◾ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ യുദ്ധക്കളമായി പശ്ചിമേഷ്യ. യന്ത്രത്തോക്കുകളുമായി നുഴഞ്ഞു കയറിയ ഹമാസ് സംഘത്തിന്റെ ആക്രമണത്തില്‍ മരണം 300 പിന്നിട്ടു. ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റു. ഇസ്രയേലിന്റെ തിരിച്ചടിയില്‍ ഇരുനൂറിലധികം പേര്‍ കൊല്ലപ്പെട്ടു. ഹമാസിന്റെ 17 കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രായേല്‍ അവകാശപ്പെട്ടു.
◾തങ്ങള്‍ ഇപ്പോള്‍ യുദ്ധത്തിലാണെന്നും ഇതില്‍ വിജയിക്കുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു. ''ഇസ്രയേല്‍ പൗരന്മാരേ, നമ്മള്‍ യുദ്ധത്തിലാണ്. ഇതു വെറും ഏറ്റുമുട്ടല്‍ അല്ല, സംഘര്‍ഷമല്ല, യുദ്ധമാണ്. നമ്മള്‍ വിജയിക്കും. ഹമാസ് ഇതിനു കനത്ത വില നല്‍കേണ്ടിവരും'' നെതന്യാഹു വിഡിയോ സന്ദേശത്തില്‍ പറഞ്ഞു.
◾ഇസ്രായേലിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക. ഹമാസിന്റെ ആക്രമണത്തെ തുടര്‍ന്ന് ഇസ്രായേലിന് ആവശ്യമായ എല്ലാ സഹായവും നല്‍കാന്‍ അമേരിക്ക സന്നദ്ധമാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. ഇസ്രായേലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ത്യയും. തീവ്രവാദി ആക്രമണം ഞെട്ടിച്ചെന്നും, ദുര്‍ഘടസമയത്ത് ഇസ്രായേലിനൊപ്പം നില്‍ക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു.
◾ഇസ്രായേലിനെതിരെയുള്ള സൈനിക നീക്കത്തില്‍ ഹമാസിനു പിന്തുണ പ്രഖ്യാപിച്ച് ഇറാനും ഖത്തറും. ഇസ്രയേലിനെതിരെ സധൈര്യം ആക്രമണം നടത്തുന്ന പലസ്തീന്‍ പോരാളികളെ അഭിനന്ദിക്കുന്നതായി ഇറാന്‍ പ്രഖ്യാപിച്ചു. പലസ്തീനെതിരായ സംഘര്‍ഷത്തിന്റെ ഏക ഉത്തരവാദി ഇസ്രയേല്‍ മാത്രമാണെന്ന് ഖത്തറും വ്യക്തമാക്കി. അതേസമയം, ഇസ്രയേലിനെതിരായ സൈനിക നീക്കത്തില്‍നിന്ന് ഹമാസ് പിന്‍വാങ്ങണമെന്ന് അഭ്യര്‍ഥിച്ച് സൗദി അറേബ്യ രംഗത്തെത്തി.
◾യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി വിദേശകാര്യമന്ത്രാലയം. ഇസ്രയേലിലെയും പലസ്തീനിലെയും ഇന്ത്യക്കാര്‍ക്ക് വേണ്ടി ഹെല്‍പ് ലൈന്‍ വാട്‌സ്ആപ്പ് നമ്പറുകള്‍ വിദേശകാര്യമന്ത്രാലയം പുറത്തിറക്കി. ഇസ്രയേല്‍: *+97235226748* പലസ്തീന്‍: *+97059291641*
◾യുദ്ധത്തിനിടയില്‍ ഇസ്രയേലിനെതിരെ വിമര്‍ശനവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. പലസ്തീന്റെ പ്രദേശങ്ങള്‍ കയ്യേറുന്നത് ഇസ്രയേല്‍ അവസാനിപ്പിക്കണമെന്നും ഇരു രാജ്യങ്ങളും ഐക്യരാഷ്ട്ര സംഘടന നിര്‍ദ്ദേശിക്കുന്ന പരിഹാര നയം നടപ്പാക്കണമെന്നും യച്ചൂരി ആവശ്യപ്പെട്ടു. സഹികെട്ട ഫാസിസ്റ്റ് അക്രമങ്ങളോടുള്ള പ്രതികരണമാണ് ഹമാസ് ആരംഭിച്ച യുദ്ധമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി വിലയിരുത്തി.
