പ്രഭാത വാർത്തകൾ 2023 | ഒക്ടോബർ 3 | ചൊവ്വ |

◾ജയ്പൂരില്‍ പിടിയിലായ ഐഎസ് ഭീകരന്‍ ഷാനവാസും സംഘവും കേരളത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ഡല്‍ഹി പോലീസ്. കേരളത്തിലെ വനമേഖലയില്‍ താമസിച്ച ഷാനവാസും സംഘവും ഐഎസ് പതാകയോടെ എടുത്ത ചിത്രങ്ങള്‍ കണ്ടുകിട്ടി. അറസ്റ്റിലായ മൂന്നു പേരും ബിടെക്ക് ബിരുദധാരികളാണ്. കേരളത്തില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണു ചെയ്തതെന്നും ആരെല്ലാമായി ബന്ധപ്പെട്ടെന്നുമുള്ള വിവരങ്ങള്‍ ശേഖരിക്കുമെന്നും പോലീസ് വ്യക്തമാക്കി. കേരള പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

◾കൊവിഡ് വാക്സിന്‍ വകസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞര്‍ക്കു വൈദ്യശാസ്ത്ര നോബല്‍ സമ്മാനം. കോവിഡ് 19 എംആര്‍എന്‍എ വാക്സീന്‍ വികസിപ്പിച്ച ഗവേഷണത്തിനാണ് ഹംഗറി സ്വദേശി കാറ്റലിന്‍ കാരിക്കോയും അമേരിക്കക്കാരനായ ഡ്രീ വൈസ്മാനും പുരസ്‌കാര ജേതാക്കളായത്. ഇരുവരും പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ നടത്തിയ ഗവേഷണമാണ് രണ്ടു വര്‍ഷം ലോകത്തെ അടച്ചുപൂട്ടിച്ച കോവിഡ് വൈറസുകള്‍ക്കെതിരായ വാക്സിന്‍ കണ്ടെത്താന്‍ സഹായിച്ചത്.

◾മുഖ്യമന്ത്രി രാജ്ഭവനില്‍ എത്തി ഭരണ കാര്യങ്ങള്‍ വിശദീകരിക്കുന്നില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഒപ്പിടാത്ത ബില്ലുകളുടെ കാര്യവും മുഖ്യമന്ത്രി ചര്‍ച്ച ചെയ്തില്ല. മന്ത്രിമാരും ഉദ്യോഗസ്ഥരുമല്ല, മുഖ്യമന്ത്രിയാണ് തന്നോടു സംസാരിക്കേണ്ടത്. ഭരണഘടന ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ മുഖ്യമന്ത്രി പരാജയമാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ കുറ്റപ്പെടുത്തി.

◾ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരേ ആരോപണം ഉയര്‍ന്ന നിയമന കോഴക്കേസില്‍ അഖില്‍ സജീവിനെയും കോഴിക്കോട്ടെ അഭിഭാഷകനായ ലെനിനെയും പോലീസ് പ്രതി ചേര്‍ത്തു. വഞ്ചന, ആള്‍മാറാട്ടം എന്നീ വകുപ്പുകളാണു ചുമത്തിയത്. ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അഖില്‍ മാത്യുവിന്റെ പരാതിയിലാണ് നടപടി. ഹരിദാസനില്‍നിന്ന് ലെനിന്‍ അമ്പതിനായിരം രൂപയും അഖില്‍ സജീവ് ഇരുപത്തയ്യായിരം രൂപയുമാണു തട്ടിയെടുത്തതെന്നും ബാസിതിനെ പ്രതിയാക്കുന്ന കാര്യം പിന്നീടു തീരുമാനിക്കുമെന്നും പോലീസ് അറിയിച്ചു.

◾ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, ചെങ്ങന്നൂര്‍, കോട്ടയം ജില്ലയിലെ കോട്ടയം താലൂക്ക് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. ചങ്ങനാശേരി, വൈക്കം താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധിയാണ്. ശക്തമായ മഴയെത്തുടര്‍ന്ന് വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്.

