സംഭവത്തില്‍ നടന് എതിരെ കേസ് എടുത്തിട്ടുണ്ട്. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിനാണ് കേസ് എടുത്തത്. ഇത് മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അതോടൊപ്പം പൊലീസ് ഉദ്യഗസ്ഥരോട് മോശമായി പെരുമറിയതിന് പ്രത്യേകം കേസ് എടുത്തതായും ഡിസിപി പറഞ്ഞു. ഇതിന് രണ്ടുവര്‍ഷം വരെയേ തടവുശിക്ഷ ലഭിക്കുകയുള്ളു. പൊലീസുകാരെ തെറിപറഞ്ഞിട്ടുണ്ടോ എന്നറിയാനായി വീഡിയോ ദൃശ്യം വീണ്ടും പരിശോധിക്കുമെന്നും അതിനുശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും ഡിസിപി പറഞ്ഞു. പൊലീസ് ഒരു തരത്തിലുള്ള സ്വാധീനത്തിനും വഴങ്ങില്ല. നേരത്തെയും വിനായകന്‍ സ്റ്റേഷനിലെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ഡിസിപി പറഞ്ഞു. വിനായകന്റെ പേഴ്‌സണല്‍ പ്രശ്‌നത്തില്‍ ഒരു പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇടപെട്ടത്. അത് പേഴ്‌സണല്‍ ഇഷ്യുവായതുകൊണ്ട് പറയുന്നില്ലെന്നും ഡിസിപി പറഞ്ഞു
അതേസമയം, പൊലീസ് സ്റ്റേഷനില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ നടന്‍ വിനായകനെതിരെ ഉമാ തോമസ് എംഎല്‍എ രംഗത്തെത്തി. ലഹരിക്ക് അടിമയായ വിനായകന്റെ പേക്കൂത്തുകള്‍ മാധ്യമങ്ങളിലൂടെ കണ്ടെന്നും ഇത്ര മോശമായി പെരുമാറിയിട്ടും ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി നടനെ ജാമ്യത്തില്‍ വിട്ടത് 'സഖാവായതിന്റെ പ്രിവിലേജിലാണോ' എന്നും ഉമ തോമസ് ചോദിച്ചു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു വിനായകനെതിരെയും അദ്ദേഹത്തിന് സ്റ്റേഷന്‍ ജാമ്യം നല്‍കിയതിനെതിരെയുമുള്ള ഉമാ തോമസിന്റെ പ്രതികരണം.
'എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ടഒഛ ഉള്‍പ്പെടെയുള്ള പൊലിസ് ഉദ്യോഗസ്ഥരെ ലഹരിയ്ക്ക് അടിമയായ വിനായകന്‍ ചീത്ത വിളിച്ച് നടത്തിയ പേക്കൂത്തുകള്‍ മാധ്യമങ്ങളിലൂടെ നമ്മള്‍ എല്ലാവരും കണ്ടുകൊണ്ടിരിയ്ക്കുകയാണ്.ഇത്രയും മോശമായി സ്റ്റേഷനില്‍ വന്ന് പെരുമാറിയിട്ടും, ഉദ്യോഗസ്ഥരുടെ ഡ്യുട്ടി തടസ്സപ്പെടുത്തുകയും ചെയ്തിട്ടും ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ പറഞ്ഞ് വിട്ടത് 'സഖാവായതിന്റെ പ്രിവിലേജാണോ', അതോ ക്ലിഫ് ഹൗസില്‍ നിന്ന് ലഭിച്ച നിര്‍ദേശത്തെ തുടര്‍ന്നാണോ എന്ന് അറിയാന്‍ താല്പര്യമുണ്ട്. അത് എന്ത് തന്നെയായാലും അന്തസായി പണിയെടുക്കുന്ന ഒരു വിഭാഗം പൊലിസ് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്നത് കൂടിയാണ് എന്ന് പറയാതെ വയ്യ.'- ഉമ തോമസ് പറഞ്ഞു.
കഴിഞ്ഞദിവസം വൈകിട്ടാണ് എറണാകുളം ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ സംഭവം നടന്നത്. ഭാര്യയുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് വിനായകന്‍ പൊലീസിനെ കലൂരിനടുത്തുള്ള തന്റെ ഫ്ളാറ്റിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ഇതിന് മുന്‍പും സമാനമായ സംഭവത്തെ തുടര്‍ന്ന് വിനായകന്‍ പൊലീസിനെ ഫ്ളാറ്റിലേക്ക് വരുത്തിയിട്ടുണ്ട്. ഇത്തവണ ഫ്ളാറ്റിലെത്തിയ പൊലീസ് ഇരുവരുടെയും മൊഴിയെടുത്തു. എന്നാല്‍ അതില്‍ തൃപ്തനല്ലാതെ വന്നപ്പോള്‍ പൊലീസിനെ പിന്തുടര്‍ന്ന് വിനായകന്‍ സ്റ്റേഷനിലെത്തുകയായിരുന്നു. പൊലീസ് സംഘത്തിലെ വനിതാ ഉദ്യോഗസ്ഥ ആരാണെന്നറിയാന്‍ വേണ്ടിയാണ് വിനായകന്‍ ബഹളം വച്ചതെന്നാണ് പൊലീസ് പറയുന്നത്. അതോടൊപ്പം സ്റ്റേഷനില്‍ വച്ച് പുകവലിച്ചു. അതിന് പൊലീസ് നടനെക്കൊണ്ട് പിഴയടപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് വിനായകന്‍ എസ്‌ഐയോട് കയര്‍ക്കുകയായിരുന്നു.