പ്രഭാത വാർത്തകൾ 2023 ഒക്ടോബർ 5 വ്യാഴം.

◾കോഴിക്കോട് താമരശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട.
താമരശ്ശേരി കുടുക്കിൽ ഉമ്മരം ചുടലമുക്ക് അരേറ്റക്കുന്നുമ്മൽ അരേക്കും ചാലിൽ വാടകക്ക് താമസിക്കുന്ന ഫത്തുള്ളയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 145 ഗ്രാം MDMA പിടികൂടിയത്.നാട്ടുകാ നൽകിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് താമരശ്ശേരി പോലീസ് പരിശോധന നടത്തിയത്.
വിൽപ്പനക്കായി ഉപയോഗിക്കുന്ന ഒരു ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിലായിരുന്നു പരിശോധന നടത്തിയത്.

◾സിക്കിമില്‍ മിന്നല്‍ പ്രളയത്തില്‍ 23 സൈനികര്‍ ഉള്‍പ്പടെ 70 പേര്‍ മരിച്ചു. ഒഴുകിപ്പോയ പലരുടേയും മൃതദേഹങ്ങള്‍ കണ്ടെടുക്കാനായില്ല. നാലായിരത്തോളം പേരെ ഒഴിപ്പിച്ചു. ഇവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റി. മലയാളികള്‍ അടക്കം രണ്ടായിരം പേര്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

◾വീട്ടാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ സബ്സിഡി നൂറു രൂപകൂടി വര്‍ധിപ്പിച്ചു. കോവിഡ് കാലത്തു നിര്‍ത്തലാക്കിയ സബ്സിഡി കഴിഞ്ഞ മാസം 200 രൂപ നിരക്കില്‍ പുനസ്ഥാപിച്ചിരുന്നു. ഇതോടെ പ്രധാനമന്ത്രി ഉജ്വല യോജന പ്രകാരം പാചക വാതക സബ്‌സിഡി 300 രൂപയായി. ഇതോടെ സിലിണ്ടറിന്റെ വില 600 രൂപയാകും.

◾ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റൈ ലോക്സഭാംഗത്വം വീണ്ടും നഷ്ടമായി. അയോഗ്യനാക്കിക്കൊണ്ട് ലോക്‌സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി. വധശ്രമക്കേസില്‍ കുറ്റകാരനെന്ന വിധി കേരളാ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നില്ല.
◾കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടില്‍ അറസ്റ്റിലായ പ്രതികളെ രണ്ടു ജയിലുകളിലാക്കണമെന്ന് പ്രത്യേക കോടതി. പ്രതികളെ ഒറ്റ ജയിലിലാക്കിയത് എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തിരുന്നു. മുഖ്യപ്രതി സതീഷ്‌കുമാറും കിരണും കാക്കനാട്ടെ ജില്ലാ ജയിലില്‍ തുടരും. സിപിഎം നേതാവ് പി.ആര്‍. അരവിന്ദാക്ഷനേയും ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ജില്‍സിനേയും ഇവിടെനിന്ന് എറണാകുളം സബ് ജയിലിലേക്കു മാറ്റും.

◾കരുവന്നൂര്‍ കള്ളപ്പണയിടപാടു കേസില്‍ വടക്കാഞ്ചേരി നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ മധു അമ്പലപുരത്തെ എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ ചോദ്യം ചെയ്തു. എന്നാല്‍ യെസ്ഡി ജ്വല്ലറി ഉടമ സുനില്‍കുമാര്‍ ഹാജരായില്ല. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണെന്നാണു റിപ്പോര്‍ട്ട്.

◾ആരോഗ്യ വകുപ്പുമന്ത്രിയുടെ ഓഫീസ് സ്റ്റാഫിനെതിരേ ഉയര്‍ന്ന നിയമന തട്ടിപ്പു കേസില്‍ ആരോപണം ഉന്നയിച്ച ഹരിദാസില്‍നിന്ന് ഒരു ലക്ഷത്തി എഴുപത്തായ്യായിരം രൂപ പ്രതികള്‍ വാങ്ങിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ആള്‍മാറാട്ടം നടന്നിട്ടുണ്ടോയെന്നു പരിശോധിക്കുന്നുണ്ടെന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

◾നിയമനത്തട്ടിപ്പു കേസിലെ മുഖ്യ പ്രതി അഖില്‍ സജീവ് കോട്ടയം മെഡിക്കല്‍ കോളേജില്‍ സെക്യൂരിറ്റി ജോലി വാഗ്ദാനം തട്ടിപ്പു നടത്തിയെന്ന് വെളിപ്പെടുത്തല്‍. അറസ്റ്റിലായ റഹീസിനെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം പൊലീസിനു ലഭിച്ചത്.

