◾ഇന്നു സ്വകാര്യ ബസ് സമരം. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, ബസുകളില്‍ സീറ്റ് ബെല്‍റ്റും ക്യാമറയും നിര്‍ബന്ധമാക്കുന്ന ഉത്തരവു പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംസ്ഥാന വ്യാപക പണിമുടക്ക്.
◾കളമശേരി സ്ഫോടനത്തില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ മാത്രമാണു പ്രതിയെന്നു പോലീസ്. ബോംബുണ്ടാക്കാന്‍ പ്രതി 50 ഗുണ്ടുകള്‍ വാങ്ങിയിരുന്നു. യുഎപിഎ, സ്ഫോടക വസ്തു നിയമം, കൊലപാതകം, വധശ്രമം, ഗൂഡാലോചന തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രതിക്കെതിരേ ചുമത്തിയിട്ടുണ്ട്. ഇന്നു കോടതിയില്‍ ഹാജരാക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എ അക്ബര്‍.
◾കളമശേരി സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള 21 പേരില്‍ 16 പേര്‍ ഐസിയുവിലാണെന്നു മെഡിക്കല്‍ ബുള്ളറ്റിന്‍. മൂന്നു പേരുടെ നില ഗുരുതരം. പരിക്കേറ്റവരുടെ എല്ലാവരുടെയും ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
◾കണ്ണൂര്‍ കേളകത്തെ രാമച്ചിയില്‍ മാവോയിസ്റ്റുകള്‍ ആകാശത്തേക്കു വെടിയുതിര്‍ത്തു. ആറളം വന്യജീവി സങ്കേതത്തിനുള്ളിലെ കാട്ടിലൂടെ മൂന്നു വാച്ചര്‍മാര്‍ നടന്നുപോകുന്നതിനിടെ അഞ്ചു പേരടങ്ങുന്ന മാവോയിസ്റ്റുകള്‍ ആകാശത്തേക്ക് ആറു റൗണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ മൂന്നു വാച്ചര്‍മാരും ഓടിരക്ഷപ്പെടുകയായിരുന്നു.
◾അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കു സാധ്യത. ശ്രീലങ്കക്കും കോമറിന്‍ മേഖലക്കും മുകളിലുള്ള ചക്രവാത ചുഴിയുടെയും ബംഗാള്‍ ഉള്‍ക്കടലില്‍നിന്നും തെക്കേ ഇന്ത്യക്കു മുകളിലേക്കു വീശുന്ന കാറ്റിന്റെയും സ്വാധീനഫലമായി കേരളത്തില്‍ ഇന്ന് വ്യാപകമായ മഴ പെയ്യും.
◾ട്രാക്കില്‍ മരം വീണ് റെയില്‍വെ വൈദ്യുതി ലൈന്‍ തകരാറിലായതിനെതുടര്‍ന്ന് തൃശൂര്‍- ഷൊര്‍ണൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. രാത്രിയോടെ മരം നീക്കിയെങ്കിലും വൈദ്യുതി ലൈന്‍ തകരാറിലായതിനാല്‍ തൃശൂര്‍- ഷൊര്‍ണൂര്‍ റൂട്ടില്‍ ട്രെയിനുകള്‍ വൈകും.
◾പിണറായി സര്‍ക്കാരിനു മൗലിക ശക്തികളോട് മൃദു സമീപനമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ. കളമശ്ശേരി സ്ഫോടനത്തില്‍ നിക്ഷ്പക്ഷ അന്വേഷണം വേണമെന്നും നദ്ദ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എന്‍ഡിഎ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നദ്ദ.
◾കെപിസിസിയുടെ പ്രസിദ്ധീകരണ വിഭാഗമായ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് സമഗ്ര സാഹിത്യ സംഭാവനക്കായി ഏര്‍പ്പെടുത്തിയ പ്രഥമ പ്രിയദര്‍ശിനി സാഹിത്യ പുരസ്‌കാരം പ്രമുഖ കഥാകൃത്ത് ടി പത്മനാഭന്. ജൂറി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ലക്ഷം രൂപയും ആര്‍ട്ടിസ്റ്റ് ബിഡി ദത്തന്‍ രൂപകല്‍പന ചെയ്ത ശില്പവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
◾കളമശേരി ബോംബ് സ്ഫോടന കേസില്‍ വിവാദ പരമാര്‍ശം നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അടക്കമുള്ളവര്‍ക്കെതിരെ കെപിസിസി ഡിജിപിക്കു പരാതി നല്‍കി. സെബാസ്റ്റ്യന്‍ പോള്‍, ബിജെപി നേതാവ് സന്ദീപ് വാര്യര്‍, റിവ ഫിലിപ്പ് എന്നിവര്‍ മതസ്പര്‍ദ്ധയുണ്ടാക്കുന്ന പ്രസ്താവന നടത്തിയെന്നാണ് പരാതി.
