അഹമ്മദാബാദ്: ഏഷ്യാകപ്പിന് പിന്നാലെ ഏകദിന ലോകകപ്പും കാണാൻ ആളില്ല. അഹമ്മദാബാദിലെ നരേന്ദ്ര മോദി 3സ്റ്റേഡിയത്തിൽ ലോകകപ്പിന്റെ ഉദ്ഘാടന മത്സരം കാണാൻ എത്തിയത് കേവലം 4,000 പേർ മാത്രം. 1,32,000 പേർക്ക് ഇരിക്കാൻ കഴിയുന്ന സ്റ്റേഡിയത്തിന്റെ മൂന്ന് ശതമാനം സീറ്റുകളിൽ മാത്രമാണ് മത്സരം കാണാൻ ആളുകൾ എത്തിയത്. 45 മത്സരങ്ങൾ ഇന്ത്യയിൽ നടക്കാനിരിക്കെ ലോകകപ്പിന്റെ വിജയത്തിൽ സംഘാടകർക്ക് ആശങ്ക സമ്മാനിക്കുന്നതാണ് ഉദ്ഘാടന മത്സരത്തിലെ ശുഷ്കമായ ഗാലറി. കാഴ്ചക്കാരില്ലാത്ത സ്റ്റേഡിയത്തിൽ ലോകകപ്പിന്റെ ഉദ്ഘാടന മത്സരം നടക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ ലോകകപ്പ് തുടങ്ങിയതായി പ്രഖ്യാപിച്ചു. ഏകദിന ലോകകപ്പിന്റെ ഗ്ലോബൽ അംബാസിഡർ കൂടിയാണ് സച്ചിൻ. ആദ്യ മത്സരത്തിൽ കമന്ററി ബോക്സിലും സച്ചിൻ തെണ്ടുൽക്കറിന്റെ സാന്നിധ്യമുണ്ടായിരുന്നു.
ഉദ്ഘാടന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് മികച്ച സ്കോർ നേടി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 9 വിക്കറ്റിന് 282 റൺസെടുത്തു. മത്സരത്തിൽ ടോസ് നേടിയ കിവിസ് നായകൻ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയച്ചു. ട്രെന്റ് ബോൾട്ടും മാറ്റ് ഹെൻറിയും മിച്ചൽ സാന്ററും നന്നായി പന്തെറിഞ്ഞു. വലിയ ഷോട്ടുകൾക്ക് മുതിരാതെ സ്കോർബോർഡ് ഉയർത്താൻ ഇംഗ്ലണ്ട് ശ്രമിച്ചു. ഈ തന്ത്രം ആദ്യ ഇന്നിംഗ്സിൽ ഭേദപ്പെട്ട സ്കോർ നേടാൻ ഇംഗ്ലണ്ടിനെ സഹായിച്ചു.