◾കാനഡയിലേക്കുള്ള ഇന്ത്യക്കാരുടെ വിസ അപേക്ഷകള്‍ വെള്ളത്തിലാകും. ഇന്ത്യ ആവശ്യപ്പെട്ടതനുസരിച്ച് 41 നയതന്ത്ര പ്രതിനിധികളെ പിന്‍വലിച്ച കാനഡ മൂന്നു കോണ്‍സുലേറ്റുകളിലെ വിസ സര്‍വ്വീസ് അടക്കമുള്ള സേവനങ്ങള്‍ നിര്‍ത്തിവച്ചു. ബംഗളൂരു, മുംബൈ, ചണ്ഡിഗഢ് എന്നീ മൂന്നു കോണ്‍സുലേറ്റുകളിലെ സേവനങ്ങളാണു നിര്‍ത്തിയത്. കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള വിസ ഇന്ത്യ നേരത്തെ നിര്‍ത്തിവച്ചിരുന്നു. കനേഡിയന്‍ പൗരത്വം നേടിയ ഇന്ത്യക്കാര്‍ക്ക് ഇതുമൂലം നാട്ടില്‍ വരാനാകാതായി.
◾സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ കിരീടം പാലക്കാട് ജില്ലയ്ക്ക്. തുടര്‍ച്ചയായി മൂന്നാം തവണയാണു പാലക്കാട് കിരീടം സ്വന്തമാക്കുന്നത്. 28 സ്വര്‍ണവും 266 പോയിന്റും നേടിയാണ് പാലക്കാട് ഒന്നാം സ്ഥാനക്കാരായത്. 13 സ്വര്‍ണവും 168 പോയിന്റുമായി മലപ്പുറം രണ്ടാം സ്ഥാനത്ത്. മികച്ച സ്‌കൂളായി തെരഞ്ഞെടുക്കപ്പെട്ടത് 57 പോയിന്റു നേടിയ മലപ്പുറം ജില്ലയിലെ കടകശേരി ഐഡിയല്‍ ഇഎച്ച് എസ്എസാണ്.
◾ബിജെപിയുമായി സഖ്യമുണ്ടാക്കിയത് തന്റെ സമ്മതത്തോടെയാണെന്ന ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയുടെ പ്രസ്താവന അസംബന്ധമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വന്തം രാഷ്ട്രീയ മലക്കം മറിച്ചിലുകള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ ദേവഗൗഡ അസത്യം പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
◾എന്‍ഡിഎയുമായി സഖ്യമുണ്ടാക്കിയത് കേരള മുഖ്യമന്ത്രിയും സിപിഎം നേതാവുമായ പിണറായി വിജയന്റെ അറിവോടെയാണെന്നു താന്‍ പറഞ്ഞിട്ടില്ലെന്ന് ജെഡിഎസ് ദേശീയാധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ. ഇപ്പോഴും കേരളത്തില്‍ ജെഡിഎസ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭാഗമാണെന്നാണ് പറഞ്ഞത്. ദേവഗൗഡ വിശദീകരിച്ചു.
◾ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതു മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്നു എച്ച്.ഡി. ദേവഗൗഡ പ്രസ്താവിച്ചെന്ന പ്രചാരണം രാഷ്ടീയ അസംബന്ധമാണെന്ന് ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് എം.എല്‍.എ. മുഖ്യമന്ത്രിയുമായി ദേവഗൗഡ ആശയവിനിയം നടത്തിയിട്ട് വര്‍ഷങ്ങളായെന്നും അദ്ദേഹം പറഞ്ഞു.
◾സംസ്ഥാനത്ത് അഞ്ചു ദിവസം ശക്തമായ മഴയ്ക്കു സാധ്യത. തീരപ്രദേശങ്ങളില്‍ കടലാക്രമണവും വളരെ ഉയരത്തിലുള്ള തിരമാലകളും ഉണ്ടാകും. അറബിക്കടലിലെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി. ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യത. 23 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.
◾ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം കാസര്‍കോട് - തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസിന് (20633/20634) ചെങ്ങന്നൂരില്‍ സ്റ്റോപ്പ് അനുവദിച്ചു. റെയില്‍വേ മന്ത്രാലയത്തിന്റെ ഉത്തരവ് വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് പുറത്തുവിട്ടത്.