◾കളമശേരി സ്ഫോടനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞതില്‍ വിദ്വേഷമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'മറ്റവരെ മെല്ലെ സഹായിക്കണം എന്ന തോന്നലോടെ കോണ്‍ഗ്രസുകാരുടെ കളിയാണ് എംവി ഗോവിന്ദനെതിരെ നടക്കുന്നത്.' പിണറായി പറഞ്ഞു. സുരേഷ് ഗോപിയുടെ പെരുമാറ്റം ശരിയല്ലാത്തതിനാലാണു ക്ഷമ ചോദിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾ജനങ്ങള്‍ ദുരിതത്തില്‍ കഴിയുമ്പോള്‍ നവകേരള സദസിന് 42 കോടിയും കേരളീയം പരിപാടിക്ക് 27 കോടിയും ചെലവഴിക്കുന്നത് കേരളം കണ്ട ഏറ്റവും വലിയ ധൂര്‍ത്താണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സര്‍ക്കാരും പാര്‍ട്ടിയും ഒറ്റക്കെട്ടായിട്ടാണ് ജനത്തെ പിഴിഞ്ഞെടുക്കുന്നത്. സഹികെട്ട ജനം നവകേരള സദസിലേക്ക് പത്തലുമായി എത്തിയാല്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
◾ആലുവയില്‍ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ നവംബര്‍ നാലിന് വിധി. 26 ദിവസം കൊണ്ടാണ് എറണാകുളം പോക്സോ കോടതി വിചാരണ പൂര്‍ത്തിയാക്കിയത്. ജൂലൈ 28 നാണ് അഞ്ചു വയസുകാരി കൊല്ലപ്പെട്ടത്. ബിഹാര്‍ സ്വദേശി അസ്ഫാക് ആലമാണ് പ്രതി.
◾ബസ് ജീവനക്കാരനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് കണ്ണൂരിലെ സ്വകാര്യ ബസ് ജീവനക്കാര്‍ നടത്തിയ സമരം പിന്‍വലിച്ചു. തലശ്ശേരിയില്‍ ബസ് ഉടമകളും പോലീസും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
◾നാളെ മുതല്‍ ഏഴുവരെ കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. കേരളീയത്തിന്റെ മുഖ്യവേദികളുള്ള വെള്ളയമ്പലം മുതല്‍ ജി.പി.ഒ. വരെ കെ.എസ്.ആര്‍.ടി.സി. ഇലക്ട്രിക് ബസുകളില്‍ സൗജ്യനയാത്ര ഒരുക്കും. ഇതിനായി 20 ഇലക്ട്രിക് സ്വിഫ്റ്റ് ബസുകള്‍ സ്ജ്ജമാക്കിയിട്ടുണ്ട്.
◾കേരളീയത്തിനു വമ്പന്‍ ഭക്ഷ്യമേളയും. രണ്ടായിരം തനത് വിഭവങ്ങളുണ്ടാകും. കേരളീയം ഫുഡ്ഫെസ്റ്റ് ഗ്രാന്‍ഡ് മെനു കാര്‍ഡ് ലാകത്തിലെ തന്നെ ഏറ്റവും വലിയ മെനു കാര്‍ഡാണ്. ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ സംഗീത സംവിധായകന്‍ എം ജയചന്ദ്രന് കൈമാറിയാണ് ഗ്രാന്‍ഡ് മെനു കാര്‍ഡ് പുറത്തിറക്കിയത്. 25 അടി നീളവും 10 അടി വീതിയുള്ളതാണു മെനു കാര്‍ഡ്. കേരള മെനു അണ്‍ലിമിറ്റഡ് എന്ന ടാഗ് ലൈനോടെയുള്ള മെനു കാര്‍ഡ് സ്‌കാന്‍ ചെയ്താല്‍ എവിടെ, എന്തു വിഭവം കിട്ടുമെന്ന് അറിയാം. മാനവീയം വീഥി മുതല്‍ കിഴക്കേക്കോട്ട വരെയുള്ള 11 വേദികളിലാണ് ഭക്ഷ്യമേള.
