സെമിയിലെത്താൻ ഇംഗ്ലണ്ടിന് 4 % സാധ്യത മാത്രം; ഇന്ത്യക്ക് 98 % സാധ്യത; മറ്റ് ടീമുകളുടെ സെമി സാധ്യതകൾ ഇങ്ങനെ

ധരംശാല: ലോകകപ്പിലെ കരുത്തര്‍ തമ്മിലുള്ള ആവേശപ്പോരാട്ടത്തില്‍ ഓസ്ട്രേലിയ ന്യൂസിലന്‍ഡിനെ അഞ്ച് റണ്‍സിന് വീഴ്ത്തിയതോടെ സെമി ഫൈനല്‍ ലൈനപ്പിന്‍റെ ചിത്രം കൂടുതല്‍ വ്യക്തമായി. ജയിച്ചെങ്കിലും നാലു കളികളില്‍ എട്ടു പോയന്‍റുമായി നാലാം സ്ഥാനത്തു തന്നെയാണ് ഓസ്ട്രേലിയ ഇപ്പോള്‍. തോറ്റിട്ടും ന്യൂസിലന്‍ഡ് മൂന്നാം സ്ഥാനത്ത് തുടരുന്നു. എട്ട് പോയന്‍റുള്ള ന്യൂസിലന്‍ഡിന് സെമിയിലെത്താന്‍ 75 ശതമാനം സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. ലോകകപ്പില്‍ ഇനി പാകിസ്ഥാനെയും ദക്ഷിണാഫ്രിക്കയെയും ശ്രീലങ്കയെയുമാണ് ന്യൂസിലന്‍ഡിന് നേരിടാനുള്ളത്. ഇതില്‍ രണ്ട് കളികളെങ്കിലും ജയിച്ചാല്‍ കിവീസിന് സെമിയിലെത്താം. ഒരെണ്ണത്തില്‍ ജയിച്ചാലും സെമി സാധ്യതയുണ്ട്.ഓസ്ട്രേലിയക്ക് സെമിയിലെത്താന്‍ 76 ശതമാനം സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. ഇംഗ്ലണ്ടിനെയും അഫ്ഗാനിസ്ഥാനെയും ബംഗ്ലാദേശിനെയുമാണ് ഇനി നേരിടാനുള്ളത് എന്നതിനാല്‍ ന്യൂസിലന്‍ഡിനെക്കാള്‍ സാധ്യത കൂടുതല്‍ ഓസീസിനാണ്. നിലവില്‍ പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്ക് 98 ശതമാനം സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. ഇംഗ്ലണ്ടിനെയും ദക്ഷിണാഫ്രിക്കയെയും ശ്രീലങ്കയെയും നെതര്‍ലന്‍ഡ്സിനെയുമാണ് ഇന്ത്യക്ക് നേരിടാനുള്ളത്. ഇതില്‍ ഒരെണ്ണം ജയിച്ചാലും ഇന്ത്യക്ക് സെമിയിലെത്താനാവും.ഒന്നാം സ്ഥാനത്താണെങ്കിലും ദക്ഷിണാഫ്രിക്കക്ക് 95 ശതമാനം സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയെയും അഫ്ഗാനിസ്ഥാനെയും ന്യൂസിലന്‍ഡിനെയുമാണ് ദക്ഷിണാഫ്രിക്കക്ക് ഇനി നേരിടാനുള്ളത്. ഇതില്‍ ഒരെണ്ണം ജയിച്ചാലും ദക്ഷിണാഫ്രിക്ക സെമിയിലെത്തും.നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിന് സെമിയിലെത്താന്‍ നാലു ശതമാനം സാധ്യത മാത്രമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയെയും ഓസ്ട്രേലിയയെയും പാകിസ്ഥാനെയും നേരിടാനുള്ള ഇംഗ്ലണ്ടിന് നെതര്‍ലന്‍ഡ്സ് മാത്രമാണ് ദുര്‍ബലരായ എതിരാളികളായുള്ളത്. ഇതില്‍ എല്ലാ മത്സരവും ജയിച്ചാലും രണ്ട് പോയന്‍റുള്ള ഇംഗ്ലണ്ട് സെമിയിലെത്താന്‍ സാധ്യത വിരളമാണ്. പാകിസ്ഥാന് സെമിയിലെത്താന്‍ ആറ് ശതമാനം സാധ്യതയാണുള്ളത്. ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് തുടങ്ങിയ കരുത്തരെ നേരിടേണ്ട പാകിസ്ഥാന് ബംഗ്ലാദേശ് മാത്രമാണ് ദുര്‍ബലരായ എതിരാളികളായുള്ളത്. ഇതില്‍ മൂന്നും ജയിച്ചാലും പരമാവധി 10 പോയന്‍റേ നേടാനാവു എന്നതിനാല്‍ പാകിസ്ഥാന്‍റെ സാധ്യതകളും വിരളമാണ്.

ശ്രീലങ്കക്ക് 20 ശതമാനം സാധ്യതതയും അഫ്ഗാനിസ്ഥാന് 18 ശതമാനം സാധ്യതയും പ്രവചിക്കപ്പെടുമ്പോള്‍ നെതര്‍ലന്‍ഡ്സിന് മൂന്ന് ശതമാനം സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്