◾ഷോളയാര്‍ ചുങ്കത്തെ പുഴയില്‍ വിനോദയാത്രക്കെത്തിയ അഞ്ചു യുവാക്കള്‍ മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ സ്വദേശികളായ വിനീത്, ധനുഷ്, അജയ്, നഫീല്‍, ശരത് എന്നിവരാണ് മരിച്ചത്. വിനീതും ധനുഷും സഹോദരങ്ങളാണ്. ഇവരില്‍ ചിലര്‍ കോയമ്പത്തൂരിലെ എസ്എന്‍എംവി കോളജിലെ വിദ്യാര്‍ഥികളാണ്. അഞ്ചു ബൈക്കുകളിലായി പത്തു പേരാണ് വാല്‍പാറയ്ക്കടുത്ത ഷോളയാറിലെത്തിയത്.
◾ലൈഫ് മിഷന്‍ കള്ളപ്പണക്കേസില്‍ പ്രതികളുടെ 5.38 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഏഴാം പ്രതി യുണിടാക്ക് എംഡി സന്തോഷ് ഈപ്പന്റെ വീടും സ്വത്തും രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ബാങ്ക് നിക്ഷേപവുമാണ് കണ്ടുകെട്ടിയത്.
◾നൂറാം പിറന്നാള്‍ ആഘോഷിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ അച്യുതാനന്ദന്റെ വീട്ടിലെത്തി. വൈകുന്നേരം നാലോടെയാണ് പിണറായി വിഎസിന്റെ വീട്ടിലെത്തിയത്.
◾പാലിയേക്കര ടോള്‍ പ്ലാസയില്‍ സമരത്തിനിടെ ടി.എന്‍. പ്രതാപന്‍ എംപി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ പോലീസ് മര്‍ദിച്ചതിനെതിരേ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും. സംസ്ഥാനത്തു പൊലീസ് രാജാണെന്നും അതിക്രൂരമായാണ് എം.പിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് നേരിട്ടതെന്നും കെ.സി വേണുഗോപാല്‍ കുറ്റപ്പെടുത്തി.
◾കത്വ ഫണ്ട് പിരിവില്‍ യൂത്ത് ലീഗ് നേതാക്കള്‍ തട്ടിപ്പു നടത്തിയെന്ന പരാതി കളളമെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. കുന്ദമംഗലം ഇന്‍സ്പെക്ടര്‍ യൂസഫ് നടത്തറമ്മലിനെയാണ് എഡിജിപി സസ്പെന്‍ഡ് ചെയ്തത്.
◾പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍വച്ച് ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് 23 വര്‍ഷത്തെ കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ. പൊറ്റയില്‍ സ്വദേശി അഖില്‍ എന്ന ഇരുപത്താറുകാരനെയാണ് കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്.
◾ആലപ്പുഴയില്‍ പട്ടാപ്പകല്‍ വയോധികയായ വീട്ടമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി ആത്മഹത്യക്കു ശ്രമിച്ച ഭര്‍ത്താവും മരിച്ചു. തിരുവമ്പാടി കല്ലുപുരയ്ക്കല്‍ വീട്ടില്‍ പൊന്നപ്പന്‍ വര്‍ഗീസാണ് (75) മരിച്ചത്.
◾കാറില്‍ കടത്തുകയായിരുന്ന രണ്ടു കോടിയോളം രൂപയുടെ ഹവാല പണവുമായി രണ്ടു പേര്‍ പെരുമ്പാവൂരില്‍ പിടിയില്‍. ആവോലി വാഴക്കുളം വെളിയത്ത് കുന്നേല്‍ അമല്‍ മോഹന്‍, കല്ലൂര്‍ക്കാട് തഴുവാംകുന്ന് കാരികുളത്തില്‍ അഖില്‍ കെ.സജീവ് എന്നിവരെയാണ് പിടികൂടിയത്.
