പ്രഭാത വാർത്തകൾ 2023 | ഒക്ടോബർ 4 | ബുധൻ

◾ഓണ്‍ ലൈന്‍ മീഡിയ ന്യൂസ്‌ക്ലിക്കിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുര്‍ കായസ്തയെ അറസ്റ്റു ചെയ്തു. യുഎപിഎ ചുമത്തിയാണ് അറസ്റ്റ്. ന്യൂസ് ക്ലിക്കിന്റെ ഓഫീസ് ഡല്‍ഹി പോലീസ് സീല്‍ ചെയ്തു. എച്ച് ആര്‍ മേധാവി അമിത് ചക്രവര്‍ത്തിയും അറസ്റ്റിലായി. മാധ്യമ പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ് നടത്തി ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തതിനു പിറകെയാണ് ഓഫീസ് അടച്ചപൂട്ടി എഡിറ്ററെ അറസ്റ്റു ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ നിശിതമായി വിമര്‍ശിച്ചിരുന്ന ന്യൂസ് ക്ലിക്കിന് ചൈനയുടെ സഹായത്തോടെ കോടീശ്വരനായ നെവില്‍ റോയ് സിംഗമാണ് പണം നല്‍കുന്നതെന്നാണ് ആരോപണം.

◾കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ പ്രൊഫഷണല്‍ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി. കേരള സര്‍വകലാശാല ഇന്നു നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. തിരുവനന്തപുരം ജില്ലയില്‍ ഇന്നും നാളെയും നടത്താനിരുന്ന പിഎസ് സി പരീക്ഷകള്‍ മാറ്റി. ജയില്‍ വകുപ്പ് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ തസ്തികയിലേക്കുള്ള കായികക്ഷമതാ പരീക്ഷയാണു മാറ്റിയത്. പുതിയ തിയ്യതി പിന്നീട് അറിയിക്കും.

◾ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരേ ആരോപണമുയര്‍ന്ന നിയമനത്തട്ടിപ്പു കേസില്‍ വ്യാജ നിയമന ഉത്തരവുണ്ടാക്കിയതിനു കോഴിക്കോട്ടെ അഭിഭാഷകന്‍ റഹീസ് അറസ്റ്റില്‍. രാവിലെ മുതല്‍ റഹീസിനെ ചോദ്യം ചെയ്തു വരികയായിരുന്നു. ആരോപണം ഉന്നയിച്ച ഹരിദാസനും പ്രതികളായ അഖില്‍ സജീവും ലെനിന്‍ രാജുവും ഒളിവിലാണ്. എഐഎസ്എഫ് മലപ്പുറം ജില്ലാ നേതാവായിരുന്ന കെ.പി. ബാസിതിനെ ചോദ്യം ചെയ്തു വിട്ടയച്ചു.

◾അതിദാരിദ്ര്യം ഇല്ലാതാക്കിയ സംസ്ഥാനമാക്കി 2025 നവംബര്‍ ഒന്നോടെ കേരളത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം ബോള്‍ഗാട്ടി പാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ മേഖലാതല യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

◾വധശ്രമക്കേസില്‍ പത്തുവര്‍ഷത്തെ തടവുശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്യാത്തതിനാല്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ലോക്സഭാംഗത്വം ത്രിശങ്കുവില്‍. മുഹമ്മദ് ഫൈസലിനെ അയോഗ്യനായി പ്രഖ്യാപിച്ചേക്കും.

◾കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപകര്‍ക്ക് ഒരു രൂപ പോലും നഷ്ടമാകില്ലെന്ന് സഹകരണ മന്ത്രി വി എന്‍ വാസവന്‍. നിക്ഷേപകര്‍ക്ക് എത്രയും വേഗം പണം തിരികെ നല്‍കുമെന്ന് മന്ത്രി ആവര്‍ത്തിച്ചു.. അമ്പതിനായിരം രൂപ വരെയുള്ള നിക്ഷേപം പൂര്‍ണമായും കൊടുക്കും. ഉത്തരവാദികളില്‍നിന്ന് പണം തിരിച്ചു പിടിക്കുമെന്നും മന്ത്രി അറിയിച്ചു.