◾കേരളത്തിന്റെ പൊതുപ്രശ്നങ്ങളില്‍ ഒന്നിച്ച് നില്‍ക്കാന്‍ യുഡിഎഫ് എംപിമാര്‍ തയ്യാറാകുന്നില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. യുഡിഎഫും എല്‍ഡിഎഫും കേരളവുമായി ബന്ധപ്പെട്ട പല പൊതു പ്രശ്നങ്ങളിലും ഒന്നിച്ച് നിന്നിട്ടുണ്ടെന്നും എന്നാല്‍ ഇന്ന് യുഡിഎഫ് എംപിമാരില്‍ നിന്നും അത് കാണുന്നില്ലെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.
◾യുഡിഎഫ് കാലത്തെ ദിര്‍ഘകാല വൈദ്യുതി കരാര്‍ റദ്ദാക്കിയത് കെഎസ്ഇബിയുടെ തീരുമാനം അല്ലായിരുന്നുവെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. റഗുലേറ്ററി കമ്മീഷനാണ് ഉത്തരവിട്ടത്, ഇതുമൂലമുണ്ടായ നഷ്ടം കെഎസ്ഇബിയിലേക്കെത്തും. അത് ജനങ്ങള്‍ സഹിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
◾കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേതാവ് ജി സുധാകരനോട് നൂറു ശതമാനം യോജിക്കുന്നുവെന്നും എന്നാല്‍ ഇപി ജയരാജന് പ്രസ്താവന ഇറക്കാനുള്ള ധാര്‍മികത ഇല്ലെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. ജി സുധാകരന്റെത് സഹകരണം കൈകാര്യം ചെയ്ത മാര്‍ക്സിസ്റ്റ് നേതാവിന്റെ സാക്ഷ്യപത്രമാണെന്നും എംഎം ഹസന്‍. കരുവന്നൂരില്‍ പാര്‍ട്ടി അന്വേഷണത്തില്‍ പിഴവുണ്ടായെന്നും കുറ്റക്കാരെ മുളയിലേ നുള്ളിക്കളയണമായിരുന്നുവെന്നും കുറ്റം ചെയ്തതത് ആരൊക്കെയെന്ന് പൊതുസമൂഹത്തോട് പറയാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും സുധാകരന്‍ നേരത്തെ പ്രതികരിച്ചിരുന്നു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ സതീഷ് കുമാര്‍ തൃശ്ശൂരിലെത്തിയത് ജയരാജന്റെ അറിവോടെയാണെന്നും എംഎം ഹസന്‍ പറഞ്ഞു.
◾വിവാദ നിയമന കോഴക്കേസിലെ മുഖ്യപ്രതി അഖില്‍ സജീവിനെ അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇന്നലെ രാവിലെയാണ് അഖില്‍ സജീവിനെ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയത്.
◾ജെഡിഎസ് കേരള ഘടകം ഇടതുമുന്നണിയില്‍ തുടരുമെന്ന് മാത്യു ടി തോമസ്. ബിജെപിയെയും കോണ്‍ഗ്രസിനെയും എതിര്‍ക്കുകയെന്നതാണ് പാര്‍ട്ടിയുടെ നയം. എന്നാല്‍, ഇതിനുവിരുദ്ധമായി ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡ ബിജെപി അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നുവെന്നും മാത്യു ടി തോമസ് പറഞ്ഞു. കൊച്ചിയില്‍ ചേര്‍ന്ന അടിയന്തിര നേതൃ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മാത്യു ടി തോമസ്.
◾ആദ്യം മരിച്ചയാളിലെ നിപ രോഗം സ്ഥിരീകരിക്കാനായത് നേട്ടമാണെന്നും കോഴിക്കോടുണ്ടായ നിപ വൈറസ് രോഗം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചും നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍. സര്‍ക്കാരിന് അയച്ച കത്തിലാണ് അദ്ദേഹം കേരളത്തെ അഭിനന്ദിച്ചത്.