◾കൊച്ചി പുതുവൈപ്പിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പ്ലാന്റില്‍നിന്ന് വാതകച്ചോര്‍ച്ച. എല്‍പിജിയില്‍ ചേര്‍ക്കുന്ന മെര്‍ക്കാപ്‌ടെന്‍ വാതകമാണ് ചോര്‍ന്നത്. വാതകം ശ്വസിച്ച് ദേഹാസ്വാസ്ഥ്യമുണ്ടായ പുതുവൈപ്പ് സ്വദേശികളായ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

◾വടകരയിലെ മുന്‍ എംഎല്‍എ എംകെ പ്രേംനാഥിനു ചികിത്സ നിഷേധിച്ചതിനാലാണു മരിച്ചതെന്ന് ഡോക്ടര്‍ക്കെതിരേ പരാതി. കോഴിക്കോട്ടെ പ്രമുഖ ന്യൂറോളജിസ്റ്റിനെതിരെയാണ് പ്രേംനാഥിന്റെ കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കിയത്.

◾തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ഇന്നും അവധി.

◾പുനലൂരിനു സമീപം ആസിഡ് ടാങ്കറില്‍ ചോര്‍ച്ച. കൊച്ചിന്‍ കെമിക്കല്‍സില്‍നിന്ന് തമിഴ്നാട്ടിലേക്കു ആസിഡ് കൊണ്ടുപോയ ലോറിയിലാണ് ചോര്‍ച്ച. ദേശീയപാതയിലൂടെ കടന്ന് പോകുന്ന വാഹനങ്ങളെ പുനലൂര്‍ വഴി തിരിച്ചുവിട്ടു.

◾കരുവന്നൂര്‍ ബാങ്ക് നീതി കാട്ടിയില്ലെന്ന് പണം കിട്ടാത്തതിനാല്‍ ചികിത്സ വൈകി മരിച്ച ശശിയുടെ സഹോദരി മിനി. വിദഗ്ധ ചികിത്സയക്ക് പണം ആവശ്യപ്പെട്ട് ബാങ്കിനെ സമീപിച്ചിരുന്നു. അമ്മയുടെ ചികില്‍സയ്ക്കു പണം വിട്ടുതരണമെന്നും മിനി ആവശ്യപ്പെട്ടു.

◾കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച തുക കിട്ടാതെ മരിച്ച ശശിയുടെ മരണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിനും ബാങ്ക് ഭരിക്കുന്ന സിപിഎമ്മിനും ഒഴിഞ്ഞുമാറാനാവില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. കരുവന്നൂരിലെ നിക്ഷേപകരില്‍ രണ്ടാമത്തെ രക്തസാക്ഷിയാണിത്. സുരേന്ദ്രന്‍ പറഞ്ഞു.
◾ചികിത്സക്കു പണം കിട്ടാതെ മരിച്ച കരുവന്നൂര്‍ സഹകരണ ബാങ്കിലെ നിക്ഷേപകനായ ശശിയുടെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി. കുടുംബത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ശശി സിപിഎം തട്ടിപ്പിന്റെ ഇരയാണെന്ന് ശശിയുടെ വീട് സന്ദര്‍ശിച്ച കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് ജോസ് വള്ളൂര്‍ പ്രതികരിച്ചു.

◾സമ്മര്‍ദവും പീഡനവും സഹിക്കാനാകാതെ കളമശേരി എ ആര്‍ ക്യാമ്പിലെ ഡ്രൈവര്‍ ജീവനൊടുക്കി. മുവാറ്റുപുഴ റാക്കാട് ശക്തിപുരം സ്വദേശി ജോബി ദാസാണ് മരിച്ചത്. അഷറഫ്, ഗോപി എന്നീ രണ്ട് പൊലീസുകാര്‍ തന്റെ 16 ഇന്‍ക്രിമെന്റ് തടഞ്ഞെന്ന് ആത്മഹത്യാ കുറിപ്പില്‍ ആരോപിച്ചിട്ടുണ്ട്.  