◾സിപിഎം നേതാക്കള്‍ പ്രതികളായ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസും ബിജെപി നേതാക്കള്‍ പ്രതികളായ കൊടകര കുഴല്‍പ്പണക്കേസും തമ്മില്‍ ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. കുഴല്‍പ്പണക്കേസിലെ അന്വേഷണം യഥാര്‍ത്ഥ പ്രതികളിലേക്കു പോയില്ല. കാരണം പണത്തിന്റെ സ്രോതസ്സ് കുട്ടനെല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കാണ്. ഈ ബാങ്ക് കേന്ദ്രീകരിച്ചു വന്‍തോതില്‍ വായ്പാ തിരിമറി നടന്നിട്ടുണ്ടെന്നും സതീശ് കുമാറിന് പങ്കുണ്ടെന്നും അനില്‍ അക്കര ആരോപിച്ചു.

◾ലോക് താന്ത്രിക് ജനതാദള്‍ ഈ മാസം 12 ന് രാഷ്ട്രീയ ജനതാദളില്‍ ലയിക്കും. കോഴിക്കോട് സരോവരം ട്രേഡ് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ ആര്‍ജെഡി പ്രസിഡന്റും ബിഹാര്‍ മുന്‍മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് എന്നിവര്‍ പങ്കെടുക്കുമെന്ന് ലോക് താന്ത്രിക് ജനതാദള്‍ നേതാവ് എം.വി. ശ്രേയംസ്‌കുമാര്‍ പറഞ്ഞു.

◾കോടിയേരി ബാലകൃഷ്ണന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിക്കാത്തതിന്റെ സങ്കടം അദ്ദേഹത്തിന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ തുറന്നു പറഞ്ഞതിനു പിറകേ, അവരുടെ സഹോദരനെ ചീട്ടുകളി ചൂതാട്ടത്തിന് പിടികൂടിയതു യാദൃശ്ചികമാണോയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. കോടിയേരിയുടെ വിലാപയാത്ര തിരുവനന്തപുരത്ത് എത്തിക്കാതെ അട്ടിമറിച്ചതാരാണെന്നും രാഹുല്‍ ചോദിച്ചു.

◾കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം തിരുവനന്തപുരത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടെന്നും പാര്‍ട്ടി സമ്മതിച്ചില്ലെന്നും അമ്മ പറഞ്ഞെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് മകന്‍ ബിനിഷ് കോടിയേരി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണു പ്രതികരണം. അപവാദങ്ങളുമായി വന്ന് അമ്മയുടെ മനോനില തകര്‍ക്കരുതെന്ന് അപേക്ഷിക്കുന്നുവെന്നും ബിനീഷ് കുറിച്ചു.

◾ഇടുക്കിയിലെ കയ്യേറ്റം ഒഴിപ്പിക്കാനുള്ള ദൗത്യ സംഘത്തിലെ ഉദ്യോഗസ്ഥര്‍ വഴിവിട്ട കാര്യങ്ങള്‍ ചെയ്താല്‍ ജനങ്ങളെ അണിനിരത്തി എതിര്‍ക്കുമെന്നു സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എം എം മണി എം.എല്‍.എ. ജനങ്ങളെ കുടിയിറക്കാനല്ല ഉദ്യോഗസ്ഥര്‍ വരേണ്ടതെന്നും എം.എം മണി പറഞ്ഞു.

◾ഡല്‍ഹിയില്‍ ന്യൂസ് ക്ലിക്കിനെതിരെ നടന്ന റെയ്ഡ് തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള മുന്നറിയിപ്പാണെന്ന് ടെലഗ്രാഫ് എഡിറ്റര്‍ അറ്റ് ലാര്‍ജ് ആര്‍. രാജഗോപാല്‍. മുമ്പും ന്യൂസ് ക്ലിക്കിനെ കേന്ദ്രം ലക്ഷ്യം വച്ചിട്ടുണ്ട്. കര്‍ഷക സമര സമയത്ത് മികച്ച രീതിയില്‍ മാധ്യമ പ്രവര്‍ത്തനം ചെയ്തിനുള്ള പ്രതികാരമാണ് മാധ്യമ വേട്ടയെന്നും ആര്‍. രാജഗോപാല്‍ തൃശൂരില്‍ പറഞ്ഞു.

