*പ്രഭാത വാർത്തകൾ*2023 ഒക്ടോബർ 13 വെള്ളി

◾ഓപ്പറേഷന്‍ അജയുടെ ഭാഗമായുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം ഇസ്രായേലില്‍ നിന്ന് ഇന്ന് രാവിലെ 5.30 ന് ദില്ലിയിലെത്തും. 11 മലയാളികളടക്കം 212 പേരാണ് വിമാനത്തിലുണ്ടാകുക. വിദ്യാര്‍ത്ഥികളടക്കം 18,000 ഇന്ത്യക്കാരാണ് ഇസ്രയേലിലുള്ളതെന്നും ഇവരില്‍ നാട്ടിലേക്ക് മടങ്ങാന്‍ താത്പര്യമറിയിച്ചവരെയാണ് ദൗത്യത്തിന്റെ ഭാഗമായി തിരിച്ചുകൊണ്ടുവരുന്നതെന്നും വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഇസ്രയേലില്‍നിന്ന് കേരളത്തിലേക്ക് തിരിച്ചെത്താന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് കേരളഹൗസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട് : https://keralahouse.kerala.gov.i/repatriation-of-keralites-from-israel

◾പലസ്തീന്‍ അവകാശങ്ങള്‍ക്ക് നേരെയുള്ള ഇസ്രയേലിന്റെ കടന്ന് കയറ്റത്തിനെതിരെയായിരുന്നു ഇന്ത്യയുടെ നിലപാടെന്നും അതില്‍ നിന്ന് വ്യത്യാസം വന്നത് നിര്‍ഭാഗ്യകരമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പലസ്തീന്‍ വിഷയത്തില്‍ പാര്‍ട്ടിക്ക് ആശയക്കുഴപ്പം ഇല്ലായെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം കെകെ ശൈലജയുടെ 'ഹമാസ് ഭീകരര്‍' പരാമര്‍ശത്തില്‍ ശൈലജ ടീച്ചറിനോട് ചോദിച്ചിട്ട് മറുപടി പറയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

◾പലസ്തീനോടുള്ള ഇന്ത്യന്‍ നിലപാടില്‍ മാറ്റമില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ഭാഗ്ചി. പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനു നേരിട്ടുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നാണ് ഇന്ത്യ എപ്പോഴും വാദിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെ ഭീകരാക്രമണമായാണ് ഇന്ത്യ കാണുന്നതെന്നും ഭാഗ്ചി.

◾വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ആദ്യ കപ്പലിലെ ജീവനക്കാരായ ചൈനീസ് പൗരന്മാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിസ അനുവദിച്ചില്ല. ഷെന്‍ ഹുവ 15ലെ ജീവനക്കാരുടെ കാര്യത്തിലാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള നടപടി വൈകുന്നത്. ഇതോടെ ചൈനീസ് പൗരന്മാരായ ഇവര്‍ക്ക് കപ്പലില്‍ നിന്ന് പുറത്തിറങ്ങാനാവില്ല.

◾മേഖലാ അവലോകന യോഗങ്ങള്‍ പുതിയ ഭരണ നിര്‍വഹണ ശൈലിയായി മാറിയെന്നും മേഖലാ യോഗങ്ങള്‍ ജനപങ്കാളിത്ത വികസനത്തിന്റെയും ഭരണ അവലോകനത്തിന്റെയും മാതൃകയായി മാറിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ സര്‍വേയില്‍ 64000 ത്തില്‍ പരം കുടുംബങ്ങള്‍ അതിദാരിദ്ര്യ രേഖക്ക് താഴെയുണ്ടെന്നും അതിദാരിദ്ര്യം അനുഭവിക്കുന്നവര്‍ ഇല്ലാത്ത നാടായി സംസ്ഥാനത്തെ മാറ്റാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

◾എല്‍ജെഡി സംസ്ഥാന ഘടകം ആര്‍.ജെ.ഡിയില്‍ ലയിച്ചു. കോഴിക്കോട് നടന്ന ലയന സമ്മേളനത്തില്‍ ആര്‍.ജെ.ഡി ദേശീയ നേതാവും ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് എം.വി. ശ്രേയാംസ്‌കുമാറിന് പാര്‍ട്ടി പതാക കൈമാറി. എം.വി. ശ്രേയാംസ്‌കുമാറിനെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റായി ലാലു പ്രസാദ് യാദവ് വീഡിയോ സന്ദേശത്തില്‍ പ്രഖ്യാപിച്ചു.

