438 കർഷകരെയാണ് നഷ്ടം ബാധിച്ചത്. 234.05 ഹെക്ടർ പ്രദേശത്തെ കൃഷിയാണ് നശിച്ചത്. ഒക്ടോബർ 13 മുതൽ 16 വരെയുള്ള കണക്കാണിത്.വാഴകൃഷിയെയാണ് മഴ സാരമായി ബാധിച്ചത്. 205.17 ഹെക്ടർ പ്രദേശത്തെ വാഴ കൃഷി നശിച്ചു. 12.48 ഹെക്ടർ നെല്ല്, 10.30 ഹെക്ടർ പച്ചക്കറി, 5.80 ഹെക്ടർ മരിച്ചീനി, 0.20 ഹെക്ടർ അടയ്ക്ക, 0.10 ഹെക്ടർ വെറ്റില എന്നിങ്ങനെയാണ് കൃഷിനഷ്ടത്തിന്റെ പ്രാഥമിക കണക്ക്.
ശക്തമായ മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിൽ ആകെ 21 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിരുന്നു. 875 പേരാണ് ക്യാമ്പുകളിൽ പാർപ്പിക്കേണ്ടി വന്നത്. തിരുവനന്തപുരം താലൂക്കിൽ മാത്രം 16 ക്യാമ്പുകളാണ് തുറന്നിരുന്നത്. ജില്ലയിൽ 6 വീടുകൾ പൂർണ്ണമായും 11 വീടുകൾ ഭാഗികമായും തകർന്നിരുന്നു.
ടെക്നോപാർക്കിലെ നിരവധി കെട്ടിടങ്ങളിലാണ് മഴയിൽ വെള്ളം കയറിയത്. താഴത്തെ നിലയിലെ പാർക്കിംഗ് കേന്ദ്രത്തിൽ ഉണ്ടായിരുന്ന നിരവധി കാറുകളും ബൈക്കുകളും വെള്ളത്തിലായിരുന്നു. ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരെ വീടുകളിൽ നിന്ന് ഫൈബർ ബോട്ടിലാണ് മാറ്റിയത്. യുഎസ്ടി ഗ്ലോബലിന് സമീപത്തും വെള്ളം കയറിയിരുന്നു.
ശക്തമായ മഴയിൽ തലസ്ഥാന നഗരിയിലെ റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴക്കൂട്ടം പൗണ്ടുകടവ്, വേളി ഭാഗങ്ങളിൽ തോട് കരകവിഞ്ഞൊഴുകി.