ലിയോയ്ക്ക് തമിഴ്നാട്ടിൽ പ്രത്യേക പ്രദർശനമില്ല; തീരുമാനം ഡിജിപിയുടെ അഭിപ്രായം പരിഗണിച്ച്

തമിഴ് ആരാധകർക്ക് നിരാശ നൽകി തമിഴ്നാട് സർക്കാർ. വിജയ് ചിത്രം ലിയോയ്ക്ക് പ്രത്യേക പ്രദർശനം ഉണ്ടാകില്ല. സിനിമയുടെ ആദ്യ പ്രദർശനം പുലർച്ചെ നാലിന് അനുവദിക്കണമെന്ന നിർമ്മാതാക്കളുടെ ആവശ്യം മദ്രാസ് ഹൈക്കോടതിയ്ക്ക് പിന്നാലെ തമിഴ്നാട് സർക്കാരും തള്ളിയിരിക്കുകയാണ്. രാവിലെ ഏഴ് മണിക്കുള്ള ഷോയ്ക്ക് പകരം ഒമ്പതിനായിരിക്കും ആദ്യ ഷോ.രാവിലെ ഒമ്പതിനും പുലർച്ചെ ഒന്നിനുമിടയിൽ അഞ്ച് ഷോകൾക്കാണ് അനുമതി. ഡിജിപിയുടെ അഭിപ്രായം പരിഗണിച്ചാണ് തീരുമാനമെന്ന് സർക്കർ അറിയിച്ചു. സിനിമയുടെ ആദ്യ പ്രദർശനം പുലർച്ചെ നാലിന് അനുവദിക്കണമെന്ന നിർമാതാക്കളുടെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു.

രജനികാന്തിന്റെ 'ജയിലർ' പുലർച്ചെ പ്രദർശനം അനുവദിച്ചിരുന്നു. എന്നാൽ വിജയ് ചിത്രത്തിന് എന്തുകൊണ്ട് അനുമതി നൽകുന്നില്ല എന്ന് ചൂണ്ടിക്കാട്ടി നാം തമിഴർ കക്ഷി നേതാവും സംവിധായകനുമായ സീമാൻ രംഗത്തെത്തിയിരുന്നു. ലിയോ സിനിമയുടെ പ്രദർശനം വൈകിക്കാനുള്ള ഡിഎംകെ സർക്കാരിന്റെ അജണ്ടയാണിതെന്നാണ് എഐഎഡിഎംകെയുടെ ആരോപണം. എന്നാൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്നാണ് സർക്കാർ വാദം. കോടതി അനുവദിച്ചാൽ പുലർച്ചെ പ്രദർശനം നടത്തുന്നതിന് അനുമതി നൽകുമെന്നും സർക്കാർ വ്യക്തമാക്കി.