◾ചലച്ചിത്ര മേഖലയിലെ പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ച് കേരള സര്‍ക്കാര്‍. ഒടിടി റിലീസ്, ഇ ടിക്കറ്റിംഗ്, തീയറ്റര്‍ മേഖലയിലെ പ്രതിസന്ധികള്‍ എന്നിവ ഉള്‍പ്പടെയുള്ള വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.
◾സംസ്ഥാനത്തെ കോണ്‍ഗ്രസ് മുസ്ലീംലീഗ് നേതാക്കള്‍ മോദീ ഭക്തരായി മാറിയിരിക്കുകയാണെന്ന് കെടി ജലീല്‍. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചാല്‍ അവിഹിത സമ്പാദ്യം നിഷ്പ്രയാസം കണ്ടെത്താനാകുമെന്ന ഭയമാണോ അവരെ അലോസരപ്പെടുത്തുന്നതെന്നും ജലീല്‍ ചോദിച്ചു. കരുവന്നൂരില്‍ നിന്ന് തൃശൂരിലേക്ക് പദയാത്ര നടത്തിയ സുരേഷ് ഗോപി, എ.ആര്‍ നഗറില്‍ നിന്ന് മലപ്പുറത്തേക്ക് എന്തേ കാല്‍നടജാഥ സംഘടിപ്പിക്കാത്തതെന്നും കരുവന്നൂരില്‍ കെട്ടിത്തിരിയുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ക്ക് എ.ആര്‍ നഗറിലേക്കുള്ള വഴി എന്തുകൊണ്ടാണ് തിരിയാത്തതെന്നും ജലീല്‍ ചോദിച്ചു.
◾ഡോക്ടര്‍ വന്ദന ദാസ് കൊലപാതകത്തില്‍ കേസ് ഡയറി വിളിച്ചു വരുത്തി പരിശോധിക്കാന്‍ ഡി ജി പിക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ചില പൊലീസുകാരുടെ പങ്ക് അന്വേഷിച്ചില്ലെന്ന ആക്ഷേപം പരിശോധിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം.
◾ശബരിമല യുവതി പ്രവേശന വിഷയം സുപ്രീംകോടതിയുടെ ഒമ്പത് അംഗ ബെഞ്ച് ഉടന്‍ പരിഗണിക്കില്ല. ഈ മാസം പന്ത്രണ്ടിന് ഒമ്പതംഗ ബെഞ്ച് പരിഗണിക്കുന്ന ഹര്‍ജികളുടെ പട്ടിക സുപ്രീംകോടതി പുറത്ത് ഇറക്കി. ഇതില്‍ ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഉള്‍പെട്ടിട്ടില്ല.
◾വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന കേസില്‍ ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് പിടിയിലായ നടന്‍ ഷിയാസ് കരീമിനെ ജാമ്യം. ഹോസ്ദുര്‍ഗ്ഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
◾വീടിന് സമീപത്ത് മരം മുറിക്കുന്നത് നോക്കി നിന്നിരുന്ന 12 വയസ്സുള്ള കുട്ടിയുടെ മുകളിലേക്ക് മരം വീണ് ദാരുണാന്ത്യം. ആലപ്പുഴ വള്ളികുന്നം കാഞ്ഞിപ്പുഴ കൊല്ലന്റെ വടക്കതില്‍ അഷ്റഫ് -തസ്നി ദമ്പതികളുടെ മകന്‍ മുഹമ്മദ് അഹസന്‍ ആണ് മരിച്ചത്.
◾പൂജ നടത്തിയാല്‍ കുടുംബത്തിന് ഐശ്വര്യവും രോഗശാന്തിയും ലഭിക്കുമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചു സ്വര്‍ണ്ണവും പണവും തട്ടിയ കേസില്‍ വ്യാജ സിദ്ധനും സുഹൃത്തായ അധ്യാപികയും അറസ്റ്റിലായി. മേപ്പയൂര്‍ കുലുപ്പമലോല്‍ ശിവദാസന്‍ (47), നടുവണ്ണൂര്‍ ജിഷ നിവാസില്‍ ജിഷ (46) എന്നിവരെയാണ് ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്.
