നവകേരള സദസ്: അരുവിക്കരയിൽ ഡിസംബര്‍ 22ന്, വിപുലമായ സംഘാടക സമിതിയായി

നവകേരള സൃഷ്ടിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന നവകേരള സദസിന്റെ വിജയത്തിനായി അരുവിക്കര മണ്ഡലത്തില്‍ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ആര്യനാട് വി.കെ ആഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാർ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനും അവരുടെ പരാതികളും നിര്‍ദ്ദേശങ്ങളും നേരിട്ട് കേള്‍ക്കാനുമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടെത്തി നവേകരള സദസ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖം ഉൾപ്പെടെയുള്ള നിരവധി സ്വപ്ന പദ്ധതികൾ യാഥാർത്ഥ്യമാക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞു. ഇനി വരാൻ പോകുന്ന സമാനതകളില്ലാത്ത വികസനത്തിന്റെ കേന്ദ്രമാണ് വിഴിഞ്ഞം തുറമുഖം. ഏറെക്കാലമായി മുടങ്ങിയിരുന്ന ദേശീയപാത , മലയോര - തീരദേശ പാതകളുടെ നവീകരണം സാധ്യമാക്കാനും സർക്കാരിനായി. ആരോഗ്യ - പൊതു വിദ്യാഭ്യാസ മേഖലയിലും സമാനതകളില്ലാത്ത നേട്ടം കേരളം സ്വന്തമാക്കി. സാമ്പത്തികമായി പ്രതിസന്ധിയുണ്ടെങ്കിലും വികസന കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും സർക്കാർ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു.

ജി.സ്റ്റീഫൻ എം.എൽഎ ചെയര്‍മാനും ജില്ലാ പ്ലാനിംഗ് ഓഫീസർ വി.എസ്. ബിജു കണ്‍വീനറും മണ്ഡലത്തിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ , രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ അംഗങ്ങളുമായി 1500 പേരുടെ വിപുലമായ സംഘാടകസമിതിയാണ് രൂപീകരിച്ചത് . ഇതിനു പുറമെ പരിപാടിയുടെ സുഗമമായ നടത്തിപ്പിന് 11 സബ് കമ്മിറ്റികൾക്കും രൂപം നൽകി. ഡിസംബര്‍ 22ന് പതിനൊന്ന് മണിയ്ക്കാണ് അരുവിക്കര മണ്ഡലത്തിലെ നവകേരള സദസ്. അന്നേദിവസം മണ്ഡലത്തിലെ പ്രമുഖര്‍ പങ്കെടുക്കുന്ന പ്രഭാതസദസ് കാട്ടാക്കടയില്‍ നടക്കും. കാട്ടാക്കട, അരുവിക്കര, പാറശാല, നെയ്യാറ്റിന്‍കര മണ്ഡലങ്ങളിലെ പ്രഭാത സദസാണ് കാട്ടാക്കടയില്‍ സംഘടിപ്പിച്ചിരിക്കുന്നത്. ജി സ്റ്റീഫൻ എം.എൽ.എ അധ്യക്ഷനായ ചടങ്ങില്‍ ത്രിതല പഞ്ചായത്തംഗങ്ങള്‍, ജില്ലാ കളക്ടർ ജെറോമിക് ജോർജ് , അബ്കാരി ക്ഷേമ ബോർഡ് ചെയർമാൻ കെ.എസ്‌.സുനിൽകുമാർ, തഹസീൽദാർ നന്ദകുമാർ, ബി.ഡി.ഓ ജീവൻ.എസ്, മറ്റ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരും സംബന്ധിച്ചു.

*പഞ്ചായത്ത്തല സംഘാടക സമിതി*
നവകേരള സദസിന്റെ വിജയത്തിനായി മണ്ഡലത്തിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലും സംഘാടക സമിതി രൂപീകരിക്കും. ഒക്ടോബർ 19 ന് ഉഴമലക്കൽ, 20 ന് കുറ്റിച്ചൽ, 21 ന് ആര്യനാട്, അരുവിക്കര, 25 ന് വിതുര, 27 ന് തൊളിക്കോട്, 28 ന് പൂവച്ചൽ , 30 ന് വെള്ളനാട് ഗ്രാമപഞ്ചായത്തുകളിലാണ് സംഘാടക സമിതി രൂപീകരണം നിശ്ചയിച്ചിരിക്കുന്നത്.