◾കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് 21 ദിവസത്തിനകം പ്രശ്നപരിഹാരമില്ലെങ്കില്‍ കണ്ണൂര്‍ അടക്കം എല്ലായിടത്തും വലിയ പ്രതിഷേധം ഉണ്ടാകുമെന്നു സുരേഷ് ഗോപി. സഹകരണ മേഖലയിലെ കൊള്ളയ്ക്കും കള്ളപ്പണത്തട്ടിപ്പിനുമെതിരെ തൃശൂരില്‍ നടത്തിയ സഹകാരി സംരക്ഷണ പദയാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവങ്ങളുടെ ചോരപ്പണം തിരികെ കൊടുക്കുംവരെ സഹകരണ ബാങ്കുകള്‍ നിലനില്‍ക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പദയാത്ര ഉദ്ഘാടനം ചെയ്തു.

◾തിരുവനന്തപുരത്തെ പ്രധാന ക്ലബായ ട്രിവാന്‍ഡ്രം ക്ലബില്‍ പണംവച്ചു ചീട്ടുകളിച്ച പൊതുമേഖലാ സ്ഥാപനത്തിലെ എംഡിയും കോടിയേരിയുടെ ഭാര്യാ സഹോദരനുമായ എസ്.ആര്‍. വിനയകുമാര്‍ അടക്കം ഒമ്പതു പേര്‍ അറസ്റ്റില്‍. വിനയകുമാറിന്റെ പേരിലെടുത്ത മുറിയിലായിരുന്നു ചീട്ടുകളി. മുറിയില്‍ നിന്നും അഞ്ചര ലക്ഷത്തിലധികം രൂപയും പിടിച്ചെടുത്തു. അഷ്റഫ്, സീതാറാം, സിബി ആന്റണി, മനോജ്, വിനോദ്, അമല്‍, ശങ്കര്‍, ശിയാസ്, വിനയകുമാര്‍ എന്നിവരാണ് അറസ്റ്റിലായവര്‍.

◾ഇടുക്കിയില്‍ ബിജെപി അംഗത്വം സ്വീകരിച്ച വൈദികനെ സഭാ നേതൃത്വം പള്ളി വികാരി ചുമതലയില്‍നിന്ന് നീക്കം ചെയ്തു. ഇടുക്കി രൂപതയിലെ കൊന്നത്തടി പഞ്ചായത്ത് മങ്കുവ സെന്റ് തോമസ് പള്ളി വികാരി ഫാ. കുര്യാക്കോസ് മറ്റമാണ് പരസ്യമായി ബിജെപിയില്‍ ചേര്‍ന്നത്.

◾വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഈ മാസം എട്ടുവരെ സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലും പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. വാരാഘോഷത്തിന്റെ സമാപന സമ്മേളനം ഒക്ടോബര്‍ എട്ടാം തീയ്യതി കോഴിക്കോട് നടക്കും.

◾വയനാട് ജില്ലയിലെ തലപ്പുഴയില്‍ വീണ്ടും സായുധ മാവോയിസ്റ്റ് സംഘമെത്തി. കഴിഞ്ഞ ദിവസം മാവോയിസ്റ്റ് ആക്രമണമുണ്ടായ കമ്പമലയില്‍നിന്നു രണ്ടു കിലോമീറ്റര്‍ മാറി ചുങ്കം പൊയിലിലാണ് അഞ്ചംഗ സംഘമെത്തിയത്. വെളിയത്ത് വി.യു ജോണിയുടെ വീട്ടില്‍ രാത്രി ഏഴരയോടെ എത്തിയ സംഘം ലാപ്ടാപ് ചാര്‍ജ് ചെയ്തശേഷമാണ് മടങ്ങിയത്.

◾ഇടുക്കിയിലെ പാവപ്പെട്ടവരുടെ കൈയ്യേറ്റങ്ങളല്ല, വന്‍കിടക്കാരുടെ കൈയേറ്റങ്ങളാണ് ഒഴിപ്പിക്കേണ്ടതെന്ന് സിപിഐ ഇടുക്കി ജില്ല സെക്രട്ടറി കെ കെ ശിവരാമന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏതെങ്കിലും ഒരു വ്യക്തിക്കെതിരെ അല്ലെന്നും ശിവരാമന്‍ പറഞ്ഞു.