◾മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഐജി ലക്ഷ്മണിന് 10,000 രൂപ കോടതി പിഴ ചുമത്തി. ഹര്‍ജി സമര്‍പ്പിച്ച ശേഷം അഭിഭാഷകന്‍ തന്റെ അനുമതിയില്ലാതെ വിവാദ പരാമര്‍ശങ്ങള്‍ കൂട്ടിച്ചേര്‍ത്തതാണെന്ന് ആരോപിച്ച് ഹര്‍ജി പിന്‍വലിക്കാന്‍ നേരത്തെ ലക്ഷ്മണ്‍ അപേക്ഷിച്ചിരുന്നു.

◾ശാരീരിക ബുദ്ധിമുട്ടുകളുള്ള കുട്ടികളെ കായിക പരിശീലനത്തില്‍ പങ്കെടുക്കാന്‍ സ്‌കൂള്‍ പ്രധാന അധ്യാപകനോ കായിക അധ്യാപകനോ നിര്ബന്ധിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ആര്‍ത്തവ സംബന്ധമായ ബുദ്ധിമുട്ടുകള്‍ നേരിടുന്ന പെണ്‍കുട്ടി പിടി പിരീയഡില്‍ വിശ്രമിച്ചതിന്‍ അധ്യാപകന് ശാസിച്ചതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും ആക്ടിങ് ചെയര്‍പേഴ്സണ്‍ കെ ബൈജുനാഥ് ഉത്തരവിട്ടു.

◾മുട്ടില്‍ മരം മുറിക്കേസില്‍ സമരവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍. കര്‍ഷകര്‍ക്കെതിരേ പിഴ ശിക്ഷ ചുമത്തിയതിനെതിരേ സിപിഎം നാളെ വില്ലേജ് ഓഫീസ് മാര്‍ച്ച് നടത്താനിരിക്കെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടി.സിദ്ദീഖ് എംഎല്‍എയുടെ നേതൃത്വത്തില്‍ മുട്ടില്‍ സൗത്ത് വില്ലേജ് ഓഫീസിനു മുന്നില്‍ ഉപരോധ സമരം നടത്തി. കര്‍ഷകരില്‍ നിന്ന് പിഴ ഈടാക്കില്ലെന്ന ഉറപ്പ് ആവശ്യപ്പെട്ടായിരുന്നു ടി. സിദ്ദീഖ് എം.എല്‍.എയുടെ പ്രതിഷേധം.

◾ചീട്ടുകളി വലിയ കുറ്റമാണോയെന്ന ചോദ്യവുമായി ദുരന്തനിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി. പുകവലിയും ലോട്ടറി കച്ചവടവും കുറ്റകരമല്ലാത്ത നാട്ടില്‍, സര്‍ക്കാര്‍ തന്നെ ലോട്ടറി ചൂതാട്ടം നടത്തുന്ന നാട്ടില്‍ ചീട്ടു കളി ഇത്രവലിയ കുറ്റമാണോയെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. തിരുവനന്തപുരം ക്ലബില്‍ ഒമ്പതുപേരെ ചീട്ടുകളിച്ചതിനു പിടിച്ചതിനെ വിമര്‍ശിച്ചാണ് പ്രതികരണം.

◾വയനാട് തൃശിലേരിയില്‍ മാനിനെ പിടികൂടി അറുത്ത കേസില്‍ ഓടിരക്ഷപ്പെട്ട വനംവകുപ്പു വാച്ചര്‍ അടക്കം രണ്ടുപേര്‍ കീഴടങ്ങി. താത്കാലിക വനംവാച്ചര്‍ ചന്ദ്രന്‍, കുറുക്കന്‍മൂല സ്വദേശി റെജി എന്നിവരാണ് തോല്‍പ്പെട്ടി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡനു മുന്നില്‍ കീഴടങ്ങിയത്. കേസില്‍ നാലുപേര്‍ അറസ്റ്റിലായി.

◾പത്തനംതിട്ടയില്‍ ഉപജില്ലാ കായികമേളയില്‍ പങ്കെടുത്ത് മടങ്ങി വീട്ടിലെത്തിയ വിദ്യാര്‍ത്ഥി മരിച്ചു. പത്തനംതിട്ട അഴൂര്‍ സ്വദേശി വിഗ്നേഷ് മനു (15) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉടന്‍ കോഴഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പ്രമാടം നേതാജി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് വിഗ്നേഷ് മനു.