◾ഹരിതകര്‍മസേനയ്ക്ക് നല്‍കേണ്ട യൂസര്‍ഫീ നല്‍കാത്തവര്‍ക്ക് തദ്ദേശസ്ഥാപനങ്ങളിലെ സേവനങ്ങള്‍ ലഭിക്കില്ലെന്നും യൂസര്‍ഫീ നല്‍കാത്തവരുടെ കുടിശ്ശികത്തുക മാസം 50 ശതമാനം പിഴയോടുകൂടി വീട്ടുനികുതിയിലെ കുടിശ്ശികയായി കണക്കാക്കുമെന്നും മന്ത്രി രാജേഷ്. അതേസമയം അതിദരിദ്രവിഭാഗങ്ങളെ യൂസര്‍ഫീയില്‍നിന്ന് ഒഴിവാക്കും.

◾സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാവുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ഏഴു ജില്ലകകളില്‍ ഇന്ന് യെല്ലോ അലെര്‍ട്ട്.

◾കള്ളവാര്‍ത്തയ്ക്ക് വന്‍ പ്രചാരണം നല്‍കി ശുദ്ധമായി പ്രവര്‍ത്തിക്കുന്ന ഓഫീസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങള്‍ തമ്മിലെ മത്സരത്തിന് സര്‍ക്കാരിനെ കരിവാരിത്തേക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസിനെതിരായ നിയമന കോഴ വിവാദമെന്നും മുഖ്യമന്ത്രി പറഞ്ഞു.

◾ഏഷ്യന്‍ ഗെയിംസ് താരങ്ങളെ അവഗണിച്ചെന്ന പരാതിയില്‍ കണക്കുകള്‍ നിരത്തി പ്രതിരോധിക്കാന്‍ മുഖ്യമന്ത്രിയുടെ ശ്രമം. കായികതാരങ്ങള്‍ക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന ആരോപണങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതിരോധശ്രമം.

◾പിണറായി സര്‍ക്കാര്‍ ഗവണ്‍മെന്റ് ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും 25,000 കോടി രൂപയുടെ ആനുകൂല്യം പിടിച്ചുവച്ച് അവരെ മുച്ചൂടും വഞ്ചിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കേരളത്തിന്റെ ചരിത്രത്തില്‍ ഇതാദ്യാമായാണ് ഇത്രയും നിഷ്ഠൂരമായ സമീപനം. 50 ലക്ഷത്തിലധികം വരുന്ന പാവപ്പെട്ടവര്‍ക്ക് ക്ഷേമപെന്‍ഷന്‍ നല്‍കിയിട്ട് മാസം നാല് കഴിഞ്ഞുവന്നും സുധാകരന്‍ പറഞ്ഞു.

◾കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ ഇനി ഒന്നും പറയാനില്ലെന്ന് ഹൈക്കോടതി. ന്യായാധിപന്മാര്‍ പോലും റോഡിന്റെ ദുരവസ്ഥ ചൂണ്ടിക്കാണിച്ച് സന്ദേശങ്ങള്‍ അയക്കുന്നു. ഉത്തരവാദികള്‍ ആരായാലും കോടതിയലക്ഷ്യത്തിന് കേസെടുക്കുക മാത്രമാണ് ഇനി വഴിയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

◾ദേശീയപാതാ വികസനത്തിനായി സ്ഥലം വിട്ടുനല്‍കിയ വ്യക്തിക്ക് നഷ്ടപരിഹാരത്തുക നല്‍കുന്നതിന് 86,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പിടിയിലായി. കൊയിലാണ്ടി ദേശീയ പാത വികസന വിഭാഗം തഹസില്‍ദാരുടെ ഓഫീസിലെ ക്ലര്‍ക്ക് പിഡി ടോമിയാണ് പിടിയിലായത്.

