◾യുദ്ധം തുടരുന്നതിനിടെ ഹമാസിനെതിരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേല്‍. ഇസ്രയേല്‍ സുരക്ഷാകാര്യ മന്ത്രിസഭാ യോഗം ചേര്‍ന്നാണ് യുദ്ധ പ്രഖ്യാപനം നടത്തിയത്. 1973ന് ശേഷം ആദ്യമായാണ് ഇസ്രയേല്‍ ഔദ്യോഗിക യുദ്ധപ്രഖ്യാപനം നടത്തുന്നത്.
◾ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ മരണം 1100 കടന്നു. ഇസ്രായേലില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിലും വെടിവെപ്പിലും 700ലേറെ പേര്‍ കൊല്ലപ്പെട്ടു. തിരിച്ചടിച്ച ഇസ്രയേല്‍ ഗാസയില്‍ നടത്തിയ ആക്രമണങ്ങളില്‍ മരണം നാനൂറിലധികമായി.
◾ഇസ്രയേല്‍ ഹമാസിനെതിരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ യു എസ് നേവിയുടെ യുഎസ്എസ് ജെറാര്‍ഡ് ഫോര്‍ഡ് എന്ന യുദ്ധക്കപ്പല്‍ മെഡിറ്ററേനിയന്‍ സമുദ്രത്തിലേക്ക് തിരിച്ചു. ആണവ ശേഷിയുള്ള വിമാന വാഹിനി കപ്പലാണ് യുഎസ്എസ് ജെറാര്‍ഡ് ഫോര്‍ഡ്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഫോണില്‍ ബന്ധപ്പെട്ടതിന് പിന്നാലെയാണ് സൈനിക നീക്കം തുടങ്ങിയ വിവരം അമേരിക്ക സ്ഥിരീകരിച്ചത്.
◾ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. യുദ്ധം ഒരു പരാജയമാണ്. സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം. ഇസ്രയേലിന്റെയും പലസ്തീന്റെയും സമാധാനത്തിനായി പ്രാര്‍ത്ഥിക്കാമെന്നും സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലെ പ്രാര്‍ത്ഥനയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു.
◾ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ ഇസ്രായേലിലുള്ള കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശിനി ഷീജ ആനന്ദിന് പരിക്കേറ്റു. ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെയായിരുന്നു മിസൈല്‍ പതിച്ചത്. അഷ്‌കിലോണില്‍ കെയര്‍ടേക്കര്‍ നഴ്സായി ജോലി ചെയ്യുകയായിരുന്നു ഷീജ. കാലിന് പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയയാക്കിയ ഷീജയുടെ ആരോഗ്യനില തൃപ്തികരമാണ്.
◾സാമ്പത്തിക പ്രതിസന്ധിയിലായ കരുവന്നൂര്‍ ബാങ്കില്‍, വായ്പ തിരിച്ചു പിടിക്കാന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പ്രഖ്യാപിച്ച് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി. വായ്പകള്‍ ഒറ്റത്തവണ തീര്‍പ്പാക്കുന്നതിന് വലിയ പലിശ ഇളവ് നല്‍കുമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ പി. കെ ചന്ദ്രശേഖരന്‍ അറിയിച്ചു.
◾തട്ടം വിഷയത്തില്‍ സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കത്തിന്റെ മുസ്ലിം സ്ത്രീകള്‍ക്കെതിരായുള്ള പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് സാമൂഹിക പ്രവര്‍ത്തക വി.പി.സുഹറ തട്ടം നീക്കി പ്രതിഷേധിച്ചു. കോഴിക്കോട് നല്ലളം സ്‌കൂളില്‍ കുടുംബശ്രീ സംഘടിപ്പിച്ച 'തിരികെ സ്‌കൂളിലേക്ക്' എന്ന പരിപാടിയില്‍ പങ്കെടുക്കവേയാണ് പ്രതിഷേധം. സുഹറയുടെ നീക്കത്തില്‍ രോഷാകുലനായി അസഭ്യം പറഞ്ഞ പിടിഎ പ്രസിഡന്റിനെതിരെ സുഹറ നല്ലളം പൊലീസില്‍ പരാതി നല്‍കി. തട്ടമിടാത്ത സ്ത്രീകള്‍ അഴിഞ്ഞാട്ടക്കാരികളാണെന്നും മുസ്ലിം സ്ത്രീകളെ അഴിഞ്ഞാടാന്‍ വിടില്ലെന്നുമായിരുന്നു ഉമര്‍ ഫൈസിയുടെ പരാമര്‍ശം.
