നവരാത്രി ആഘോഷ നൃത്തത്തിനിടെ ഹൃദയാഘാതം; 24 മണിക്കൂറിനിടെ 10 പേര്‍ മരിച്ചു

ഗുജറാത്തിൽ നവരാത്രി ആഘോഷത്തിനിടെ ഗർബ നൃത്തം ചെയ്യുമ്പോള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 10 പേര്‍ ഹൃദയാഘാതം മൂലം മരിച്ചു. കൗമാരക്കാർ മുതൽ മധ്യവയസ്കർ വരെയുള്ളവര്‍ക്ക് ദാരുണാന്ത്യം സംഭവിച്ചെന്ന് ഇന്ത്യാടുഡെ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ 13 വയസുകാരനും 17 വയസുകാരനുമുണ്ട്.നവരാത്രി ആഘോഷങ്ങളുടെ ആദ്യ ആറ് ദിവസങ്ങളില്‍ ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് 108 എമര്‍ജന്‍സി ആംബുലന്‍സ് സര്‍വീസിലേക്ക് 521 കോളുകളാണ് എത്തിയത്. ശ്വസം കിട്ടുന്നില്ലെന്ന് പറഞ്ഞ് എത്തിയത് 609 കോളുകളും. വൈകുന്നേരം ആറ് മണിക്കും പുലര്‍ച്ചെ രണ്ട് മണിക്കും ഇടയിലാണ് ഈ കോളുകള്‍ എത്തിയത്.ഗര്‍ബ ആഘോഷങ്ങള്‍ക്ക് വേദിയാവുന്നതിന് അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളോട് എമര്‍ജന്‍സി സാഹചര്യം നേരിടാന്‍ തയ്യാറായിരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഗര്‍ബ ആഘോഷങ്ങള്‍ നടക്കുന്ന ഇടങ്ങളില്‍ ഡോക്ടര്‍മാരുടേയും ആംബുലന്‍സിന്റേയും സേവനം ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്