◾വന്യ മൃഗങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതു നിയന്ത്രിക്കാന്‍ നിയമ ഭേദഗതി കൊണ്ടുവരുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍. വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. തൃശൂര്‍ ജില്ലയുടെ മലയോര മേഖലയില്‍ 140 കിലോമീറ്റര്‍ ദൂരത്തില്‍ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന തൂക്കു വൈദ്യുത വേലി സ്ഥാപിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

◾കോഴിക്കോട് അനധികൃതമായി മദ്യം വില്‍പ്പന നടത്തിയ വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ റിമാന്റില്‍. കൊങ്ങന്നൂര്‍ ശിവഗംഗ വീട്ടില്‍ വി.വി ശിവദാസനെയാണ് അത്തോളി പോലീസ് പിടികൂടിയത്. സാമൂഹിക ക്ഷേമ വകുപ്പില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥനാണ് ഇയാള്‍.

◾വയനാട്ടിലെ തൃശിലേരിയില്‍ മാനിനെ പിടികൂടി മാംസമാക്കിയ രണ്ടുപേര്‍ വനംവകുപ്പിന്റെ പിടിയില്‍. കളപുരക്കല്‍ തോമസ് എന്ന ബേബി, മോടോംമറ്റം തങ്കച്ചന്‍ എന്നിവരാണ് പിടിയിലായത്. ഓടിരക്ഷപ്പെട്ട ചന്ദ്രന്‍, കുര്യന്‍ എന്ന റെജി എന്നിവരെ തെരയുന്നു. 56 കിലോ മാനിറച്ചി പിടികൂടിയിട്ടുണ്ട്.

◾കൊല്ലം തെന്മലയില്‍ ഡ്രൈ ഡേയില്‍ വില്‍പ്പനയ്ക്കു സൂക്ഷിച്ച 105 കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി ഒരാള്‍ പിടിയില്‍. റിയ എസ്റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന 29 കാരനായ അച്ചുമോനാണ് അറസ്റ്റിലായത്. കടയിലും വീട്ടിലുമായാണ് മദ്യം സൂക്ഷിച്ചിരുന്നത്.

◾തിരുവനന്തപുരം ഉള്ളൂരിലെ പെട്രോള്‍ പമ്പില്‍ ആക്രമണം നടത്തിയ പ്രതികളെ പോലീസ് തെരയുന്നു. പമ്പില്‍ ബൈക്ക് ഇരപ്പിച്ചതു വിലക്കിയതില്‍ കുപിതരായാണ് അക്രമികള്‍ പമ്പ് ജീവനക്കാരെ ആക്രമിച്ചത്.

◾ബീഹാറില്‍ പിന്നോക്ക വിഭാഗത്തില്‍ 27.13 ശതമാനവും അതിപിന്നോക്ക വിഭാഗത്തില്‍ 36.01 ശതമാനവും ജനങ്ങളുണ്ടെന്നു ജാതി സെന്‍സസ് റിപ്പോര്‍ട്ട്. മുന്നാക്ക വിഭാഗത്തില്‍ 15.52 ശതമാനം പേരാണുള്ളത്. മുസ്ലിങ്ങള്‍ 17.6 ശതമാനമാണ്. അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് കണക്കുകള്‍ പുറത്തുവിട്ടത്. ജാതി സെന്‍സസ് നടത്തുമെന്ന് 'ഇന്ത്യ' മുന്നണി പ്രഖ്യാപിച്ചിട്ടുണ്ട്.

◾ബിഹാറിലെ ജാതി സെന്‍സസ് പുറത്തുവിട്ടത്തിന് പിറകേ, പ്രതിപക്ഷം ജാതി രാഷ്ട്രീയം കളിക്കുകയാണെന്ന വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാതിയുടെ പേരില്‍ സമൂഹത്തെ വിഭജിച്ചവരാണ് അവരെന്നും മോദി ആരോപിച്ചു,. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷത്തെ വിമര്‍ശിച്ചത്.