◾മലയാറ്റൂരില്‍ അമ്മാവന്‍ മരുമകനെ കുത്തിക്കൊന്നു. കടപ്പാറ സ്വദേശി ടിന്റോ ആണ് മരിച്ചത്. അമ്മയുടെ സഹോദരന്‍ ടോമിയെ പൊലീസ് അറസ്റ്റു ചെയ്തു. ടോമി ജോലി ചെയ്യുന്ന കടയിലെത്തി ആക്രമിച്ച ടിന്റോയെ കത്തിയെടുത്തു കുത്തുകയായിരുന്നു.

◾കോഴിക്കോട് പേരാമ്പ്ര - കുറ്റ്യാടി പാതയില്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ മധ്യവയസ്‌ക മരിച്ചു. മുതുവണ്ണാച്ച കൊടുവള്ളിപുറത്ത് കുഞ്ഞിക്കണ്ണന്റെ ഭാര്യ വിജയ (51) ആണ് മരിച്ചത്.

◾കാസര്‍കോട് കുമ്പളയിലെ കുറ്റിക്കാട്ടില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. മരിച്ച അബ്ദുല്‍ റഷീദിനെ മദ്യലഹരിയില്‍ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് സുഹൃത്ത് ഹബീബിനെ അറസ്റ്റു ചെയ്തു. ഇരുവരും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.

◾പാലക്കാട് കല്ലടിക്കോട് സാമ്പത്തിക തര്‍ക്കംമൂലം യുവാവിനെ തട്ടിക്കൊണ്ടുപോയി. കല്ലടിക്കോട് ചെരുളി സ്വദേശി ആഷിക്ക് (23) നെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അഞ്ചു പേരെ പൊലീസ് അറസ്റ്റു ചെയ്തു.

◾ഇരിങ്ങാലക്കുട മാര്‍ക്കറ്റ് റോഡില്‍ നിര്‍മ്മാണത്തിലുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയില്‍നിന്ന് വീണ് തൊഴിലാളി മരിച്ചു. മാള പൊയ്യ സ്വദേശി പഴയില്ലത്ത് വിപിന്‍(46) ആണ് മരിച്ചത്.

◾ന്യൂസ് ക്ലിക്കിനെതിരെ നടക്കുന്ന അന്വേഷ പരിധിയില്‍ സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ കൊണ്ടുവന്നേക്കും. ന്യൂസ് ക്ലിക്കിന് ഫണ്ട് നല്കിയെന്ന ആരോപണം നേരിടുന്ന വിദേശ വ്യവസായി നെവില്‍ റോയിയുടെ അടുപ്പക്കാരും കാരാട്ടും തമ്മിലുള്ള ഇമെയില്‍ സന്ദേശങ്ങള്‍ വിവാദമായിരുന്നു. വ്യക്തിപരമായ പരിചയത്തിന്റെ പേരിലുള്ള സന്ദേശങ്ങള്‍ മാത്രമെന്നാണ് കാരാട്ടിന്റെ പ്രതികരണം.

◾തെലങ്കാനയിലും ആന്ധ്ര പ്രദേശിലും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും കവികളുടെയും അഭിഭാഷകരുടെയും വീടുകളിലടക്കം 62 ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്. പ്രഗതിശീല കാര്‍മിക സമഖ്യ എന്ന തൊഴിലാളി അവകാശ സംഘടനയുടെ നേതാവ് ചന്ദ്രനരസിംഹുലുവിനെ അറസ്റ്റു ചെയ്തു.

◾തെലുങ്കാനയില്‍ മകന്‍ കെടിആറിനെ മുഖ്യമന്ത്രിയാക്കാന്‍ സഹായിക്കണമെന്ന് മുഖ്യമന്ത്രിയായ അച്ഛന്‍ കെസിആര്‍തന്നോട് ആവശ്യപ്പെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മകന്‍ കെടിആറിനെ അനുഗ്രഹിക്കണമെന്നും കെസിആര്‍ അപേക്ഷിച്ചു. രാജഭരണമല്ലെന്നായിരുന്നു കെസിആറിനോടു മറുപടി നല്‍കിയതെന്നും മോദി പറഞ്ഞു. നിസാമാബാദിലെ പൊതുറാലിയിലാണ് മോദി ഇങ്ങനെ പ്രസംഗിച്ചത്.

