'മീനിനെന്താ വില'; 3 വർഷത്തിന് ശേഷം ദുബൈയിൽ നിന്നെത്തി, മീൻ വിൽപ്പനക്കാരിയായ അമ്മയ്ക്ക് മകന്‍റെ സർപ്രൈസ്-

ബെംഗളൂരു: സമ്മാനങ്ങള്‍ വാങ്ങി നൽകുന്നതും, അപ്രതീക്ഷിതമായി എത്തി പ്രിയപ്പെട്ടവരെ അമ്പരപ്പിക്കുകയും ഒക്കെ ചെയ്യുന്ന സർപ്രൈസ് വീഡിയോകള്‍ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. തന്‍റെ പ്രിയപ്പെട്ട അമ്മയ്ക്ക് മകൻ നൽകിയ ഒരു സർപ്രൈസ് വിസിറ്റിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മീൻ കച്ചവടക്കാരിയായ അമ്മയ്ക്ക് മുന്നിൽ അപ്രതീക്ഷിതമായെത്തി അമ്പരപ്പിച്ചിരിക്കുകയാണ് ഒരു മകൻ. ഒട്ടും പ്രതീക്ഷിക്കാതെ വർഷങ്ങള്‍ക്ക് ശേഷം മകനെ മുന്നിൽ കണ്ട അമ്മയുടെയും, ആ സന്തോഷം അറിഞ്ഞ മകന്‍റെയും വീഡിയോ നിരവധി പേരാണ് ഏറ്റെടുത്തത്.

മൂന്ന് വർഷത്തിന് ശേഷം ദുബായിൽ നിന്ന് വന്ന മകൻ മീൻ വിൽപ്പനക്കാരിയായ അമ്മയ്ക്ക് മുന്നിൽ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുന്നതാണ് വീഡിയോ. കർണാടക സ്വദേശിയായ രോഹിത് എന്ന യുവാവാണ് ഗംഗോല്ലി മാർക്കറ്റിൽ മീൻ വിൽക്കുന്ന അമ്മയ്ക്ക് സർപ്രൈസ് നൽകിയത്. അമ്മ മീൻ വിൽക്കുന്ന മാർക്കറ്റിലേക്ക് മുഖം മറച്ചാണ് മകനെത്തിയത്. തൂവാലകൊണ്ട് മുഖം മറച്ച്, കൂളിംഗ്ലാസും തൊപ്പിയും ധരിച്ചെത്തിയ മകനെ അമ്മ തിരിച്ചറിഞ്ഞതേയില്ല.മുഖം മറച്ചെത്തിയ യുവാവ് അമ്മയോട് മീനിന്റെ വില ചോദിക്കുന്നതും സംസാരിക്കുന്നതും വീഡിയോയിൽ കാണാം. വിലയും മറ്റും ചോദിച്ചുള്ള സംസാരത്തിനിടെ സംശയം തോന്നി അമ്മ പെട്ടന്ന് എഴുനേറ്റ് യുവാവിന്റ മുഖത്തെ തൂവാലയും ​ഗ്ലാസും മാറ്റി. അപ്പോഴാണ് അത് തന്‍റെ മകനാണെന്ന് ആ അമ്മ തിരിച്ചറിയുന്നത്. മകനെ കണ്ട് അമ്മ കരയുന്നതും കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം. ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ട വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.