◾കാലവര്‍ഷം ദുര്‍ബലമായതോടെ സംസ്ഥാനത്ത് ചൂട് കൂടുന്നു. വരും ദിവസങ്ങളിലും സംസ്ഥാനത്ത് ചൂട് ഉയരാന്‍ തന്നെയാണ് സാധ്യതയെന്നാണ് സൂചന. കാലവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങുന്നതാണ് സംസ്ഥാനത്തടക്കം ചൂട് കൂടാന്‍ കാരണം.
◾വ്യോമസേനാ ദിനമായ ഇന്ന് ഇന്ത്യന്‍ വ്യോമസേനയ്ക്ക് പുതിയ പതാക. പ്രയാഗ് രാജില്‍ നടക്കുന്ന വ്യോമസേന ദിനാഘോഷ പരിപാടിയിലാകും പുതിയ പതാക പുറത്തിറക്കുക.
◾സിക്കിം പ്രളയത്തില്‍ ഇതുവരെ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മരണം 53ലെത്തി. മരിച്ചവരില്‍ 7 പേര്‍ സൈനികരാണ്. അതേസമയം ചുങ്താങ് ഡാം തകര്‍ന്നതില്‍ സിക്കിം മുഖ്യമന്ത്രി പ്രേം സിംങ് തമാങ് അന്വേഷണം പ്രഖ്യാപിച്ചു.
◾ബംഗളുരു അത്തിബല്ലെയില്‍ പടക്കകടകള്‍ തീപിടിച്ചുണ്ടായ അപകടത്തില്‍ 11 പേര്‍ വെന്തുമരിച്ചു. പടക്കം ഇറക്കുന്നതിനിടെയാണ് തീ പടര്‍ന്ന് പിടിച്ചത്. കടയുടമയും തൊഴിലാളികളും അപകടത്തില്‍പ്പെട്ടു. അഞ്ച് കടകളും നിരവധി വാഹനങ്ങളും കത്തി നശിച്ചു.
◾അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിലുണ്ടായ ഭൂചലനത്തില്‍ 320 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പ്രധാന നഗരമായ ഹെറാത്തില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയാണു 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
◾2023 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് റെക്കോര്‍ഡ് മെഡല്‍ നേട്ടം. ചരിത്രത്തിലാദ്യമായി 100 മെഡലുകള്‍ മറികടന്ന ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 107 ആയി. 28 സ്വര്‍ണവും 38 വെള്ളിയും 41 വെങ്കലവുമാണ് ഇന്ത്യ നേടിയത്.
◾ഏഷ്യന്‍ ഗെയിംസിന് ഇന്ന് കൊടിയിറങ്ങും. ഇന്ന് ഇന്ത്യയ്ക്ക് മത്സരങ്ങളൊന്നുമില്ല. ഇത്തവണ ഷൂട്ടിങ്, അത്‌ലറ്റിക്‌സ് രംഗങ്ങളില്‍ നിന്നാണ് ഇന്ത്യക്ക് ഏറ്റവുമധികം മെഡലുകള്‍ പിറന്നത്. അത്‌ലറ്റിക്‌സില്‍ നിന്ന് മാത്രം 28 മെഡലുകളാണ് പിറന്നത്. 2018 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ആകെ നേടിയത് 70 മെഡലുകളായിരുന്നു.
◾ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ റെക്കോഡ് വിജയലക്ഷ്യമുയര്‍ത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ ശ്രീലങ്ക പൊരുതി വീണു. ദക്ഷിണാഫ്രിക്കക്ക് 102 റണ്‍സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക മൂന്ന് സെഞ്ച്വറികളുടെ പിന്‍ബലത്തില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 428 റണ്‍സെടുത്തു. എയ്ഡന്‍ മാര്‍ക്രം, റാസി വാന്‍ ഡെര്‍ ഡ്യൂസന്‍, ക്വിന്റണ്‍ ഡി കോക്ക് എന്നിവരുടെ സെഞ്ചുറികളുടെ മികവിലാണ് ദക്ഷിണാഫ്രിക്ക ലോകകപ്പിലെ ഏറ്റവും മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. എയ്ഡന്‍ മാര്‍ക്രം 49 പന്തില്‍ സെഞ്ചുറിയടിച്ച് ഏകദിന ലോകകപ്പിലെ അതിവേഗ സെഞ്ചുറി നേടി. റെക്കോര്‍ഡ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്ക 44.5 ഓവറില്‍ 326 റണ്‍സിന് ഓള്‍ ഔട്ടായി. ലോകകപ്പില്‍ ഇരുടീമുകളും ചേര്‍ന്ന് നേടുന്ന ഏറ്റവും വലിയ സ്‌കോറായ 754 റണ്‍സ് ഈ മത്സരത്തിലൂടെ പിറന്നു.
