*_പ്രഭാത വാർത്തകൾ_*```2023 | ഒക്ടോബർ 7 | ശനി |

◾ന്യൂസ് ക്ലിക്കിനെതിരായ കേസില്‍ കേരളത്തിലും ദില്ലി പൊലീസിന്റെ പരിശോധന. ന്യൂസ് ക്ലിക്കിന്റെ മുന്‍ ജീവനക്കാരിയായ പത്തനംതിട്ട കൊടുമണ്‍ സ്വദേശി അനുഷ പോളിന്റെ വീട്ടിലെത്തിയ ദില്ലി പൊലീസ് മൊബൈല്‍ ഫോണും ലാപ്‌ടോപും പിടിച്ചെടുത്തു. അതേ സമയം ദില്ലി പൊലീസ് സംസാരിച്ചത് ഭീഷണിയുടെ സ്വരത്തിലെന്ന് അനുഷ പോള്‍. ഡിവൈഎഫ്ഐ ദില്ലി സംസ്ഥാന കമ്മിറ്റി ട്രഷറര്‍ കൂടിയായ അനുഷ പോള്‍ നാലുവര്‍ഷക്കാലം ന്യൂസ് ക്ലിക്കിന്റെ ഇന്റര്‍നാഷണല്‍ ഡെസ്‌കിലെ ലേഖികയായിരുന്നു.

◾ഇടത് തീവ്ര സംഘങ്ങളെ രണ്ട് വര്‍ഷത്തിനുള്ളില്‍ തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അമിത് ഷാ അധ്യക്ഷനായ, മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗത്തില്‍ ഇടതു തീവ്ര സംഘങ്ങളെ രാജ്യത്തുനിന്നും തുടച്ചു നീക്കാനുള്ള പ്രമേയം പാസാക്കി. 2022 - 2023 കാലഘട്ടത്തില്‍ ഇടത് തീവ്ര സംഘങ്ങള്‍ക്കെതിരെ വലിയ നേട്ടമുണ്ടാക്കാനായെന്ന് അമിത് ഷാ പറഞ്ഞു.

◾സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ഇറാനിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തക നര്‍ഗസ് മുഹമ്മദിക്ക്. സ്ത്രീകളെ അടിച്ചമര്‍ത്തുന്ന ഇറാന്‍ ഭരണകൂടത്തിനെതിരായ പോരാട്ടത്തിനാണ് നര്‍ഗസിനെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.

◾2025ഓടെ സംസ്ഥാനത്തെ 2000 റേഷന്‍ ഷോപ്പുകള്‍ കെ-സ്റ്റോറുകളാക്കി മാറ്റുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പുമന്ത്രി ജി.ആര്‍.അനില്‍. നെടുമങ്ങാട് താലൂക്കിലെ റേഷന്‍കട കെ-സ്റ്റോര്‍ ആയി ഉയര്‍ത്തി പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

◾ആരോഗ്യമന്ത്രിയുടെ സ്റ്റാഫിനെതിരെ ആരോപണം ഉയര്‍ന്ന നിയമന കോഴക്കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി അഖില്‍ സജീവിന്റെ ബാങ്ക് അക്കൗണ്ട് കാലിയാണെന്ന് പൊലീസ്. തട്ടിപ്പിലൂടെ കിട്ടിയ പണം എവിടെ പോയി എന്ന് അറിയില്ലെന്നും കൂടുതല്‍ അന്വേഷണത്തിലേക്ക് കടക്കുമെന്നും പോലീസ് അറിയിച്ചു.

◾തട്ടിപ്പിലെ പ്രധാനികള്‍ കോഴിക്കോട്ടെ നാലംഗ സംഘമാണെന്നാണ് നിയമന കോഴ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി അഖില്‍ സജീവ്. എഐവൈഎഫ് നേതാവ് ആയിരുന്ന അഡ്വ. ബാസിത്, അഡ്വ. റഹീസ്, അഡ്വ. ലെനിന്‍ രാജ്, ശ്രീരൂപ് എന്നിവരാണ് തട്ടിപ്പിലെ പ്രധാനികളെന്ന് അഖില്‍ സജീവ് പൊലീസിന് മൊഴി നല്‍കി.

