ഉച്ചഭക്ഷണപദ്ധതിക്കുവേണ്ടി സര്‍ക്കാര്‍ അനുവദിച്ച 55.16 കോടിരൂപ വ്യാഴാഴ്ചയ്ക്ക് മുന്‍പ് സ്‌കൂളുകള്‍ക്ക് ലഭ്യമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. പദ്ധതിക്കുവേണ്ടി സര്‍ക്കാര്‍ നേരത്തേ അനുവദിച്ച 100.02 കോടിരൂപയ്ക്കുപുറമേ 55.16 കോടിരൂപകൂടി അനുവദിച്ച് സെപ്റ്റംബര്‍ 30-ന് ഉത്തരവിറക്കിയതായി സര്‍ക്കാര്‍ അഭിഭാഷകന്‍ വിശദീകരിച്ചപ്പോഴായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഈ നിര്‍ദേശം.പ്രധാനാധ്യാപകര്‍ ചെലവാക്കിയ തുക അനുവദിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷനടക്കം നല്‍കിയ ഹര്‍ജികളില്‍ ജസ്റ്റിസ് ടി.ആര്‍. രവിയാണ് ഉത്തരവു നല്‍കിയത്. ഹര്‍ജികള്‍ വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.ഈ അധ്യയനവര്‍ഷം മുഴുവന്‍ ഉച്ചഭക്ഷണം നല്‍കാന്‍ ഈ തുക മതിയാകുമോയെന്നും ഇല്ലെങ്കില്‍ അധിക തുക എങ്ങനെ കണ്ടെത്തുമെന്നും സര്‍ക്കാര്‍ വിശദീകരിക്കണം. അധ്യാപകര്‍ ഉച്ചഭക്ഷണപദ്ധതിക്കുവേണ്ടി തുക ചെലവിടണോ എന്നതില്‍ ഇതിനുശേഷം തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഉച്ചഭക്ഷണപദ്ധതിയില്‍ സംസ്ഥാനസര്‍ക്കാരിന്റെ വിഹിതം 163.15 കോടിരൂപയാണ്.ഹര്‍ജി കഴിഞ്ഞതവണ പരിഗണിച്ചപ്പോള്‍ കുടിശ്ശികത്തുക മുഴുവന്‍ 15 ദിവസത്തിനകം നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, സെപ്റ്റംബര്‍ 30 കഴിഞ്ഞിട്ടും കുടിശ്ശികത്തുക പൂര്‍ണമായും നല്‍കിയിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് 55.16 കോടിരൂപകൂടി പദ്ധതിക്കുവേണ്ടി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നോഡല്‍ അക്കൗണ്ടിലേക്ക് കൈമാറി ഉത്തരവിറക്കിയതായി സര്‍ക്കാര്‍ അറിയിച്ചത്. കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്റെ ഹര്‍ജിയും പരിഗണനയിലുണ്ട്.