◾ഭര്‍ത്താവിന്റെ ആദ്യ ഭാര്യയെ മര്‍ദിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ സ്ത്രീ 24 വര്‍ഷത്തിനുശേഷം പിടിയില്‍. ചെറിയനാട് കടയ്ക്കാട് മുറി കവലക്കല്‍ വടക്കത്തില്‍ സലീന (50) ആണ് തിരുവനന്തപുരത്ത് പിടിയിലായത്. പ്രതിയും ഭര്‍ത്താവും ചേര്‍ന്ന് ആദ്യ ഭാര്യയെ മര്‍ദിച്ചതിനു 1999 ല്‍ വെണ്‍മണി പൊലീസ് സ്റ്റേഷനില്‍ കേസെടുത്തിരുന്നു.
◾വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യമായി എത്തിയ ചൈനീസ് കപ്പലിലെ ജീവനക്കാര്‍ക്ക് ബര്‍ത്തില്‍ ഇറങ്ങാന്‍ കേന്ദ്രം അനുമതി നല്‍കിയ കേന്ദ്ര നടപടി പ്രധാനമന്ത്രി നരേന്ദ്രമോദിയും അദാനിയും തമ്മിലുള്ള ബന്ധത്തിന്റെ തെളിവാണെന്ന് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് ആരോപിച്ചു.
◾മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗന്‍യാന്‍ ദൗത്യത്തിന്റെ നിര്‍ണായകമായ പരീക്ഷണം ഇന്ന്. ആദ്യ ടെസ്റ്റ് വെഹിക്കിള്‍ അബോര്‍ട്ട് മിഷന്‍ ഇന്നു വിക്ഷേപിക്കും. ദൗത്യത്തില്‍ പാളിച്ചയുണ്ടായാല്‍ മനുഷ്യനെ സുരക്ഷിതമായി തിരിച്ചെത്തിക്കാനാണ് അബോര്‍ട്ട് വെഹിക്കിള്‍ ഉപയോഗിക്കുക.
◾കുത്തിവയ്പിലൂടെ പുരുഷന്മാര്‍ക്ക് വന്ധ്യംകരണം സാധ്യമാകുന്ന ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. ഗര്‍ഭ നിരോധന രംഗത്ത് വന്‍ നേട്ടമാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ കൈവരിച്ചത്. ഐസിഎംആറിന്റെ നേതൃത്വത്തില്‍ ഡല്‍ഹി, ഉധംപൂര്‍, ലുധിയാന, ജയ്പൂര്‍, ഖൊരഗ്പൂര്‍ എന്നീ കേന്ദ്രങ്ങളിലാണ് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തിയത്.
◾ചോദ്യത്തിന് കോഴ ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയിത്രയുടെ ഹര്‍ജി പരിഗണിക്കവേ ഡല്‍ഹി ഹൈക്കോടതിയില്‍ മൊയിത്രയുടെ അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണന്‍ കേസില്‍നിന്ന് പിന്മാറി. മൊയിത്രയ്ക്കെതിരായ പരാതി ശരിവച്ച് വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനി നല്കിയ സത്യവാങ്മൂലം കോടതിയും ലോക്സഭാ എത്തിക്സ് കമ്മിറ്റിയും തെളിവായി സ്വീകരിക്കും.
◾തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയിത്രക്കെതിരായ കേസില്‍ വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയുടെ സത്യവാങ്മൂലം ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സാക്ഷ്യപ്പെടുത്തി. സത്യവാങ്മൂലത്തിന്റെ പകര്‍പ്പു പുറത്തുവിടുകയും ചെയ്തു. ദുബായിലാണ് ദര്‍ശന്‍ ഹിരാ നന്ദാനി താമസിക്കുന്നത്.
◾രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ റെയില്‍പാത പദ്ധതിയായ നമോ ഭാരത് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഇതു ചരിത്ര ദിനമാണെന്നും ഡല്‍ഹിയിലും യുപിയിലും ഹരിയാനയിലും രാജസ്ഥാനിലും നമോ ട്രെയിന്‍ വരുമെന്നും മോദി പറഞ്ഞു. ട്രെയിനില്‍ മോദി യാത്രയും ചെയ്തു. 82 കിലോമീറ്റര്‍ ദൂരമുള്ള ഡല്‍ഹി- മീററ്റ് പദ്ധതിയുടെ പണിപൂര്‍ത്തിയായ 17 കിലോമീറ്ററാണ് ഉദ്ഘാടനം ചെയ്തത്.