◾കണ്ണൂരിലെ ഉളിക്കലില്‍ നെല്ലിക്കാംപൊയില്‍ സ്വദേശി ജോസിന്റെ മരണം ആനയുടെ ചവിട്ടേറ്റന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. നെഞ്ചിനേറ്റ ചവിട്ടാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്.

◾സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ ചെയര്‍മാന്‍ എന്ന പദം ഉപയോഗിക്കുന്നത് തിരുത്തി ചെയര്‍പേഴ്സണ്‍ എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യവുമായി കെഎസ്യു സംസ്ഥാന വൈസ്പ്രസിഡന്റ് ആന്‍ സെബാസ്റ്റ്യന്‍ സര്‍വകലാശാലകള്‍ക്ക് കത്തയച്ചു. എം.ജി സര്‍വ്വകാലാശാല ഇത്തരം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് സൂചിപ്പിച്ച് കേരള, കണ്ണൂര്‍, കാലിക്കറ്റ് സര്‍വകലാശാലകള്‍ക്കാണ് ആന്‍ സെബാസ്റ്റ്യന്‍ കത്തയച്ചത്.

◾മതിയായ ജീവനക്കാരില്ലാത്തതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും ചേര്‍ന്ന് മംഗല്‍പാടി പഞ്ചായത്തില്‍ ചര്‍ച്ചക്കെത്തിയ പഞ്ചായത്ത് അസിസ്റ്റന്റ് ഡെപ്യൂട്ടി ഡയറക്ടറെ ഓഫീസില്‍ പൂട്ടിയിട്ടു. ജീവനക്കാരെ നിയമിക്കുന്ന കാര്യത്തില്‍ കൃത്യമായ മറുപടി കിട്ടാത്തതോടെയാണ് അസിസ്റ്റന്റ് ഡെപ്യൂട്ടി ഡയറക്ടറെയും ഓഫീസില്‍ പൂട്ടിയിട്ടത്.

◾തിരുവനന്തപുരം മെഡിക്കല്‍ കോളജ് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററിലെ (സി.ഡി.സി) ജെനറ്റിക് ആന്റ് മെറ്റബോളിക് ലാബിന് എന്‍.എ.ബി.എല്‍ അംഗീകാരം. സിഡിസിയിലെ 15 സ്‌പെഷ്യാലിറ്റി യൂണിറ്റുകളിലൊന്നാണ് ജെനറ്റിക്ക് ആന്‍ഡ് മെറ്റബോളിക് ലാബ്.

◾പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ടി. ശോഭീന്ദ്രന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് അന്തരിച്ചു.. 76 വയസായിരുന്നു. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ അധ്യാപകനായിരുന്നു.

◾വിമാനയാത്ര നിരക്ക് വര്‍ധന നിയന്ത്രിക്കണമെന്നാവശ്യപ്പട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സാധാരണ ജനങ്ങള്‍ക്ക് അനങ്ങാന്‍ പറ്റാത്ത അവസ്ഥയാണെന്ന് നിരീക്ഷിച്ച കോടതി, യാത്രാനിരക്ക് തീരുമാനിക്കുന്നതിന് വ്യവസ്ഥ വേണമെന്നും ചൂണ്ടിക്കാട്ടി. ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

◾5 സംസ്ഥാനങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ തീരുമാനിക്കാനായി ബിജെപിയിലും കോണ്‍ഗ്രസിലും ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തെരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിക്കില്ലെന്നും, തെരഞ്ഞെടുപ്പിന് ശേഷം എംഎല്‍എമാര്‍ യോഗം ചേര്‍ന്ന് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നും സച്ചിന്‍ പൈലറ്റ്.