◾സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് എതിരായ പരാമര്‍ശത്തില്‍ പിഎംഎ സലാമിനെതിരെ വീണ്ടും സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂര്‍. തട്ടം വിവാദം കത്തി നില്‍ക്കുമ്പോള്‍ വിവാദ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു എന്നും മുസ്ലിം ലീഗും സമസ്തയും തമ്മില്‍ ഭിന്നതയില്ലെന്നും അബ്ദു സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.
◾അടുത്ത അഞ്ച് ദിവസം സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ മുന്നറിയിപ്പ്. തിങ്കളാഴ്ച മൂന്നു ജില്ലകളിലും ചൊവ്വാഴ്ച നാലു ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
◾വയലാര്‍ അവാര്‍ഡ് ലഭിച്ചതിന് പിന്നാലെ തുറന്നടിച്ച് ശ്രീകുമാരന്‍ തമ്പി. പുരസ്‌കാരം വൈകി വന്ന അംഗീകാരമാണെന്നും, നേരത്തെ അവാര്‍ഡ് നല്‍കാതിരുന്നത് മനപ്പൂര്‍വമാണ് എന്നും അദ്ദേഹം പ്രതികരിച്ചു.
◾മലപ്പുറം മഞ്ചേരിയില്‍ കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാക്കളുടെ രഹസ്യ യോഗം. കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. മണ്ഡലം പ്രസിഡന്റുമാരുടെ നിയമനത്തില്‍ ഗ്രൂപ്പിനെ തഴഞ്ഞതിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ യോഗത്തില്‍ ധാരണയായെന്ന് റിപ്പോര്‍ട്ടുകള്‍.
◾കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കേസുകള്‍ ഏറ്റെടുത്തു നടത്താനൊരുങ്ങി കെ.പി.സി.സി. കേസുകളില്‍ പെട്ട ബൂത്ത് തലം മുതല്‍ ജില്ലാതലം വരെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പട്ടിക സമര്‍പ്പിക്കാന്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി.
◾ലോകസഭാ തെരഞ്ഞെടുപ്പ് ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. ജീവനക്കാരുടെ നടപടി പ്രതിസന്ധിയുണ്ടാക്കുന്നുവെന്നും പട്ടിക പുതുക്കലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവും താളം തെറ്റുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നീക്കം.
◾സംസ്ഥാന ആര്‍ജെഡി പിളര്‍ന്നു. പഴയ പാര്‍ട്ടിയായ നാഷണല്‍ ജനതാദളിനെ പുനരുജ്ജീവിപ്പിക്കാന്‍ ജോണ്‍ ജോണ്‍ വിഭാഗം തീരുമാനിച്ചു. യു.ഡി.എഫിന് ഒപ്പം തുടരാനാണ് ജോണ്‍ ജോണ്‍ വിഭാഗത്തിന്റെ തീരുമാനം. എല്‍ജെഡി-ആര്‍ജെഡി ലയനത്തെ ചൊല്ലിയുള്ള ഭിന്നതയാണ് തീരുമാനത്തിന് പിന്നില്‍.
◾വന്ദേഭാരത് കടന്ന് പോകാന്‍ മറ്റു ട്രെയിനുകള്‍ 20 മുതല്‍ 40 മിനിറ്റുവരെ പിടിച്ചിടുന്നത് പതിവാണെന്നും യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. ഇക്കാര്യം ആവശ്യപ്പെട്ട് കെ സി വേണുഗോപാല്‍ റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവിന് കത്തയച്ചു.