◾എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ കംപ്യൂട്ടര്‍ ഹാക്ക് ചെയ്തെന്ന് പരാതി. കംപ്യൂട്ടറിലെ എല്ലാ ആപ്പുകളുടെയും യൂസര്‍ നെയിമും പാസ്വേര്‍ഡും ഇ-മെയില്‍ വിലാസങ്ങളും ഹാക്കര്‍മാര്‍ ചോര്‍ത്തി. നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ കെ.ജി പ്രതാപ ചന്ദ്രന്റെ പരാതിയില്‍ ഐടി ആക്ട് പ്രകാരം പൊലീസ് കേസെടുത്തു.
◾കേരളത്തിലേക്കു മയക്കുമരുന്ന് കടത്തുന്ന കേസിലെ മുഖ്യപ്രതിയായ സുഡാന്‍ പൗരനെ കൊല്ലം പൊലീസ് അറസ്റ്റു ചെയ്തു. ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്ക് മരുന്നു മാഫിയ തലവനായ റാമി ഇസുല്‍ദീന്‍ ആദം അബ്ദുല്ലയാണ് പിടിയിലായത്.
◾പാലക്കാട് ചാലിശ്ശേരി പെരുമണ്ണൂരില്‍ യുവതി മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി മരിച്ചു. പെരുമണ്ണൂര്‍ സുരഭി നിവാസില്‍ സിന്ധു എന്ന 49 കാരിയാണ് മരിച്ചത്.
◾ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ സെക്ഷന്‍ ഓഫീസര്‍ അങ്കമാലി വേങ്ങൂര്‍ സ്വദേശി ഈട്ടുരുപ്പടി റെജി (51) ആണ് അറസ്റ്റിലായത്.
◾മരുമകനെ മര്‍ദിച്ചതിന് കാഞ്ഞങ്ങാട് നഗരസഭാ വൈസ് ചെയര്‍മാന്‍ അബ്ദുല്ലക്കെതിരെ നരഹത്യാ ശ്രമത്തിനു കേസ്. മകളുടെ ഭര്‍ത്താവ് ഷാഹുല്‍ ഹമീദിനെ ആക്രമിച്ചെന്ന പരാതിയിലാണ് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്. അബ്ദുല്ലയെ മര്‍ദ്ദിച്ചതിന് മകളുടെ ഭര്‍ത്താവിനെതിരേയും കേസുണ്ട്.
◾കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് മതവിദ്വേഷം വളര്‍ത്തിയതിന് കോഴഞ്ചേരി സ്വദേശി റിവ തോലൂര്‍ ഫിലിപ്പിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
◾ഗുരുവായൂര്‍ - ചെന്നൈ എഗ്മോര്‍ എക്സ്പ്രസില്‍ കന്യാകുമാരി സ്വദേശി അമല്‍രാജ് എന്ന മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ട കേസിലെ മൂന്നു പ്രതികള്‍ക്കും ജീവപര്യന്തം തടവും ഒരുലക്ഷം രൂപ വീതം പിഴയും ശിക്ഷ 2014 ലായിരുന്നു കേസിനാസ്പദമായ സംഭവം.
◾പെരുമ്പിലാവ് കല്ലുംപുറത്ത് യുവതിയെ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു. കല്ലുംപുറം സ്വദേശി പുത്തന്‍പീടികയില്‍ സൈനുല്‍ ആബിദിന്റെ ഭാര്യ സബീന (25)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സബീനയുടെ ഭര്‍ത്താവ് ആബിദ് മലേഷ്യയിലാണ്.
◾സോഷ്യല്‍ മീഡിയയിലെ അശ്ലീല ഉള്ളടക്കങ്ങള്‍ ലൈക്ക് ചെയ്യുന്നത് കുറ്റമല്ലെന്ന് അലഹബാദ് ഹൈക്കോടതി. എന്നാല്‍ അവ പ്രസീദ്ധികരിക്കുന്നതും റീപോസ്റ്റ് ചെയ്യുന്നതും കുറ്റമാണെന്ന് കോടതി പറഞ്ഞു.
◾മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഏപ്രില്‍ മാസത്തിലും അരവിന്ദ് കെജ്രിവാളിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു.