◾കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ 7000 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു. ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന തന്റെ സര്‍ക്കാര്‍ രാജസ്ഥാന്റെ വികസനത്തിനു മുന്‍ഗണന നല്‍കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

◾മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികളുടെ കൂട്ടമരണം. 12 നവജാതശിശുക്കള്‍ ഉള്‍പ്പെടെ 24 രോഗികള്‍ മരിച്ചു. നന്ദേഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 24 മണിക്കൂറിനുള്ളിലാണ് 24 രോഗികള്‍ മരിച്ചത്.

◾ഗാന്ധിജയന്തി ദിനത്തില്‍ അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി എത്തി. ദര്‍ശനത്തിനുശേഷം സാഹിബിനു പട്ടു സമര്‍പ്പിച്ചു. ഭക്തര്‍ വെള്ളം കുടിക്കുന്ന പാത്രങ്ങള്‍ സന്നദ്ധ പ്രവര്‍ത്തര്‍ക്കൊപ്പം മണ്ണുകൊണ്ടും വെള്ളംകൊണ്ടും രാഹുല്‍ കഴുകി. ശുചീകരണ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായി. ഇന്നും സേവനം തുടരുമെന്ന് ഒപ്പമുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു.

◾പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ലഭിച്ച ഉപഹാരങ്ങളുടെ പ്രദര്‍ശനം ന്യൂഡല്‍ഹിയിലെ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ ആരംഭിച്ചു. ഈ സമ്മാനങ്ങളെല്ലാം ലേലം ചെയ്യുമെന്നും ലഭിക്കുന്ന വരുമാനം ഗംഗാ പുനരുജ്ജീവന പദ്ധതിയായ നമാമി ഗംഗേ സംരംഭത്തിനു കൈമാറുമെന്നും മോദി അറിയിച്ചു. https://pmmementos.gov.in എന്ന വെബ്സൈറ്റ് വഴിയും ഇവ സ്വന്തമാക്കാം.

◾തമിഴ്നാട്ടില്‍ എഐഎഡിഎംകെയുമായുള്ള ബന്ധം തകര്‍ന്നിരിക്കേ അടുത്ത നീക്കത്തെക്കുറിച്ചു തീരുമാനമെടുക്കാനാകാതെ ബിജെപി കേന്ദ്ര നേതൃത്വം. ബിജെപി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലുണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും കാണാനായിട്ടില്ല. ഇന്നു നടക്കാനിരിക്കുന്ന തമിഴ്നാട്ടിലെ ബിജെപി സംസ്ഥാന ഭാരവാഹി യോഗം റദ്ദാക്കി.

◾തന്നോട് ചോദ്യം ഉന്നയിച്ച വനിതാ റിപ്പോര്‍ട്ടര്‍ക്ക് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈയുടെ അവഹേളനം. ആരാണ് ചോദ്യം ചോദിച്ചതെന്ന് എല്ലാവര്‍ക്കും കാണാനായി തനിക്കരികില്‍ വന്നു നില്‍ക്കണമെന്നാണ് അണ്ണാമലൈ മാധ്യമ പ്രവര്‍ത്തകയോട് ആവശ്യപ്പെട്ടത്. സംസ്ഥാന പ്രസിഡന്റ് അല്ലായിരുന്നുവെങ്കില്‍ ബിജെപിയില്‍ തുടരുമായിരുന്നോയെന്നു ചോദിച്ചപ്പോഴാണ് അണ്ണാമലൈ പ്രകോപിതനായത്.