◾കടബാധ്യത തീര്‍ക്കാന്‍ 30,000 കോടി രൂപ അദാനി ഗ്രൂപ്പ് വായ്പയെടുക്കുന്നു. അംബുജ സിമന്റ്സിനെ ഏറ്റെടുത്തതിനെത്തുടര്‍ന്നുണ്ടായ വന്‍ സാമ്പത്തിക ബാധ്യത പരിഹരിക്കാനാണ് അദാനിയുടെ നീക്കം. ഏതാനും ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ചേര്‍ന്നാണ് പുനര്‍ വായ്പ നല്‍കുക.
◾ഗാസയിലെ അല്‍ ഖുദ്സ് ആശുപത്രിയില്‍നിന്ന് എല്ലാവരും ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍. പലസ്തീനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റിയാണ് ഇക്കാര്യം വെളിപെടുത്തിയത്. 400 ഗുരുതര രോഗികളും അഭയാര്‍ത്ഥികളായ 12,000 പേരുമാണ് ആശുപത്രിയിലുള്ളത്.
◾ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് റിയാദിലെത്തി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തി. ഇസ്രായേലില്‍ പ്രസിഡന്റ് ഇസാക് ഹെര്‍സോഗിനെയും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും കണ്ട ശേഷമാണ് സൗദിയില്‍ എത്തിയത്.
◾ബന്ദികളാക്കിയിരുന്ന അമേരിക്കന്‍ പൗരന്‍മാരായ അമ്മയെയും മകളെയും ഹമാസ് മോചിപ്പിച്ചു. ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് 59, 18 വയസുകാരായ ഇരുവരെയും മോചിപ്പിച്ചത്.
◾യുഎഇയില്‍ മൂന്നു മാസത്തെ സന്ദര്‍ശക വിസകള്‍ നിര്‍ത്തിവച്ചു. ഇനി 30 മുതല്‍ 60 വരെ ദിവസത്തെ വിസയിലാകും യുഎഇയില്‍ പ്രവേശിക്കാനാകുക. എന്നാല്‍ ദുബൈയില്‍ താമസിക്കുന്നവരുടെ ബന്ധുക്കളായ സന്ദര്‍ശകര്‍ക്ക് 90 ദിവസത്തെ വിസ നല്‍കും.
◾ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി പങ്കാളി ആന്‍ഡ്രിയ ജിയാംബ്രൂണോയില്‍നിന്നു വേര്‍പിരിഞ്ഞു. മാധ്യമപ്രവര്‍ത്തകനായ ജിയാംബ്രൂണോ ടെലിവിഷനില്‍ സഹപ്രവര്‍ത്തകയോട് മോശമായി പെരുമാറിയതും ലൈംഗിക പരാമര്‍ശം നടത്തിയതും വിവാദമായിരുന്നു.10 വര്‍ഷം നീണ്ട ബന്ധമാണ് ഇരുവരും അവസാനിപ്പിച്ചത്. ദമ്പതികള്‍ക്ക് ഒരു മകളുണ്ട്.
◾ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്ഥാനെ 62 റണ്‍സിന് തകര്‍ത്ത് ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 163 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറുടേയും 121 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷിന്റേയും 259 റണ്‍സ് ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ കരുത്തില്‍ എട്ട വിക്കറ്റ് നഷ്ടത്തില്‍ 367 റണ്‍സെടുത്തു. കൂറ്റന്‍ വിജയലക്ഷ്യവുമായിറങ്ങിയ പാകിസ്ഥാന് മികച്ച തുടക്കം ലഭിച്ചെങ്കിലും ഓസ്ട്രേലിയ ഉയര്‍ത്തിയ റണ്‍മല കയറാനായില്ല. 45.3 ഓവറില്‍ 305 റണ്‍സെടുക്കാനേ പാകിസ്ഥാന് സാധിച്ചുള്ളൂ.
◾ഏകദിന ക്രിക്കറ്റ് ലോക കപ്പില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. കാലത്ത് 10.30 ന് ശ്രീലങ്ക നെതര്‍ലണ്ട്സുമായി ഏറ്റുട്ടുമ്പോള്‍ ഉച്ചക്ക് രണ്ടിന് ഇംഗ്ലണ്ട് സൗത്ത് ആഫ്രിക്കയുമായി മാറ്റുരക്കും. ന്യൂസിലാണ്ടുമായുള്ള ഇന്ത്യയുടെ മത്സരം നാളെ രണ്ടു മണിക്കാണ്.