◾ജാതി സെന്‍സസ് അനിവാര്യമാണെന്നും പിന്നോക്ക സമുദായത്തിന്റെ അവസ്ഥ അറിഞ്ഞാല്‍ മാത്രമേ അവരെ സാമ്പത്തികമായി സഹായിക്കാന്‍ കഴിയുകയുള്ളൂവെന്നും ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. ജാതി സെന്‍സസ് നടപ്പാക്കാന്‍ വൈകിപ്പോയി എന്നും ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ പോരാടാന്‍ രൂപീകരിച്ച ഇന്ത്യ മുന്നണിയില്‍ പ്രതീക്ഷയുണ്ടെന്നും തേജസ്വി യാദവ് കോഴിക്കോട് പറഞ്ഞു.

◾ഓണ്‍ലൈന്‍ മാധ്യമമായ 'ന്യൂസ് ക്ലിക്ക്' വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചെന്ന് സി.ബി.ഐ. ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്നും എഫ്‌ഐആര്‍.

◾പീഡനശ്രമം ചെറുക്കുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ സദ്ദാം(23) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലെ പെണ്‍കുട്ടിയുടെ അയല്‍വാസിയായ സദ്ദാം കരിമ്പ് തോട്ടത്തില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതായും ഇത് പെണ്‍കുട്ടി ചെറുത്തത്തോടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

◾ഹമാസിനെതിരെ ഇസ്രയേലില്‍ രൂപവത്കരിച്ച സംയുക്ത യുദ്ധകാല സര്‍ക്കാരില്‍ ചേരില്ലെന്ന് പ്രതിപക്ഷ നേതാവ് യാര്‍ ലപിഡ്. തീവ്ര വലതുപക്ഷത്തെ സര്‍ക്കാരില്‍ ചേര്‍ക്കരുതെന്നും ഹമാസ് ആക്രമണം ഇസ്രായേല്‍ സര്‍ക്കാരിന്റെ വീഴ്ചയാണെന്നും യാര്‍ ലാപിഡ് പറഞ്ഞു.

◾സിറിയയിലെ രണ്ടു പ്രധാന വിമാനത്താവളങ്ങള്‍ക്കുനേരെ വ്യോമാക്രണം. വ്യോമാക്രമണത്തിന് പിന്നില്‍ ഇസ്രയേല്‍ ആണെന്നാണ് റിപ്പോര്‍ട്ട്. സിറിയയിലെ ആലപ്പോ, ഡമാസ്‌കസ് രാജ്യാന്തര വിമാനത്താവളങ്ങളിലാണ് ആക്രമണം ഉണ്ടായത്.

◾ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്ക് 134 റണ്‍സിന്റെ കൂറ്റന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഓപ്പണര്‍ ക്വിന്റണ്‍ ഡിക്കോക്കിന്റെ സെഞ്ചുറി മികവില്‍ 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന്റെ പോരാട്ടം 40.5 ഓവറില്‍ 177 റണ്‍സില്‍ അവസാനിച്ചു.