◾തെലങ്കാനയില്‍ ബി.ആര്‍.എസ്. എം.പിക്കു കുത്തേറ്റു. വോട്ടഭ്യര്‍ത്ഥിക്കുന്നതിനിടെ ഹസ്തദാനം നല്‍കാനെന്ന വ്യാജേന എത്തിയ ആള്‍ സ്ഥാനാര്‍ത്ഥിയായ എംപിയെ കുത്തുകയായിരുന്നു. ദുബ്ബാക്ക മണ്ഡലത്തിലെ സ്ഥാനാര്‍ഥിയും മേധക്ക് എം.പിയുമായ കോത്ത പ്രഭാകര്‍ റെഡ്ഡിയെയാണു കുത്തിയത്. അക്രമിയെ ബി.ആര്‍.എസ്. പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചവശനാക്കിയാണ് പൊലീസിലേല്‍പ്പിച്ചത്.
◾ബംഗളൂരുവിലെ വീരഭദ്ര നഗറിലെ സ്വകാര്യ ബസ് ഡിപ്പോയില്‍ തീപിടിത്തം. 18 ബസുകള്‍ കത്തി നശിച്ചു. ഫയര്‍ഫോഴ്സ് യൂനിറ്റുകള്‍ എത്തിച്ചശേഷം മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
◾റഷ്യന്‍ വിമാനത്താവളത്തില്‍ ഇസ്രയേലി യാത്രക്കാര്‍ക്കുനേരെ ആക്രമണവുമായി ജനക്കൂട്ടം. നൂറു കണക്കിന് ആളുകള്‍ ഇസ്രയേല്‍ വിരുദ്ധ മുദ്രാവാക്യങ്ങളുമായി ഇരച്ചുകയറിയതോടെ വിമാനത്താവളം അടച്ചു. ഇസ്രായേലിലെ ടെല്‍ അവീവില്‍നിന്നുള്ള വിമാനം റഷ്യയിലെ ഡാഗ്സ്റ്റന്‍ വിമാനത്താവളത്തില്‍ ഇറങ്ങിയതോടെയാണ് ജനം വിമാനത്താവളത്തിലേക്ക് ഇരച്ചുകയറിയത്.
◾ഒക്ടോബര്‍ ഏഴിന് ഹമാസ് തട്ടിക്കൊണ്ടുപോയ ജര്‍മ്മന്‍ വനിത ഷാനി ലൂക്ക് കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍. മൃതദേഹം ഗാസയില്‍ നിന്നാണ് ഇസ്രായേല്‍ സൈന്യം കണ്ടെത്തിയത്. ടാറ്റൂ കലാകാരിയായ ഷാനി ലൂക്കിനെ അബോധാവസ്ഥയില്‍ അര്‍ദ്ധനഗ്നയായി പിക്കപ്പ് ട്രക്കില്‍ കെട്ടിയിട്ട് പര്യടനം നടത്തിയ വീഡിയോ നേരത്തെ പ്രചരിച്ചിരുന്നു.
◾ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ അഫ്ഗാനിസ്ഥാന് വീണ്ടും അട്ടിമറി വിജയം. ഇന്നലെ നടന്ന മത്സരത്തില്‍ മുന്‍ ലോക ചാമ്പ്യന്‍മാരായ ശ്രീലങ്കയെ ഏഴ് വിക്കറ്റിനാണ് അഫ്ഗാനിസ്താന്‍ തോല്‍പിച്ചത്. ശ്രീലങ്ക ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാന്‍ 45.2 ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. ഈ ജയത്തോടെ 3 കളികളില്‍ ജയിച്ച അഫ്ഗാനിസ്ഥാന്‍ പോയിന്റ് പട്ടികയില്‍ ശ്രീലങ്കയെ പിന്തള്ളി ആറ് പോയിന്റോടെ അഞ്ചാം സ്ഥാനത്തെത്തി. അതേ സമയം നാലാമത്തെ തോല്‍വിയോടെ ശ്രീലങ്കയുടെ സെമി സാധ്യതകള്‍ക്ക് മങ്ങലേറ്റു.
◾2023 ലെ ബാലണ്‍ ദ്യോര്‍ പുരസ്‌കാരം ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിക്ക്. അര്‍ജന്റീനിയന്‍ താരമായ മെസിയുടെ എട്ടാമത്തെ ബാലണ്‍ ദ്യോറാണിത്. സ്‌പെയിനിന്റെ മധ്യനിരതാരം ഐതാന ബോണ്‍മാറ്റിയാണ് മികച്ച വനിതാ താരം.