◾തൃശൂര്‍ ആസ്ഥാനമായ സ്വകാര്യ ബാങ്കായ സി.എസ്.ബി ബാങ്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2023-24) രണ്ടാം പാദമായ ജൂലൈ-സെപ്റ്റംബറില്‍ 133.17 കോടി രൂപ ലാഭം രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ (2022-23) സമാനപാദത്തിലെ 120.55 കോടി രൂപയേക്കാള്‍ 10 ശതമാനം അധികമാണിത്. അതേസമയം, ഇക്കഴിഞ്ഞ ജൂണ്‍ പാദത്തിലെ 132.23 കോടി രൂപയേക്കാള്‍ ഒരു ശതമാനം മാത്രമാണ് വര്‍ധന. പ്രവര്‍ത്തനലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 157.36 കോടി രൂപയില്‍ നിന്ന് 11 ശതമാനം വര്‍ധിച്ച് 174.63 കോടി രൂപയായി. ഇക്കഴിഞ്ഞ ഏപ്രില്‍-ജൂണില്‍ ഇത് 181.43 കോടി രൂപയായിരുന്നു. പാദാടിസ്ഥാനത്തില്‍ നാല് ശതമാനം കുറവുണ്ടായിട്ടുണ്ട്. മൊത്ത വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 600 കോടി രൂപയില്‍ നിന്ന് 39 ശതമാനം വര്‍ധിച്ച് 835 കോടി രൂപയിലെത്തി. ജൂണ്‍ പാദത്തിലെ 805 കോടി രൂപയേക്കാള്‍ മൂന്ന് ശതമാനം അധികമാണിത്. അറ്റ പലിശ വരുമാനം 2022-23 സെപ്റ്റംബര്‍ പാദത്തിലെ 325 കോടി രൂപയില്‍ നിന്ന് 6 ശതമാനം ഉയര്‍ന്ന് 343.7 കോടി രൂപയായി. എന്നാല്‍ കഴിഞ്ഞ ജൂണ്‍ പാദത്തിലെ 364 കോടി രൂപയേക്കാള്‍ 6 ശതമാനം കുറവുണ്ടായിട്ടുണ്ട്. ബാങ്കിന്റെ മൊത്തം നിക്ഷേപങ്ങള്‍ കഴിഞ്ഞ പാദത്തില്‍ 21 ശതമാനം വാര്‍ഷിക വളര്‍ച്ചയുമായി 25,438 കോടി രൂപയായി. വായ്പകള്‍ 27 ശതമാനം വര്‍ധിച്ച് 22,256 കോടി രൂപയിലുമെത്തി. ബാങ്കിന്റെ മൊത്തം ബിസിനസ് 24 ശതമാനം മുന്നേറി 47,900 കോടി രൂപയായി. സ്വര്‍ണ വായ്പകള്‍ 8,029 കോടി രൂപയില്‍ നിന്ന് 32 ശതമാനം ഉയര്‍ന്ന് 10,619 കോടി രൂപയായി. കോര്‍പ്പറേറ്റ് വായ്പകളില്‍ 17 ശതമാനം, റീറ്റെയ്ല്‍ വായ്പകളില്‍ 38 ശതമാനം, ചെറുകിട സംരംഭ വായ്പകളില്‍ 22 ശതമാനം എന്നിങ്ങനെയും വളര്‍ച്ചയുണ്ട്. മൊത്തം നിഷ്‌ക്രിയ ആസ്തി വാര്‍ഷികാടിസ്ഥാനത്തില്‍ 2022-23 സെപ്റ്റംബര്‍ പാദത്തിലെ 1.26 ശതമാനത്തില്‍ നിന്ന് ഇക്കുറി സെപ്റ്റംബറില്‍ 1.27 ശതമാനമാനമായി. അറ്റ നിഷ്‌ക്രിയ ആസ്തി വാര്‍ഷികാടിസ്ഥാനത്തില്‍ 0.35 ശതമാനത്തില്‍ നിന്ന് 0.33 ശതമാനമായി കുറയ്ക്കാന്‍ ബാങ്കിന് സാധിച്ചു. മുന്‍പാദത്തിലെ 0.32 ശതമാനവുമായി നോക്കുമ്പോള്‍ നേരിയ വര്‍ധനയുണ്ട്.