◾പട്ടാമ്പി കൊപ്പം മുളയന്‍ കാവില്‍ പുരയ്ക്കല്‍ ഷാജി, ഭാര്യ സുചിത്ര എന്നിവരെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മ്യതദേഹങ്ങള്‍ക്ക് 3 ദിവസത്തെ പഴക്കമുണ്ട്. ആത്മഹത്യയെന്നാണ് പ്രഥമിക നിഗമനം.
◾കാര്‍ഗിലിലെ ലഡാക്ക് ഓട്ടോണമസ് ഹില്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിന് വന്‍വിജയം. 26 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നാഷനല്‍ കോണ്‍ഫറന്‍സ് - കോണ്‍ഗ്രസ് സഖ്യം 22 സീറ്റ് നേടി. നാഷനല്‍ കോണ്‍ഫറന്‍സ് 12 സീറ്റുകളിലും കോണ്‍ഗ്രസ് 10 സീറ്റുകളിലും വിജയിച്ചു. ബിജെപിക്ക് രണ്ടു സീറ്റേ നേടാനായുള്ളൂ. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരില്‍ നടന്ന ആദ്യ വോട്ടെടുപ്പില്‍ ഞെട്ടിക്കുന്ന തോല്‍വിയാണ് ബിജെപി ഏറ്റുവാങ്ങിയത്.
◾എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ ബംഗാളില്‍ സിബിഐ റെയ്ഡ്. മന്ത്രി ഫിര്‍ഹാദ് ഹക്കിം, മുന്‍മന്ത്രി മദന്‍ മിത്ര എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടന്നത്. മുനിസിപ്പാലിറ്റി നിയമന ക്രമക്കേട് കേസിലാണ് സിബിഐ നടപടി.
◾മുസാഫര്‍പുരിനു സമീപമുള്ള ധോധി കനാലിലേക്ക് അപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം വലിച്ചെറിഞ്ഞ് ബീഹാര്‍ പോലിസ്. വഴിയാത്രക്കാരന്‍ പകര്‍ത്തിയ വീഡിയോയിലൂടെയാണ് പോലീസിന്റെ മനുഷ്യത്വരഹിതമായ നടപടി പുറംലോകമറിയുന്നത്.
◾ഇസ്രായേല്‍ ഹമാസ് യുദ്ധം തുടരുന്നതിനിടെ ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യ. ടെല്‍ അവീവിലേക്കുള്ള സര്‍വീസുകള്‍ ഈ മാസം 14 വരെ എയര്‍ ഇന്ത്യ നിര്‍ത്തിവച്ചു.
◾ഗാസയില്‍ 600-ലധികം ഹമാസ് ഭീകരര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ പ്രതിരോധ സേന. ഡസന്‍ കണക്കിന് ഭീകരരെ ബന്ദികളാക്കിയിട്ടുണ്ട്. ഏറ്റുമുട്ടല്‍ തുടരുന്ന പട്ടണങ്ങളില്‍ ഭീകരര്‍ക്കായി തെരച്ചില്‍ നടക്കുന്നുണ്ടെന്നും ഉന്നത ഐഡിഎഫ് വക്താവ് ഡാനിയല്‍ ഹഗാരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
◾ഇസ്രയേലില്‍ കുടുങ്ങിയ നടി നുസ്രത് ബറൂച്ച തിരികെ ഇന്ത്യയിലെത്തി. ഹൈഫ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായാണ് നടി ഇസ്രയേലില്‍ എത്തിയത്. ഇതിനിടയിലാണ് ഇസ്രയേലില്‍ ഹമാസിന്റെ ആക്രമണം നടന്നത്.
◾പലസ്തീന്‍ ജനതയുടെ ആത്മാഭിമാനവും സമത്വവും ചര്‍ച്ചകളിലൂടെ സാധ്യമാക്കണമെന്ന് നിര്‍ദേശിച്ച കോണ്‍ഗ്രസ് ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തെ അപലപിച്ചു. സംഘര്‍ഷം ഒന്നിനും പരിഹാരമല്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ്.