◾ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര ഷോപ്പിംഗ് മാള്‍ മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ജിയോ വേള്‍ഡ് പ്ലാസ 2023 നവംബര്‍ 1 ന് മുംബൈയില്‍ തുറക്കും. പ്രശസ്തമായ ബാന്ദ്ര കുര്‍ള കോംപ്ലക്സില്‍ 7,50,000 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന ഈ ഷോപ്പിംഗ് മാള്‍ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ആഡംബര ബ്രാന്‍ഡുകളുടെ മുന്‍നിര സ്റ്റോറുകളുമായാണ് എത്തുന്നത്. ഫൈന്‍-ഡൈനിംഗ് റെസ്റ്റോറന്റുകളുടെ വലിയൊരു നിരയും ജിയോ വേള്‍ഡ് പ്ലാസയിലുണ്ടാകും. ബുള്‍ഗരി, കാര്‍ട്ടിയര്‍, ലൂയി വുട്ടോണ്‍, വെര്‍സാഷേ, വലന്റിനോ, മനിഷ് മല്‍ഹോത്ര, പോട്ട്‌റി ബാണ്‍ എന്നിവയുള്‍പ്പെടെ നിരവധി ആഡംബര ബ്രാന്‍ഡുകളുടെ സ്റ്റോറുകള്‍ ജിയോ വേള്‍ഡ് പ്ലാസയിലുണ്ടാകും. ഇന്ത്യന്‍ വിപണിയില്‍ ബുള്‍ഗരി എന്ന ഇറ്റാലിയന്‍ ആഡംബര ബ്രാന്‍ഡിന്റെ ആദ്യവരവാണിത്. നിലവില്‍ ഡി.എല്‍.എഫ് എംപോറിയോ, ദി ചാണക്യ, യു.ബി സിറ്റി, ഫീനിക്‌സ് പലാഡിയം എന്നിവ ഉള്‍പ്പെടുന്ന ഏതാനും ആഡംബര ഷോപ്പിംഗ് മാളുകളാണ് ഇന്ത്യയിലുള്ളത്. 2023ല്‍ ഇതുവരെ ഇന്ത്യയുടെ ആഡംബര ഉല്‍പ്പന്ന വിപണിയിലെ വരുമാനം 65,000 കോടി രൂപയിലെത്തി. വിപണി പ്രതിവര്‍ഷം 1.38% വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് ആഡംബര വാച്ചുകളും ആഭരണങ്ങളുമാണ് പ്രധാനമായും ഈ വിഭാഗത്തെ പ്രതിനിധീകരിക്കുന്നത്. ഇവയുടെ മാത്രം വില്‍പ്പന 2023ല്‍ 19,000 കോടി രൂപ വരും. 2023 അവസാനത്തോടെ മൊത്തം ആഡംബര വിപണി വരുമാനത്തിന്റെ 2.3% ഓണ്‍ലൈന്‍ വില്‍പ്പനയിലൂടെയായിരിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.
◾ലാലു അലക്സ് പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് 'ഇമ്പം'. ദീപക് പറമ്പോലും വേഷമിടുന്ന ഇമ്പത്തിന്റെ സംവിധാനം ശ്രീജിത്ത് ചന്ദ്രനാണ്. ഒക്ടോബര്‍ 27ന് പ്രദര്‍ശനത്തിനെത്തിയ ഇമ്പം സിനിമയിലെ പുതിയ ഗാനം പുറത്തുവിട്ടു. 'തൂവാനമാകെ' എന്ന മനോഹമായ ഗാനം ചിത്രത്തിനായി പാടിയത് ഹിഷാം അബ്ദുള്‍ വഹാബും പി എസ് ജയഹരിയും മീനാക്ഷി എം എല്ലുമാണ്. വിനീത് ശ്രീനിവാസനു പുറമേ ദേശീയ അവാര്‍ഡ് ജേതാവ് അപര്‍ണ ബാലമുരളി, ശ്രീകാന്ത് ഹരിഹരന്‍, സിത്താര കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിക്കുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്. ബ്രോ ഡാഡി എന്ന ചിത്രത്തിന് ശേഷം ലാലു അലക്സ് പ്രധാന വേഷത്തില്‍ എത്തുന്ന ഇമ്പത്തില്‍ മീര വാസുദേവ്, ദര്‍ശന സുദര്‍ശന്‍, ഇര്‍ഷാദ്, കലേഷ് രാമാനന്ദ്, ദിവ്യ എം നായര്‍, ശിവജി ഗുരുവായൂര്‍, നവാസ് വള്ളിക്കുന്ന്, വിജയന്‍ കാരന്തൂര്‍, മാത്യു മാമ്പ്ര, ഐ വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാല്‍ ജോസ്, ബോബന്‍ സാമുവല്‍ തുടങ്ങിയവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
