍ സമയം നശിപ്പിക്കാനായിരുന്നു ഒഡീഷ തീരുമാനിച്ചത്. ഇതോടെ 57-ാം മിനിറ്റിൽ ദിമിത്രിയോസ് ഡയമന്റക്കോസിനെ പരിശീലകൻ ഇവാൻ വുകാമനോവിച്ച് കളത്തിലേക്ക് ഇറക്കി. 66-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ആരാധകർ കാത്തിരുന്ന നിമിഷമെത്തി. ദിമിത്രിയോസ് ഡയമന്റക്കോസ് സൂപ്പർ സബായി മാറി. ഡയമന്റക്കോസിന്റെ ഷോട്ട് ഒഡീഷ ഗോൾകീപ്പർ അമരീന്ദർ സിംഗിനെ മറികടന്ന് വലയിൽ കടന്നു. മത്സരം 1-1ന് സമനിലയായി.
84-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ വിജയഗോൾ എത്തി. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയാണ് കേരളത്തിനായി ഗോൾ നേടിയത്. ലൂണയുടെ വലംകാലിൽ നിന്നുയർന്ന ഷോട്ട് തടയാൻ ഓടിയെത്തിയ അമരന്ദീർ സിംഗിന് സാധിച്ചില്ല. ഇതോടെ ബ്ലാസ്റ്റേഴ്സ് 2-1ന് മുന്നിലെത്തി. അവസാന നിമിഷം ഒഡീഷ സമനിലയ്ക്ക് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇവാൻ വുകാമനോവിച്ച് തിരികെ വന്ന ആദ്യ മത്സരത്തിൽ മഞ്ഞപ്പടയ്ക്ക് ആവേശ ജയം.