◾വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനു സഹപവര്‍ത്തകയായ പോലീസ് ഉദ്യോഗസ്ഥയെ കൊന്ന് കനാലില്‍ തള്ളിയ പൊലീസുകാരന്‍ രണ്ടു വര്‍ഷത്തിനുശേഷം അറസ്റ്റില്‍. മോന യാദവ് എന്ന പൊലീസുകാരിയെ 2021 ല്‍ കൊന്നതിനു പോലീസുകാരന്‍ സുരേന്ദ്രന്‍ റാണയാണു പിടിയിലായത്. ഉത്തര്‍ പ്രദേശിലെ ബുലന്ദ്ഷെഹര്‍ സ്വദേശിനിയായിരുന്നു മോന.

◾പഞ്ചാബിലെ ജലന്ധറില്‍ ദാരിദ്ര്യത്തെതുടര്‍ന്ന് രക്ഷിതാക്കള്‍ മൂന്നു പെണ്‍മക്കളെ വിഷം കൊടുത്തു കൊന്നു. കുട്ടികളെ പിന്നീട് ഇരുമ്പ് പെട്ടിയിലാക്കി പൂട്ടി. മാതാപിതാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. ഒമ്പത്, ഏഴ്, നാല് വയസുള്ള മൂന്നു കുട്ടികളാണു കൊല്ലപ്പെട്ടത്.

◾ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ലോങ് ജമ്പില്‍ മലയാളി താരം ആന്‍സി സോജന്‍ വെള്ളി നേടി ഇന്ത്യയുടെ അഭിമാനമായി. 6.63 മീറ്റര്‍ ദൂരം ചാടിയാണ് ആന്‍സി വെള്ളി മെഡല്‍ സ്വന്തമാക്കിയത്. മിക്‌സഡ് റിലേയില്‍ ഇന്ത്യക്ക് വെള്ളി. രണ്ടാമതെത്തിയ ശ്രീലങ്കന്‍ ടീമിനെ അയോഗ്യരാക്കിയതോടെയാണ് ഇന്ത്യക്ക് വെള്ളി മെഡല്‍ സ്വന്തമായത്. ഇതോടെ 13 സ്വര്‍ണവും 24 വെള്ളിയും 23 വെങ്കലവുമടക്കം ഇന്ത്യയുടെ മെഡല്‍ നേട്ടം 60 ആയി.

◾രാജ്യത്ത് ജിഎസ്ടി സമാഹരണത്തില്‍ സെപ്റ്റംബറിലും റെക്കോര്‍ഡ് മുന്നേറ്റം. ധനമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്, സെപ്റ്റംബറിലെ ജിഎസ്ടി സമാഹരണം 1,62,712 കോടി രൂപയായാണ് ഉയര്‍ന്നത്. മുന്‍ വര്‍ഷം സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ 10 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം നാലാം തവണയാണ് രാജ്യത്തെ ജിഎസ്ടി വരുമാനം 1.60 ലക്ഷം കോടി രൂപയ്ക്ക് മുകളില്‍ എത്തുന്നത്. കൂടാതെ, ആദ്യ പകുതി അവസാനിക്കുമ്പോള്‍ 9,92,508 കോടി രൂപയായി ആകെ വരുമാനം ഉയര്‍ന്നിട്ടുണ്ട്. ഈ മാസം ലഭിച്ച ആകെ വരുമാനത്തില്‍ സിജിഎസ്ടി വിഭാഗത്തില്‍ 29,818 കോടി രൂപയും, എസ്ജിഎസ്ടി വിഭാഗത്തില്‍ 37,657 കോടി രൂപയും, ഐജിഎസ്ടി വിഭാഗത്തില്‍ 83,623 കോടി രൂപയുമാണ് ലഭിച്ചത്. ഇറക്കുമതിയില്‍ നിന്ന് ശേഖരിച്ച ചരക്കുകളുടെ 881 കോടി രൂപ ഉള്‍പ്പെടെ സെസ് ഇനത്തില്‍ 11,613 കോടി രൂപയാണ് ലഭിച്ചിരിക്കുന്നത്. 2022 സെപ്റ്റംബറിനെ അപേക്ഷിച്ച് ആഭ്യന്തര ഇടപാടുകളില്‍ നിന്നുള്ള നികുതിയിനത്തില്‍ 14 ശതമാനത്തിന്റെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

