വർക്കല.പനയറ തൃപ്പോരിട്ടക്കാവ് ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിത്തുറന്നു 15,000 രൂപയോളം കവർന്നു. വെള്ളിയാഴ്ച രാത്രിയാണ് ക്ഷേത്രത്തിന്റെ ഓടിളക്കി മോഷണം നടത്തിയത്. ക്ഷേത്രസന്നിധിയിൽ പ്രധാന കാണിക്ക വഞ്ചിയാണ് കുത്തിത്തുറന്നു കവർച്ച നടത്തിയത്.
ഉപദേവാലയങ്ങളിൽ ഉണ്ടായിരുന്ന അഞ്ച് വഞ്ചികളിൽ നാലെണ്ണം വെട്ടിപ്പൊളിച്ച ശേഷം വലിച്ചെറിഞ്ഞ നിലയിലായിരുന്നു.പൊലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. കമ്പിപ്പാരയും വടിവാളും കുന്താലിയുമായി എത്തിയ മോഷ്ടാവ് മേൽക്കൂരയുടെ ഓടിളക്കി അകത്തേക്കിറങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അയിരൂർ പൊലീസ് അന്വേഷണം തുടങ്ങി.
3 ക്ഷേത്രങ്ങളിൽ മോഷണം
കിളിമാനൂർ ∙ പോങ്ങനാട് മൂന്നു ക്ഷേത്രങ്ങളിലെ കാണിക്ക വഞ്ചികൾ കുത്തിത്തുറന്നു മോഷണം നടത്തി. പോങ്ങനാട് ശാസ്താ ക്ഷേത്രം, പാറയ്ക്കൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, പ്രണാരിമുക്ക് കാഞ്ഞിരത്തുംമൂട് ക്ഷേത്രം എന്നിവിടങ്ങളിലെ കാണിക്ക വഞ്ചികളാണു കുത്തിത്തുറന്നു മോഷണം നടത്തിയത്. മൂന്നു ക്ഷേത്രങ്ങളും സമീപത്താണ് . വെള്ളിയാഴ്ച പുലർച്ചെ ആണ് മോഷണം നടന്നതെന്നാണ് സൂചന. കിളിമാനൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.