◾യു.എന്‍ കാലാവസ്ഥ സെക്രട്ടറിയേറ്റിന്റെ സഹകരണത്തോടെ റിയാദില്‍ നടക്കുന്ന പശ്ചിമേഷ്യ-ഉത്തരാഫ്രിക്ക കാലാവസ്ഥാ വാരം പരിപാടിയില്‍ വൈദ്യുതി, ഹരിത ഹൈഡ്രജന്‍ ഉദ്പാദനത്തിലും വിതരണ ശൃംഖല സ്ഥാപിക്കലിലും പരസ്പര പങ്കാളിത്തത്തിന് ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ ധാരണ. സൗദി ഊര്‍ജ മന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സല്‍മാനും ഇന്ത്യന്‍ ഊര്‍ജ മന്ത്രി രാജ് കുമാര്‍ സിങ്ങും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.
◾അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 2000 കടന്നു. ഭൂകമ്പത്തില്‍ 9,240 പേര്‍ക്ക് പരിക്കേറ്റതായും താലിബാന്‍ ഭരണകൂടം അറിയിച്ചു. മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ശനിയാഴ്ച പ്രവിശ്യാതലസ്ഥാനമായ ഹേറത്തിന്റെ വടക്കുപടിഞ്ഞാറ് 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
◾ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മുംബൈ സിറ്റി എഫ്‌സിക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് തോറ്റത്.
◾ഏകദിന ലോകകപ്പ് ക്രിക്കറ്റിലെ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് വിജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ 199 റണ്‍സെടുക്കുന്നതിനിടയില്‍ എല്ലാവരും പുറത്തായി. അനായാസ വിജയം പ്രതീക്ഷിച്ച് മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കം ഞെട്ടലോടെയായിരുന്നു. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും മൂന്നാമനായിറങ്ങിയ ശ്രേയസ് അയ്യരും പൂജ്യത്തിന് പുറത്തായതോടെ ഇന്ത്യ തോല്‍വി മണത്തു തുടങ്ങി. എന്നാല്‍ 85 റണ്‍സെടുത്ത വിരാട് കോലിയുടേയും 97 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കെ.എല്‍ രാഹുലിന്റേയും അവസരോചിതമായ പ്രകടനം ഇന്ത്യയെ വിജയതീരത്തെത്തിച്ചു.
◾അത്യാധുനിക സൗകര്യങ്ങളോടുകൂടിയ രാജ്യത്തെ ഏറ്റവും വലിയ ഹോട്ടല്‍ ഇനി മുംബൈയില്‍. ഔറിക മുംബൈ സ്‌കൈസിറ്റിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഹോട്ടല്‍. 669 മുറികള്‍ ഉള്ള ഈ ഹോട്ടല്‍ ഔറിക ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട് ബ്രാന്‍ഡിന് കീഴിലുള്ള മൂന്നാമത്തെ ഹോട്ടലാണ്. മുംബൈ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ 2-ന് സമീപത്തായാണ് ഈ ആഡംബര ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. ബിസിനസ് ആവശ്യങ്ങള്‍ക്കായി മുംബൈയില്‍ എത്തുന്നവരെയും, വിനോദസഞ്ചാരികളെയും ലക്ഷ്യമിട്ടാണ് ഇത്തരമൊരു ഹോട്ടല്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നിരവധി കാര്യങ്ങള്‍ ഹോട്ടലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സ്വിമ്മിംഗ് പൂള്‍, ഫിറ്റ്നസ് സെന്റര്‍, സ്പാ, ഒന്നിലധികം റസ്റ്റോറന്റുകള്‍, ബാറുകള്‍ എന്നിവ ഉള്‍പ്പെടെ വിവിധ സൗകര്യങ്ങള്‍ ഔറിക മുംബൈ സ്‌കൈസിറ്റിയില്‍ ഉണ്ട്. ഇതിനോടൊപ്പം ഇന്ത്യന്‍, ഇന്റര്‍നാഷണല്‍, ഫ്യൂഷന്‍ ക്യൂസിന്‍ ഉള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന ഡൈനിംഗ് ഓപ്ഷനുകളും ഹോട്ടല്‍ വാഗ്ദാനം ചെയ്യുന്നു. മീറ്റിംഗുകളും ഇവന്റുകളും സംഘടിപ്പിക്കാനുള്ള സൗകര്യവും ലഭ്യമാണ്. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ലെമണ്‍ ട്രീ ഹോട്ടല്‍സിന് കീഴിലുള്ള എല്ലാ ഹോട്ടലുകളിലുമായി മൊത്തം 20,000-ത്തിലധികം മുറികള്‍ എന്ന ലക്ഷ്യമാണ് കമ്പനിക്ക് ഉള്ളത്.