◾കൊച്ചിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പതിനേഴുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി മരട് സ്വദേശി സഫര്‍ ഷാക്ക് ഇരട്ട ജീവപര്യന്തം തടവു ശിക്ഷ. രണ്ടര ലക്ഷം രൂപ പിഴയടയ്ക്കണമെന്നും എറണാകുളം പോക്സോ കോടതി ശിക്ഷിച്ചു.  

◾തിരുവനന്തപുരം വെള്ളറട വില്ലേജ് ഓഫീസില്‍ വിജിലന്‍സ് റെയ്ഡില്‍ കണക്കില്‍പ്പെടാത്ത പതിനായിരം രൂപയോളം കണ്ടെത്തി. പഴയ റെക്കോര്‍ഡ് ബുക്കുകളില്‍ 500 രൂപാ നോട്ടുകള്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു.

◾ട്രെയിനില്‍ കളിത്തോക്കുമായി കയറി യാത്രക്കാരെ ഭയപ്പെടുത്തിയ നാലു മലയാളി യുവാക്കള്‍ പിടിയില്‍. പാലക്കാട്- തിരുച്ചെണ്ടൂര്‍ പാസഞ്ചറിലാണ് സംഭവം. മലപ്പുറം സ്വദേശി അമീന്‍ ഷെരീഫ് (19), കണ്ണൂര്‍ സ്വദേശി അബ്ദുള്‍ റസീക് (24), പാലക്കാട് സ്വദേശി ജബല്‍ഷാ (18), കാസര്‍കോട് സ്വദേശി മുഹമ്മദ് (20) എന്നിവരെ ടിക്കറ്റെടുക്കാതെ യാത്ര ചെയ്തതിനു പിഴയിടപ്പിച്ചു വിട്ടയച്ചു.

◾മൂവാറ്റുപുഴയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ വിദ്യാര്‍ത്ഥിനിയെ ബൈക്കിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് കാപ്പ ചുമത്തി ജയിലിലടച്ചു. കുഴുമ്പിത്താഴം സ്വദേശി ആന്‍സണ്‍ റോയ് (23) യെയാണ് കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചത്. ജൂലായ് 26 ന് വൈകിട്ട് നാലരയോടെയാണ് മൂവാറ്റുപുഴ നിര്‍മ്മല കോളജിലെ അവസാന വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനി വാളകം കുന്നക്കല്‍ വടക്കേ പുഷ്പകം വീട്ടില്‍ നമിത ബൈക്കിടിച്ചു മരിച്ചത്.

◾നെടുമങ്ങാട് കോടതി വളപ്പില്‍ അഭിഭാഷകനെ തലയ്ക്കടിച്ചു. അഡ്വ. പ്രകാശിനെ (41) യാണ് അഡ്വ. സജീബിന്റെ കക്ഷിയായ ഷാജഹാനും സുഹൃത്തും ചേര്‍ന്ന് അക്രമിച്ചത്. സംഭവത്തില്‍ അഭിഭാഷകര്‍ പ്രതിഷേധിച്ചു.

◾പത്തനംതിട്ട അര്‍ബന്‍ സഹകരണ ബാങ്കിലെ നിക്ഷേപത്തട്ടിപ്പില്‍ അറസ്റ്റ് ഒഴിവാക്കാന്‍ പണം തിരിച്ചടച്ച് മുന്‍ മാനേജര്‍ സി.കെ. പ്രീത. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് മൂന്നു ലക്ഷം രൂപ തിരിച്ചടച്ചത്. സ്ഥിരനിക്ഷേപം തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി.

◾മൂന്നാര്‍ ചെണ്ടുവാരെ എസ്റ്റേറ്റില്‍ വീണ്ടും പടയപ്പയെന്ന കാട്ടാനയുടെ വിളയാട്ടം. ഇന്നലെ രാത്രി എസ്റ്റേറ്റിലെ ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ത്തു. വ്യാപകമായി കൃഷിയും നശിപ്പിച്ചു.