◾സംവിധായകന്‍ ജി.മാര്‍ത്താണ്ഡന്റെ ഏറ്റവും പുതിയ ചിത്രമായ 'മഹാറാണി'യുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഒരു മുഴുനീള ഹാസ്യ ചിത്രമായി ഒരുക്കിയിരിക്കുന്ന മഹാറാണി നവംബര്‍ 24-നാണ് തീയറ്ററുകളിലെത്തുക. ഓണക്കാലത്ത് പുറത്തിറങ്ങിയ മഹാറാണിയിലെ 'ചതയദിന പാട്ട്' ശ്രദ്ധിക്കപ്പെട്ടതോടെ പ്രേക്ഷകര്‍ക്കിടയില്‍ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ വര്‍ദ്ധിച്ചിരുന്നു. 'ഇഷ്‌ക്', 'അടി' എന്നീ ചിത്രങ്ങളുടെ രചയിതാവായ രതീഷ് രവി തിരക്കഥയൊരുക്കിയ ചിത്രം എസ് ബി ഫിലിംസിന്റെ ബാനറില്‍ സുജിത് ബാലനാണ് നിര്‍മ്മിച്ചിരിക്കുന്നത്. എന്‍.എം. ബാദുഷ സഹനിര്‍മ്മാണം നിര്‍വഹിച്ചിരിക്കുന്നു. റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ഗോകുലന്‍, കൈലാഷ്, അശ്വത് ലാല്‍, അപ്പുണ്ണി ശശി, ഉണ്ണി ലാലു, ആദില്‍ ഇബ്രാഹിം, രഘുനാഥ് പലേരി, പ്രമോദ് വെളിയനാട്, നിഷാ സാരംഗ്, സ്മിനു സിജോ, ശ്രുതി ജയന്‍, ഗൗരി ഗോപന്‍, പ്രിയ കോട്ടയം, സന്ധ്യ മനോജ് തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പം മറ്റനേകം അഭിനേതാക്കളും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.

◾ലോകജനതയെ ഒന്നടങ്കം നടുക്കിയ സംഭവമായിരുന്നു ടൈറ്റന്‍ ദുരന്തം. ടൈറ്റാനിക് എന്ന കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാനായി അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ഉള്ളിലേക്ക് വിനോദസഞ്ചാരികളുമായ പോയ ടൈറ്റന്‍ പേടകം അപകടത്തില്‍പ്പെടുകയായിരുന്നു. 2023 ജൂണ്‍ മാസത്തിലായിരുന്നു ദുരന്തം. ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡീഷന്‍സ് കമ്പനിയുടെ ജലപേടകമായിരുന്നു ടൈറ്റന്‍. അഞ്ച് യാത്രികരാണ് ദുരന്തത്തിന് ഇരയായത്. ബ്രിട്ടീഷ് കോടീശ്വരന്‍ ഹാമിഷ് ഹാന്‍ഡിംഗ്, ബ്രിട്ടീഷ്- പാകിസ്ഥാനി വ്യവസായി ഷെഹ്‌സാദ ദാവൂദ്, മകന്‍ സുലെമാന്‍, ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡിഷന്‍ ഉടമ സ്റ്റോക്ടന്‍ റഷ്, മുങ്ങല്‍ വിദഗ്ധന്‍ പോള്‍ ഹെന്റി എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്. ടൈറ്റന്‍ ദുരന്തത്തെ ആസ്പദമാക്കി ഒരു ഹോളിവുഡ് ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. മൈന്‍ഡ്‌റയറ്റ് എന്റര്‍ടൈന്‍മെന്റാണ് ചിത്രം പ്രഖ്യാപിച്ചത്. ഇ ബ്രയാന്‍ ഡബ്ബിന്‍സാണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്. ജസ്റ്റിന്‍ മഗ്രേഗര്‍, ജോനാഥന്‍ കേസി എന്നിവരാണ് തിരക്കഥ ഒരുക്കുന്നത്. ദുരന്തത്തിന് ഇരയായവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമുള്ള ആദരവായിരിക്കും ആ ചിത്രമെന്ന് ജോനാഥന്‍ കേസി പറഞ്ഞു.

◾മാരുതി സുസുക്കി ഫ്രോങ്ക്സ്, മാരുതി സുസുക്കി ബലേനോ എന്നിവയുടെ സംയോജിത പ്രതിദിന ബുക്കിംഗ് ഇപ്പോള്‍ 1,250ല്‍ എത്തി. ഏപ്രില്‍ അവസാനത്തോടെയാണ് ഫ്രോങ്ക്സ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. പ്രതിദിനം ഏകദേശം 550 ബുക്കിംഗുകളാണ് ഇതിന് നിലവില്‍ ലഭിക്കുന്നത്. അതേസമയം, ബലേനോയുടെ പ്രതിദിന ബുക്കിംഗ് 700 ആയി കുറഞ്ഞു. ഫ്രോങ്ക്സിന്റെ വരവിന് മുന്‍പ് ദിനംപ്രതി 830 ബുക്കിംഗുകള്‍ വരെ നേടിയിരുന്ന സ്ഥാനത്താണ് ഈ ഇടിവ്. ഫ്രോങ്ക്സിന്റെ 52,022 യൂണിറ്റുകളാണ് മാരുതി ഇതുവരെ വിറ്റഴിച്ചത്. ജിംനി, ബ്രെസ്സ, ഗ്രാന്‍ഡ് വിറ്റാര എന്നിവയ്‌ക്കൊപ്പം ഈ കോംപാക്റ്റ് എസ്യുവിയും 2024 സാമ്പത്തിക വര്‍ഷത്തില്‍ മഹീന്ദ്രയെ മറികടന്ന് മാരുതിയെ എസ്യുവി ചാര്‍ട്ടില്‍ ഒന്നാമതെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഫ്രോങ്ക്സിന് രണ്ട് എഞ്ചിന്‍ ഓപ്ഷനുകളുണ്ട്. 1.2-ലിറ്റര്‍ ഡ്യുവല്‍-ജെറ്റ് ഡ്യുവല്‍-വിവിടി പെട്രോള്‍ എഞ്ചിനാണ് അതിലൊന്ന്. ഇതിന് പുറമെ 1.0-ലിറ്റര്‍ ടര്‍ബോ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എഞ്ചിനുണ്ട്. മാരുതി സുസുക്കി ഫ്രോങ്ക്സ് സിഗ്മ, ഡെല്‍റ്റ, ഡെല്‍റ്റ+, സീറ്റ, ആല്‍ഫ എന്നീ അഞ്ച് വേരിയന്റുകളില്‍ ലഭ്യമാണ്.

◾മലയാളസാഹിത്യത്തില്‍ അനശ്വരമുദ്ര പതിച്ചു കടന്നുപോയ എഴുത്തുകാരികളെക്കുറിച്ചുള്ള മക്കളുടെ ഓര്‍മ്മകള്‍. സുലോചന നാലപ്പാട്ട്, എം.ഡി. നാലപ്പാട്ട്, സി. അന്നപൂര്‍ണ്ണ, ലക്ഷ്മീദേവി, എന്‍. രാജേന്ദ്രന്‍ നമ്പൂതിരി, ജയ്‌സൂര്യ ദാസ്, അഷ്ടമൂര്‍ത്തി ദേശമംഗലം, ഡോ. ഇര്‍ഷാദ് അഹമ്മദ്, ശ്രീദേവി പിള്ള, ബീന എംസണ്‍, സഞ്ജു, ഉമ പ്രസീദ, ഉമ ഹിരണ്യന്‍, ശോഭ ജോര്‍ജ്, അബ്ദുള്ള മൊഹിയുദ്ദീന്‍, മുഹമ്മദ് നാസര്‍, ഷംസുദ്ദീന്‍, കെ.ആര്‍. അനുകൂല്‍ എന്നിവര്‍ എഴുതുന്നു. എഡിറ്റര്‍ - ഷബിത. 'അമ്മയോര്‍മ്മകള്‍'. മാതൃഭൂമി. വില 255 രൂപ.