വെള്ളം കയറിയത് അറിയിച്ചില്ല, 30 ലക്ഷം രൂപയുടെ നഷ്ടം; ടെക്നോപാർക്കിനെതിരെ സ്റ്റാർട്ട്‌ അപ്പ് കമ്പനി

തിരുവനന്തപുരം: ടെക്നോപാർക്ക്‌ അധികൃതർ വെള്ളം കയറിയിട്ടും സമയബന്ധിതമായി അറിയിപ്പ് നൽകിയില്ലെന്ന ആരോപണവുമായി സ്റ്റാർട്ട്‌ അപ്പ് കമ്പനി. മഴ‌ക്കെടുതിയിൽ 30 ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായതായി കമ്പനി പറഞ്ഞു. മാർവല്ലസ് ഡിസൈൻ സ്റ്റുഡിയോയ്‌ക്കാണ് മഴക്കെടുതിയിൽ വ്യാപക നാശം സംഭവിച്ചത്.വെള്ളപ്പൊക്കം ഉണ്ടായിട്ടും രാവിലെ 8 മണിയോടെയാണ് വിവരം അറിയിക്കുന്നത്. ശനിയാഴ്ച ആയതിനാൽ ഓഫീസിൽ ആരും ഉണ്ടായിരുന്നില്ലെന്നും കമ്പനി പറഞ്ഞു. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ടെക്നോപാർക്കിൽ അടക്കം വെള്ളം കയറിയിരുന്നു. വെളളക്കെട്ട് മൂലം നിരവധി കമ്പനികൾക്ക് നഷ്ടം ഉണ്ടായതായാണ് സൂചന.

കനത്ത മഴയെ തുടർന്ന് ഞായറാഴ്ച തിരുവനന്തപുരം നഗരത്തിൻറെ പല ഭാഗങ്ങളിൽ വെളളം കയറിയിരുന്നു. വെഞ്ഞാറമൂട് നിർമാണത്തിലിരിക്കുന്ന വീടുകൾ ഉൾപ്പെടെ രണ്ടു വീടുകൾ തകർ‌ന്നു. കല്ലുവിളയിൽ മതിൽ തകർ‌ന്നു വീണ് യുവാവിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആറ്റിങ്ങൽ ചിറയിൻകീഴ് മേഖല, പാറ്റൂർ ഇഎംഎസ് ന​ഗർ, തേക്കുംമൂട് ബണ്ട് കോളനി, നെയ്യാറ്റിൻകര റെയിൽവെ സ്റ്റേഷനു സമീപത്തുള്ള വീടുകൾ, കഴക്കൂട്ടം എന്നിവിടങ്ങളിൽ വീടുകളിൽ വെളളം കയറിയിരുന്നു. നിരവധി കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.