◾ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ ഉച്ചക്ക് 2 മണിക്ക് ആരംഭിക്കുന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി.
◾ലോകത്ത് 2024ല്‍ ജീവിക്കാനും ജോലി ചെയ്യാനും സമ്പല്‍സമൃദ്ധി നേടാനും ഏറ്റവും അനുയോജ്യമായ 100 നഗരങ്ങളുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്ത് ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടന്‍. പട്ടികയില്‍ ഫ്രഞ്ച് തലസ്ഥാനമായ പാരീസാണ് രണ്ടാമത്. ഗവേഷണ സ്ഥാപനമായ റെസൊണന്‍സാണ് 'വേള്‍ഡ്‌സ് ബെസ്റ്റ് സിറ്റീസ്' റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പട്ടികയില്‍ ഇന്ത്യന്‍ നഗരങ്ങളൊന്നും ഇടംപിടിച്ചിട്ടില്ല. ആദ്യ പത്തില്‍ ഏഷ്യയില്‍ നിന്ന് ടോക്കിയോ (ജപ്പാന്‍) നാലാംസ്ഥാനത്തും സിംഗപ്പൂര്‍ സിറ്റി (സിംഗപ്പൂര്‍) അഞ്ചാം സ്ഥാനത്തും സിയോള്‍ (ദക്ഷിണ കൊറിയ) പത്താംസ്ഥാനത്തുമുണ്ട്. അമേരിക്കന്‍ നഗരങ്ങളായ ന്യൂയോര്‍ക്ക് മൂന്നാമതും സാന്‍ ഫ്രാന്‍സിസ്‌കോ ഏഴാമതുമാണ്. സ്‌പെയിനിലെ ബാഴ്‌സലോണ എട്ടാംസ്ഥാനം നേടിയപ്പോള്‍ നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാം ഒമ്പതാംസ്ഥാനം സ്വന്തമാക്കി. ഇന്ത്യയില്‍ നിന്ന് ഒറ്റ നഗരം പോലുമില്ലെങ്കിലും ഇന്ത്യക്കാര്‍ക്ക് പ്രിയപ്പെട്ട നിരവധി നഗരങ്ങളുണ്ട്. പ്രവാസി മലയാളികളുടെ പറുദീസയായ യു.എ.ഇയിലെ ദുബൈ ആറാമതാണ്. അബുദബി 25-ാം സ്ഥാനത്തും സൗദി അറേബ്യയിലെ റിയാദ് 28-ാംസ്ഥാനത്തുമാണ്. 36-ാം സ്ഥാനത്താണ് ഖത്തറിന്റെ തലസ്ഥാനമായ ദോഹ. തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്ക് 39-ാം സ്ഥാനത്താണ്. കാനഡയിലെ വാന്‍കൂവര്‍ 50-ാം സ്ഥാനം നേടി. 58-ാം സ്ഥാനത്താണ് കുവൈറ്റ് സിറ്റി. ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗ് 18-ാം സ്ഥാനത്തുണ്ട്.