◾പതിനൊന്നുകാരനെ കത്തികാട്ടി ഭീഷണിപ്പെടുത്തി പലതവണ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 60 കാരന് 21 വര്‍ഷം കഠിന തടവും 2.60 ലക്ഷം രൂപ പിഴയും ശിക്ഷ. വേങ്ങര ഇരിങ്ങല്ലൂര്‍ കാവുങ്ങല്‍ മോഹന്‍ദാസിനെയാണ് മഞ്ചേരി അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.

◾തിരുവനന്തപുരം കുമാരപുരത്ത് റിട്ടയേര്‍ഡ് കെഎസ്ഇബി ജീവനക്കാരിയായ വിജയമ്മയെ സഹോദരന്‍ കുത്തിക്കൊന്നു. മാനസിക വെല്ലുവിളികളുള്ള സഹോദരന്‍ സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

◾അരുണാചല്‍ പ്രദേശും കാഷ്മീരും ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം സൃഷ്ടിക്കാനുള്ള ആഗോള അജണ്ട ന്യൂസ് ക്ലിക്ക് നടപ്പാക്കാന്‍ ശ്രമിച്ചെന്ന വിചിത്ര ആരോപണവുമായി ഡല്‍ഹി പോലീസ്. അറസ്റ്റിലായ ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബിര്‍ പുര്‍കയസ്ഥയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പോലീസിന്റെ ഈ വാദം. ഇങ്ങനെ ഭൂപടം സൃഷ്ടിക്കാന്‍ അമേരിക്കന്‍ വ്യവസായി നെവില്‍ റോയ് സിംഘവുമായി ഗൂഢാലോചന നടത്തി 115 കോടി രൂപയുടെ വിദേശപണം കൈപ്പറ്റിയെന്നും ആരോപിക്കുന്നു.

◾ചൈനീസ് അജണ്ട നടപ്പാക്കുകയോ ചൈനയ്ക്ക് അനുകൂലമായി വാര്‍ത്ത നല്‍കുകയോ ചെയ്തിട്ടില്ലെന്ന് ന്യൂസ് ക്ലിക്ക്. മാന്യമായും നിയമവിധേയമായുമാണു പ്രവര്‍ത്തിച്ചത്. മാധ്യമ പ്രവര്‍ത്തനത്തനത്തിന്റെ എല്ലാ മാന്യതയും പാലിച്ചിട്ടുണ്ട്. പണം ബാങ്കിലൂടെ മാത്രമാണ് വാങ്ങിയത്. ഇതിന് അനുമതികളുണ്ട്, റിപ്പോര്‍ട്ടുകള്‍ അധികാരികള്‍ക്കു നല്‍കിയിട്ടുമുണ്ട്. നിയമത്തിലും കോടതിയിലും പൂര്‍ണവിശ്വാസമുണ്ടെന്നും ഇന്ത്യന്‍ ഭരണഘടനയിലൂന്നി പോരാടുമെന്നും ന്യൂസ് ക്ലിക്ക് വ്യക്തമാക്കി.

◾ഡല്‍ഹി മദ്യനയക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗ് എംപിയെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റു ചെയ്തു. അദ്ദേഹത്തിന്റെ വസതിയില്‍ പത്തു മണിക്കൂര്‍ ചോദ്യം ചെയ്തശേഷമാണ് രാജ്യസഭാംഗമായ ഇദ്ദേഹത്തെ അറസ്റ്റു ചെയ്തത്. അറസ്റ്റിനെതിരേ വീടിനു മുന്നില്‍ പ്രതിഷേധിച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലൂടെയാണ് സഞ്ജയ് സിംഗിനെ കൊണ്ടുപോയത്.

◾തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈയെ ചുമയും ശ്വാസംമുട്ടലുംമൂലം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച തുടങ്ങാനിരുന്ന അണ്ണാമലൈയുടെ പദയാത്രയും മാറ്റിവച്ചു. ഒക്ടോബര്‍ 16ന് മൂന്നാം ഘട്ട പദയാത്ര തുടങ്ങാനാണ് തീരുമാനം.

◾രണ്ടു ദിവസത്തിനകം 31 രോഗികള്‍ മരിച്ച മഹാരാഷ്ട്രയിലെ നന്ദേഡിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ശുചിമുറി ആശുപത്രി ഡീനിനെക്കൊണ്ട് വൃത്തിയാക്കിപ്പിച്ച ശിവസേന ഷിന്‍ഡേ വിഭാഗം എംപി ഹേമന്ത് പാട്ടീലിനെതിരെ കേസ്. ഡീന്‍ ഡോ ശ്യാമറാവു വകോടയെ ഭീഷണിപ്പെടുത്തിയാണ് ശുചിമുറി വൃത്തിയാക്കിച്ചത്.

◾മൂന്നു വര്‍ഷങ്ങളിലായി എല്‍ഐസി ആദായ നികുതി കണക്കാക്കിയതിലെ പിഴവിന് 84 കോടി രൂപ പിഴ ചുമത്തി. 2012-13, 2018-19, 2019-20 അസസ്മന്റ് വര്‍ഷങ്ങളിലെ നികുതി ശരിയായി അടച്ചില്ലെന്ന് ആരോപിച്ചാണ് പിഴ ചുമത്തിയത്. . ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് എല്‍ഐസി അറിയിച്ചു.

◾ചൈനയുടെ 55 സൈനികര്‍ കൊല്ലപ്പെട്ട ആണവ അന്തര്‍വാഹിനി പൊട്ടിത്തെറിച്ചത് ചൈനതന്നെ കടലില്‍ നിക്ഷേപിച്ച ബോംബിലിടിച്ചാണെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടാണ് വിദേശ മാധ്യമങ്ങള്‍ പുറത്തുവിട്ടത്.

◾റഷ്യക്കു 'സ്റ്റോം സെഡ്' എന്ന പേരില്‍ മൂന്നാമതൊരു സൈനിക വിഭാഗംകൂടിയുണ്ടെന്ന് റിപ്പോര്‍ട്ട്. റഷ്യന്‍ സൈന്യത്തിനു കീഴില്‍ കൂലിപ്പട്ടാളം എന്നറിയപ്പെടുന്ന വാര്‍ണര്‍ ഗ്രൂപ്പിനു പുറമേയാണ് ഈ വിഭാഗം. സ്റ്റോം സെഡ് വിഭാഗം ചാവേര്‍പ്പടയാണ്. ഏറ്റവും അപകടകരമായ പോരാട്ടത്തിനു മുന്‍നിരയില്‍ നിര്‍ത്തുന്നത് ഇവരെയാണെന്നാണു റിപ്പോര്‍ട്ട്. കഴിഞ്ഞ മെയ്, ജൂണ്‍ മാസങ്ങളില്‍ കിഴക്കന്‍ യുക്രൈന്‍ നഗരത്തില്‍ സെഡ് വിഭാഗം സൈനികനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

◾യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരിയാകാന്‍ നൂറ അല്‍ മത്‌റൂഷി എന്ന യുവതി. അടുത്ത വര്‍ഷം നൂറ ബഹിരാകാശത്തേക്കു യാത്രയാകും. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്‍ജിനീയറായ നൂറയ്‌ക്കൊപ്പം ദുബൈ പൊലീസിലെ മുന്‍ ഹെലികോപ്റ്റര്‍ പൈലറ്റായ മുഹമ്മദ് അല്‍ മുല്ലയും അടുത്ത വര്‍ഷം ബഹിരാകാശത്തെത്തും.

◾വിരുന്നില്‍ വാതുവച്ച് പത്തു മിനിറ്റുകൊണ്ട് ഒരു ലിറ്റര്‍ മദ്യം കുടിച്ച ചൈനീസ് യുവാവ് കുഴഞ്ഞുവീണു മരിച്ചു. 2.31 ലക്ഷം രൂപയ്ക്കു വാതുവച്ചാണ് ഷാങ്ങ് എന്ന യുവാവ് മദ്യം കഴിച്ച് മരിച്ചത്.

◾ഏഷ്യന്‍ ഗെയിംസിലെ ജാവലിന്‍ ത്രോയില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യയ്ക്ക്. ലോക ഒന്നാം നമ്പര്‍ താരം നീരജ് ചോപ്ര സ്വര്‍ണം നേടിയപ്പോള്‍ ശക്തമായ പോരാട്ടം നടത്തിയ കിഷോര്‍ കുമാര്‍ ജന വെള്ളി നേടി. മലയാളി താരങ്ങളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മല്‍, അമോജ് ജേക്കബ്, തമിഴ്നാട് സ്വദേശി രാജേഷ് രമേഷ് എന്നിവരടങ്ങുന്ന പുരുഷന്‍മാരുടെ 4x400 മീറ്റര്‍ റിലേയില്‍ സ്വര്‍ണവും വനിതാ റിലേയില്‍ വെള്ളിയും. പുരുഷന്‍മാരുടെ 5000 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യന്‍ താരം അവിനാഷ് സാബ്ലെയ്ക്കു വെള്ളി. വനിതകളുടെ 800 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യന്‍ താരം ഹര്‍മിലന്‍ ബെയ്ന്‍സ് വെള്ളി നേടി. 87 കിലോ പുരുഷ വിഭാഗം ഗുസ്തിയില്‍ സുനില്‍ കുമാര്‍ വെങ്കലം നേടി. ഇതോടെ 18 സ്വര്‍ണവും 31 വെള്ളിയും 32 വെങ്കലവും നേടിയ ഇന്ത്യയുടെ മെഡല്‍ നേട്ടം 81 ആയി.

◾2023 ഏകദിന ലോകകപ്പിന് ഇന്ന് തുടക്കം. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടും ന്യൂസീലന്‍ഡും ഏറ്റുമുട്ടും. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഉച്ചക്ക് 2 മണിക്കാണ് മത്സരം ആരംഭിക്കുക.

◾നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 6.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്ന് ലോകബാങ്ക് അനുമാനം. നിക്ഷേപവും ആഭ്യന്തരരംഗത്തെ ആവശ്യകതയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരുമെന്നാണ് ലോകബാങ്കിന്റെ പ്രതീക്ഷ. ആഗോള സമ്പദ് വ്യവസ്ഥ വെല്ലുവിളികള്‍ നേരിടുകയാണ്. ഈ പശ്ചാത്തലത്തിലും ഇന്ത്യ പിടിച്ചുനില്‍ക്കുന്നത് തുടരുമെന്നും ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. തെക്കനേഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കരുത്ത് പ്രകടിപ്പിക്കുന്ന ഇന്ത്യ, നടപ്പു സാമ്പത്തിക വര്‍ഷം 6.3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് കണക്കുകൂട്ടല്‍. പണപ്പെരുപ്പത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ക്രമേണ കുറയാനാണ് സാധ്യത. ഭക്ഷ്യ വസ്തുക്കളുടെ വില സാധാരണ നിലയിലേക്ക് മടങ്ങി വന്നതും വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഗുണം ചെയ്തതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

◾വിവാദമായ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ ഇഡി റെയ്ഡുമായി ബന്ധപ്പെട്ട കാര്യങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ട് 'പൊറാട്ട് നാടകം' സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ഒക്ടോബര്‍ 2 ന് ഗാന്ധിജയന്തി ദിനത്തില്‍ ഗാന്ധിജി സഹകരണത്തെ കുറിച്ച് പറഞ്ഞ വാചകത്തെ വച്ച് ട്രോള്‍ രൂപത്തിലാണ് ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. സിദ്ദിഖിന്റെ പ്രധാന സംവിധാന സഹായിയായിരുന്ന നൗഷാദ് സാഫ്രോണ്‍ ആണ് സംവിധാനം. സൈജു കുറുപ്പ് നായകനായ ചിത്രം കാഞ്ഞങ്ങാട്, നീലേശ്വരം പ്രദേശങ്ങളില്‍ 30 ദിവസത്തെ ഒറ്റ ഷെഡ്യൂളിലായിരുന്നു ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചത്. കോമഡിക്ക് ഏറെ പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രത്തില്‍ വടക്കന്‍ കേരളത്തിലെ ഗോപാലപുരം എന്ന ഗ്രാമത്തില്‍ 21 ദിവസം അരങ്ങേറുന്ന സംഭവങ്ങളാണ് ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നത്. സാംസ്‌കാരിക കലാരൂപങ്ങളായ കോതാമൂരിയാട്ടം, പൊറാട്ട് നാടകം തുടങ്ങിയ കലാരൂപങ്ങളും ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ വരുന്നുണ്ട്. സൈജു കുറുപ്പിനെ കൂടാതെ ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി, സുനില്‍ സുഗത, രാഹുല്‍ മാധവ്, നിര്‍മ്മല്‍ പാലാഴി, സൂരജ് തേലക്കാട്ട്, ഷുക്കൂര്‍ വക്കീല്‍, ബാബു അന്നൂര്‍, ചിത്ര ഷേണായി, ഐശ്വര്യ മിഥുന്‍, ചിത്ര നായര്‍ , ജിജിന രാധാകൃഷ്ണന്‍, ഗീതി സംഗീത തുടങ്ങിയവരും പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നു. മോഹന്‍ലാല്‍, ഈശോ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം സുനീഷ് വാരനാട് തിരക്കഥയൊരുക്കുന്ന ചിത്രമാണ് പൊറാട്ട് നാടകം.

◾കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ടിനു പാപ്പച്ചനും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന 'ചാവേര്‍' ഒക്ടോബര്‍ അഞ്ചിന് തിയേറ്ററുകളില്‍ എത്തുന്നു. റിലീസിന് മുന്നോടിയായി ആദ്യ ഗാനം പുറത്തിറങ്ങി. 'കാവല്‍ നോക്കണ കാവിലെ ഭീകര ഭൂതമതേ...' എന്ന് തുടങ്ങുന്ന ഗാനം പ്രേക്ഷകരുടെ ഉള്ളം കവര്‍ന്നിരിക്കുകയാണ്. സ്വജീവന്‍ പണയം വെച്ച് എന്തും ചെയ്യാനിറങ്ങുന്നവരുടെ ജീവിതം പറയുന്ന രക്തരൂക്ഷിതമായ കഥയുമായെത്തുന്ന 'ചാവേറി'ലെ ചടുലമായ ദൃശ്യങ്ങളുമായാണ് ഗാനം ഇറങ്ങിയിരിക്കുന്നത്. ഹരീഷ് മോഹനന്‍ എഴുതിയിരിക്കുന്ന വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസാണ് ത്രസിപ്പിക്കുന്ന സംഗീതം നല്‍കിയിരിക്കുന്നത്. ഗോവിന്ദ് വസന്ത, ബേബി ജീന്‍, സന്തോഷ് വര്‍മ്മ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബനേയും ആന്റണി വര്‍ഗ്ഗീസിനേയും അര്‍ജുന്‍ അശോകനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ടിനു പാപ്പച്ചന്‍ ഒരുക്കുന്ന ചിത്രം പാര്‍ട്ടിക്കുവേണ്ടി എന്തും ചെയ്യാന്‍ ഇറങ്ങി പുറപ്പെടുന്നവരുടെ ചോര മണക്കുന്ന ജീവിതം പറയുന്ന സിനിമയാണ്.

◾നെക്സോണിന് പിന്നാലെ സഫാരിയുടെയും ഹാരിയറിന്റെയും പുതിയ മോഡലുകളുമായി ടാറ്റ എത്തുന്നു. പുതിയ മോഡലിന്റെ ബുക്കിങ് ഒക്ടോബര്‍ 6 മുതല്‍ ആരംഭിക്കും. ഏറെ രൂപമാറ്റങ്ങളുമായി ഈ മാസം തന്നെ പുതിയ വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. പുതിയ മോഡലുകളുടെ ടീസര്‍ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. വലുപ്പം കൂടിയ ഗ്രില്‍, ഗ്രില്ലില്‍ ബോഡി കളേര്‍ഡ് ഇന്‍സേര്‍ട്ടുകള്‍, സ്പ്ലിറ്റ് ഹെഡ്‌ലാംപ് എന്നിയുണ്ട് സഫാരിയില്‍. ഹാരിയറിന്റെ മുന്‍ഭാഗം ടീസര്‍ വിഡിയോയില്‍ വെളിപ്പെടുത്തിയിട്ടില്ല. നെക്സോണിന് സമാനമായ കണക്റ്റിങ് ഡേടൈം റണ്ണിങ് ലാംപും ഇന്റഗ്രേറ്റഡ് ഇന്‍ഡിക്കേറ്ററുകളുമുണ്ട്. ഇരു എസ്യുവികള്‍ക്കും വ്യത്യസ്തമായി മുന്‍ഭാഗമായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്റീരിയറിലും ഏറെ മാറ്റങ്ങളുണ്ടാകും. നെക്സോണിനെപ്പോലെ വലുപ്പം കൂടിയ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും മികച്ച സീറ്റുകളും കൂടുതല്‍ ഫീച്ചറുകളും പ്രതീക്ഷിക്കാം. എന്‍ജിനില്‍ കാര്യമായ മാറ്റങ്ങള്‍ വരാന്‍ സാധ്യതയില്ല. രണ്ടു ലീറ്റര്‍ ഡീസല്‍ എന്‍ജിനും ആറ് സ്പീഡ് ഓട്ടമാറ്റിക്ക്, മാനുവല്‍ ഗിയര്‍ബോക്സുകള്‍ പ്രതീക്ഷിക്കാം.

