ന്യൂഡല്‍ഹി: ട്രാഫിക് പൊലീസിന്റെ വേഷത്തില്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ സ്വകാര്യ കമ്പനി ജീവനക്കാരുടെ 50 ലക്ഷം രൂപ കൊള്ളയടിച്ചു. ബുധനാഴ്ച വൈകീട്ട് സലിംഗഡ് ഫ്‌ളൈഓവറിന് സമീപം ഔട്ടര്‍ റിംഗ് റോഡിലാണ് സംഭവം.പാന്‍ ബഹാര്‍ പ്രൈവറ്റ് ലിമിറ്റഡിലെ രണ്ട് ജീവനക്കാരാണ് കവര്‍ച്ചയ്ക്കിരയായത്. ഇവര്‍ പറയുന്നത്: കുച്ച ഘാസിറാമില്‍ നിന്ന് കലക്ഷന്‍ തുകയായ 50 ലക്ഷം രൂപ ബാഗിലാക്കി ഓഫീസിലേക്ക് പോകവെ ട്രാഫിക് പൊലീസ് യൂണിഫോം ധരിച്ച് മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ടുപേര്‍ കാര്‍ തടഞ്ഞു. വാഹനം പരിശോധിക്കാനെന്ന വ്യാജേന കാറിന്റെ ഡിക്കി തുറക്കുകയും ഇതിനിടെ ബൈക്കിലെത്തിയ രണ്ടുപേര്‍ ബാഗ് മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. പിന്നാലെ പൊലീസ് വേഷത്തിലെത്തിയവരും കടന്നുകളഞ്ഞു