◾മലയാളത്തിലെ യുവ താരനിരയില്‍ ശ്രദ്ധേയനാണ് നസ്ലെന്. വെള്ളിത്തിരയില്‍ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റേതായൊരു സ്ഥാനം നേടിയെടുത്ത താരത്തിന്റെ സ്വാഭാവിക അഭിനയമാണ് പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഘടകം. ഇപ്പോഴിതാ പുതിയ ചിത്രത്തില്‍ നായകനാകാന്‍ ഒരുങ്ങുകയാണ് നസ്ലെന്‍. 'ഐ ആം കാതലന്‍' എന്നാണ് ചിത്രത്തിന്റെ പേര്. ഇതിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിട്ടുണ്ട്. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ഐ ആം കാതലന്‍'. ഡോ. പോള്‍സ് എന്റര്‍ടെയിന്മെന്റസിന്റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ്, കൃഷ്ണമൂര്‍ത്തി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ടിനു തോമസാണ് സഹ നിര്‍മാതാവ്. അനിഷ്മയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ദിലീഷ് പോത്തന്‍, ലിജോമോള്‍, ടി ജി രവി, സജിന്‍, വിനീത് വാസുദേവന്‍, വിനീത് വിശ്വം തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. നെയ്മര്‍ എന്ന ചിത്രമാണ് നസ്ലെന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.
◾ബി. ടെക് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയെ നായകനാക്കി മൃദുല്‍ നായര്‍ സംവിധാനം ചെയ്ത 'കാസര്‍ഗോള്‍ഡ്' ഇനി മുതല്‍ ഒ. ടി. ടിയില്‍ കാണാം. നെറ്റ്ഫ്ലിക്സിനാണ് ചിത്രത്തിന്റെ ഒ. ടി. ടി സംപ്രേക്ഷണാവകാശം. ഒക്ടോബര്‍ 13 മുതല്‍ ചിത്രം നെറ്റ്ഫ്ലിക്സില്‍ കാണാന്‍ സാധിക്കും. ആസിഫ് അലിയെ കൂടാതെ സണ്ണി വെയ്ന്‍, വിനായകന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. മുഖരി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ യൂഡ്ലി ഫിലിംസുമായി ചേര്‍ന്ന് സരിഗമയാണ് ചിത്രം നിര്‍മ്മിച്ചത്. സിദ്ദിഖ്, ധ്രുവന്‍, അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, സമ്പത്ത് റാം, സാഗര്‍ സൂര്യ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. സജിമോന്‍ പ്രഭാകര്‍ തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ജെബില്‍ ജേക്കബാണ് ഛായാഗ്രഹണം. വിഷ്ണു വിജയ്, നിരജ്ഞ് സുരേഷ് എന്നിവരാണ് ചിത്രത്തിന് സംഗീതം നിര്‍വഹിച്ചത്. സെപ്റ്റംബര്‍ 15 നാണ് ചിത്രം തീയറ്ററുകളിലെത്തിയത്.
◾ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ മൈക്രോ എസ്യുവി എക്‌സെറ്ററിന്റെ ആവശ്യം അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. തങ്ങളുടെ ബുക്കിംഗ് കണക്ക് 75,000 യൂണിറ്റ് കടന്നതായി കമ്പനി അറിയിച്ചു. ഇക്കാരണത്താല്‍, അതിന്റെ ഉല്‍പാദന ശേഷി ഇപ്പോള്‍ 30 ശതമാനം കൂട്ടിയിരിക്കുകയാണ് കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഈ എസ്യുവിയുടെ കാത്തിരിപ്പ് കാലാവധി ഒമ്പത് മാസം വരെയാണ്. നിലവില്‍ പ്രതിമാസം 6,000 യൂണിറ്റുകള്‍ കമ്പനി ഉത്പാദിപ്പിക്കുന്നുണ്ട്. ഇപ്പോഴത് 8,000 യൂണിറ്റായി ഉയര്‍ത്തും. ചെന്നൈയില്‍ സ്ഥിതി ചെയ്യുന്ന പ്ലാന്റിലാണ് ഇതിന്റെ ഉത്പാദനം നടക്കുന്നത്. സെപ്റ്റംബറില്‍ 8,647 യൂണിറ്റ് എക്‌സെറ്റര്‍ വിറ്റു. എക്‌സെറ്ററിന്റെ വിലയും കമ്പനി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ഈ ചെറിയ എസ്യുവി വാങ്ങാന്‍ നിങ്ങള്‍ 16,000 രൂപ വരെ കൂടുതല്‍ ചെലവഴിക്കേണ്ടിവരും. ഇതാദ്യമായാണ് കമ്പനി വില കൂട്ടുന്നത്. എസ്യുവിയുടെ എസ്എക്‌സ്(ഒ) കണക്ട് എംടി ഡ്യുവല്‍-ടോണ്‍ വേരിയന്റിന്റെ വില 16,000 രൂപ വര്‍ധിപ്പിച്ചു. അതേ സമയം, ടോപ്പ്-സ്പെക്ക് എസ്എക്സ് (ഒ) കണക്ട് എഎംടി ഡ്യുവല്‍-ടോണ്‍ കുറഞ്ഞത് 5,000 രൂപ വര്‍ദ്ധിപ്പിച്ചു. ആറ് ലക്ഷം രൂപയാണ് ഇതിന്റെ പ്രാരംഭ എക്‌സ് ഷോറൂം വില.