◾പുലി മുരുകനും ഒടിയനും അടക്കം വമ്പന്‍ ചിത്രങ്ങള്‍ സ്റ്റണ്ട് ഒരുക്കിയ പീറ്റര്‍ ഹെയ്ന്‍ വീണ്ടും മലയാളത്തിലേക്ക് വരുന്നു. കുട്ടനാടന്‍ മാര്‍പ്പാപ്പ, മാര്‍ഗം കളി, ഷീറോ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ശ്രീജിത്ത് വിജയന്‍ എഴുതി സംവിധാനം ചെയുന്ന ചിത്രമായ 'ഇടിയന്‍ ചന്തു'വിലാണ് പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ ഒരുക്കുന്നത്. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മവും ലാല്‍ മീഡിയയില്‍ വെച്ചു നടന്നു. വിഷ്ണു ഉണ്ണികൃഷ്ണന്‍ ആണ് ഇടിയന്‍ ചന്തുവായി എത്തുന്നത്. സലിം കുമാര്‍ മകനോടൊപ്പം അഭിനയിക്കുന്നു എന്ന മറ്റൊരു പ്രത്യേകതയും ചിത്രത്തിനുണ്ട്. ഹാപ്പി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷഫീക്, സുബൈര്‍, റയീസ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, ശ്രീജിത് വിജയന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ഇടിയന്‍ ചന്തു നര്‍മവും വൈകാരികതയും നിറഞ്ഞ ഒരു ആക്ഷന്‍ പാക്ക്ഡ് ചിത്രമായിരിക്കും എന്നാണ് സൂചന. വിഷ്ണു ഉണ്ണികൃഷ്ണനും സലിം കുമാറിനും പുറമെ ചന്തു സലീം കുമാര്‍, രമേശ് പിഷാരടി, ലാലു അലക്സ്, ജോണി ആന്റനി, ലെന, ജയശ്രീ, ബിനു സോപാനം, സ്മിനു സിജു, വിദ്യ വിജയകുമാര്‍, സൂരജ് തലക്കാട് (ബിഗ്‌ബോസ് ഫെയിം), സലീം (മറിമായം) തുടങ്ങിയവരും ചിത്രത്തില്‍ ഉണ്ട്.
◾വിശാല്‍ നായകനായെത്തി വമ്പന്‍ വിജയമായ ചിത്രമാണ് മാര്‍ക്ക് ആന്റണി ഒടിടി റിലീസിന്. മാര്‍ക്ക് ആന്റണി ആഗോളതലത്തില്‍ 100 കോടി ക്ലബില്‍ എത്തിയിരുന്നു. ഇതാദ്യമായിട്ടാണ് നടന്‍ വിശാലിന് 100 കോടി ക്ലബില്‍ എത്താനായത്. മാര്‍ക്ക് ആന്റണി ആമസോണ്‍ പ്രൈം വീഡിയോയിലാണ് പ്രദര്‍ശിപ്പിക്കുക. ഒക്ടോബര്‍ 13നായിരിക്കും മാര്‍ക്ക് ആന്റണി ഒടിടിയില്‍ എത്തുക. മാര്‍ക്ക് ആന്റണിയുടെ ബജറ്റ് 28 കോടി മാത്രമാണ്. ഒടിടി റൈറ്റ്സിനു പുറമേ സാറ്റലൈറ്റിനും ചിത്രത്തിന് മോശമല്ലാത്ത തുക ലഭിച്ചിട്ടുണ്ടെന്നും ട്രേഡ് അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ നിന്ന് നാല് കോടിയിലധികം ചിത്രം