◾കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ്‌കുമാര്‍ ഒരു കോടി രൂപ നല്‍കിയെന്ന് എസ്ടി ജ്വല്ലറി ഉടമ സുനില്‍ കുമാര്‍. പണം നല്‍കിയത് മകളുടെ വിവാഹത്തിന് വേണ്ടിയാണെന്നും സുനില്‍ കുമാര്‍ ഇഡിക്ക് മൊഴി നല്‍കി.

◾സഹകരണമേഖലയിലെ പ്രതിസന്ധിക്കെതിരെ സഹകാരി സംഗമം നടത്താന്‍ യുഡിഎഫ്. ഈ മാസം 16ന് തിരുവനന്തപുരത്ത് സഹകാരി സംഗമം നടത്തും. യുഡിഎഫ് അനുകൂലികളായ സഹകാരികള്‍ സംഗമത്തില്‍ പങ്കെടുക്കും.

◾തട്ടം വിഷയത്തില്‍ സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരായ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാമിന്റെ പരാമര്‍ശത്തില്‍ സമസ്തയുടെ പോഷക സംഘടനകളുടെ പ്രതിഷേധം. അടിയന്തിര നടപടിയാവശ്യപ്പെട്ട് സമസ്തയുടെ 21 പോഷക സംഘടനാ നേതാക്കള്‍ ഒപ്പിട്ട കത്ത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കും പി കെ കുഞ്ഞാലിക്കുട്ടിക്കും അയച്ചു. വഖഫ് പ്രക്ഷോഭത്തില്‍ സമസ്ത പുറകോട്ട് പോയതിനെ പരോക്ഷമായി സൂചിപ്പിച്ച സലാം മുഖ്യമന്ത്രിയുടെ ഫോണ്‍ കാള്‍ കിട്ടിയാല്‍ എല്ലാമായി എന്ന് വിചാരിക്കുന്ന ആളുകളും നമ്മുടെ സമുദായത്തിലുണ്ടെന്നു പറഞ്ഞിരുന്നു.

◾തട്ടം വിഷയത്തില്‍ പിഎംഎ സലാമിന് മറുപടിയുമായി സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. സര്‍ക്കാരുകളോട് ബന്ധപ്പെടുന്നത് സമസ്തയുടെ ഭരണഘടനയിലുള്ളതാണെന്നും അതിനെ വിമര്‍ശിച്ചിട്ട് കാര്യമില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

◾നവംബറില്‍ നടക്കുന്ന കേരളീയത്തിന് ആശംസയുമായി നടന്‍ മോഹന്‍ലാല്‍. മലയാളി ആയതിലും കേരളത്തില്‍ ജനിച്ചതിലും ഏറെ അഭിമാനമുണ്ടെന്ന് വിഡിയോയില്‍ മോഹന്‍ലാല്‍ പറഞ്ഞു. നടന്റെ വിഡിയോ ദൃശ്യം സോഷ്യല്‍ മീഡിയാ ഹാന്‍ഡിലുകളില്‍ പങ്കുവെച്ച് മുഖ്യമന്ത്രി.

◾പൊലീസുകാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പൊലീസിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണം. പൊലീസിലെ അഴിമതികള്‍ക്കെതിരെ ശക്തമായ നടപടി തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

◾സംസ്ഥാനത്ത് ഘോഷയാത്രകള്‍ക്ക് അനുമതി നല്‍കാന്‍ ഫീസ് ഈടാക്കാനുള്ള ഉത്തരവ് ഹൈക്കോടതിയിലുള്ള ഹര്‍ജികളില്‍ തീര്‍പ്പാക്കുന്നതുവരെ നടപ്പാക്കേണ്ടെന്ന് ഡിജിപി. ഘോഷയാത്രകള്‍ക്ക് അനുമതിക്കും പൊലീസ് അകമ്പടിക്കുമായി 1000 മുതല്‍ 3000 വരെ ഫീസ് ഈടാക്കാനായിരുന്നു ആഭ്യന്തരവകുപ്പിന്റെ കഴിഞ്ഞ മാസത്തെ ഉത്തരവ്.