◾അനാഥബാല്യങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന സങ്കടങ്ങളുടെയും അപമാനങ്ങളുടെയും നേര്‍പ്പകര്‍പ്പായ നോവല്‍. ഇതിലെ ഓരോ വരിയില്‍നിന്നുമുയരുന്ന നിലവിളികള്‍ ലോകത്തെമ്പാടുമുള്ള അശരണരായ കുഞ്ഞുങ്ങളുടെ മഹാവ്യസനമായി മാറുന്നു. ചിത്രകാരനും കഥാകൃത്തുമായ മുഖ്താര്‍ ഉദരംപൊയിലിന്റെ ആദ്യ നോവല്‍. 'പുഴക്കുട്ടി'. മുഖ്താര്‍ ഉദരംപൊയില്‍. മാതൃഭൂമി. വില 221 രൂപ.

◾ദിവസവും 30 മിനിറ്റ് ജോഗിംങ് ചെയ്യുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതെന്ന് വിദഗ്ധര്‍. പേശികളെ ശക്തിപ്പെടുത്താനും സ്റ്റാമിന മെച്ചപ്പെടുത്താനും കലോറി കത്തിക്കാനും ജോഗിംങ് ചെയ്യുന്നത് സഹായിക്കും. പതിവായി ജോഗിംങ് ചെയ്യുന്നത് ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തും. ദിവസവും 30 മിനിറ്റ് ജോഗിംങ് ചെയ്യുന്നത് ഹൃദയപേശികളെ ശക്തിപ്പെടുത്തുകയും രക്തചംക്രമണം വര്‍ധിപ്പിക്കുകയും ചെയ്തുകൊണ്ട് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും. കലോറി എരിച്ചുകളയാനും ആരോഗ്യകരമായ ഭാരം നിലനിര്‍ത്താനുമുള്ള ഫലപ്രദമായ മാര്‍ഗമാണ് ജോഗിംങ്. 30 മിനിറ്റ് മിതമായ വേഗതയില്‍ ഓടുന്നത് ഏകദേശം 300-400 കലോറി കത്തിക്കാന്‍ സഹായിക്കും. അതുവഴി വണ്ണം കുറയ്ക്കാനും കഴിയും. ജോഗിംങ് ദഹനത്തെ മെച്ചപ്പെടുത്താനും മലബന്ധം, ദഹന പ്രശ്നങ്ങള്‍ എന്നിവയുടെ ലക്ഷണങ്ങളില്‍ നിന്ന് മോചനം നേടാനും സഹായിക്കും. എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാനും ജോഗിംങ് സഹായിക്കും. സ്ട്രെസ് കുറയ്ക്കാനും വിഷാദത്തിന്റെ ലക്ഷണങ്ങളെ നിയന്ത്രിക്കാനുമൊക്കെ ജോഗിംങ് ചെയ്യുന്നത് ഗുണം ചെയ്യും. പതിവായി ജോഗിംങ് ചെയ്യുന്നത് നിങ്ങളുടെ സ്റ്റാമിന കൂട്ടാനും, മൊത്തത്തിലുള്ള നിങ്ങളുടെ ഊര്‍ജവും ആരോഗ്യവും സംരക്ഷിക്കാനും സഹായിക്കും. പതിവായി ജോഗിംങ് ചെയ്യുന്നത് നല്ല ഉറക്കം ലഭിക്കാനും സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. സ്ഥിരമായി ജോഗിംങ് ചെയ്യുന്നത് നിങ്ങളുടെ ശ്വാസകോശത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. ദിവസവും 30 മിനിറ്റ് ജോഗിംങ് ചെയ്യുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഗുണം ചെയ്യും. ജോഗിംങ് ചെയ്യുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൈപ്പര്‍ടെന്‍ഷനെ നിയന്ത്രിക്കാനും സഹായിക്കും.