◾എന്‍ഡിഎയില്‍ ചേര്‍ന്ന് മുഖ്യമന്ത്രിയാകാന്‍ തങ്ങളെ പേപ്പട്ടി കടിച്ചിട്ടില്ലെന്ന് തെലങ്കാന വ്യവസായ മന്ത്രിയും മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകനുമായ കെ ടി രാമറാവു. എന്‍ഡിഎയില്‍നിന്നു പാര്‍ട്ടികള്‍ കൊഴിഞ്ഞു പോകുന്നതുമൂലം വിഭ്രാന്തി ബാധിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തനിക്കെതിരേ ആരോപണം ഉന്നയിക്കുന്നതെന്നും രാമറാവു പരിഹസിച്ചു.

◾ഡല്‍ഹിയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തി. ആളുകള്‍ പരിഭ്രാന്തരായി കെട്ടിടങ്ങളില്‍നിന്ന് ഇറങ്ങിയോടി. നാശനഷ്ടങ്ങളില്ല.

◾കന്യാകുമാരിയിലെ തിരുവട്ടാറിന് സമീപം ആറ്റുരില്‍ മഴയത്ത് വൈദ്യുതി പോയതു തോട്ടി ഉപയോഗിച്ചു ശരിയാക്കാന്‍ ശ്രമിച്ച വീട്ടിലെ മൂന്നു പേര്‍ ഷോക്കേറ്റു മരിച്ചു. മകന്‍ അശ്വിന്‍, സഹോദരി ആതിര, അമ്മ ചിത്ര എന്നിവരാണു മരിച്ചത്.

◾ത്രിപുരയില്‍ രണ്ടു സംഘടനകളെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ത്രിപുര, ഓള്‍ ത്രിപുര ടൈഗര്‍ ഫോഴ്സ് എന്നീ സംഘടനകളെയാണ് യുഎപിഎ ചുമത്തി നിരോധിച്ചത്.

◾പ്രമുഖ ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തിന് ഇടയാക്കിയത് അമിതമായ ഡയറ്റിംഗ് ആയിരുന്നെന്ന് ഭര്‍ത്താവും സിനിമാ നിര്‍മ്മാതാവുമായ ബോണി കപൂര്‍. 2018 ല്‍ ദുബൈയിലെ ഹോട്ടലിലെ ബാത്ത്ടബ്ബില്‍ കുളിക്കവേ, രക്തസമ്മര്‍ദം കുറഞ്ഞ് ബോധരഹിതയായി മുങ്ങിമരിക്കുകയായിരുന്നു. ശരീരസൗന്ദര്യം സംരക്ഷിക്കാന്‍ ഉപ്പും ഭക്ഷണവും വളരെ കുറച്ചതുമൂലം രക്തസമ്മര്‍ദം കുറയുകയും ബോധരഹിതയായി വീഴുകയും ചെയ്യാറുണ്ട്. അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു.

◾അമേരിക്കന്‍ ജനപ്രതിനിധി സഭ സ്പീക്കര്‍ കെവിന്‍ മെക്കാര്‍ത്തിയെ പുറത്താക്കി. 210 നെതിരെ 216 വോട്ടിനാണ് സ്പീക്കറെ പുറത്താക്കാനുള്ള പ്രമേയം സഭ അംഗീകരിച്ചത്. എട്ട് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ സ്പീക്കര്‍ക്കെതിരെ വോട്ടു ചെയ്തു. ഗവണ്‍മെന്റിന്റെ അടിയന്തിര ധനവിനിയോഗ ബില്‍ പാസാക്കാന്‍ സ്പീക്കര്‍ മെക്കാര്‍ത്തി ഡെമോക്രാറ്റ് അംഗങ്ങളുടെ പിന്തുണ തേടിയതില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിഷേധിച്ചിരുന്നു.