◾താമരശ്ശേരി രൂപതക്കും സഭാ നേതൃത്വത്തിനെതിരെയും കടുത്ത ആരോപണങ്ങളുമായി വൈദികന്‍ അജി പുതിയാപറമ്പില്‍. സഭാ നേതൃത്വത്തെ ചോദ്യം ചെയ്ത വൈദികനായ അജി പുതിയാപറമ്പിലിനെതിരെ കുറ്റവിചാരണ ചെയ്ത് നടപടിയെടുക്കാന്‍ താമരശ്ശേരി രൂപത മത കോടതി സ്ഥാപിച്ചതിനെതിരെയാണ് ആരോപണം. ക്രൈസ്തവ സഭയിലെ അഴിമതിയും ജീര്‍ണതയും ചോദ്യം ചെയ്തതിനാണ് തന്നെ കുറ്റവിചാരണ നടത്തുന്നതെന്നും വൈദിക ജോലിയില്‍ നിന്ന് പുറത്താക്കിയാലും നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും വൈദികന്‍ അജി പുതിയാപറമ്പില്‍ പറഞ്ഞു.

◾അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന് വികാര നിര്‍ഭര യാത്രയയപ്പ്. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തില്‍ ഔദ്യോഗിക ബഹുമതികളോടെ ശാന്തി കവാടത്തിലായിരുന്നു സംസ്‌കാരം.

◾കര്‍ഷകരില്‍ നിന്നും ഏറ്റെടുത്ത നെല്ലിന്റെ കണക്ക് നല്‍കുന്നതിന് അനുസരിച്ച് കേരളത്തിന് പണം നല്‍കിയിട്ടുണ്ടെന്നും കണക്ക് നല്‍കിയ എല്ലാ സംസ്ഥാനങ്ങള്‍ക്കും പണം നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ കേരളം രാഷ്ട്രീയം കളിക്കുകയാണെന്നും കേന്ദ്ര കൃഷി സഹമന്ത്രി ശോഭാ കരന്തലജെ. സഹകരണ സംഘത്തിലെ അഴിമതിയില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ലീഗും പരസ്പരം സഹായിക്കുകയാണെന്നും ശോഭാ കരന്തലജെ കുറ്റപ്പെടുത്തി.

◾വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പല്‍ എത്തുന്നു. ചൈനീസ് കപ്പലായ ഷെന്‍ ഹുവാ -15 ആണ് കേരള തീരത്ത് എത്തുന്ന ആദ്യ കപ്പല്‍. ഒക്ടോബര്‍ 15നാണ് വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലെത്തുന്ന ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്.

◾സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

◾ഐഎന്‍ടിയുസി സംസ്ഥാന വൈസ് പ്രസിഡന്റും അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ കോണ്‍ഗ്രസ് നേതാവ് അങ്കമാലി അങ്ങാടിക്കടവ് പള്ളിപ്പാടന്‍ പി.ടി. പോളിനെ (61) ആലുവ നഗരത്തിലെ ടൗണ്‍ ഹാളിനടുത്തുള്ള ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തി.

◾തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തെലങ്കാനയിലെ ചന്ദ്രശേഖര റാവുവിന്റെ ബിആര്‍എസില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുന്നു. ഇന്നലെ ഖാനപുരില്‍ നിന്നുള്ള നിയമസഭാംഗം അജ്മീറ രേഖ, മുതിര്‍ന്ന നേതാവ് കാശിറെഡ്ഡി നാരായണ റെഡ്ഡി എന്നിവരാണ് പാര്‍ട്ടി വിട്ടത്. ഇതില്‍ കാശി റെഡ്ഡി നാരായണ റെഡ്ഡി കോണ്‍ഗ്രസില്‍ ചേര്‍ന്നു.

◾പ്രതിപക്ഷം ഭരിക്കുന്ന കൂടുതല്‍ സംസ്ഥാനങ്ങളില്‍ ഇഡി റെയ്ഡിന് സാധ്യത, പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരായ കേസുകളില്‍ കടുത്ത നടപടിയെടുക്കാന്‍ കേന്ദ്രം രാഷ്ട്രീയ തീരുമാനമെടുത്തതായാണ് റിപ്പോര്‍ട്ട്.

