ഇംഗ്ലണ്ട് ബൗളർമാരുടെ മുന്നിൽ അടിപതറിയ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 229 റൺസാണ് എടുത്തത്. ക്യാപ്റ്റൻ രോഹിത് ശർമ(87)യുടെ പ്രകടനമാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. ആദ്യം ബാറ്റിങ്ങിനിറങ്ങേണ്ടിവന്ന ഇന്ത്യയെ ഇന്നിങ്‌സിലുടനീളം ഇംഗ്ലീഷ് ബൗളർമാർ വരിഞ്ഞുമുറുക്കുകയായിരുന്നു.101 പന്തുകൾ നേരിട്ട് മൂന്ന് സിക്‌സും 10 ഫോറുമടക്കം 87 റൺസെടുത്ത രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. രോഹിത് ശർമയുടെ ഒപ്പം കെഎൽ രാഹുലും പിന്നീടെത്തിയ സൂര്യ കുമാർയാദവുമാണ് സ്കോർ 229ൽ എത്തിച്ചത്. 47 പന്തുകൾ നേരിട്ട സൂര്യ ഒരു സിക്‌സും നാല് ഫോറുമടക്കം 49 റൺസെടുത്തു. 58 പന്തുകൾ നേരിട്ട രാഹുൽ 39 റൺസെടുത്തു. 11.5 ഓവറിൽ 40 റൺസ് ചേർക്കുന്നതിനിടെ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകളാണ് നഷ്ടമായത്.
മികച്ച ഫോമിലുണ്ടായിരുന്ന കോലി സ്കോർ ബോർഡ് ചലിപ്പിക്കാൻ പോലും കഴിയാതെ മടങ്ങുകയായിരുന്നു. ഇതിനിടെ ഒമ്പത് റൺസെടുത്ത ഗില്ലും നാല് റൺസെടുത്ത ശ്രേയസിനെയും ഇന്ത്യയ്ക്ക് നഷ്ടമായി. നാലാം വിക്കറ്റിൽ ഒന്നിച്ച രോഹിത് – കെ.എൽ രാഹുൽ സഖ്യം ഇന്ത്യയെ കൂട്ടത്തകർച്ചയിൽ നിന്ന് രക്ഷപ്പെടുത്തി. 31-ാം ഓവറിൽ രാഹുലിനെ മടക്കി ഡേവിഡ് വില്ലിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
വൈകാതെ 37-ാം ഓവറിൽ എട്ടാം ലോകകപ്പ് സെഞ്ചുറിയിലേക്കടുക്കുകയായിരുന്ന രോഹിത്തിനെയും ഇന്ത്യയ്ക്ക് നഷ്ടമായി. ഇംഗ്ലണ്ടിനായി ഡേവിഡ് വില്ലി മൂന്നും വോക്‌സും റഷീദും രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി.