*_പ്രഭാത വാർത്തകൾ_*```2023 | ഒക്ടോബർ 22 | ഞായർ |

◾ഇസ്രയേല്‍ - ഹമാസ് യുദ്ധം അവസാനിപ്പിക്കാന്‍ ഈജിപ്തിലെ കെയ്‌റോയില്‍ അറബ് ഉച്ചകോടി. പലസ്തീന്‍ ജനത എവിടേക്കും ഓടിപ്പോകില്ലെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് പറഞ്ഞു. ഇതിനിടെ തെക്കന്‍ ഗാസയിലേക്കുള്ള റാഫ ഇടനാഴി ഇസ്രയേല്‍ തുറന്നു. ഭക്ഷണവും മരുന്നും അടക്കമുള്ള അവശ്യസാധനങ്ങളുമായി എത്തിയ 20 ട്രക്കുകളെ കടത്തിവിടാനാണ് ഇടനാഴി തുറന്നത്. ഇരുന്നൂറിലേറെ ട്രക്കുകള്‍ ഈജിപ്ത് ഭാഗത്തു കാത്തു കിടക്കുകയാണ്. കെയ്റോയിലെ അറബ് ഉച്ചകോടിയില്‍ ഖത്തര്‍, യുഎഇ, സൗദി അറേബ്യ, ബഹറിന്‍, കുവൈറ്റ്, ജോര്‍ദാന്‍, ഇറാഖ്, സൈപ്രസ് എന്നീ രാജ്യങ്ങളുടെ അധികാരികള്‍ പങ്കെടുത്തു. ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറിയും ജപ്പാന്‍, ജര്‍മനി, തുര്‍ക്കി, ഗ്രീസ് എന്നീ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുത്തു.

◾നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടുത്ത മാസം മുതല്‍ രഥയാത്ര നടത്തുന്നു. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ സംഘടിപ്പിക്കുന്ന രഥയാത്രകള്‍ എല്ലാ പഞ്ചായത്തുകളിലൂടേയും കടന്നുപോകും. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ജനപിന്തുണ നേടാനാണു ജനങ്ങളുടെ ചെലവില്‍ രഥയാത്ര സംഘടിപ്പിക്കുന്നത്.  

◾കരിമണല്‍ കമ്പനിയില്‍നിന്നു ലഭിച്ച 1.72 കോടി രൂപക്കു മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനി ഐ ജിഎസ്ടി അടച്ചിട്ടുണ്ടെന്ന് ജിഎസ് ടി കമ്മീഷണറുടെ റിപ്പോര്‍ട്ട്. മാസപ്പടി വിവാദത്തിനു മുമ്പേ പണമടച്ചെന്നാണ് റിപ്പോര്‍ട്ടെങ്കിലും അടച്ച തുക എത്രയെന്ന് പറയുന്നില്ല. നികുതി അടച്ചതിന്റെ രേഖകള്‍ പുറത്തുവിടണമെന്ന് പരാതി ഉന്നയിച്ച മാത്യു കുഴല്‍ നാടന്‍ ആവശ്യപ്പെട്ടു.

◾മഴ ശക്തമാകും. തുലാവര്‍ഷം ആരംഭിച്ചതിനു പിറകേ അറബിക്കടലില്‍ തേജ് ചുഴലിക്കാറ്റ് രൂപപ്പെട്ടു. ഇതോടെയാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാകുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്നു യെല്ലോ അലര്‍ട്ട്.

◾ജില്ലാ അണ്‍ എംപ്ലോയ്മെന്റ് സഹകരണ സൊസൈറ്റി തട്ടിപ്പുകേസില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വിഎസ് ശിവകുമാറിനെ പ്രതി ചേര്‍ത്തു. ശിവകുമാര്‍ പറഞ്ഞിട്ടാണ് പണം നിക്ഷേപിച്ചതെന്ന പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കരമന പൊലീസ് കേസെടുത്തത്. 13 കോടി രൂപയുടെ ക്രമക്കേട് നടന്നെന്നാണ് ആരോപണം.

◾നവരാത്രി ആഘോഷങ്ങള്‍ക്കു തുടക്കമായി. നാളെ മഹാനവമി, ചൊവ്വാഴ്ച വിജയദശമി. പൂജവയ്പിനും ദര്‍ശനത്തിനുമായി ക്ഷേത്രങ്ങളില്‍ തിരക്ക്.

◾കേരള കലാമണ്ഡലം വൈസ് ചാന്‍സലറായി ഡോ. ബി. അനന്തകൃഷ്ണനെ നിയമിച്ചു. സെര്‍ച്ച് കമ്മിറ്റി ശുപാര്‍ശ അംഗീകരിച്ച് ചാന്‍സലര്‍ മല്ലികാ സാരാഭായ് ആണ് നിയമന ഉത്തരവില്‍ ഒപ്പുവച്ചത്. ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാല തിയറ്റര്‍ വിഭാഗം മേധാവിയായിരുന്നു ബി. അനന്തകൃഷ്ണന്‍. കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ്. നാടക രംഗത്തെ പ്രതിഭയാണ്.

◾നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയാക്കാന്‍ നടക്കുന്ന പാര്‍ട്ടിയുടെ കേരളഘടകം സര്‍ക്കാരില്‍ വേണോയെന്ന് സിപിഎം തീരുമാനിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ദേശീയ നേതൃത്വവുമായി ജെഡിഎസിന്റെ കേരള ഘടകത്തിന് ഭിന്നത ഉണ്ടെങ്കില്‍ അത് വാക്കാന്‍ പറഞ്ഞാല്‍ പോരെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് കത്തു നല്‍കണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.

◾പാലിയേക്കര ടോള്‍ പ്ലാസക്കെതിരേ സമരം നടത്തിയ കോണ്‍ഗ്രസ് എം.പിമാര്‍ക്കും നേതാക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. ടോള്‍ പ്ലാസ മാനേജരുടെ പരാതിയിലാണ് കേസെടുത്തത്. കോണ്‍ഗ്രസ് നേതാക്കളായ ടി എന്‍ പ്രതാപന്‍ എം.പി, രമ്യ ഹരിദാസ് എം.പി, ജോസ് വള്ളൂര്‍, അനില്‍ അക്കര, ജോസഫ് ടാജറ്റ് എന്നിവരക്കം 145 പേര്‍ക്കെതിരെയാണ് കേസ്. ടോള്‍ ഗെയ്റ്റിലേതടക്കം ഏഴു ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് ടോള്‍ പ്ലാസയുടെ പരാതി.

◾ബിജെപിയുടെ ഘടകകക്ഷിയായ ജെഡിഎസ് അംഗം കെ കൃഷ്ണന്‍കുട്ടി മന്ത്രിയായി തുടരുന്നതിനെ ന്യായീകരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ ബിജെപിയുടെ ഏജന്റിനെപ്പോലെയാണ് സംസാരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ദേശീയ പ്രസിഡന്റ് ദേവഗൗഡ വിപ്പ് നല്‍കിയാല്‍ അനുസരിക്കേണ്ടിവരില്ലേയെന്നും ചെന്നിത്തല ചോദിച്ചു.

◾തിരുവനന്തപുരത്തുനിന്ന് കോട്ടയം വഴി കാസര്‍കോട്ടേക്കു സര്‍വീസ് നടത്തുന്ന വന്ദേ ഭാരതിന്റെ സമയം അഞ്ചു മിനിറ്റു നേരത്തെയാക്കി. ചെങ്ങന്നൂരില്‍ അധിക സ്റ്റോപ്പ് അനുവദിച്ചതിനാലാണ് സമയം നേരത്തെയാക്കിയത്. തിരുവനന്തപുരത്തുനിന്ന് നാളെ മുതല്‍ 5.15 നു പുറപ്പെടും. 6.03 ന് കൊല്ലത്തെത്തും.

◾പോക്സോ കേസുകളില്‍ ശിക്ഷാ നിരക്ക് കുറയുന്ന സാഹചര്യം ഒഴിവാക്കണമെന്നു ക്രമസമാധാന വിഭാഗം എഡിജിപി. എഡിജിപിയുടെ റിപ്പോര്‍ട്ട് മനുഷ്യാവകാശ കമ്മീഷന്‍ തുടര്‍ നടപടികള്‍ക്കായി കേരള ഹൈക്കോടതി രജിസ്ട്രാര്‍ക്കും ആഭ്യന്തര വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിക്കും അയച്ചു. പൊതു താല്‍പ്പര്യ ഹര്‍ജിയിലാണ് മനിഷ്യാവകാശ കമ്മീഷന്റെ നടപടി.

◾മണ്ഡലം പ്രസിഡന്റ് നിയമനത്തെച്ചൊല്ലി മലപ്പുറത്തെ കോണ്‍ഗ്രസില്‍ പോര്. എ ഗ്രൂപ്പിന് അംഗീകാരം നല്‍കാത്തതില്‍ പ്രതിഷേധിച്ച് പുനഃസംഘടനാ ഉപസമതിയില്‍നിന്ന് ആര്യാടന്‍ ഷൗക്കത്ത് രാജിവച്ചു. ഡിസിസി പ്രസിഡന്റ് വി എസ് ജോയിക്കും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനുമെതിരേ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു.

◾കണ്ണൂരില്‍ ഗാനമേളയ്ക്കിടെ മേയറെ കയ്യേറ്റം ചെയ്ത യുവാവിനെ പൊലീസ് വൈദ്യപരിശോധന നടത്താതെ വിട്ടയച്ചതിനെതിരേ മേയര്‍ ടി.ഒ. മോഹനന്‍. മദ്യപിച്ചോയെന്നു പരിശോധിക്കാന്‍ പോലും തയാറാകാതെ പൊലീസ് പ്രതി ജബ്ബാറിനെ 20 മിനിറ്റിനുളളില്‍ വിട്ടയച്ചെന്നാണ് കോര്‍പറേഷന്റെ ആക്ഷേപം.  

◾കുന്നംകുളം കീഴൂര്‍ ശ്രീ വിവേകാനന്ദ കോളജില്‍ പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ അതിക്രമിച്ചു കയറി നോമിനേഷന്‍ പേപ്പറുകള്‍ കീറിക്കളഞ്ഞ സംഭവത്തില്‍ 13 എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.

◾ടിക് ടോക് താരവും നിരവധി കേസുകളിലെ പ്രതിയുമായ മീശ വിനീത് വധശ്രമക്കേസില്‍ അറസ്റ്റിലായി. പള്ളിക്കലില്‍ മടവൂര്‍ കുറിച്ചിയില്‍ സ്വദേശിയായ സമീര്‍ഖാന്റെ തല അടിച്ചു പൊട്ടിച്ചെന്ന കേസിലാണ് മീശ വിനീത് അറസ്റ്റിലായത്. മീശ വിനീത് അടക്കം ആറംഗ സംഘം കമ്പി വടികൊണ്ട് ആക്രമിച്ചെന്നാണു കേസ്.

◾മണ്ണാര്‍ക്കാട് പുറ്റാനിക്കാട് ജുമാ മസ്ജിദിന്റെ ഖബര്‍ സ്ഥാനിലെ ഖബറുകള്‍ കാട്ടാനക്കൂട്ടം ചവിട്ടി നിരത്തി. പുറ്റാനിക്കാട് ജുമാ മസ്ജിദിന്റെ മതില്‍ പൊളിച്ചാണ് ആനകൂട്ടം അകത്തു കടന്നത്.

◾രാജസ്ഥാനില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി ബിജെപിയും കോണ്‍ഗ്രസും. കോണ്‍ഗ്രസ് 33 അംഗ പട്ടികയും ബിജെപി 83 അംഗ പട്ടികയും പുറത്തിറക്കി. ഗെലോട്ട് പക്ഷത്തെ നേതാക്കള്‍ക്കും സീറ്റ് ലഭിച്ചിട്ടുണ്ട്.

◾ചോദ്യത്തിന് കോഴ ആരോപണത്തില്‍ നടപടികളില്‍നിന്ന് ഒഴിവാക്കാന്‍ ആറുമാസത്തേക്കു മിണ്ടാതിരിക്കണമെന്ന അദാനിയുടെ ഒത്തുതീര്‍പ്പു വ്യവസ്ഥ സ്വീകരിക്കുന്നില്ലെന്ന് മഹുവ മൊയിത്ര എം.പി. പരിശോധനയ്ക്കായി സിബിഐയെ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും മഹുവ പറഞ്ഞു.

◾ബിറ്റ്കോയിന്‍ മൂല്യം ഉയര്‍ന്നു നില്‍ക്കുകയാണെങ്കിലും രാജ്യത്ത് ക്രിപ്റ്റോ നിക്ഷേപങ്ങള്‍ നിരോധിച്ച തീരുമാനത്തില്‍ മാറ്റമില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. അന്താരാഷ്ട്ര നാണ്യനിധിയുടെ സാമ്പത്തിക സുരക്ഷാ ബോര്‍ഡ് ക്രിപ്റ്റോയിലെ അപകടസാധ്യതകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് ശക്തികാന്ത ദാസ് പറഞ്ഞു.

◾ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ തളച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.

◾ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കി ശ്രീലങ്ക. നെതര്‍ലന്‍ഡ്‌സിനെ അഞ്ചുവിക്കറ്റിനാണ് ശ്രീലങ്ക തോല്‍പിച്ചത്. ആദ്യം ബാറ്റ് ചെയ്ത നെതര്‍ലണ്ട്സ് 49.4 ഓവറില്‍ 262 ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 48.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 91 റണ്‍സെടുത്ത സതീര സമരവിക്രമയാണ് മാന്‍ ഓഫ് ദ മാച്ച്.

◾ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ മറ്റൊരു മത്സരത്തില്‍ ലോക ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ നാണം കെടുത്തി ദക്ഷിണാഫ്രിക്ക. 229 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ തോല്‍പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 109 റണ്‍സെടുത്ത ഹെന്റിച്ച് ക്ലാസ്സന്റേയും 72 റണ്‍സെടുത്ത മാര്‍കോ ജാന്‍സെന്റേയും മികവില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 22 ഓവറില്‍ വെറും 170 റണ്‍സിന് പുറത്തായി.

◾ഫുട്‌ബോള്‍ ഇതിഹാസം സര്‍ ബോബി ചാള്‍ട്ടണ്‍ (86) അന്തരിച്ചു. 1966-ല്‍ ഇംഗ്ലണ്ടിനായി ഫുട്‌ബോള്‍ ലോകകപ്പ് കിരീടം നേടിയ താരമാണ് ചാള്‍ട്ടണ്‍.

◾2023-24 സാമ്പത്തിക വര്‍ഷത്തില്‍ കേരള സര്‍ക്കാരിന് നല്‍കേണ്ട ഗ്യാരണ്ടി കമ്മീഷന്റെ രണ്ടാം ഗഡു കെ.എസ്.എഫ്.ഇ കൈമാറി. 56.74 കോടി രൂപയുടെ ചെക്ക് കെ.എസ്.എഫ്.ഇ.യ്ക്ക് വേണ്ടി ചെയര്‍മാന്‍ കെ.വരദരാജനും മാനേജിംഗ് ഡയറക്ടര്‍ ഡോ.എസ്.കെ.സനിലും ചേര്‍ന്നാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാലിന് കൈമാറിയത്. കെ.എസ്.എഫ്.ഇ ജനറല്‍ മാനേജര്‍ (ഫിനാന്‍സ് ) എസ്.ശരത്ചന്ദ്രന്‍ , കെ.എസ്.എഫ്.ഇ ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ ഡോ.കെ ശശികുമാര്‍, ബി.എസ് പ്രീത, കെ. മനോജ്, ജീവനക്കാരുടെ സംഘടനാ പ്രതിനിധികളായ എസ്.മുരളീകൃഷ്ണപിള്ള, എസ്.അരുണ്‍ബോസ്, എന്‍.എ മന്‍സൂര്‍, എസ്.വിനോദ് എന്നിവര്‍ തിരുവനന്തപുരത്തെ റെസിഡന്‍സി ടവറില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.

◾ഉത്സവ സീസണില്‍ ഗള്‍ഫ് നാടുകളില്‍ നിന്ന് കേരളത്തിലേക്ക് ടിക്കറ്റെടുക്കുന്ന യാത്രാക്കാരെ പിഴിയുന്ന പതിവ് തുടര്‍ന്ന് വിമാനക്കമ്പനികള്‍. ക്രിസ്മസ്, പുതുവത്സര കാലത്ത് നാട്ടിലേക്ക് വരണമെങ്കില്‍ ടിക്കറ്റിന് പൊന്നും വില കൊടുക്കേണ്ടി വരും. സാധാരണ ദിവസങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടിയിലധികം വര്‍ധനയാണ് ടിക്കറ്റ് നിരക്കില്‍ വരുത്തിയിരിക്കുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ അബുദബിയില്‍ നിന്ന് കൊച്ചിയിലേക്ക് ഒക്ടോബര്‍ 23ന് 19,244 രൂപയാണ് നിരക്കെങ്കില്‍ ഡിസംബര്‍ 15ന് 63,168 രൂപ നല്‍കണം. ദുബൈയില്‍ നിന്ന് കൊച്ചിയിലേക്കാണെങ്കില്‍ 16,075 രൂപയില്‍ നിന്ന് 54,791 രൂപയായാണ് ടിക്കറ്റ് ഉയര്‍ന്നിരിക്കുന്നതെന്ന് എയര്‍ ഇന്ത്യ വെബ്‌സൈറ്റില്‍ നിന്നുള്ള നിരക്കുകള്‍ വെളിപ്പെടുത്തുന്നു. ബുക്കിംഗ് സൈറ്റുകള്‍ക്കും ഏജന്റുമാര്‍ക്കുമനുസരിച്ച് നിരക്കില്‍ വീണ്ടും വ്യത്യാസം വരുന്നുണ്ട്. അത് മാത്രമല്ല തിരക്ക് കൂടുന്നതിനനുസരിച്ചും നിരക്ക് ഉയരും. കഴിഞ്ഞ ഓണക്കാലത്ത് നാട്ടില്‍ നിന്ന് ഗള്‍ഫ് നാടുകളിലേക്ക് തിരിച്ചുപോകാന്‍ അമിത ചാര്‍ജ് നല്‍കേണ്ടി വന്നതിനെതിരെ പലരും പരാതി ഉന്നയിച്ചിരുന്നു. ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല. എന്നാല്‍ വ്യോമയാന നിയമപ്രകാരം നിരക്ക് തീരുമാനിക്കാന്‍ വിമാനക്കമ്പനികള്‍ക്ക് അധികാരമുണ്ടെന്നാണ് കേന്ദ്രം വ്യക്തമാക്കിയിട്ടുള്ളത്.

◾ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'തങ്കമണി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. കേരളത്തെ പിടിച്ചു കുലുക്കിയ 'തങ്കമണി' സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രതീഷ് രഘുനന്ദന്‍ ആണ്. ബിഗ് ബജറ്റ് ചിത്രമാണ്. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാരായി എത്തുന്നത്. അജ്മല്‍ അമീര്‍, സിദ്ദിഖ്, മനോജ് കെ ജയന്‍, കോട്ടയം രമേഷ്, മേജര്‍ രവി,സന്തോഷ് കീഴാറ്റൂര്‍, തൊമ്മന്‍ മാങ്കുവ, രമ്യ പണിക്കര്‍, മുക്ത, ശിവകാമി എന്നിവരും, കൃടാതെ തമിഴ് താരങ്ങളായ ജോണ്‍ വിജയ്, സംമ്പത് റാം എന്നിവരുള്‍പ്പെടെ ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. ഉടല്‍ എന്ന ചിത്രത്തിന് ശേഷം രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് തങ്കമണി. 1986 ഒക്ടോബര്‍ 21നു ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന തങ്കമണി എന്ന ഗ്രാമത്തില്‍ ഒരു ബസ് സര്‍വ്വീസുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജും വെടിവയ്പ്പുമുണ്ടായി. ഈ സംഭവങ്ങള്‍ ആണ് 'തങ്കമണി' എന്ന ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത് ഇന്ത്യന്‍ സിനിമയിലെ തന്നെ നാല് മികച്ച ഫൈറ്റ് മാസ്റ്റേഴ്സുമാരാണ്. സ്റ്റണ്ട് ശിവയും സുപ്രീം സുന്ദറും രാജശേഖറും മലയാളത്തിന്റെ സ്വന്തം ഫൈറ്റ് മാസ്റ്റര്‍ മാഫിയ ശശിയും ചേര്‍ന്നാണ് കൊറിയോഗ്രാഫി.

◾ധ്യാന്‍ ശ്രീനിവാസന്‍ നായകനായി ഹിറ്റായി മാറിയ ചിത്രം 'നദികളില്‍ സുന്ദരി യമുന' ഒടിടി റിലീസിന്. പഴയകാല ഹിറ്റ് മലയാള കോമഡി ചിത്രങ്ങളുടെ ഓര്‍മയിലേക്ക് എത്തിക്കുന്ന ഗ്രാമീണ പശ്ചാത്തലത്തിലുള്ളതായിരുന്നു നദികളില്‍ സുന്ദരി യമുന. എച്ച്ആര്‍ ഒടിടിയിലായിരിക്കും പ്രദര്‍ശിപ്പിക്കുക. ഒക്ടോബര്‍ 23നാണ് സ്ട്രീമിംഗ്. വിജേഷ് പാണത്തൂരും ഉണ്ണി വെള്ളോറയുമായിരുന്നു സംവിധാനം ചെയ്തത്. തിരക്കഥയെഴുതിയതും വിജേഷ് പാണത്തൂരും ഉണ്ണി വെള്ളോറയുമായിരുന്നു. കണ്ണൂരിന്റെ നാട്ടിന്‍പുറത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ധ്യാന്‍ ചിത്രം ഒരുങ്ങിയത്. ധ്യാന്‍ ശ്രീനിവാസന്‍ കണ്ണനെന്ന നായക കഥാപാത്രത്തെയാണ് നദികളില്‍ സുന്ദരി യമുനയില്‍ അവതരിപ്പിച്ചത്. പ്രഗ്യാ നാഗ്ര യമുനയെന്ന നായികയായി ചിത്രത്തില്‍ എത്തി. സുധീഷ്, കലാഭവന്‍ ഷാജോണ്‍, നിര്‍മ്മല്‍ പാലാഴി, നവാസ് വള്ളിക്കുന്ന്, സോഹന്‍ സിനുലാല്‍, രാജേഷ് അഴിക്കോടന്‍, ഭാനു പയ്യന്നൂര്‍, ശരത് ലാല്‍, ദേവരാജ് കോഴിക്കോട്, അനീഷ്, ആതിര,ആമി, പാര്‍വ്വണ, ഉണ്ണിരാജ, വിസ്മയ ശശികുമാര്‍ എന്നിവരും മറ്റ് വേഷങ്ങളിലും തിളങ്ങി.

◾റാട്ടന്‍ഇന്ത്യ എന്റര്‍പ്രൈസസിന്റെ ഭാഗമായ റിവോള്‍ട്ട് മോട്ടോഴ്‌സ് ഇന്ത്യ പുതിയ ബ്ലൂ ക്രിക്കറ്റ് സ്‌പെഷ്യല്‍ എഡിഷന്‍ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കി. ഈ സ്‌പെഷ്യല്‍ എഡിഷന്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ക്കായി മാത്രം രൂപകല്‍പ്പന ചെയ്തിരിക്കുന്നു. റിവോള്‍ട്ട് ആര്‍വി400 ഇന്ത്യ ബ്ലൂ സ്‌പെഷ്യല്‍ എഡിഷന്‍ 2023 ഒക്ടോബര്‍ 24 മുതല്‍ വില്‍പ്പനയ്‌ക്കെത്തും. ഉത്സവ സീസണില്‍ പ്രത്യേക പരിമിത സമയ വിലയായി 1.40 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയിലാണ് ബൈക്ക് എത്തുന്നത്. 16,000 സംസ്ഥാന സബ്‌സിഡിയും 5,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും സഹിതം ഡല്‍ഹിയില്‍ എക്‌സ്‌ഷോറൂം വില 1.19 ലക്ഷം രൂപയായി കുറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നിറമായ തിളങ്ങുന്ന നീല നിറത്തിലാണ് പ്രത്യേക പതിപ്പ് ആര്‍വി400 പൂര്‍ത്തിയാക്കിയിരിക്കുന്നത്. റിവോള്‍ട്ട് ആര്‍വി400ന്റെ ക്രിക്കറ്റ് സ്പെഷ്യല്‍ എഡിഷന്‍ പരിമിതമായ യൂണിറ്റുകളില്‍ ലഭ്യമാണ്. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് ഈ പ്രത്യേക പതിപ്പ് ലഭ്യമാകുക. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഔദ്യോഗിക റിവോള്‍ട്ട് വെബ്സൈറ്റോ അല്ലെങ്കില്‍ അടുത്തുള്ള അംഗീകൃത ഡീലര്‍ഷിപ്പോ സന്ദര്‍ശിച്ച് ഈ ക്രിക്കറ്റ് എഡിഷന്‍ ബുക്ക് ചെയ്യാം.

◾ഒരു ചിലന്തി വല നെയ്യുന്നതുപോലെ മനുഷ്യര്‍ ഓര്‍മ്മകളില്‍ നിന്നും അവരുടെ അസ്തിത്വം സൃഷ്ടിക്കുന്നു. ഓര്‍മ്മകളുടെ ഇഴകളില്‍ നിന്നും നെയ്തെടുത്ത ജീവിതത്തിന്റെ സങ്കീര്‍ണ്ണമായ വലകള്‍ പര്യവേക്ഷണം ചെയ്യുമ്പോള്‍ അവയില്‍ ചിലത് ദുര്‍ബലവും, ചിലത് ശാശ്വതവുമായിരിക്കും. ഈ കഥകളെല്ലാം പങ്കിടുന്ന പൊതു സ്വഭാവം ഓര്‍മ്മകളാണ്. കഥാപാത്രങ്ങളും നമ്മുടെ ജീവിതം പോലെ ഓര്‍മ്മകളില്‍ വളരുന്നു... ഓര്‍മ്മകളില്‍ തളരുന്നു. 'ഒരു പക്ഷിയുടെ കഥ'. ചൈത്ര ഗിരീഷ് കേരള ബുക് സ്റ്റോര്‍ പബ്ളിഷേഴ്സ. വില 80 രൂപ.

◾രാവിലെ വെറും വയറ്റില്‍ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നത് ധാരാളം ആരോഗ്യഗുണങ്ങള്‍ നല്‍കുന്നതായി വിദഗ്ധര്‍ പറയുന്നു. ശരീരത്തിലെ ദോഷകരമായ വിഷവസ്തുക്കളെ പുറന്തള്ളാനും അതുവഴി രക്തചംക്രമണം മെച്ചപ്പെടുത്താനും ചൂടുവെള്ളം സഹായിക്കുന്നു. അതിനാല്‍ രാവിലെ വെറും വയറ്റില്‍ ചെറുചൂടു വെള്ളം കുടിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. ചൂടുവെള്ളം പേശികളിലും മറ്റും അടിഞ്ഞ് കൂടുന്ന കൊഴുപ്പിനെ അലിയിക്കുന്നു. എല്ലിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് ചൂടുവെള്ളം. ഒരു ഗ്ലാസ്സ് ചൂടുവെള്ളം കുടിക്കുന്നത് എല്ലിന്റെ ബലം വര്‍ദ്ധിപ്പിക്കുന്നു. രാവിലെ ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് മലവിസര്‍ജ്ജനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. മാത്രമല്ല, മാലിന്യങ്ങളെ കൂടുതല്‍ എളുപ്പത്തില്‍ പുറന്തള്ളാന്‍ സഹായിക്കുന്നു. അങ്ങനെ മലബന്ധത്തിന്റെ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നു. ബുദ്ധിക്ക് ഉണര്‍വ്വ് കിട്ടാന്‍ ഏറ്റവും നല്ലതാണ് ചൂടുവെള്ളം. ഇത് പലപ്പോഴും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഉന്‍മേഷവും ഉണര്‍വ്വും വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ചര്‍മ്മത്തെ സംരക്ഷിക്കുന്നതില്‍ ചൂടുവെള്ളത്തിന്റെ പങ്ക് ചെറുതല്ല. വരണ്ട ചര്‍മ്മം ഇല്ലാതാക്കാന്‍ ചൂടുവെള്ളം ഏറ്റവും നല്ലതാണ്. ചെറുചൂടുള്ള വെള്ളം രാവിലെ കുടിക്കുന്നത് ചുമയും ജലദോഷവും മാത്രമല്ല അണുബാധ അകറ്റുന്നതിനും സഹായകമാണ്. വൃക്കയുടെ ആരോഗ്യത്തിനും ചൂടുവെള്ളം നല്ലതാണ്. ചൂടുവെള്ളം വൃക്കയിലെ കല്ലിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
രണ്ടുപേരും കൂടി സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും ഇറങ്ങിവരികയായിരുന്നു. അപ്പോള്‍ അതില്‍ ഒന്നാമന്‍ പറഞ്ഞു: ഞാന്‍ നല്ലൊരു മോഷ്ടാവാണ്. ആ കടയില്‍ നിന്നും മൂന്ന് ചോക്ലേറ്റ് ഞാന്‍ മോഷ്ടിച്ചു. ഇതുകേട്ട് രണ്ടാമന്‍ പറഞ്ഞു: തന്നേക്കാള്‍ മിടുക്കന്‍ ഞാനാണ്. ഒരിക്കല്‍ കൂടി കടയില്‍ വരാമെങ്കില്‍ ഞാന്‍ കാണിച്ചു തരാം. വീണ്ടും കടയിലെത്തിയപ്പോള്‍ ഒന്നാമന്‍ മാനേജരോട് പറഞ്ഞു: എനിക്കൊരു ചോക്ലേറ്റ് തന്നാല്‍ ഞാനൊരു മാജിക് കാണിക്കാം. കിട്ടിയ ചോക്ലേറ്റ് അയാള്‍ കഴിച്ചു. വീണ്ടും രണ്ടെണ്ണം കൂടി അയാള്‍ വാങ്ങി കഴിച്ചു. ഇതില്‍ മാജിക് എന്താണ്? കടയുടമ ചോദിച്ചു. അയാള്‍ പറഞ്ഞു: ഞാന്‍ കഴിച്ച മൂന്ന് ചോക്ലേറ്റുകളും എന്റെ സുഹൃത്തിന്റെ പോക്കറ്റിലുണ്ട്. സമര്‍ത്ഥനെന്ന് സ്വയം സമര്‍ത്ഥിക്കുന്നതില്‍ തെറ്റില്ല. പക്ഷേ, ആ സാമര്‍ത്ഥ്യം ആപേക്ഷികമാണെന്ന തിരിച്ചറിവ് ഉണ്ടാകണം. മുറിമൂക്കുള്ളവന്‍ മൂക്കില്ലാ രാജ്യത്ത് രാജാവും, മൂക്കുളള രാജ്യത്ത് അംഗപരിമിതനുമാണ്. സ്വയാവബോധമുണ്ടാക്കുകയും സ്വന്തം കഴിവുകളെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നത് പക്വതയുടെ ലക്ഷണമാണ്. നേട്ടങ്ങളുണ്ടാകുമ്പോഴും നഷ്ടങ്ങളുണ്ടാകുമ്പോഴും സ്വന്തം സാധ്യതകളെ കണ്ടെത്തി അതിനനുസരിച്ച് മാറാന്‍ തയ്യാറാകുന്നവര്‍ മാത്രമാണ് വളരുന്നത്. ഓരോരുത്തരുടേയും മികവ് ഓരോ മേഖലയിലുമായിരിക്കും. ആ മേഖലകണ്ടെത്തി സ്വയം അടയാളപ്പെടുത്താന്‍ നമുക്കാകട്ടെ - *ശുഭദിനം.*