നേടിയിരുന്നു. തമിഴ്നാട്ടില്‍ മാര്‍ക്ക് ആന്റണി 64 കോടിയില്‍ അധികം നേടിയിരുന്നു. വിദേശത്ത് മാര്‍ക്ക് ആന്റണിക്ക് 18.5 കോടി രൂപയിലധികം നേടാനായിരുന്നു. മാര്‍ക്ക് ആന്റണിയുടെ സംവിധാനം ആദിക് രവിചന്ദ്രനാണ്. രസകരമായ ഒരു ടൈംട്രാവലാണ് ചിത്രം. തമിഴ് ബോക്സ് ഓഫീസില്‍ കുതിക്കുന്ന ചിത്രം മാര്‍ക്ക് ആന്റണിയില്‍ നായകന്‍ വിശാലിനു പുറമേ വില്ലനായി എസ് ജെ സൂര്യയും മറ്റ് പ്രധാന വേഷങ്ങളില്‍ സുനില്‍, ശെല്‍വരാഘവന്‍, ഋതു വര്‍മ, യൈ ജി മഹേന്ദ്രന്‍, നിഴല്‍ഗള്‍ രവി, റെഡിന്‍ കിംഗ്സ്ലെ തുടങ്ങിയവരും ഉണ്ട്.
◾ബിഎംഡബ്ല്യു എം 1000 ആര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 33 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിലാണ് ബൈക്ക് എത്തുന്നത്. നേക്കഡ് മോട്ടോര്‍സൈക്കിളിന് അഞ്ച് ലക്ഷം രൂപ അധികമായി ഒരു ആഡ് ഓണ്‍ കോംപറ്റീഷന്‍ പായ്ക്ക് ലഭ്യമാണ്. ഇന്ത്യയിലെ രണ്ടാമത്തെ എം മോട്ടോര്‍സൈക്കിളാണിത്. എസ് 1000 ആര്‍ആര്‍ സൂപ്പര്‍ബൈക്കിന്റെ അതേ എഞ്ചിനാണ് ഇതിന് ലഭിക്കുന്നത്. ബിഎംഡബ്ല്യു എം 1000 ആര്‍ന് 13,750 ആര്‍പിഎമ്മില്‍ 210എച്പി ഉത്പാദിപ്പിക്കുന്ന 999 സിസി ഇന്‍ലൈന്‍ ഫോര്‍ എഞ്ചിന്‍ ലഭിക്കുന്നു. കൂടാതെ മണിക്കൂറില്‍ 280 കിലോമീറ്റര്‍ വേഗത കൈവരിക്കാനും കഴിയും. മണിക്കൂറില്‍ പൂജ്യത്തില്‍ നിന്നും 200 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 7.2 സെക്കന്‍ഡ് മതി. പൂജ്യം മുതല്‍ 100 കി.മീ/മണിക്കൂര്‍ വേഗത കൈവരിക്കുന്നത് 3.2 സെക്കന്‍ഡ് കൊണ്ടാണ്. ടൈറ്റാനിയം പിന്‍ സൈലന്‍സറില്‍ നിന്ന് ഉത്ഭവിക്കുന്ന സമ്പന്നമായ ശബ്ദം ബൈക്ക് പ്രദാനം ചെയ്യുന്നു. റെയിന്‍, റോഡ്, ഡൈനാമിക്, റേസ്, റേസ് പ്രോ എന്നിവ ഉള്‍പ്പെടുന്ന മൂന്ന് റൈഡിംഗ് മോഡുകള്‍ ഇതിന് ലഭിക്കുന്നു.
◾ഈ പുസ്തകം നിറയെ ബ്രോസ്വാമിയുടെ കഥകളാണ്. ആരെയും വേദനിപ്പിക്കാത്ത, വികൃതസത്യങ്ങള്‍ക്ക് മേക്കപ്പിട്ട നുണക്കഥകള്‍... ചിരിച്ചുകൊണ്ടല്ലാതെ വായിച്ചവസാനിപ്പിക്കാനാകാത്ത സരസ സാങ്കല്പിക കഥകള്‍. 'ബ്രോസ്വാമി കഥകള്‍'. പ്രശാന്ത് നായര്‍ ഐഎഎസ്. ഒലീവ് ബുക്സ്. വില 180 രൂപ.
