ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവേ അപകടം; കാറില്‍ ട്രക്കും ലോറിയുമിടിച്ച് 7 പേര്‍ക്ക് ദാരുണാന്ത്യം, മരിച്ചവരില്‍ 5വയസ്സുകാരനും

ട്രക്കും കാറും ലോറിയും കൂട്ടിയിടിച്ച് ഏഴുപേര്‍ക്ക് ദാരുണാന്ത്യം. കര്‍ണാടക ഹൊസപ്പേട്ടെയില്‍ വിജയ്നഗരയിലേക്ക് പോകുകയായിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് എസ്യുവി കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അതോടൊപ്പം തന്നെ കാറിന്റെ പുറകിലുണ്ടായിരുന്ന ലോറിയും ഇടിച്ചുകയറിയതോടെയാണ് വലിയ അപകടം ഉണ്ടായത്.നിയന്ത്രണം വിട്ട ലോറി എതിര്‍ദിശയില്‍ വന്ന കാറില്‍ ഇടിക്കുകായിരുന്നു. കാറിലെ യാത്രക്കാരാണ് മരിച്ചത്. കുലഹള്ളിയിലുള്ള ഗോണ്‍ ബസവേശ്വര ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍. ടിപ്പറിന്റെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ചിത്രദുര്‍ഗ-സോലാപൂര്‍ ദേശീയ പാതയിലായിരുന്നു അപകടം. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും ഒരുകുട്ടിയും ഉള്‍പ്പെടുന്നു. ഗോണിബാസപ്പ (65), കെഞ്ചമ്മ (80), ഭാഗ്യമ്മ (30), യുവരാജ് (5), സണ്ടൂരിലെ ഭീമലിംഗപ്പ (50), ഭാര്യ ഉമ (45), മകന്‍ അനില്‍ (30) എന്നിവരാണ് മരിച്ചത്. ഇവരെല്ലാം ഉക്കടകേരി സ്വദേശികളാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.