◾ഫോബ്‌സ് മാഗസിന്റെ ഈ വര്‍ഷത്തെ ഏറ്റവും സമ്പന്നരായ 100 ഇന്ത്യക്കാരുടെ പട്ടികയില്‍ മലയാളികളില്‍ ഒന്നാമന്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി തന്നെ. മുന്‍ വര്‍ഷങ്ങളില്‍ പട്ടികയിലുണ്ടായിരുന്ന ബൈജൂസിന്റെ ബൈജു രവീന്ദ്രനും ദിവ്യ ഗോകുല്‍ നാഥും ഇക്കുറി പട്ടികയില്‍ നിന്ന് പുറത്തായി. മുന്‍വര്‍ഷത്തെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി 565,692 കോടി രൂപയുടെ ആസ്തിയുമായി (68 ബില്യണ്‍ ഡോളര്‍) രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി 765,348 കോടി രൂപയുടെ (92 ബില്യണ്‍ ഡോളര്‍) ആസ്തിയുമായി ഒന്നാമതെത്തി. പട്ടികയില്‍ ആറ് മലയാളികളും ഒരു മലയാളി ബിസിനസ് കുടുംബവുമാണ് ഇടംനേടിയത്. പട്ടിക പ്രകാരം എം.എ.യൂസഫലിയുടെ ആസ്തി 59,065 കോടി രൂപയായി (7.1 ബില്യണ്‍ ഡോളര്‍). രണ്ടാം സ്ഥാനത്ത് എത്തിയ മുത്തൂറ്റ് കുടുംബത്തിന്റെ ആസ്തി 40,763 കോടി രൂപ (4.9 ബില്യണ്‍ ഡോളര്‍)യാണ്. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസാണ് മൂന്നാം സ്ഥാനത്ത്. 36,604 കോടി രൂപയുടെ (4.4 ബില്യണ്‍ ഡോളര്‍) ആസ്തിയോടെ ഇന്ത്യന്‍ റാങ്കില്‍ 50-ാം സ്ഥാനം. കഴിഞ്ഞ വര്‍ഷം 69-ാം സ്ഥാനത്തായിരുന്നു അദ്ദേഹം. യു.എ.ഇ ആസ്ഥാനമായ ബുര്‍ജീല്‍ ഹോള്‍ഡിംഗ്സിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലില്‍ 30,780 കോടി രൂപയുടെ (3.7 ബില്യണ്‍ ഡോളര്‍) ആസ്തിയോടെ മലയാളികളില്‍ നാലാം സ്ഥാനത്തെത്തി. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ 27,037 കോടി രൂപയുടെ (3.25 ബില്യണ്‍ ഡോളര്‍) ആസ്തിയുമായി ഇന്ത്യന്‍ സമ്പന്നന്മാരില്‍ 67-ാം സ്ഥാനത്തും സമ്പന്ന മലയാളികളില്‍ അഞ്ചാം സ്ഥാനത്തുമെത്തി. 26,621 കോടി രൂപ (3.2 ബില്യണ്‍ ഡോളര്‍) മൂല്യവുമായി ആര്‍.പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള 69-ാം സ്ഥാനത്താണ്. ജെംസ് ഗ്രൂപ്പ് മേധാവി സണ്ണി വര്‍ക്കി, 24,375 കോടി രൂപയുമായി (2.93 ബില്യണ്‍ ഡോളര്‍) 78-ാം സ്ഥാനത്തെത്തി.

◾കുടുംബപശ്ചാത്തലത്തില്‍ രസകരമായ ഒരു പ്രമേയവുമായെത്താനിരിക്കുന്ന ചിത്രം 'തോല്‍വി എഫ്സി'യുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. കോമഡി ഡ്രാമ ജോണറില്‍ ആയിരിക്കും സിനിമ എത്തുന്നതെന്ന സൂചന കൂടുതല്‍ ഉറപ്പിക്കാവുന്ന തരത്തിലുള്ള പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്. തോല്‍വി എഫ്സി എന്ന പുതിയ ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്ററില്‍ ഷറഫുദ്ദീനും ജോണി ആന്റണിയും അല്‍ത്താഫ് സലീമുമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വേറിട്ട പോസ്റ്ററുകളുമായി മനംകവര്‍ന്ന ചിത്രത്തിന്റ സംവിധാനം ജോര്‍ജ് കോരയാണ്. തിരക്കഥയും എഴുതിയിരിക്കുന്ന ജോര്‍ജ് കോര ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലാണ് എത്തുന്നത്. തോല്‍വി എഫ്സി എന്ന പുതിയ ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുന്നത് വിഷ്ണു വര്‍മ, കാര്‍ത്തിക് കൃഷ്ണന്‍, സിജിന്‍ തോമസ് എന്നിവരാണ്.