◾ഷെയിന്‍ നിഗവും സണ്ണി വെയ്‌നും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ഗംഭീര പ്രകടനത്തിലൂടെ തിയേറ്ററില്‍ പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ എത്തുന്ന ചിത്രമാണ് 'വേല'. ക്രൈം ഡ്രാമ വിഭാഗത്തില്‍ ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ശ്യാം ശശി ആണ്. ചിത്രത്തിന്റെ തിരക്കഥ എം സജാസ് ആണ് ഒരുക്കിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രം കേരളത്തില്‍ നവംബര്‍ 10ന് തിയറ്ററുകളിലേക്കെത്തുന്നു. ആര്‍ഡിഎക്സിന്റെ വന്‍ വിജയത്തിന് ശേഷം സംഗീത സംവിധായകന്‍ സാം സി എസ് ഒരുക്കുന്ന മനോഹര ഗാനങ്ങളും ചിത്രത്തിന് മാറ്റ് കൂട്ടുന്നു. പൊലീസ് കണ്‍ട്രോള്‍ റൂമിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ഷെയിന്‍ നിഗം ഉല്ലാസ് അഗസ്റ്റിന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനെയും മല്ലികാര്‍ജുനന്‍ എന്ന പോലീസ് കഥാപാത്രത്തെ സണ്ണി വെയ്‌നും അവതരിപ്പിക്കുന്നു. സിദ്ധാര്‍ഥ് ഭരതന്‍ ചിത്രത്തില്‍ മറ്റൊരു ശ്രേദ്ധേയ പോലീസ് കഥാപാത്രമായെത്തുന്നു. അതിഥി ബാലന്‍ പ്രധാന കഥാപാത്രമായെത്തുന്ന വേലയുടെ ഓഡിയോ റൈറ്റ്സ് ടി സീരീസാണ് കരസ്ഥമാക്കിയത്.
◾ലോകേഷ് കനകരാജ് ചിത്രം 'ലിയോ' യുടെ ആദ്യദിനത്തിലുള്ള ആകെ നേട്ടം 140 കോടിയാണ്. ഓപണിംഗില്‍ റെക്കോര്‍ഡ് ഇട്ട ഒരു ചിത്രത്തിലെ താരങ്ങള്‍ക്ക് ലഭിച്ച പ്രതിഫലവും ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. നായക കഥാപാത്രത്തെ അവതരിപ്പിച്ച വിജയ്ക്ക് നിര്‍മ്മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ നല്‍കുന്നത് 120 കോടിയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതിഫലത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് പ്രതിനായകനെ അവതരിപ്പിച്ച ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. 10 കോടിയാണ് സഞ്ജയ്ക്ക് ലഭിക്കുന്ന പ്രതിഫലം. മൂന്നാം സ്ഥാനത്ത് നായികയായി എത്തിയ തൃഷയാണ്. 7 കോടിയാണ് തൃഷയ്ക്ക് ലഭിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു. 15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിജയ്- തൃഷ കോമ്പിനേഷന്‍ സ്‌ക്രീനില്‍ എത്തുന്നത് എന്നതും ലിയോ പ്രേക്ഷകരില്‍ സൃഷ്ടിച്ച കൌതുകമായിരുന്നു. ഹരോള്‍ഡ് ദാസിനെ അവതരിപ്പിച്ച അര്‍ജുന് ലഭിക്കുന്നത് 2 കോടിയാണ്. ഗൌതം വസുദേവ് മേനോന് 70 ലക്ഷവും പ്രിയ ആനന്ദിന് 50 ലക്ഷവും.