◾കങ്കണയുടെ തേജസിന് വന്‍ തിരിച്ചടി. ബോക്സ് ഓഫീസില്‍ കങ്കണയുടെ പുതിയ ചിത്രം 'തേജസ്' തകര്‍ന്നു വീണിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. വന്‍ പ്രതീക്ഷയുമായി എത്തിയ കങ്കണയുടെ ചിത്രത്തിന് ഒരു ചലനവും ഉണ്ടാക്കാനായില്ല. തേജസിന് ആകെ 3.80 കോടിയാണ് ഇതുവരെ നേടാനായിട്ടുള്ളത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. സര്‍വേഷ് മേവരയാണ് തേജസിന്റെ സംവിധാനം. അന്‍ഷുല്‍ ചൗഹാനും വരുണ്‍ മിത്രയും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലുണ്ട്. ഹരി കെ വേദാനന്തമാണ് ഛായാഗ്രാഹണം. ശസ്വത് സച്ച്ദേവാണ് തേജസിന്റെ സംഗീതം. കങ്കണ നായികയാകുന്ന 'എമര്‍ജന്‍സി' എന്ന ചിത്രവും വൈകാതെ പ്രദര്‍ശനത്തിനെത്താനുണ്ട്. സംവിധാനവും കങ്കണയാണ് എന്ന പ്രത്യേകതയുണ്ട്. ടെറ്റ്സുവോ നഗാത്തയാണ് ഛായാഗ്രാഹണം. റിതേഷ് ഷാ കങ്കണയുടെ ചിത്രത്തിന്റെ തിരക്കഥ എഴുതുമ്പോള്‍ തന്‍വി കേസരി പശുമാര്‍ഥിയാണ് 'എമര്‍ജന്‍സി'യുടെ അഡിഷണല്‍ ഡയലോഗ്സ് ഒരുക്കുന്നത്.
◾സാഹസികത യാത്രികര്‍ ഏറെ ഇഷ്ടപ്പെടുന്നവയാണ് ഓഫ് റോഡ് യാത്രകള്‍. ഓഫ് റോഡ് യാത്രകള്‍ക്കായി നിരവധി തരത്തിലുള്ള വാഹനങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. യാത്രാ പ്രേമികളുടെ മനം കീഴടക്കാന്‍ പുതിയൊരു മോഡല്‍ സ്‌കൂട്ടര്‍ വിപണിയില്‍ എത്തിച്ചിരിക്കുകയാണ് തായ്വാന്‍ കമ്പനി. തായ്വാനിലെ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ഗൊഗോറോയാണ് ഓഫ് റോഡ് യാത്രകള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത സ്‌കൂട്ടര്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ക്രോസ് ഓവര്‍ എന്ന പേര് നല്‍കിയിരിക്കുന്ന ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ ഓണ്‍ റോഡിലും ഉപയോഗിക്കാനാകും. അള്‍ട്ടിമേറ്റ് ടൂവീലര്‍ എസ്യുവി എന്നാണ് കമ്പനി ഇവയെ വിശേഷിപ്പിക്കുന്നത്. 7.6 സണ ഇലക്ട്രിക് മോട്ടോറില്‍ നിന്നാണ് ഇവയ്ക്ക് പവര്‍ ലഭിക്കുന്നത്. ബ്രേക്ക് സിസ്റ്റം, ടെലസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്ക്, പിന്‍ഭാഗത്തായി ഡ്യുവല്‍ ഷോക്ക് അബ്സോര്‍ബര്‍ സെറ്റപ്പ് എന്നിവയെല്ലാം ഈ മോഡലിന്റെ പ്രധാന പ്രത്യേകതകളാണ്. എല്ലാ റൈഡ് ഡാറ്റയും ട്രാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് ആപ്പ് ഈ മോഡലിന് കമ്പനി നല്‍കിയിട്ടുണ്ട്. അതേസമയം, മൊത്തത്തിലുള്ള റൈഡിംഗ് റേഞ്ചും, ചാര്‍ജിംഗ് സമയവും ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
