3 വിക്കറ്റ് നഷ്ടം; ലോകകപ്പിൽ ഇന്ത്യക്കെതിരെ അഫ്ഗാനിസ്താൻ പൊരുതുന്നു

ഏകദിന ലോകകപ്പിൽ ഇന്ത്യക്കെതിരെ അഫ്ഗാനിസ്താൻ പൊരുതുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്താന് 63 റൺസ് നേടുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായിട്ടുണ്ട്. റഹ്മാനുള്ള ഗുർബാസ്, ഇബ്രാഹിം സദ്രാൻ, റഹ്മത് ഷാ എന്നിവരാണ് പുറത്തായത്. ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ, ശാർദുൽ താക്കൂർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.ജസ്പ്രീത് ബുംറ കൃത്യതയോടെ പന്തെറിഞ്ഞ് അഫ്ഗാനിസ്താനെ സമ്മർദ്ദത്തിലാക്കിയപ്പോൾ മുഹമ്മദ് സിറാജിന് കൃത്യത കാത്തുസൂക്ഷിക്കാനായില്ല. ഏഴാം ഓവറിൽ ബുംറ തന്നെ അഫ്ഗാൻ്റെ ആദ്യ വിക്കറ്റ് വീഴ്ത്തി. 22 റൺസ് നേടിയ ഇബ്രാഹിം സദ്രാനെ കെഎൽ രാഹുൽ പിടികൂടുകയായിരുന്നു. പിന്നീട് ഹാർദിക് പാണ്ഡ്യ ഗുർബാസിനെ (21) ശാർദുൽ താക്കൂറിൻ്റെ കൈകളിലെത്തിച്ചപ്പോൾ റഹ്മത് ഷായെ (16) താക്കൂർ വിക്കറ്റിനു മുന്നിൽ കുരുക്കി. 4 ഓവറിൽ 28 റൺസ് വഴങ്ങിയ സിറാജിന് വിക്കറ്റ് വീഴ്ത്താനായില്ല.

ടോസ് നേടിയ അഫ്ഗാൻ ക്യാപ്റ്റൻ ഹശ്മതുള്ള ഷാഹിദി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മാറ്റങ്ങളില്ലാതെ അഫ്ഗാൻ ഇറങ്ങുമ്പോൾ ഇന്ത്യൻ നിരയിൽ ആർ അശ്വിനു പകരം ശാർദുൽ താക്കൂർ ഇടം പിടിച്ചു. ശുഭ്മൻ ഗിൽ ഇന്നും ടീമിലില്ല.