◾ഭൂപ്രകൃതിയുടെയും മനുഷ്യാവസ്ഥയുടെയും ഋതുഭേദങ്ങള്‍ സൂക്ഷ്മമായി അനുഗമിക്കുന്ന ആഖ്യാനശൈലിയാണ് ബിജോ ചെമ്മാന്ത്രയുടേത്. ശീതകാലവും വേനല്‍ക്കാലവും ശരത്ക്കാലവും വസന്തകാലവും ആഖ്യാനത്തിന്റെ ഇടനാഴികളില്‍ വന്നുപോകുന്നു. പ്രണയവും പരിസ്ഥിതിയും അപസര്‍പ്പണവും ഇടകലരുന്ന രചനകളിലൂടെയാണവ നീങ്ങുന്നത്. കാല്പനികവും സാങ്കല്പികവും ആത്മകഥാപരവുമായി അവയുടെ പുതുവഴികളിലേക്കാണ് കഥാകൃത്ത് സഞ്ചരിക്കുന്നത്. ഭ്രമകല്പന, വിഭ്രാന്തി, സന്ത്രാസം, നിരാസം, വിസ്മയം തുടങ്ങിയ ഭാവകല്പനകള്‍ ഈ രചനയ്ക്ക് മാറ്റുകൂട്ടുന്നു. 'ബോണ്‍സായി മരത്തണലിലെ ഗിനിപ്പന്നികള്‍'. ബിജോ ജോസ് ചെമ്മാന്ത്ര. ഗ്രീന്‍ ബുക്സ്. വില 170 രൂപ.
◾അതിരാവിലെ കട്ടന്‍ ചായ കുടിച്ചാലുള്ള ഗുണങ്ങള്‍ പലതാണ്. ബ്ലാക്ക് ടീയില്‍ ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട് കൂടാതെ നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു. ബ്ലാക്ക് ടീയില്‍ പോളിഫെനോള്‍ എന്ന ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കാനും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. പോളിഫെനോളുകളും ആന്റിമൈക്രോബയല്‍ ഗുണങ്ങളും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കും. കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന കാറ്റെച്ചിനുകളും തെഫ്‌ലാവിനുകളും ഇതില്‍ അടങ്ങിയിരിക്കുന്നു. കട്ടന്‍ ചായയിലെ ഫ്ലേവനോയ്ഡുകള്‍ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദയ സംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും. ബ്ലാക്ക് ടീയില്‍ കഫീന്‍, എല്‍-തിയനൈന്‍ എന്നിവ അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ ജാഗ്രതയും ശ്രദ്ധയും മെച്ചപ്പെടുത്തുന്നതിന് ഗുണം ചെയ്യും. ബ്ലാക്ക് ടീ കുടിക്കുന്നത് ബിഎംഐ, അരക്കെട്ടിന്റെ ചുറ്റളവ് കുറയ്ക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. കട്ടന്‍ ചായയില്‍ ഫ്ലേവണുകള്‍ ഉള്ളതിനാല്‍, വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായകമാണ്. കട്ടന്‍ചായയില്‍ അടങ്ങിയിരിക്കുന്ന പോളീഫിനോള്‍സ് കാന്‍സറിനെ തടയാന്‍ സഹായിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. കോശങ്ങള്‍ക്കും ഡിഎന്‍എയ്ക്കും സംഭവിക്കുന്ന കേടുപാടുകളെ ചെറുക്കാനും പോളിഫിനോള്‍സിന് കഴിവുണ്ട്. കുടലിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ സഹായിക്കാന്‍ കട്ടന്‍ചായ മികച്ചതാണ്.
