◾ഓപ്പറേഷന്‍ അജയ് - ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ദൗത്യവുമായി ഇന്ത്യ. ഇന്ത്യയിലേക്ക് തിരികെ എത്താന്‍ താല്‍പര്യമുള്ളവരെ തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഓപ്പറേഷന്‍ അജയിന്റെ ഭാഗമായുള്ള ആദ്യ പ്രത്യേക വിമാനം ഇസ്രയേലിലേക്ക് പുറപ്പെട്ടു.
◾ഇസ്രയേലില്‍ യുദ്ധകാല അടിയന്തര സര്‍ക്കാര്‍ രൂപവത്കരിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പ്രതിപക്ഷ പാര്‍ട്ടിയായ ബ്ലൂ ആന്‍ഡ് വൈറ്റ് നേതാവ് ബെന്നി ഗാന്‍സിനെയും ഉള്‍പ്പെടുത്തിയാണ് നെതന്യാഹുവിന്റെ പുതിയ സര്‍ക്കാര്‍ പ്രഖ്യാപനം. മുന്‍ പ്രതിരോധ മന്ത്രിയും സൈനിക ജനറലുമായ ബെന്നി ഗാന്‍സ്, യുദ്ധകാല മന്ത്രിസഭയിലേക്കെത്തുന്നതോടെ യുദ്ധം കൂടുതല്‍ ശക്തമാകാനുള്ള സാധ്യതയാണ് കാണുന്നത്. അതിനിടെ, ഇസ്രയേല്‍- ഹമാസ് യുദ്ധത്തില്‍ ഇരുഭാഗത്തുമായി മരണം 3,600 കടന്നു.
◾യുദ്ധം തുടരുന്നതിനിടെ അമേരിക്കയുടെ ആദ്യ സൈനീക കപ്പല്‍ ഇസ്രയേല്‍ തീരത്ത്. കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലിലാണ് ആണവശേഷിയുള്ള വിമാനവാഹിനി കപ്പല്‍ ജെറാള്‍ഡ് ഫോഡുള്ളത്. ഹമാസിനെതിരായ യുദ്ധത്തില്‍ ഇസ്രായേലിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു.
◾കിലെയില്‍ അനധികൃതമായി ഡിവൈഎഫ്ഐ നേതാവ് സൂര്യ ഹേമനെ നിയമിച്ച മന്ത്രി വി ശിവന്‍കുട്ടിയുടെ നടപടി സത്യപ്രതിജ്ഞ ലംഘനമാണെന്നും മന്ത്രി രാജിവയ്ക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മന്ത്രിമാര്‍ നടത്തുന്ന ബന്ധുനിയമനങ്ങള്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അനധികൃതമായി നിയമിച്ച എല്ലാവരെയും പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അതേസമയം സൂര്യ ഹേമനെ കൂടാതെ പത്ത് പേരെ കൂടി കിലെയില്‍ പിന്‍വാതില്‍ വഴി നിയമച്ചതിന്റെ തെളിവുകള്‍ പുറത്തുവന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.
◾പദയാത്ര നടത്തി വാഹനതടസ്സം സൃഷ്ടിച്ചതിന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കും മറ്റ് ബിജെപി നേതാക്കള്‍ക്കുമെതിരെ കേസെടുത്ത് തൃശൂര്‍ ഈസ്റ്റ് പൊലീസ്. സഹകരണ കൊള്ളയ്‌ക്കെതിരെ കരുവന്നൂരില്‍ നിന്ന് തൃശൂരിലേക്ക് പദയാത്ര നടത്തിയതിനാണ് സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. സുരേഷ് ഗോപി, ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍, ബി ഗോപാലകൃഷ്ണന്‍, കെ കെ അനീഷ് കുമാര്‍, ഹരി കെ ആര്‍ തുടങ്ങി 500 ഓളം പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
◾റദ്ദാക്കിയ 465 മെഗാവാട്ടിന്റെ ദീര്‍ഘകാല വൈദ്യുതി കരാര്‍ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് റഗുലേറ്ററി കമ്മീഷന് സര്‍ക്കാര്‍ കത്ത് നല്‍കി. വൈദ്യുതി നിയമത്തിലെ 108 ആം വകുപ്പ് പ്രകാരമാണ് നടപടി. കരാറിലെ നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായെന്ന കമ്മീഷന്റെ കണ്ടെത്തലില്‍ സര്‍ക്കാര്‍ ഇടപെടില്ല. പൊതുജനതാല്പര്യാര്‍ത്ഥമാണ് പുനസ്ഥാപിക്കാനുള്ള നിര്‍ദ്ദേശമെന്നാണ് കത്തില്‍ പറയുന്നത്.
◾നിയമന കോഴ വിവാദത്തില്‍ ആരോഗ്യ മന്ത്രിയുടെ പിഎ അഖില്‍ മാത്യുവിന് പണം നല്‍കിയിട്ടില്ലെന്ന് ബാസിതും സമ്മതിച്ചു. കന്റോണ്‍മെന്റ് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം ബാസിത് പറഞ്ഞത്. ഹരിദാസനില്‍ നിന്ന് പണം തട്ടിയെടുക്കാനാണ് മന്ത്രി ഓഫീസിന്റെ പേര് പറഞ്ഞതെന്നും മന്ത്രിയുടെ പിഎയുടെ പേര് പരാതിയില്‍ എഴുതി ചേര്‍ത്തത് താനെന്നും ബാസിത് പൊലീസിനോട് പറഞ്ഞു.
