വിഴിഞ്ഞം തുറമുഖത്തേക്ക് ആദ്യ കപ്പൽ എത്തുന്നു; സ്വീകരിക്കാനൊരുങ്ങി സംസ്ഥാനം

വിഴിഞ്ഞം തുറമുഖത്തേക്ക് എത്തുന്ന ആദ്യ കപ്പലിനെ സ്വീകരിക്കാനൊരുങ്ങി സംസ്ഥാനം. കപ്പലെത്തുന്ന ഞായറാഴ്ച മലയാളികൾക്ക് ആഹ്ലാദ ദിനമായിരിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമദ് ദേവർകോവിൽ വ്യക്തമാക്കി. സംസ്ഥാനത്തെ വികസന രംഗത്ത് വരാനിരിക്കുന്നത് മാറ്റത്തിന്റെ നാളുകൾ ആണെന്നും മന്ത്രി കൂട്ടിച്ചേർത്തു.തുറമുഖത്തിനാവശ്യമായ മൂന്ന് ക്രെയിനുകളുമായിട്ടാണ് കപ്പലെത്തുന്നത്. ഗുജറാത്തിലെ മുന്ദ്രതീരത്തു നിന്ന് ഷെൻഹു‌വ 15 കപ്പൽ ഇതിനോടകം പുറം കടലിൽ എത്തിയിട്ടുണ്ട്. ഞായറാഴ്ച നടക്കുന്ന പ്രൗഢഗംഭീര ചടങ്ങിൽ സംസ്ഥാനം കപ്പലിനെ ഔദ്യോഗികമായി തീരത്തേക്ക് സ്വീകരിക്കും.

തുറമുഖത്തിന്റെ കമ്മീഷനിങ്ങും തുടർ പ്രവർത്തനങ്ങളും നിശ്ചയിച്ച പ്രകാരം പൂർത്തിയാക്കാനാകുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. ആദ്യ കപ്പലെത്തികഴിഞ്ഞാൽ വരും മാസങ്ങളിലായി തുറമുഖത്തിന് ആവശ്യമായ ബാക്കി ക്രെയിനുകളുമായി മറ്റ് കപ്പലുകൾ എത്തും. 10 ലക്ഷം കണ്ടെയിനറുകൾ കൈകാര്യം ചെയ്യാനാകുന്ന രീതിയിലാണ് തുറമുഖത്തിന്റെ രൂപകൽപന.