◾എഫ്ഐആര്‍ റദ്ദാക്കണമെന്ന ന്യൂസ് ക്ലിക്കിന്റെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. യുഎപിഎ കേസില്‍ ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫിന്റെയും, എച്ച് ആര്‍ മേധാവിയുടെയും അറസ്റ്റിന്റെ കാരണം റിമാന്‍ഡ് അപേക്ഷയില്‍ വ്യക്തമാക്കിയിട്ടില്ലെന്ന കാരണത്താലാണ് ദില്ലി ഹൈക്കോടതി ഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.

◾ജാതി സര്‍വേയുടെ കൂടുതല്‍ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ബിഹാര്‍ സര്‍ക്കാരിനെ വിലക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി. ബിഹാറിലെ ജാതി സെന്‍സസില്‍ ഇപ്പോള്‍ ഇടപെടാനില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി കേസ് ജനുവരിയില്‍ പരിഗണിക്കാന്‍ മാറ്റിവെച്ചു.

◾2000 രൂപ നോട്ടുകളില്‍ 12,000 കോടി രൂപ ഇനിയും തിരികെ വരാനുണ്ടെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. പിന്‍വലിച്ച 2000 രൂപ നോട്ടുകളില്‍ 87 ശതമാനം ബാങ്കുകളില്‍ നിക്ഷേപമായി തിരിച്ചെത്തിയെന്നും ബാക്കിയുള്ളവ കൗണ്ടറുകള്‍ വഴി മാറ്റിയെന്നും അദ്ദേഹം വ്യക്തമാക്കി.

◾ഇന്ത്യയില്‍ നിന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ച് കാനഡ. ഡല്‍ഹിക്ക് പുറത്തുള്ള കോണ്‍സുലേറ്റുകളിലെ ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. സിങ്കപ്പുര്‍, മലേഷ്യ എന്നീ രാജ്യങ്ങളിലേക്കാണ് ഈ ഉദ്യോഗസ്ഥരെ മാറ്റിയിരിക്കുന്നത്.

◾എക്‌സ്, യൂട്യൂബ്, ടെലിഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏതെങ്കിലും തരത്തിലുള്ള ചൈല്‍ഡ് സെക്ഷ്വല്‍ അബ്യൂസ് മെറ്റീരിയലുകള്‍ (CSAM) കണ്ടെത്തിയാല്‍ കടുത്ത നടപടിയുണ്ടാകുമെന്നാണ് ഐടി മന്ത്രാലയത്തിന്റെ നോട്ടീസ്.

◾ഉത്തര്‍പ്രദേശില്‍ കോച്ചിംഗ് സെന്റര്‍ നടത്തുന്ന അധ്യാപകനെ രണ്ട് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ വെടിവെച്ചു. ആഗ്രയിലാണ് സംഭവം. അധ്യാപകന്റെ കാലിലാണ് വെടിയേറ്റത്. ബൈക്കില്‍ കയറി രക്ഷപ്പെട്ട വിദ്യാര്‍ത്ഥികളെ പോലിസ് പിന്നീട് അറസ്റ്റ് ചെയ്തു.

◾പ്രധാനമന്ത്രി നരേന്ദ്ര മോദി ബുദ്ധിമാനെന്ന് പ്രശംസിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ വികസനത്തില്‍ വലിയ കുതിച്ചുചാട്ടം നടത്തുകയാണെന്നും പുടിന്‍ പറഞ്ഞുവെന്ന് റിപ്പോര്‍ട്ടുകള്‍.

◾വിദേശത്ത് ചൈനീസ് അനുകൂല വാര്‍ത്തകള്‍ ഉറപ്പാക്കാന്‍ ചൈന പ്രതിവര്‍ഷം കോടിക്കണക്കിന് ഡോളര്‍ ചെലവഴിക്കുന്നതായി അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ചൈന ശ്രമിക്കുന്നുവെന്നും അമേരിക്കയുടെ റിപ്പോര്‍ട്ടിലുണ്ട്.