◾ബിഎംഡബ്ല്യു ഐ7 എം70 എക്സ്ഡ്രൈവും ബിഎംഡബ്ല്യു 740ഡി എം സ്പോര്‍ട്സും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പുതിയ 7സീരീസ് പെട്രോള്‍, ഡീസല്‍, ഓള്‍ ഇലക്ട്രിക് വകഭേദങ്ങളില്‍ ലഭ്യമാണ്. ബിഎംഡബ്ല്യു 740 ഡി എം സ്‌പോര്‍ട് ചെന്നൈ ഫാക്ടറിയില്‍ പുറത്തിറങ്ങുന്ന ഇന്ത്യന്‍ നിര്‍മിത വാഹനമാണെങ്കില്‍ ഐ7 എം70 ഇറക്കുമതി ചെയ്യും. 740 ഡി എം സ്‌പോര്‍ടിന് 1.81 കോടിരൂപയും ഐ7 എം70ന് 2.5 കോടി രൂപയുമാണ് വില. ഓക്‌സൈഡ് ഗ്രേ, മിനറല്‍ വൈറ്റ്, ബ്ലാക്ക് സഫയര്‍, ബിഎംഡബ്ല്യു ഇന്‍ഡിവിജ്വല്‍ ടാന്‍സനൈറ്റ് ബ്ലൂ എന്നീ നിറങ്ങളില്‍ ബിഎംഡബ്ല്യു 740ഡി സ്‌പോര്‍ട് ലഭിക്കും. ബിഎംഡബ്ല്യു ഐ7 എം70 സ്റ്റാന്‍ഡേഡായി ഇന്‍ഡിവിജ്വല്‍ പെയിന്റ് വര്‍ക്കിനൊപ്പം ടു ടോണ്‍ പെയിന്റ് വര്‍ക്കിലും എത്തുന്നു. ബ്ലാക്ക് സഫയര്‍ റൂഫ്, ഓക്‌സൈഡ് ഗ്രേ റൂഫ് നിറങ്ങളിലാണ് ഈ വാഹനം ലഭിക്കുക. ഇന്‍ഡിവിജ്വല്‍ പെയിന്റ് വര്‍ക്ക് ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. 3.0 ലീറ്റര്‍ 6 സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് 740 ഡി എം സ്‌പോര്‍ട്ടിലുള്ളത്. 286ബിഎച്ച്പി കരുത്തും പരമാവധി 650 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ പുറത്തെടുക്കും. 48വി മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റം അധികമായി 18ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കും നല്‍കും. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. വേഗം 100 കിലോമീറ്റര്‍ കടക്കാന്‍ വെറും ആറു സെക്കന്‍ഡ് മതി. പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്റര്‍. വൈദ്യുത വാഹനമായി പുറത്തിറങ്ങുന്ന ബിഎംഡബ്ല്യു ഐ7 എം70ല്‍ 101.7 കിലോവാട്ടിന്റെ ബാറ്ററി പാക്കാണ്. 660ബിഎച്ച്പി കരുത്തും പരമാവധി 1,100 എന്‍എം ടോര്‍ക്കും പുറത്തെടുക്കാന്‍ ഈ കാറിന് സാധിക്കും. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലേക്ക് വെറും 3.7 സെക്കന്റില്‍ കുതിച്ചെത്താന്‍ കരുത്തുള്ള വാഹനമാണിത്. പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്റര്‍. റെഞ്ച് 560 കിലോമീറ്റര്‍.
◾കൗതുകകരങ്ങളായ ഈ ചടുലദൃശ്യങ്ങള്‍, അനുഭവങ്ങളുടെ സമാനതകൊണ്ട് പലര്‍ക്കും വളരെ ഹൃദ്യമായി തോന്നും. ഭാഷ സരളവും ഋജുവും ആണ്. ഒരു ആത്മാര്‍ത്ഥ സുഹൃത്തിനോട് പറയുന്നപോലെയാണ് മൊത്തം അവതരണം. അതിനാല്‍, പാരായണക്ഷമതയ്ക്ക് സൗഹൃദഭാവത്തിന്റെ തിളക്കം കൂടി കിട്ടുന്നു. താന്‍പോരിമ പറയാന്‍ ഒരു ശ്രമവുമില്ല എന്നത് ആസ്വാദ്യത വര്‍ധിപ്പിക്കുന്നു. നര്‍മ്മം രുചിക്കൂടുതലിന് കാരണമായും തീരുന്നു. എനിക്ക് തൊട്ടു പിന്നാലെ വരുന്ന തലമുറയുടെ അനുഭവങ്ങള്‍ ധാരാളമുണ്ട് അദ്ദേഹത്തിന്. അതില്‍നിന്ന് ഉരുവപ്പെടുന്ന സാഹിത്യകൃതികള്‍ നമുക്ക് ധാരാളമായി ആവശ്യമാണല്ലോ. അവ രചിക്കുന്നത് ഇത്തിരി വെട്ടം മാത്രം കണ്ടവരായാല്‍ പോരാതാനും. കടന്നിരിക്കാന്‍ തനിക്ക് അര്‍ഹതയുണ്ടെന്ന് തെളിയിക്കുകയാണ് റെജി. - സി. രാധാകൃഷ്ണന്‍. 'മഴവില്ലിനു പുറകെ'. റെജി കളത്തില്‍. ഗ്രീന്‍ ബുക്സ്. വില 152 രൂപ.
