ലക്‌നൗ: കാത്തിരിക്കുക ഇന്നത്തെ അങ്കത്തിന്. അഞ്ച്‌വട്ടം ചാമ്പ്യന്മാരായ ഓസ്‌ട്രേലിയക്കാര്‍ക്കെതിരെ ഇത് വരെ ലോകകപ്പില്‍ മുത്തമിടാന്‍ കഴിയാത്ത ദക്ഷിണാഫ്രിക്കക്കാര്‍. ഇന്ത്യക്ക് മുന്നില്‍ അടിയറവ് പറഞ്ഞ പാറ്റ് കമിന്‍സിനും സംഘത്തിനും ഇനി ഒരു തോല്‍വി കൂടി സഹിക്കാനാവില്ല. ദക്ഷിണാഫ്രിക്കയാവട്ടെ റെക്കോര്‍ഡ് സ്‌ക്കോര്‍ പിറന്ന പോരാട്ടത്തില്‍ ശ്രീലങ്കയെ കശക്കിയവരാണ്. വിജയം നല്‍കിയ ആത്മവിശ്വാസത്തിലാണ് ടെംപാ ബവുമയുടെ സംഘമെങ്കില്‍ വിശ്വാസം തിരികെ പിടിക്കാനാണ് ഓസീസുകാരുടെ ശ്രമം. അതിനാല്‍ തന്നെ ദക്ഷിണാഫ്രിക്കയെക്കാള്‍ വിജയം നിര്‍ബന്ധമാവുന്നത് ഓസീസുകാര്‍ക്കാണ്. രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച പ്രതിയോഗികളാണ് ഇരുവരും.വിജയക്കണക്ക് പരിശോധിച്ചാല്‍ പക്ഷേ ഓസീസുകാര്‍ക്കാണ് മുന്‍ത്തൂക്കം. രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച 20 ഏകദിന മല്‍സരങ്ങള്‍ നോക്കിയാല്‍ ഇതില്‍ ഓസീസും ദക്ഷിണാഫ്രിക്കയും മുഖാമുഖം വന്ന രണ്ട് പോരാട്ടങ്ങള്‍ കാണാം. 1999 ലെ ലോകകപ്പ് സെമി ഫൈനല്‍ ക്രിക്കറ്റ് ലോകം മറക്കില്ല. ഈ മല്‍സരത്തിന് നാല് ദിവസം മുമ്പ് ഹെഡിംഗ്‌ലിയില്‍ നടന്ന മല്‍സരവും അതിഗംഭീരമായിരുന്നു. എട്ട് വര്‍ഷം മുമ്പ് ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇരുവരും വീണ്ടും നേര്‍ക്കുനേര്‍ വന്നു. ഈ മല്‍സരങ്ങളില്ലെല്ലാം ഓസീസുകാരാണ് വിജയം വരിച്ചത്. എന്നാല്‍ നാല് വര്‍ഷം മുമ്പ് മാഞ്ചസ്റ്ററില്‍ മുഖാമുഖം വന്നപ്പോള്‍ ദക്ഷിണാഫ്രിക്കക്കായിരുന്നു വിജയം.