◾ഏഷ്യന്‍ ഗെയിംസില്‍ പുരുഷ ഹോക്കിയില്‍ ഫൈനലില്‍ ജപ്പാനെ തകര്‍ത്ത് ഇന്ത്യയ്ക്ക് സ്വര്‍ണം. ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ഇന്ത്യ ജപ്പാനെ പരാജയപ്പെടുത്തിയത്. ഈ വിജയത്തോടെ പാരീസ് ഒളിമ്പിക്‌സിനുള്ള യോഗ്യതയും ഇന്ത്യ നേടി.

◾ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ആദ്യമായി 100 മെഡലുകള്‍ ഉറപ്പിച്ച് ഇന്ത്യ. നിലവില്‍ 95 മെഡലുകള്‍ നേടിയിട്ടുള്ള ഇന്ത്യയുടെ മെഡല്‍ നേട്ടം 102 ല്‍ എത്തുമെന്ന് ഉറപ്പിച്ചിട്ടുണ്ട്. 100 മെഡലുകള്‍ മറികടക്കുകയെന്ന ഉറച്ച ലക്ഷ്യത്തിലെത്തിയതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ ഇന്ത്യന്‍ സംഘം.

◾ലോകകപ്പ് ക്രിക്കറ്റില്‍ നെതര്‍ലന്‍ഡ്‌സിനെ 81 റണ്‍സിന് കീഴടക്കി പാകിസ്താന്‍. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 286 റണ്‍സിന് പുറത്തായപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ നെതര്‍ലന്‍ഡ്സ് 41 ഓവറില്‍ 205 റണ്‍സിന് എല്ലാവരും പുറത്തായി.

◾അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ ലഭ്യമാക്കുന്ന 'ബുള്ളറ്റ് റീപേയ്‌മെന്റ് സ്വര്‍ണ വായ്പാ പദ്ധതി'യുടെ പരിധി 4 ലക്ഷമാക്കി ഉയര്‍ത്തി റിസര്‍വ് ബാങ്ക്. മോണിറ്ററി പോളിസി കമ്മറ്റിയിലാണ് തീരുമാനം. നിലവില്‍ രണ്ട് ലക്ഷമാണ് വായ്പാ പരിധി. ചെറുകിട വായ്പക്കാര്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് പുതിയ നീക്കം. ഏറെക്കാലമായി ഈ പരിധി ഉയര്‍ത്തിയിട്ടില്ല.കൃഷി, ഭവനം, ചെറുകിട വായ്പാ എന്നീ മുന്‍ഗണന വായ്പകള്‍ നല്‍കാന്‍ നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങള്‍ 2023 മാര്‍ച്ച് 31ഓടെ കൈവരിച്ച അര്‍ബന്‍ ബാങ്കുകള്‍ക്കാണ് കൂടുതല്‍ തുക വായ്പയായി നല്‍കാന്‍ കഴിയുക. ഇത് സംബന്ധിച്ച വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടനെ പുറപ്പെടുവിപ്പിക്കുമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.'ബുള്ളറ്റ് ലോണുകള്‍'പ്രതിമാസ തിരിച്ചടവ് ആവശ്യമില്ലാത്ത സ്വര്‍ണ വായ്പകളാണ് ബുള്ളറ്റ് ലോണുകള്‍ അഥവാ ബുള്ളറ്റ് റീപേയ്‌മെന്റ് പദ്ധതി എന്നറിയപ്പെടുന്നത്. സ്വര്‍ണ വായ്പയുടെ പലിശ നിരക്ക് ഓരോ മാസവും കണക്കാക്കുമെങ്കിലും വായ്പാ തുകയും പലിശയും കാലാവധിയുടെ അവസാനം ഒറ്റത്തവണയായി അടച്ചാല്‍ മതി. ഒരു വര്‍ഷം കാലാവധിയിലാണ് ഇത്തരം വായ്പകള്‍ ബാങ്കുകള്‍ നല്‍കുന്നത്. സാധാരണ സ്വര്‍ണ വായ്പകള്‍ക്ക് മാസത്തിലോ ത്രൈമാസത്തിലേ പലിശയും മുതലും അടയ്‌ക്കേണ്ടതുണ്ട്. കാര്‍ഷിക വായ്പകളില്‍ ഇതില്‍ വ്യത്യാസമുണ്ട്.2007ലാണ് ആദ്യമായി റിസര്‍വ് ബാങ്ക് ബുള്ളറ്റ് വായ്പകള്‍ക്ക് അനുമതി നല്‍കിയത്. അന്ന് ഒരു ലക്ഷമായിരുന്നു പരിധി. പിന്നീട് 2014ലാണ് പരിധി രണ്ട് ലക്ഷമാക്കിയത്.