◾ഏഷ്യന്‍ ഗെയിംസിലെ വനിതകളുടെ 5000 മീറ്ററില്‍ പാരുള്‍ ചൗധരിയും വനിതകളുടെ ജാവലിന്‍ ത്രോയില്‍ അന്നു റാണിയും ഇന്ത്യക്കു വേണ്ടി സ്വര്‍ണം നേടി. ആദ്യമായാണ് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വേണ്ടി ഒരു വനിതാതാരം 5000 മീറ്ററില്‍ സ്വര്‍ണം നേടുന്നത്. 800 മീറ്ററില്‍ മലയാളിതാരം മുഹമ്മദ് അഫ്സല്‍ വെള്ളിമെഡല്‍ സ്വന്തമാക്കിയപ്പോള്‍ ഡെക്കാത്ത്‌ലണില്‍ തേജസ്വിന്‍ ശങ്കര്‍ ദേശീയ റെക്കോര്‍ഡോടെ വെള്ളി നേടി. ട്രിപ്പിള്‍ ജംപില്‍ പ്രവീണ്‍ ചിത്രവേലിനും 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വിദ്യ രാമരാജനും വെങ്കലമെഡല്‍. ഇതോടെ 15 സ്വര്‍ണവും 26 വെള്ളിയും 28 വെങ്കലവുമടക്കം ഇന്ത്യയുടെ മെഡല്‍ നേട്ടം 69 ആയി.

◾രാജ്യത്തെ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ ഇന്‍ഡെല്‍ മണിക്ക് റിസര്‍വ് ബാങ്കിന്റെ വിദേശ നാണയ വിനിമയ ലൈസന്‍സ് ലഭിച്ചു. അംഗീകൃത ഡീലര്‍ക്കുള്ള കാറ്റഗറി-2 അനുമതിയാണ് കമ്പനിക്ക് ലഭിച്ചത്. വിദേശത്തു താമസിക്കുന്ന ഇന്ത്യക്കാരുള്‍പ്പടെയുള്ളവര്‍ക്കും ടൂറിസ്റ്റുകള്‍ക്കും അനായാസം വിദേശ നാണയ വിനിമയ സൗകര്യം നല്‍കുന്ന സംവിധാനമാണിത്. ഇതനുസരിച്ച് ഇന്‍ഡല്‍ മണിയിലൂടെ വിദേശ നാണയ വിനിമയത്തിനു പുറമേ ട്രാവല്‍ മണി കാര്‍ഡുകള്‍ ഉപയോഗിക്കാനും. മാത്രമല്ല വിദേശ രാജ്യങ്ങളിലേക്കു പണം അയക്കാനും സാധിക്കും. രാജ്യത്ത് കറന്‍സി വിനിമയത്തിനുള്ള സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഈ ലൈസന്‍സ്. ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് സെക്ഷന്‍ 10 (1) പ്രകാരം റിസര്‍വ് ബാങ്ക് നല്‍കുന്ന അനുമതിയില്‍ വ്യാപാരേതര കറണ്ട് അക്കൗണ്ട് ഇടപാടുകളും വിദേശ നാണയ വിനിമയ എക്സ്ചേഞ്ച് സേവനങ്ങളും റിസര്‍വ് ബാങ്ക് അംഗീകരിക്കുന്ന ഇതര വിനിമയങ്ങളും നടത്തുന്നതിന് കമ്പനിക്ക് അധികാരമുണ്ടായിരിക്കും. റിസര്‍വ് ബാങ്കില്‍ നിന്ന് നേരിട്ട് അംഗീകൃത ഡീലര്‍ കാറ്റഗറി-2 ലൈസന്‍സ് ലഭിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയാണ് ഇന്‍ഡെല്‍മണി.

◾'ജയിലറി'ന്റെ വമ്പന്‍ വിജയത്തിന് ശേഷം രജനികാന്ത് നായകനായെത്തുന്ന പുതിയ ചിത്രത്തില്‍ രജനിക്ക് വില്ലനായി എത്തുന്നത് മലയാളത്തില്‍ നിന്നും സൂപ്പര്‍ താരം ഫഹദ് ഫാസില്‍. 'ജയ് ഭീം' എന്ന ചിത്രത്തിനു ശേഷം ടി. ജെ ജ്ഞാനവേലാണ് 'തലൈവര്‍ 170' എന്ന് ടാഗ് ലൈന്‍ കൊടുത്തിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'വിക്ര'ത്തിലെ അമീര്‍ ആയും മാരി സെല്‍വരാജിന്റെ 'മാമന്നനി'ലെ രത്നവേലായും തമിഴ് സിനിമ പ്രേക്ഷകര്‍ക്കിടയില്‍ വളരെ സ്വീകാര്യനായ നടനാണ് ഫഹദ് ഫാസില്‍. ചിത്രത്തില്‍ ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജയിലറിലെ സംഗീത സംവിധാനത്തിന് ശേഷം അനിരുദ്ധ് രവിചന്ദറാണ് തലൈവര്‍ 170 നും സംഗീതം നല്‍കുന്നത്. രജനിയെയും ഫഹദിനെയും കൂടാതെ മഞ്ജു വാര്യര്‍, ദുഷാര വിജയന്‍, ഋതിക സിംഗ്, റാണ ദഗുബാട്ടി തുടങ്ങീ വമ്പന്‍ താരനിരയാണ് ചിത്രത്തിന് വേണ്ടി അണിനിരക്കുന്നത്. ഒരു പൊലീസ് ഓഫീസറായാണ് ചിത്രത്തില്‍ രജനി എത്തുന്നത്.