◾അഞ്ജലി അമീര്‍, പ്രീതി ക്രിസ്റ്റീന പോള്‍, എം എ റഹിം, വിനീത് മോഹന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഞ്ചിത്ത് ദിവാകര്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന 'ദി സ്പോയില്‍സ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍, നടന്‍ ബിജു മേനോന് നല്‍കിയാണ് പോസ്റ്റര്‍ പ്രകാശനം ചെയ്തത്. സതീഷ് കതിരവേല്‍ ഛായാഗ്രഹണം നിര്‍വഹിക്കും. അഖില്‍ കവലൂര്‍, അക്ഷയ് ജോഷി, സജിത് ലാല്‍, സന്തോഷ് കുമാര്‍, ബക്കര്‍, സുനില്‍ ബാബു, ഷൈജു ബി കല്ലറ, സതീശന്‍, സാബു നീലകണ്ഠന്‍ നായര്‍, ഷൈന്‍ രാജ്, റിജു റാം, സജിഖാന്‍, റിനു പോള്‍, ആറ്റിങ്ങല്‍ സുരേഷ്, ഷീജു ഇമ്മാനുവല്‍, ആദിദേവ്, അനശ്വര രാജന്‍, ദര്‍ശന, സിനിമോള്‍, ജിനീഷ്, ഷിജി സുകൃത, മുകരി, അനു ശ്രീധര്‍മ എന്നിവരാണ് മറ്റു അഭിനേതാക്കള്‍. എഡിജിപി ശ്രീജിത്ത് ഐപിഎസ് ഗായകനാകുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. സുനില്‍ ജി ചെറുകടവ് എഴുതിയ വരികള്‍ക്ക് സിബു സുകുമാരന്‍ സംഗീതം നല്‍കും.

◾ഉത്സവ സീസണിന് മുന്നോടിയായി ഫോര്‍ച്യൂണര്‍ ഏഴ് സീറ്റര്‍ എസ്യുവിയുടെ വില ടൊയോട്ട ഇന്ത്യ വര്‍ധിപ്പിച്ചു. പെട്രോള്‍ ഫോര്‍ച്യൂണറിന് 44,000 രൂപയും ഡീസല്‍ പതിപ്പിന് 70,000 രൂപയുമാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. എസ്യുവി ഇപ്പോള്‍ 33.43 ലക്ഷം മുതല്‍ 51.44 ലക്ഷം വരെ (എക്‌സ് ഷോറൂം) വില പരിധിയില്‍ ലഭ്യമാണ്. ടൊയോട്ട ഫോര്‍ച്യൂണര്‍ 3-വരി എസ്യുവി രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ് - 2.7 ലിറ്റര്‍ എന്‍എ പെട്രോളും 2.8 ലിറ്റര്‍ ടര്‍ബോ ഡീസല്‍. ആദ്യത്തേത് 164 ബിഎച്ച്പിയും 245 എന്‍എം ടോര്‍ക്കും മികച്ചതാണെങ്കില്‍, ടര്‍ബോ ഡീസല്‍ എഞ്ചിന് 201 ബിഎച്ച്പി പവറും 500 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. 6-സ്പീഡ് മാനുവലും ഓട്ടോമാറ്റിക് ഗിയര്‍ബോക്സും ട്രാന്‍സ്മിഷന്‍ ചോയിസുകളില്‍ ഉള്‍പ്പെടുന്നു. ടൊയോട്ട ഫോര്‍ച്യൂണര്‍ പെട്രോള്‍ മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളോടെ ഒറ്റ ട്രിമ്മില്‍ ലഭ്യമാണ്. 4ഃ2 എംടി പതിപ്പിന് 33.43 ലക്ഷം രൂപയും 4ഃ2 എടി വേരിയന്റിന് 35.02 ലക്ഷം രൂപയുമാണ് വില. ഡീസല്‍ ശ്രേണി 35.93 ലക്ഷം രൂപയില്‍ തുടങ്ങി 51.44 ലക്ഷം രൂപ വരെ ഉയരുന്നു. ഡീസലിന്റെ 4ഃ2 പതിപ്പിന് ഇപ്പോള്‍ 44,000 രൂപ വരെ വിലയുണ്ട്, അതേസമയം 4ഃ4 പതിപ്പിന് ഇപ്പോള്‍ 70,000 രൂപ വരെ വര്‍ധിച്ചു.