◾ഇരട്ട, നായാട്ട്, ജോസഫ് എന്നീ സിനിമകളിലൂടെ ശ്രദ്ധേയമായ പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രശംസകള്‍ ഏറ്റുവാങ്ങിയ താരമാണ് ജോജു ജോര്‍ജ്. ഒരിടവേളയ്ക്ക് ശേഷം ജോജു ജോര്‍ജ് പൊലീസ് കഥാപാത്രമായി എത്തുന്ന സിനിമയാണ് എ. കെ സാജന്‍ സംവിധാനം ചെയ്യുന്ന 'പുലിമട'. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഒക്ടോബര്‍ 26 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. വിന്‍സെന്റ് എന്ന പൊലീസ് കോണ്‍സ്റ്റബിള്‍ ആയാണ് ജോജു ചിത്രത്തിലെത്തുന്നത്. വിന്‍സെന്റ് സ്‌കറിയ എന്ന പൊലീസ് ഓഫീസറുടെ വിവാഹവും അതിനോടനുബന്ധിച്ച് നടക്കുന്ന കാര്യങ്ങളുമാണ് ചിത്രം ചര്‍ച്ചചെയ്യുന്നത്. സംവിധായകനായ എ. കെ സാജന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത്. ഐശ്വര്യ രാജേഷ്, ചെമ്പന്‍ വിനോദ്, ബാലചന്ദ്ര മേനോന്‍, ജിയോ ബേബി, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, തുടങ്ങീ നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. പ്രശസ്ത ഛായാഗ്രഹകനും സംവിധായകനുമായ വേണുവാണ് പുലിമടയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

◾തോല്‍വി അത്ര മോശം കാര്യമല്ലെന്നും തോല്‍വിയെ ആഘോഷമാക്കി മാറ്റണമെന്നുമുള്ള സന്ദേശവുമായി യൂട്യൂബില്‍ ശ്രദ്ധ നേടിയിരിക്കുകയാണ് 'തോല്‍വി എഫ്സി' എന്ന ചിത്രത്തിലെ ആദ്യ ഗാനം. മനോഹരമായ ദൃശ്യങ്ങളും വേറിട്ട രീതിയിലുള്ള വരികളും ഈണവുമായി ഇതിനകം ആസ്വാദക മനം കവര്‍ന്നിരിക്കുകയാണ് ഇന്‍സ്റ്റഗ്രാമില്‍ ദ ഹംബിള്‍ മ്യുസിഷന്‍ എന്നറിയപ്പെടുന്ന വൈറല്‍ ഗായകന്‍ കാര്‍ത്തിക് കൃഷ്ണന്‍ വരികളെഴുതി സംഗീതം ചെയ്ത് ആലപിച്ചിരിക്കുന്ന ഗാനം. ചിരി നുറുങ്ങുകളുമായി ഉടന്‍ തിയറ്ററുകളില്‍ റിലീസിനായി ഒരുങ്ങുകയാണ് ഷറഫുദ്ദീന്‍ നായകനായെത്തുന്ന ചിത്രം. ഫാമിലി കോമഡി ഡ്രാമ ജോണറില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ കുരുവിളയായി ജോണി ആന്റണിയും മക്കളായ ഉമ്മനായി ഷറഫുദ്ദീനും തമ്പിയായി ജോര്‍ജ്ജ് കോരയുമാണ് പ്രധാന വേഷങ്ങളിലുള്ളത്. ജോര്‍ജ് കോര തന്നെയാണ് സംവിധാനത്തിന് പുറമെ 'തോല്‍വി എഫ്‌സി'യുടെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ആശ മഠത്തില്‍, അല്‍ത്താഫ് സലീം, ജിനു ബെന്‍, മീനാക്ഷി രവീന്ദ്രന്‍, അനുരാജ് ഒ ബി തുടങ്ങിയവരാണ് 'തോല്‍വി എഫ്‌സി'യിലെ മറ്റ് താരങ്ങള്‍.