◾രവി തേജയുടെ പാന്‍ ഇന്ത്യന്‍ ചിത്രം 'ടൈഗര്‍ നാഗേശ്വര റാവു' ട്രെയിലര്‍ എത്തി. ഇന്ത്യയിലെ ഏറ്റവും വലിയ കള്ളന്റെ കഥ എന്ന വിശേഷണത്തോടെയാണ് ചിത്രം എത്തുന്നത്. വംശിയാണ് സംവിധാനം. സംഗീതം ജി.വി. പ്രകാശ് കുമാര്‍. നടന്‍ സുദേവ് നായര്‍, ഹരീഷ് േപരടി എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ച അഭിഷേക് അഗര്‍വാള്‍ ആര്‍ട്സ് ആണ് നിര്‍മാണം. നൂപുര്‍ സനോണും ഗായത്രി ഭരദ്വാജുമാണ് നായികമാര്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ :അവിനാശ് കൊല്ലയാണ്, സംഭാഷണം: ശ്രീകാന്ത് വിസ്സ, കോ-പ്രൊഡ്യൂസര്‍: മായങ്ക് സിന്‍ഘാനിയ. ഒക്ടോബര്‍ 20-ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. ഛായാഗ്രഹണം: ആര്‍. മതി.

◾മെഴ്സിഡീസ് ബെന്‍സിന്റെ കരുത്തന്‍ ഹാച്ച്ബാക്ക് മമ്മൂട്ടിയുടെ ഏറ്റവും പുതിയ വാഹനം. ചുവപ്പു നിറത്തിലുള്ള മെഴ്സിഡീസ് ബെന്‍സ് എംഎംജി എ 45 എസ് 4മാറ്റിക്കാണ് മമ്മൂട്ടിയുടെ ഗാരിജിലെ ഏറ്റവും പുതിയ അതിഥി. പുതിയ വാഹനത്തില്‍ വിമാനത്താവളത്തിലേക്കു മമ്മൂട്ടി എത്തുന്ന വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മെയ്ബ ജിഎല്‍എസ് 600ന് ശേഷം മമ്മൂട്ടിയുടെ ഗാരിജിലെത്തുന്ന പുതിയ ബെന്‍സാണ് ഈ പെര്‍ഫോമന്‍സ് ഹാച്ച്ബാക്ക്. ബെന്‍സ് നിരയിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നായ എഎംജി എ45ല്‍ രണ്ടു ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. എക്ലാസ് ഹാച്ച്ബാക്കിന്റെ എഎംജി പതിപ്പാണ് ഇത്. പെര്‍ഫോമന്‍സ് അടിസ്ഥാനമായി നിര്‍മിച്ച കാറാണ് എംഎംജി എ 45 എസ്. 421 എച്ച്പി കരുത്തും 500 എന്‍എം ടോര്‍ക്കുമുണ്ട് ഈ വാഹനത്തിന്. നൂറു കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 3.9 സെക്കന്‍ഡ് മാത്രം മതി. ഉയര്‍ന്ന വേഗം മണിക്കൂറില്‍ 270 കിലോമീറ്റര്‍. ഏകദേശം 92 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