*ശുഭദിനം*
*കവിത കണ്ണന്‍*
മനുഷ്യന് ഒരിക്കലും നാല് മിനിറ്റുനുളളില്‍ ഒരു മൈല്‍ ദൂരം ഓടാന്‍ കഴിയില്ലെന്ന് ശാസ്ത്രം പറഞ്ഞു. കാരണം മനുഷ്യന്റെ ശരീരഘടന അത്ര വേഗത്തിലോടാന്‍ കഴിയുന്നവിധത്തിലല്ലെന്നും അവന്റെ ഹൃദയം അത് താങ്ങില്ലെന്നും അവന്റെ എല്ലിന്റെ ഘടന അത്രവേഗത്തിലോടാന്‍ പര്യാപ്തമല്ലെന്നും ശാസ്ത്രലോകം പറഞ്ഞു. പക്ഷേ 1954 മെയ് 6 ാം തിയതി റോജര്‍ ബെനിസ്റ്റര്‍ എന്ന 25 വയസ്സുകാരന്‍ ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡില്‍ വെച്ച് ചരിത്രത്തിലാദ്യമായി ഒരുമൈല്‍ ദൂരം 3 മിനിറ്റ് 59.4 സെക്കന്റില്‍ ഓടി അവസാനിപ്പിച്ചപ്പോള്‍ ചരിത്രമൊന്ന് കിടുങ്ങി. കാരണം മനുഷ്യന് 4 മിനിറ്റിന് താഴെ ഒരു മൈല്‍ ദൂരം ഓടാന്‍ സാധിക്കുമെന്ന് റോജന്‍ ബെനിസ്റ്റര്‍ എന്ന ചെറുപ്പക്കാരന്‍ നമ്മെ ബോധ്യപ്പെടുത്തി തന്നു. ഈ ചരിത്രം സാധ്യമായതിന് ശേഷം 46 ദിവസത്തിന് ശേഷം ഒരു ഓസ്‌ട്രേലിയക്കാരന്‍ 4 മിനിറ്റിന് താഴെ ഓടിയെത്തി. ഇങ്ങനെ കഴിഞ്ഞ 69 കൊല്ലത്തിനുള്ളില്‍ ഏകദേശം 1200ഓളം പേര്‍ 4000 ത്തിലധികം തവണ നാല് മിനിറ്റിനുള്ളില്‍ ഓടിയെത്തിയിട്ടുണ്ട്. 1954 വരെ അസാധ്യമെന്ന് പറഞ്ഞിരുന്ന ഒരു കാര്യം അതിന് ശേഷം എങ്ങിനെയാണ് ഇത്രയധികം പേര്‍ക്ക് എത്തിപ്പിടിക്കാന്‍ സാധ്യമായത്? മനുഷ്യന് അസാധ്യമെന്ന് കരുതിയിരുന്ന ഒരു കാര്യത്തെ റോജര്‍ ബെനിസ്റ്റര്‍ എന്ന 25 കാരന്‍ തച്ചുടച്ചതോടുകൂടി മനുഷ്യന് സാധ്യമാണെന്ന വിശ്വാസം വന്നു. നമ്മുടെ പരിമിതികളെക്കുറിച്ചുളള ബോധമാണ് നമുക്ക് അസാധ്യമെന്ന ചിന്തയുണ്ടാക്കുന്നത്. ആ ബോധത്തെ തകര്‍ക്കാന്‍ കഴിഞ്ഞാല്‍ നമുക്കീ ലോകത്ത് എന്തും സാധ്യമാണ്. അസാധ്യമാണ് എന്ന ചിന്തകള്‍ക്ക് എതിരെയുളള പ്രവൃത്തികള്‍ ജീവിതത്തില്‍ കൊണ്ടുവരാന്‍ കഴിയുമെങ്കില്‍ ലോകത്തിന്റെ ചരിത്രം നമ്മെക്കുറിച്ച് എഴുതുകയും നമുക്ക് ചരിത്രത്തിന്റെ ഭാഗമാകാന്‍ സാധിക്കുകയും ചെയ്യും. - *ശുഭദിനം.*