◾ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ശ്വാസകോശാരോഗ്യം വര്‍ദ്ധിപ്പിക്കുമെന്ന് പഠനം. മത്സ്യത്തിലും മത്സ്യ എണ്ണ സപ്ലിമെന്റുകളിലും ധാരാളമായി അടങ്ങിയിരിക്കുന്ന ഒമേഗ -3 ഫാറ്റി ആസിഡുകള്‍ ശ്വാസകോശാരോഗ്യത്തിന് ഗുണം ചെയ്യും. അമേരിക്കന്‍ ജേണല്‍ ഓഫ് റെസ്പിറേറ്ററി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ മെഡിസിനില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. ഒമേഗ-3 ഫാറ്റി ആസിഡിന്റെ നീര്‍ക്കെട്ടിനെ കുറയ്ക്കുന്ന ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളാണ് ശ്വാസകോശ ആരോഗ്യത്തിന്റെ കാര്യത്തില്‍ നിര്‍ണായകമാകുന്നതെന്ന് അമേരിക്കയിലെ കോര്‍ണല്‍ സര്‍വകലാശാലയില്‍ നടത്തിയ ഗവേഷണം ചൂണ്ടിക്കാട്ടുന്നു. സാല്‍മണ്‍, ട്യൂണ, മത്തി തുടങ്ങിയ ഫാറ്റി മത്സ്യങ്ങളില്‍ ഉയര്‍ന്ന അളവില്‍ കാണപ്പെടുന്ന ഒമേഗ -3 ഫാറ്റി ആസിഡായ ഡോകോസഹെക്സെനോയിക് ആസിഡിന് ഏറ്റവും ശക്തമായ ബന്ധം ഗവേഷകര്‍ നിരീക്ഷിച്ചു. സോയാബീന്‍ നല്ല പ്രോട്ടീനുകളുടെ കലവറയാണ്. കൂടിയ അളവില്‍ ഫൈബര്‍ കണ്ടന്റും പ്രോട്ടീനില്‍ അടങ്ങിയിരിക്കുന്നു. ഇത് പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഒരു പരിധി വരെ രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ സഹായിക്കും. ഒമേഗ 3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമാണ് വാള്‍നട്ട്. രോഗപ്രതിരോധ സംവിധാനത്തിന് മികച്ച ബലം നല്‍കാന്‍ ഇതിനു കഴിയും. ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കാനും വാള്‍നട്ട് വളരെയധികം സഹായിക്കും. ബ്ലൂബെറിയാണ് മറ്റൊരു ഭക്ഷണം. മറ്റുള്ളവയുമായി താരതമ്യം ചെയ്യുമ്പോള്‍ കലോറി കുറഞ്ഞ പഴമാണ് ബ്ലൂബെറി. എന്നാല്‍ നൂട്രിയന്റ്റ്സും ആന്റി ഒക്സിടന്റ്സും ധാരാളം അടങ്ങിയതുമാണ്. ഫ്ളാക്സ് സീഡാണ് ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മറ്റൊരു ഭക്ഷണം. ഒമേഗ-3 ഫാറ്റ് ആല്‍ഫ-ലിനോലെനിക് ആസിഡിന്റെ ഏറ്റവും സമ്പന്നമായ ഭക്ഷണ സ്രോതസ്സുകളില്‍ ഒന്നാണിത്. നാരുകള്‍, മഗ്നീഷ്യം, മറ്റ് പോഷകങ്ങള്‍ എന്നിവയുടെ നല്ല ഉറവിടം കൂടിയാണ് ഫ്ളാക്സ് സീഡ്.