◾ദേശനഷ്ടം അധിനിവേശത്തിന്റെ അനുഭവമാണ്. ലോകമെമ്പാടും ദേശമെന്ന അനുഭൂതിയെ ബദലായി ഉയര്‍ത്തിയാണ് മനുഷ്യര്‍ ചെറുത്ത് നിന്നത്. ദേശത്തെ വാരിയെടുത്ത്, ചിതറിപ്പോയ ദേശമോര്‍മകളെ തുന്നിക്കൂട്ടി, ദേശത്തിന്റെ പാട്ടുകളേയും പറച്ചിലുകളെയും വീണ്ടെടുത്താണ് പ്രതിരോധിച്ചത്. പെരുമാള്‍പുരം അത്തരമൊരു പ്രതിരോധമാണ്. അധിനിവേശം അടിച്ചേല്‍പിച്ച മറവികള്‍ക്ക് മീതെ ഓര്‍മകളുടെ കെട്ടഴിക്കുകയാണ് ഈ നോവലില്‍. 'പെരുമാള്‍പുരം'. ടി സി വി സതീശന്‍. ഐ ബുക്സ്. വില 180 രൂപ.

◾അപ്പന്‍ഡിക്‌സ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിനും കാരണമാകാമെന്ന് പഠനം. ആല്‍ഫ-സിനുക്ലെയ്ന്‍ എന്ന പേരിലുള്ള അപകടകാരിയായ പ്രോട്ടീന്റെ സ്രോതസ്സ് അപ്പെന്‍ഡിക്‌സ് ആണെന്നാണ് ഈ പഠനം പറയുന്നത്. ഈ പ്രോട്ടീന്‍ അപ്പന്‍ഡിക്‌സില്‍ നിന്ന് കേന്ദ്ര നാഡീവ്യൂഹ സംവിധാനത്തിലേക്ക് നീങ്ങി പാര്‍ക്കിന്‍സണ്‍സ് ഉള്‍പ്പെടെയുള്ള മേധാശക്തിയെ ക്ഷയിപ്പിക്കുന്ന രോഗങ്ങള്‍ക്ക് കാരണമാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കുടലിലെ പല പ്രശ്‌നങ്ങളും നാഡീവ്യൂഹസംബന്ധമായ രോഗങ്ങളിലേക്ക് നയിക്കാമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. വയര്‍ ഒഴിയാന്‍ താമസം നേരിടുന്ന ഗാസ്‌ട്രോപാരെസിസ്, ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ട് തോന്നുന്ന ഡിസ്ഫാജിയ, മലബന്ധം എന്നിവ പാര്‍ക്കിന്‍സണ്‍സ് രോഗ സാധ്യത ഇരട്ടിയാക്കുമെന്നും ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം പാര്‍ക്കിന്‍സണ്‍സ് രോഗ സാധ്യത 17 ശതമാനം ഉയര്‍ത്തുമെന്നും ഗവേഷകര്‍ പറയുന്നു. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ വയര്‍ നിറഞ്ഞതോ എരിയുന്നതോ ആയ തോന്നലുണ്ടാക്കുന്ന ഫങ്ഷനല്‍ ഡിസ്‌പെപ്‌സിയ, അതിസാരത്തോട് കൂടിയ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം എന്നിവയെല്ലാം പാര്‍ക്കിന്‍സണ്‍സ് രോഗികളില്‍ വ്യാപകമായി കാണപ്പെടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വയറിലെയും കുടലിലെയും പ്രശ്‌നങ്ങള്‍ പില്‍ക്കാലത്ത് പാര്‍ക്കിന്‍സണ്‍സ് ഉള്‍പ്പെടെയുള്ള നാഡീവ്യൂഹ രോഗങ്ങള്‍ ഉണ്ടാകാമെന്നതിനെ സംബന്ധിച്ച സൂചന നല്‍കുമെന്നും പഠനറിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