◾പുതുതായി ലോഞ്ച് ചെയ്ത ഹാര്‍ലി-ഡേവിഡ്‌സണ്‍ എക്സ്440ന്റെ ഡെലിവറി നവരാത്രി ആഘോഷത്തിന്റെ ആദ്യ ദിവസം, അതായത് 2023 ഒക്ടോബര്‍ 15-ന് ആരംഭിക്കുമെന്ന് ഹീറോ മോട്ടോകോര്‍പ്പ് അറിയിച്ചു. ഹാര്‍ലിയുടെ ഏറ്റവും താങ്ങാനാവുന്ന ഈ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മിക്കുന്നത് ഹീറോ മോട്ടോകോര്‍പ്പിന്റെ രാജാസ്ഥാനിലെ പ്ലാന്റിലാണ്. ബൈക്കിന്റെ ബുക്കിംഗ് വിന്‍ഡോ ഒക്ടോബര്‍ 16 മുതല്‍ തുറക്കും. ഉപഭോക്താക്കള്‍ക്ക് പുതിയ മോട്ടോര്‍സൈക്കിള്‍ രാജ്യത്തുടനീളമുള്ള എല്ലാ ഹാര്‍ലി-ഡേവിഡ്‌സണ്‍ ഡീലര്‍ഷിപ്പുകളിലും ഹീറോ ഔട്ട്ലെറ്റുകളിലും ബൈക്കുകള്‍ ബുക്ക് ചെയ്യാം. പുതിയ മോട്ടോര്‍സൈക്കിള്‍ ഓണ്‍ലൈനായി ഹാര്‍ലി-ഡേവിഡ്‌സണ്‍ വെബ്‌സൈറ്റിലും ബുക്ക് ചെയ്യാം. പുതിയ ഹാര്‍ലി-ഡേവിഡ്‌സണ്‍ എക്സ്440ന് ഒരു മാസത്തിനുള്ളില്‍ 25,000 ബുക്കിംഗുകള്‍ ലഭിച്ചു. തുടര്‍ന്ന് ഹീറോ മോട്ടോകോര്‍പ്പിന് ഓണ്‍ലൈന്‍ ബുക്കിംഗ് വിന്‍ഡോ താല്‍ക്കാലികമായി അടയ്ക്കേണ്ടി വന്നു. ഇത് ഡെനിം, വിവിഡ്, എസ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ ലഭ്യമാണ്. യഥാക്രമം 2,39,500 രൂപ, 2,59,500 രൂപ, 2,79,500 രൂപ എന്നിങ്ങനെയാണ് ഇവയുടെ വില. 6,000 ആര്‍പിഎമ്മില്‍ 27 ബിഎച്ച്പിയും 4,000 ആര്‍പിഎമ്മില്‍ 38 എന്‍എം പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 440 സിസി, സിംഗിള്‍ സിലിണ്ടര്‍, ഓയില്‍ കൂള്‍ഡ് എന്‍ജിനാണ് പുതിയ ഹാര്‍ലി എക്സ്440 ന് കരുത്ത് പകരുന്നത്.

◾ഗള്‍ഫ് നാടുകളിലെ മലയാള റേഡിയോ പ്രക്ഷേപണത്തിന്റെ സമഗ്രചരിത്രമാണ് ഈ പുസ്തകം. ഗള്‍ഫിലെ മുഖ്യ മലയാളം റേഡിയോ പ്രക്ഷേപണ നിലയങ്ങള്‍, അവയുടെ ഓരോന്നിന്റെയും ലഘു ചരിത്രങ്ങള്‍, പ്രക്ഷേപണം ചെയ്ത പ്രശസ്തമായ പരിപാടികള്‍ എന്നു തുടങ്ങി ഗള്‍ഫില്‍ പ്രക്ഷേകര്‍ അനുസരിക്കേണ്ടുന്ന മാധ്യമ നിയമങ്ങള്‍, പ്രക്ഷേപണത്തിനുള്ള ലൈസന്‍സ് കിട്ടാനുള്ള സാദ്ധ്യതകള്‍, പ്രയാസങ്ങള്‍ എന്നിവ വരെ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 'ഗള്‍ഫ് മലയാളം റേഡിയോ ചരിത്രം'. ഡോ. ജൈനിമോള്‍ കെ.വി. കൈരളി ബുക്സ്. വില 237 രൂപ.