◾ജി ആര്‍ ഇന്ദുഗോപന്റെ പുതിയ നോവല്‍ 'ആനോ', നോവലിലെ ഓരോ സന്ദര്‍ഭങ്ങളുടെയും ചരിത്രരേഖയും പെയിന്റിങ്ങുകളും ബഹുവര്‍ണ്ണ ചിത്രങ്ങളോടെ രൂപകല്പന ചെയ്ത പ്രത്യേക പതിപ്പ് പ്രീബുക്ക് ചെയ്യുന്നവര്‍ക്ക് എഴുത്തുകാരന്റെ കയ്യൊപ്പോടു കൂടി സ്വന്തമാക്കാവുന്നതാണ്. മധ്യകാല ലോകചരിത്രത്തില്‍ ഏറ്റവും സജീവമായി പങ്കെടുത്ത മലയാളി ഒരു മനുഷ്യനല്ല, ഒരു ആനയാണ് എന്ന ആമുഖത്തോടെയാണ് പുസ്തകം പുറത്തിറങ്ങുന്നത്. 1509-ലെ ഡിയു യുദ്ധത്തില്‍ തലനാരിഴയ്ക്കാണ് കോഴിക്കോട് പരാജയപ്പെടുന്നത്. തുര്‍ക്കി, പഴയ ഈജിപ്ത്, ഗുജറാത്ത് ശക്തികളെ സംയോജിപ്പിച്ചുള്ള യുദ്ധം നമ്മുടെ ചരിത്രം ആഴത്തില്‍ പഠിക്കേണ്ട ആവേശകരമായ മുന്നേറ്റമായിരുന്നു. ഈ നോവല്‍ ആവുംവിധം അതിനെ ശ്രദ്ധിക്കുന്നുണ്ട്. അതില്‍ ജയിച്ചെങ്കില്‍ ഇന്ത്യയുടെ അധിനിവേശചരിത്രം ഒരുപക്ഷേ മാറിയേനെ. പിന്നീട് നാലര നൂറ്റാണ്ട് പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയില്‍ നിന്നെന്ന് ആലോചിക്കണം. ഈ യുദ്ധത്തില്‍ പൊന്നാനിയില്‍ നിന്ന് ശൈഖ് സൈനുദ്ദീന്റെ ആസൂത്രണവും എടുത്തുപറയണം. മലബാറിലും കൊച്ചിയിലും വന്ന പല യാത്രികരും ജീവനോടെയും അല്ലാതെയും നോവലില്‍ വരുന്നുണ്ട്. അവരുടെ കള്ളക്കഥകള്‍ വിചാരണ ചെയ്യപ്പെടുന്നുണ്ട്. പ്രത്യേകിച്ച് കോഴിക്കോട്ടെ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന അടിസ്ഥാനമില്ലാത്ത കള്ളക്കഥകളെ... നോവലിന്റെ പകുതിയിലേറെയും ലിസ്ബനിലും റോമിലുമാണ്. 'ആനോ'. ജി ആര്‍ ഇന്ദുഗോപന്‍. ഡിസി ബുക്സ്. വില 629 രൂപ.
◾പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങളുടെ ഫലമായി സാധാരണ കണ്ടുവരുന്ന രോഗങ്ങളാണ് പനി, ജലദോഷം, ചുമ തുടങ്ങിയ രോഗങ്ങള്‍. ആഴ്ചകളോളം നീണ്ട് നില്‍ക്കുമെന്നതിനാല്‍ ഇത്തരം രോഗങ്ങള്‍ക്ക് ചികിത്സ തേടാതെ മാര്‍ഗ്ഗവും ഇല്ല. എന്നാല്‍, തുടക്കത്തില്‍ തന്നെ വീട്ടു ചികിത്സ നല്‍കിയാല്‍ വളരെ വേഗം തന്നെ മാറാവുന്നതാണ് ഇത്തരം രോഗങ്ങള്‍. ജലദോഷം, ചുമ തുടങ്ങിയ നീര്‍ദോഷരോഗങ്ങള്‍ അകറ്റി നിര്‍ത്താനുള്ള ഒരു ഒറ്റമൂലിയാണ് തേന്‍. വൈറ്റമിനുകളാലും ആന്റി ഓക്‌സിഡന്റുകളാലും സമ്പന്നമാണ് തേന്‍. മാത്രമല്ല, ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ സി, ഡി, ഇ, കെ തുടങ്ങിയവയുടെയും ഉറവിടമാണ് തേന്‍. തേന്‍ ഒരിക്കലും ചൂടാക്കാന്‍ പാടില്ലെന്നാണ് ആയുര്‍വേദം പറയുന്നത്. തേനിന്റെ ഘടന മാറുമെന്നത് തന്നെയാണ് ഇതിന് കാരണം. തേനില്‍ നിരവധി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. അതിനാലാണ് തേന്‍ വര്‍ഷങ്ങളോളം കേടാകാതെ ഇരിക്കുന്നത്. ഔഷധഗുണങ്ങളാല്‍ സമൃദ്ധമായ തേന്‍ ചെറിയ മുറിവുകള്‍ ഉണക്കാന്‍ മുതല്‍ സൗന്ദര്യവര്‍ദ്ധകങ്ങളായി പോലും ഉപയോഗിക്കുന്നു. തേന്‍ രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ശ്വാസ സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുകയും ചെയ്യുന്നു. കുട്ടികള്‍ക്ക് ഒരു ടീസ്പൂണ്‍ ദിവസേന നല്‍കുന്നത് ചുമ, ജലദോഷം തുടങ്ങിയ രോഗങ്ങളില്‍ നിന്നും പരിരക്ഷ നല്‍കുന്നു.