◾ശുഭദിനം
കവിത കണ്ണന്‍
അപരിചിതമായ ആ നഗരത്തില്‍ അന്ന് പകല്‍ മുഴുവനും അയാള്‍ ചുറ്റിക്കറങ്ങി ഹോട്ടലില്‍ തിരിച്ചെത്തിയപ്പോഴാണ് തന്റെ പേഴ്‌സ് നഷ്ടമായ വിവരം അയാള്‍ അറിയുന്നത്. റിസ്പഷനില്‍ അറിയിച്ചു അവിടെ നിന്നും താന്‍ വന്ന ടാക്‌സി ഡ്രൈവറുടെ നമ്പറില്‍ പലതവണ വിളിച്ചെങ്കിലും അയാള്‍ ഫോണ്‍ എടുത്തില്ല. തന്റെ പാസ്‌പോര്‍ട്ടും പണവുമെല്ലാം നഷ്ടപ്പെട്ടുവെന്ന് അയാള്‍ ഉറപ്പിച്ചു. പിറ്റേന്ന് രാവിലെ പോലീസില്‍ പരാതിനല്‍കാന്‍ ഇറങ്ങുമ്പോഴാണ് റിസപ്ഷനില്‍ ടാക്‌സി ഡ്രൈവര്‍ അയാളെ കാത്ത് നില്‍ക്കുന്നത് കണ്ടത്. ടാക്‌സി ഡ്രൈവര്‍ പറഞ്ഞു: ഇത് താങ്കളുടെ പേഴ്‌സ് അല്ലേ, ഞാനിന്നലെ ഭാര്യയുമായി ആശുപത്രിയില്‍ പോയി വന്നപ്പോള്‍ രാത്രിയായി. ഫോണ്‍ വീട്ടില്‍ വെച്ച് മറക്കുകയും ചെയ്തു. സന്തോഷത്തോടെ ആ പേഴ്‌സ് തിരിച്ചുവാങ്ങിയ അയാള്‍ നന്ദി സൂചകമായി ആയിരം രൂപ നല്‍കുകയും ചെയ്തു. ആ രൂപ നിരസിച്ച് അയാള്‍പറഞ്ഞു: ഞാന്‍ പേഴ്‌സ് തിരിച്ചുതന്നത് ഈ രൂപ കിട്ടാനല്ല, ഇത് താങ്കളുടെ ആയതുകൊണ്ടാണ്. എല്ലാമുണ്ടായിട്ടും ഒന്നും നല്‍കാത്തവരുടെ ഇടയില്‍ ഒന്നുമില്ലാതിരുന്നിട്ടും എല്ലാം നല്‍കാന്‍ കഴിയുന്ന ചിലരുണ്ട്. അവരിലാണ് മനുഷ്യരുടെ പ്രതീക്ഷ നിലനില്‍ക്കുന്നത്. ഈ ലോകത്ത് നന്മ ഇനിയും പൂര്‍ണ്ണമായി ഇല്ലാതായിട്ടില്ല എന്നതിന്റെ അടയാളമാണവര്‍. ആശ്രയിക്കാനും വിശ്വസിക്കാനും പറ്റുന്നവര്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട് എന്നതിന്റെ അടയാളം. ഈ അടയാളങ്ങള്‍ മറ്റുള്ളവരില്‍ വരുത്തുന്ന ചില വ്യതിയാനങ്ങളുണ്ട്. ആരും ശരിയല്ല എന്ന ധാരണ തിരുത്തപ്പെടുകമാത്രമല്ല, തന്നെ സഹായിച്ചതിന്റെ കടപ്പാട്, സുകൃതങ്ങളുടെ വിത്തുകള്‍ അയാളുടെ ഹൃദയത്തില്‍ മുളപ്പിക്കും. നാളെ അവ വളര്‍ന്ന് ആര്‍ക്കെങ്കിലുമൊക്കെ തണലുകള്‍ സമ്മാനിക്കും.. ചുറ്റുമുളളവരുടെ ജീവിതത്തില്‍ സുകൃതങ്ങളുടെ വിത്തുകള്‍ മുളക്കാന്‍ നമുക്കും കാരണമാകാം - ശുഭദിനം.