◾സംസ്ഥാനത്ത് ഇടവിട്ടും തുടര്‍ച്ചയായും മഴ പെയ്യുന്ന സാഹചര്യത്തില്‍ പല പ്രദേശങ്ങളിലും ഡെങ്കിപ്പനിയുടെ വ്യാപനവും പിടിമുറുക്കിയിട്ടുണ്ട്. മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളില്‍ രോഗപ്രതിരോധ ശേഷി കുറവായതിനാല്‍ ഡെങ്കിപ്പനി തീവ്രമാകാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. ഒരു വയസിനു താഴെയുള്ള കുഞ്ഞിങ്ങളിലും നാലിനും ഒന്‍പതിനും ഇടയില്‍ പ്രായമായ കുട്ടികളിലും കടുത്ത ഡെങ്കിപ്പനിക്ക് സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 15 വയസിന് താഴെയുള്ള കുട്ടികളില്‍ മുതിര്‍ന്നവരെ അപേക്ഷിച്ച് ഡെങ്കിപ്പനി മൂലമുള്ള മരണസാധ്യത നാലു മടങ്ങ് അധികമാണ്. ഈഡിസ് ഈജിപ്റ്റെ കൊതുകളില്‍ നിന്ന് പകരുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. രോഗത്തിന്റെ തുടക്കത്തില്‍ പ്ലേറ്റ്‌ലെറ്റുകള്‍ കുറയില്ലെങ്കിലും പതുക്കെ ഗണ്യമായ കുറവിലേക്ക് നയിക്കും. പനി, ഛര്‍ദ്ദി, തലവേദന, ചെവി വേദന, ശരീര വേദന, ശരീരത്തില്‍ തിണര്‍പ്പുകള്‍, അതിസാരം എന്നിവയാണ് ഡെങ്കിപ്പനിയുടെ ആദ്യം ലക്ഷണങ്ങള്‍. മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളില്‍ ലക്ഷണങ്ങള്‍ പ്രകടമായി ഉണ്ടാവുകയും ചെയ്യും. നിരന്തരമായ ഛര്‍ദ്ദി, വയര്‍ വേദന, മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തസ്രാവം, ക്ഷീണം, ഭക്ഷണം കഴിക്കാത്ത അവസ്ഥ എന്നിവയെല്ലാം രോഗം തീവ്രമായതിന്റെ ലക്ഷണങ്ങളാണ്. രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ 2-7 ദിവസങ്ങള്‍ക്കകം രോഗലക്ഷണങ്ങള്‍ കാണിക്കും. ഡെങ്കിപ്പനി തീവ്രമാകുമ്പോള്‍ മയോകാര്‍ഡിയല്‍ ഡിസ്ഫങ്ഷന്‍, വൃക്ക നാശം, കരള്‍ തകരാര്‍ പോലുള്ള രോഗസങ്കീര്‍ണതകളും ഉണ്ടാകാം. അവയവങ്ങളുടെ പ്രവര്‍ത്തനത്തെയും ഡെങ്കിപ്പനി ബാധിക്കാം. കൊതുകു കടിയേല്‍ക്കാതെ സൂക്ഷിക്കുക എന്നതാണ് ഡെങ്കിപ്പനി നിയന്ത്രിക്കാനുള്ള സുപ്രധാന കാര്യം. ശരീരം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങളും മോസ്‌കിറ്റോ റിപ്പല്ലന്റ് ക്രീമുകളും സഹായകരമാണ്. ഉറങ്ങുമ്പോള്‍ നെറ്റ് ഉപയോഗിക്കുന്നതും നല്ലതാണ്. കൊതുക് മുട്ടയിട്ടു പെരുകാന്‍ സാധ്യതയുള്ള ഇടങ്ങള്‍ നശിപ്പിക്കുക.