നീലഗിരി: നീലഗിരിയിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. നീലഗിരിയെ നടുക്കിയ അപകടത്തിൽ ഏറ്റവും ഒടുവിലെ വിവരപ്രകാരം 8 പേർ മരിച്ചെന്നാണ് വിവരം. മൊത്തം 54 യാത്രക്കാരുണ്ടായിരുന്ന ടൂറിസ്റ്റ് ബസാണ് നീലഗിരിയിലെ കുന്നൂർ - മേട്ടുപാളയം റൂട്ടിൽ അപകടത്തിൽപ്പെട്ടത്. ബസ് 50 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് മറിഞ്ഞത്. അപകടത്തിൽപ്പെട്ട 20 പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. സ്ഥലത്ത് രക്ഷ പ്രവർത്തനം തുടരുകയാണ്. തെങ്കാശിയിൽ നിന്ന് പോയ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ആണ് അപകടത്തിൽ പെട്ടത്. മരിച്ചവരിൽ 3 സ്ത്രീകളും ഒരു 15 വയസ്സുകാരനുമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.അതിനിടെ നീലഗിരി കൂന്നൂർ ബസ് അപകടത്തിൽ അനുശോചനം അറിയിച്ച് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്തെത്തി. മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കുമുള്ള അടിയന്തര ധനസഹായവും മുഖ്യമന്ത്രി സ്റ്റാലിൻ പ്രഖ്യാപിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും നിസാര പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം നൽകുമെന്നാണ് എം കെ സ്റ്റാലിൻ വ്യക്തമാക്കിയത്.