*ശുഭദിനം*
അന്ന് അയാള്‍ക്ക് ധാരാളം സാധനങ്ങള്‍ വാങ്ങുവാനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ റെയില്‍വേ സ്റ്റേഷനിലെത്താന്‍ അയാള്‍ വൈകി. ഓടിക്കിതച്ച് ട്രെയിനില്‍ കയറിയതും ടെയിന്‍ നീങ്ങിത്തുടങ്ങി. ക്ഷീണം കൊണ്ട് അയാള്‍ പെട്ടെന്ന് തന്നെ ഉറങ്ങിപ്പോയി. കണ്ണ് തുറന്നപ്പോള്‍ എന്തോ ഒരു പന്തികേട്. ആള്‍ക്കാരോട് ചോദിച്ചപ്പോള്‍ ട്രെയിന്‍ മാറിപ്പോയി എന്ന് മനസ്സിലായി. അടുത്തസ്റ്റേഷന്‍ അന്വേഷിച്ചപ്പോല്‍ തൊട്ടടുത്തിരുന്നയാള്‍ പറഞ്ഞു: ഇത് നോണ്‍സ്‌റോപ്പ് ട്രെയിനാണ്. യാത്ര അവസാനിക്കുന്നത് നൂറ്റമ്പത് കിലോമീറ്റര്‍ അകലെയാണ്. താങ്കള്‍ പരിഭ്രമിക്കേണ്ടയാവശ്യമില്ല. ഇനിയുള്ള ഏകമാര്‍ഗ്ഗം ഈ യാത്ര ആസ്വദിക്കുക എന്നതാണ്. വണ്ടിമാറിക്കയറിയതുകൊണ്ട് ആഗ്രഹിച്ച കാഴ്ചകള്‍ നഷ്ടമായ ഒട്ടേറെപ്പേരുണ്ട്. ഓരോ ദിക്കിനും അതിന്റെതായ ലക്ഷണങ്ങളും പ്രത്യേകതകളുമുണ്ട്. അവ കാണണമെങ്കില്‍ അങ്ങോട്ട് തന്നെ യാത്ര ചെയ്യണം. ഓരോ നാല്‍ക്കവലയിലെത്തുമ്പോഴും നമ്മള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് ഇനിയെങ്ങോട്ട് പോകും എന്നുള്ളത്. എവിടെ എത്തിച്ചേരാനാണ് ആഗ്രഹം, ഏതൊക്കെ മാര്‍ഗ്ഗങ്ങളിലൂടെ അവിടെയെത്താം, എന്തൊക്കെ പ്രതിസന്ധികള്‍ അവിടെ നമ്മെ കാത്തിരിക്കുന്നുണ്ട്, തിരിച്ചുവരവിനു സാധ്യതയുണ്ടോ എന്നുള്ള ചോദ്യങ്ങളെല്ലാം ശരിയായതീരുമാനങ്ങളിലേക്കെത്താന്‍ നമ്മെ സഹായിക്കും. ഏതവസ്ഥയിലും പക്വമായ തീരുമാനങ്ങള്‍ എടുക്കാന്‍ നമുക്ക് സാധിച്ചാല്‍ യാത്രകള്‍ ലക്ഷ്യത്തിലെത്തുക തന്നെ ചെയ്യും. - *ശുഭദിനം.*