◾ശരീരത്തിന്റെ ദഹനവ്യവസ്ഥയില്‍ സുപ്രധാന പങ്ക് വഹിക്കുന്ന അവയവമാണ് പാന്‍ക്രിയാസ് ഗ്രന്ഥി. വയറിലെത്തുന്ന അസിഡിക് ഭക്ഷണത്തെ നിര്‍വീര്യമാക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് പാന്‍ക്രിയാസ് ആണ്. കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, ലിപിഡുകള്‍ തുടങ്ങിയവ ദഹിപ്പിക്കാനും പാന്‍ക്രിയാസ് സഹായിക്കുന്നു. ദഹനത്തെ സഹായിക്കുന്ന ദീപന രസങ്ങള്‍ക്ക് പുറമേ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്ന ഇന്‍സുലിന്‍ ഹോര്‍മോണുകളും പാന്‍ക്രിയാസ് ഉല്‍പാദിപ്പിക്കുന്നു. പാന്‍ക്രിയാസിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കേണ്ടത് ഇതിനാല്‍ വളരെ പ്രധാനമാണ്. പാന്‍ക്രിയാസിനു വരുന്ന തകരാറുകള്‍ പ്രമേഹം, ഹൈപ്പര്‍ഗ്ലൈസീമിയ, പാന്‍ക്രിയാറ്റിക് അര്‍ബുദം തുടങ്ങിയ ഗുരുതര പ്രശ്നങ്ങളിലേക്ക് നയിക്കാം. നാം പ്രതിദിനം കഴിക്കുന്ന പല ഭക്ഷണങ്ങളും പാന്‍ക്രിയാസിന്റെ ആരോഗ്യത്തെ ഗണ്യമായി സ്വാധീനിക്കാറുണ്ട്. പാന്‍ക്രിയാസിനെ നല്ല ഉഷാറാക്കി നിര്‍ത്താന്‍ ഇനി പറയുന്ന ഭക്ഷണവിഭവങ്ങള്‍ സഹായിക്കും. മഞ്ഞള്‍, വെളുത്തുള്ളി, ചീര, ബ്രക്കോളി, ചുവന്ന മുന്തിരി, മധുരക്കിഴങ്ങ്, പനിക്കൂര്‍ക്ക എന്നിവയാണ് ഈ ഏഴ് സുപ്രധാന വിഭവങ്ങള്‍. പാന്‍ക്രിയാസിലെ തകരാര്‍ കൊണ്ടുള്ള വേദന കുറയ്ക്കുന്നതിന് ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുള്ള മഞ്ഞള്‍ ഉപയോഗിക്കാറുണ്ട്. വൈറ്റമിന്‍ ബിയും അയണും അടങ്ങിയ ചീര പാന്‍ക്രിയാസിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. ചീരയിലെ അയണ്‍ പാന്‍ക്രിയാസിലെ നീര്‍ക്കെട്ട് നിയന്ത്രിക്കുമ്പോള്‍ ബി വൈറ്റമിനുകള്‍ ഗ്രന്ഥിയെ പരിപോഷിപ്പിക്കുന്നു. ബ്രക്കോളി, കാബേജ്, കോളിഫ്ളവര്‍, കേയ്ല്‍ പോലുള്ള പച്ചക്കറികളിലും അര്‍ബുദത്തിനെതിരെ പോരാടുന്ന പോഷണങ്ങളുണ്ട്. ഇത് പാന്‍ക്രിയാസ് അര്‍ബുദത്തെ തടഞ്ഞ് ഗ്രന്ഥിയെ ആരോഗ്യത്തോടെ സൂക്ഷിക്കുന്നു. പാന്‍ക്രിയാസിലെ അര്‍ബുദസാധ്യത 50 ശതമാനം കുറയ്ക്കാന്‍ മധുരക്കിഴങ്ങിന് സാധിക്കും.
*ശുഭദിനം.*