*ശുഭദിനം*
*കവിത കണ്ണന്‍*
ഇംഗ്ലണ്ടില്‍ വെസ്‌ക്കസിലെ രാജാവായിരുന്നു ആല്‍ഫ്രഡ്. ഒരിക്കല്‍ അദ്ദേഹത്തിന്റെ രാജ്യത്ത് സമുദ്രസഞ്ചാരികളുടെ ആക്രമണമുണ്ടായി. തുടക്കത്തില്‍ അവരുടെ ശല്യമൊഴിവാക്കാനായി അദ്ദേഹം അവര്‍ക്ക് കപ്പം കൊടുത്തു പ്രീതിപ്പെടുത്തി. പിന്നീട് ഒഴിവാക്കാന്‍ നോക്കിയ ശ്രമം യുദ്ധത്തില്‍ ചെന്നെത്തി. പക്ഷേ, ശക്തരായ അവരെ നേരിടാനാകാതെ യുദ്ധമുഖത്ത് നിന്ന് ആല്‍ഫ്രഡ് പിന്തിരിഞ്ഞോടി. ആട്ടിടയന്റെ വേഷം ധരിച്ചാണ് അദ്ദേഹം പിന്നീടുളള കാലം ജീവിച്ചത്. ഒരിക്കല്‍ വിശന്നുവലഞ്ഞ് ഗ്രാമാതിര്‍ത്തിയിലെത്തിയ അദ്ദേഹം ഒരു കുടിലില്‍ അഭയം തേടി. ഭക്ഷണം നല്‍കാനായി അവിടത്തെ ഗൃഹനാഥ റൊട്ടിയുണ്ടാക്കാനായി മാവ് കുഴച്ച് തീക്കനലില്‍ വെച്ചു. ആല്‍ഫ്രഡിനോട് റൊട്ടികരിയാതെ നോക്കണമെന്ന് പറഞ്ഞ്, പശുവിനെ കറന്ന് പാല്‍ എടുക്കാന്‍ പുറത്ത്‌പോയി. തന്റെ പരാജയകഥയോര്‍ത്തിരുന്ന അദ്ദേഹം റൊട്ടിയുടെ കാര്യം മറന്നു. അവര്‍ വന്നപ്പോള്‍ റൊട്ടികരിഞ്ഞിരിക്കുന്നത് കണ്ടു ദേഷ്യപ്പെട്ടു: ഒരു ജോലി ഏറ്റെടുത്താല്‍ അത് ചെയ്യണം, മടിപിടിച്ചിരിക്കുകയല്ല വേണ്ടത്.. ഇത് കേട്ടാണ് അവിടത്തെ ഗൃഹനാഥന്‍ എത്തുന്നത്. അയാള്‍ രാജാവിനെ തിരിച്ചറിഞ്ഞു. ഭാര്യയോട് മാപ്പ് പറയാനും ആവശ്യപ്പെട്ടു. രാജാവ് പറഞ്ഞു: റൊട്ടികരിയാതെ നോക്കിക്കൊള്ളാമെന്ന് വാക്ക് കൊടുത്തത് ഞാനാണ്. അതുകൊണ്ട് ഈ ശാസനക്ക് ഞാന്‍ അര്‍ഹനാണ്. ഒരു കടമ ഏറ്റെടുത്താല്‍ അത് ചെറുതാണെങ്കിലും കൃത്യതയോടെ ചെയ്യണം.. അദ്ദേഹം പുഞ്ചിരിച്ചു. ഭക്ഷണ ശേഷം തന്റെ നാട്ടിലേക്ക് തിരിച്ച അദ്ദേഹം തന്റെ അണികളെ ഒന്നിച്ച് ചേര്‍ത്ത് അവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി സ്വന്തം രാജ്യം പോരാടി തിരിച്ചുപിടിച്ചു. ജീവിതം മഹത്വപൂര്‍ണ്ണമാകുന്നത് നാം നമ്മുടെ കടമകള്‍ നിര്‍വ്വഹിക്കുമ്പോഴാണ്.. നമ്മുടെ ജീവിതവും മഹത്വപൂര്‍ണ്ണമായി മാറട്ടെ - ശുഭദിനം.
➖➖➖➖➖➖➖➖