◾യാക്കോബ് എന്ന പിതാവിന്റെയും പന്ത്രണ്ട് പുത്രന്‍മാരുടെയും ഉദ്വേഗജനകമായ കഥയാണ് 'കിനാവ്'. പന്ത്രണ്ടില്‍ ഒരുവനായ ജോസഫ് കാണുന്ന കിനാവുകള്‍ ഓരോന്നായി പിന്നീട് യാഥാര്‍ത്ഥ്യമായിത്തീരുന്നു. പക്ഷേ, നന്മയുടെയും നിഷ്‌കളങ്കതയുടെയും പ്രതീകമായ ജോസഫിന് കിനാവുകളുടെ പേരില്‍ നേരിടേണ്ടിവന്നത് കടുത്ത പരീക്ഷണങ്ങളും തിക്താനുഭവങ്ങളുമായിരുന്നു. സ്വന്തം സഹോദരന്‍മാര്‍ അടിമയാക്കി വിറ്റതുവഴി പരദേശിയായിത്തീരേണ്ടിവന്നു ജോസഫിന്. എന്നാല്‍ തിന്മയ്ക്ക് താത്കാലിക വിജയമേയുള്ളൂവെന്നും ഒടുവില്‍ നന്മതന്നെ വിജയം നേടുമെന്നും ജോസഫിന്റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. ആകാംക്ഷാഭരിതമായ ഒട്ടനവധി മുഹൂര്‍ത്തങ്ങളിലൂടെ വായനക്കാരെ കടത്തിക്കൊണ്ടുപോകുന്ന വി.ജെ. ജയിംസിന്റെ അത്യുജ്ജ്വല സൃഷ്ടിയാണ് ബൈബിളില്‍നിന്ന് ഇതള്‍ വിരിഞ്ഞ കിനാവ് എന്ന ബാലസാഹിത്യ നോവല്‍. ഡിസി ബുക്സ്. വില 189 രൂപ.

◾പുണെ ആസ്ഥാനമായ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിച്ച മലേറിയ വാക്‌സീന് ലോകാരോഗ്യ സംഘടനയുടെ അനുമതി. കുട്ടികളിലെ മലേറിയ തടയാന്‍ ലോകത്തിലെ രണ്ടാമത്തെ വാക്‌സീനാണ് ഇതെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അറിയിച്ചു. ആര്‍21/ മെട്രിക്-എം എന്ന ഈ വാക്‌സീന്‍ എസ്‌ഐഐയും ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് വികസിപ്പിച്ചത്. യൂറോപ്യന്‍ ആന്‍ഡ് ഡവലപ്പിങ് കണ്‍ട്രീസ് ക്ലിനിക്കല്‍ ട്രയല്‍സ് പാര്‍ട്ട്ണര്‍ഷിപ്പിന്റെയും വെല്‍കം ട്രസ്റ്റിന്റെയും യൂറോപ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിന്റെയും പിന്തുണയോടെയായിരുന്നു വാക്‌സീന്‍ ഗവേഷണം. നാലു രാജ്യങ്ങളില്‍ നടന്ന പ്രീക്ലിനിക്കല്‍, ക്ലിനിക്കല്‍ ഘട്ട പരീക്ഷണങ്ങളില്‍ വാക്‌സീന്‍ സുരക്ഷിതവും കാര്യക്ഷമവുമാണെന്ന് തെളിഞ്ഞതോടെയാണ് ലോകാരോഗ്യ സംഘടനയുടെ അനുമതി. നൊവവാക്‌സിന്റെ അഡ്ജുവന്റ് സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയായിരുന്നു വാക്‌സീന്‍ നിര്‍മാണം. പ്രതിവര്‍ഷം 10 കോടി ഡോസ് മലേറിയ വാക്‌സീന്‍ നിര്‍മിക്കാനുള്ള ശേഷി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് ഉണ്ട്. അടുത്ത രണ്ടു വര്‍ഷം കൊണ്ട് ഇത് ഇരട്ടിയാക്കുമെന്ന് കമ്പനി അറിയിച്ചു. മെട്രിക് എമ്മിനുള്ള ലോകാരോഗ്യ സംഘടനയുടെ അംഗീകാരം മലേറിയയ്ക്കെതിരെയുള്ള പോരാട്ടത്തിലെ നാഴിക്കല്ലാണെന്ന് എസ്‌ഐഐ സിഇഒ അദാര്‍ പൂനാവാല പറഞ്ഞു. വൈകാതെ തന്നെ ഈ വാക്‌സീന് കൂടുതല്‍ അനുമതികള്‍ ലഭിക്കുമെന്നും അടുത്ത വര്‍ഷത്തോടെ ആഗോള വിപണിയില്‍ എത്തിക്കാനാകുമെന്നാണ് ' ലൈസന്‍സ് ഈ വാക്‌സീനുണ്ട്.