കൊച്ചി: കായിക താരങ്ങൾ കേരളം വിട്ടുപോവുകയാണെന്ന് ഹൈക്കോടതി. ഉള്ളവരെ ഓടിക്കല്ലേ എന്നും കോടതി പറഞ്ഞു. അത്‍ലറ്റ് രഞ്ജിത്ത് മഹേശ്വരിയുടെ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം. ഉത്തേജക മരുന്ന് ഉപയോഗിച്ചന്ന് കണ്ടെത്തിയതിന് 2013 ൽ അർജുൻ അവാർഡ് നിഷേധിച്ചതിനെതിരെയാണ് രഞ്ജിത്ത് മഹേശ്വരി ഹൈക്കോടതിയെ സമീപിച്ചത്. 2008 ഉത്തേജക മരുന്ന് പരിശോധനയിൽ രഞ്ജിത്ത് മഹേശ്വരി പരാജയപ്പെട്ടിരുന്നു. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമുള്ള മരുന്ന് മാത്രമാണ് കഴിച്ചതെന്നായിരുന്നു രഞ്ജിത്ത് മഹേശ്വരിയുടെ വാദം. വിഷയത്തില്‍ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയോട് വിശദീകരണം കോടതി തേടി. താരംഉത്തേജകമരുന്ന് ഉപയോഗിച്ചത് എങ്ങനെയാണ് കണ്ടെത്തിയതെന്നാണ് കോടതിയുടെ ചോദ്യം.രാജ്യത്തിനായി രാജ്യാന്തര വേദികളില്‍ അഭിമാന നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടും സംസ്ഥാന സര്‍ക്കാര്‍ ജോലിയും പാരിതോഷികവും നല്‍കാതെ അവഗണിക്കുന്നതിനെതിരെ കേരളത്തിലെ കായികതാരങ്ങള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഏഷ്യൻ ഗെയിംസ് മെഡൽ നേട്ടത്തിന് ശേഷമുള്ള അവഗണന ദുഃഖകരമാണെന്ന് പുരുഷ മധ്യദൂര ഓട്ടക്കാരന്‍ ജിൻസൺ ജോൺസൻ വ്യക്തമാക്കി. 2018ല്‍ മെഡല്‍ നേടിയിട്ട് അഞ്ച് വര്‍ഷമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി മടുത്തുവെന്ന് വനിതാ ലോംഗ്‌ജംപ് താരം വി നീനയും പറഞ്ഞു. 'മെഡല്‍ നേട്ടം കഴിഞ്ഞ് കേരള സർക്കാരിൽ നിന്ന് ആരും വിളിച്ചില്ല. പതിനേഴാം വയസ് മുതൽ കേരളത്തിനായി ഓടുന്ന താരമാണ് ഞാൻ. ഒപ്പം മെഡൽ നേടിയ മറ്റ് സംസ്ഥാനക്കാർക്ക് പാരിതോഷികം ലഭിച്ചുകഴിഞ്ഞു. എന്നാല്‍ കേരളത്തിലെ അവഗണന കാരണം താരങ്ങൾ സംസ്ഥാനം വിടാൻ നിർബന്ധിതർ ആകുന്ന സാഹചര്യമാണ് നിലവിലുള്ളത്' എന്നും ജിൻസൺ ജോൺസൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ഇരട്ട മെഡല്‍ നേടി ഇന്ത്യയുടെ അഭിമാനമായി മാറിയതാരമാണ് ജിന്‍സണ്‍. പുരുഷന്‍മാരുടെ 1500 മീറ്ററില്‍ സ്വര്‍ണം നേടിയ ജിന്‍സണ്‍ 800 മീറ്ററില്‍ വെള്ളിയും കരസ്ഥമാക്കി. ഇത്തവണത്തെ ഹാങ്ഝൗ ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ താരം വെങ്കലം നേടിയിരുന്നു. കൊവിഡുമായുള്ള വലിയ പോരാട്ടം അതിജീവിച്ച ശേഷമായിരുന്നു ജിന്‍സണ്‍ ജോണ്‍സണിന്‍റെ ഇത്തവണത്തെ മെഡല്‍ നേട്ടം. സര്‍ക്കാര്‍ വാഗ്‌ദാനങ്ങള്‍ പാലിക്കപ്പെടാത്തതിലെ നിരാശയില്‍ വി നീനയും തുറന്നടിച്ചു. '2018ൽ മെഡൽ നേടിയപ്പോൾ പ്രഖ്യാപിച്ച ജോലി കിട്ടിയിട്ടില്ല. ജോലി വാഗ്ദാനം അഞ്ച് വർഷമായി ഫയലിൽ ഉറങ്ങുന്നു. കഴിഞ്ഞ 5 വർഷമായി കേൾക്കുന്നത് ഒരേ കാര്യങ്ങളാണ്. സർക്കാർ ഓഫീസിൽ കയറിയിറങ്ങി മടുത്തു' എന്നും വി നീന പ്രതികരിച്ചു. 2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസ് ലോംഗ്‌ജംപില്‍ വെള്ളി മെഡല്‍ ജേതാവാണ് നീന. 2017ല്‍ ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും വി നീനയ്ക്ക് വെള്ളി നേടാനായിരുന്നു.