◾കണ്ണൂരിലെ ഉളിക്കല്‍ ടൗണില്‍ ഇറങ്ങിയ കാട്ടാന വനാതിര്‍ത്തിയിലേക്കു തിരികെ മടങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. അവസാനം ലഭ്യമായ വിവരം അനുസരിച്ച് മാട്ടറ പിന്നിട്ടു. വന്ന വഴിയിലൂടെയാണ് തന്നെയാണ് ആന മടങ്ങുന്നതെന്ന് വനം വകുപ്പ് ഉദ്യോസ്ഥര്‍ വ്യക്തമാക്കി.
◾സ്വര്‍ണ്ണക്കടത്ത് സംഘത്തിന് കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ സ്വര്‍ണ്ണം കടത്തുന്നതിന് ഒത്താശ ചെയ്ത സിഐഎസ്എഫ് അസിസ്റ്റന്റ് കമാന്റന്റ് നവീന്‍ പൊലീസ് കസ്റ്റഡിയില്‍. നവീനെ കൊണ്ടോട്ടി ഡിവൈഎസ്പിയുടെ ഓഫീസില്‍ എത്തിച്ചു.
◾ചെങ്ങന്നൂര്‍ ശബരിമലയിലേക്കുള്ള കവാടമാണെന്നും കോട്ടയം വഴിയുള്ള വന്ദേഭാരത് ട്രെയിനിന് ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നും സജി ചെറിയാന്‍. ഈ ആവശ്യം ഉന്നയിച്ച് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവിന് സജി ചെറിയാന്‍ കത്തയച്ചു. അതേസമയം വന്ദേ ഭാരതിന് ചെങ്ങന്നൂരില്‍ താമസിയാതെ സ്റ്റോപ്പ് അനുവദിക്കുമെന്നും ഇക്കാര്യം റെയില്‍വേ മന്ത്രിയുമായി സംസാരിച്ചെന്നും അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് മറുപടി ലഭിച്ചെന്നും കേന്ദ്ര മന്ത്രി വി മുരളീധരന്‍ വ്യക്തമാക്കി.
◾കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ റബ്കോയുടെ 10 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളുടെ രേഖ ഹാജരാക്കണമെന്ന് ഇഡി. രേഖകള്‍ ഇന്ന് ഹാജരാക്കാമെന്ന് റബ്കോ എംഡി ഹരിദാസന്‍ നമ്പ്യാര്‍ പറഞ്ഞു. റബ്കോയുടെ വിപണന പങ്കാളിയായിരുന്നു കരുവന്നൂര്‍ സഹകരണ ബാങ്ക്. ഈ സാഹചര്യത്തിലാണ് ഹരിദാസന്റെ മൊഴി ഇഡി രേഖപ്പെടുത്തിയത്.
◾ജെഡിഎസ് സംസ്ഥാന ഘടകത്തിലെ പ്രതിസന്ധി തീരുന്നില്ല. ജെഡിഎസ് ദേശീയ ഘടകം എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് കേരളാ ഘടകം സ്വീകരിക്കേണ്ട തുടര്‍ നടപടികളില്‍ കടുത്ത ഭിന്നത. ഇന്നലെ ചേര്‍ന്ന സംസ്ഥാന ഭാരവാഹി യോഗത്തിലും വ്യക്തമായ തീരുമാനമുണ്ടായില്ല.
◾പാലക്കാട് ശ്രീനിവാസന്‍ വധക്കേസില്‍ എന്‍ഐഎ അന്വേഷണം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രതികള്‍ ഹൈക്കോടതിയില്‍. കേസ് കൈമാറിയ ഉത്തരവ് നിയമ വിരുദ്ധമാണെന്നാണ് പ്രതികളുടെ വാദം. കേസിലെ 10 പ്രതികളാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.
◾കേരള ഹൈക്കോടതി ജഡ്ജിമാരായി അഞ്ച് ജുഡീഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. കൊല്ലം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എം. ബി സ്നേഹലത ഉള്‍പ്പടെ അഞ്ച് പേരെ നിയമിക്കാനാണ് ശുപാര്‍ശ.
◾മലപ്പുറത്ത് വീടിനു നമ്പര്‍ ഇടാന്‍ 5000 രൂപ ആവശ്യപ്പെട്ട പഞ്ചായത്ത് ജീവനക്കാരന്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായി. മലപ്പുറം പുളിക്കല്‍ പഞ്ചായത്ത് ഓഫീസിലെ ഹെഡ് ക്ലര്‍ക്ക് സുഭാഷ് കുമാര്‍ ആണ് പിടിയിലായത്.
◾വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള ആദ്യ കപ്പല്‍ പുറംകടലില്‍ നങ്കൂരമിട്ടതായി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ഈ മാസം 15 ന് വൈകിട്ട് നാല് മണിക്ക് കപ്പല്‍ വിഴിഞ്ഞം തുറമുഖത്തെ ബര്‍ത്തിലെത്തുമെന്നും വാട്ടര്‍ സല്യൂട്ട് നല്‍കി കപ്പലിനെ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
◾കാര്‍ഷിക സര്‍വ്വകലാശാലയില്‍ തൊഴിലാളികളെ വെട്ടിക്കുറയ്ക്കേണ്ടി വരുമെന്ന് വൈസ് ചാന്‍സ്ലര്‍ ബി. അശോക്. അടുത്ത മാര്‍ച്ചോടെ നൂറുപേരെ കുറയ്ക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ബി അശോക് പറഞ്ഞു.
◾സംസ്ഥാനത്ത് മധ്യ, വടക്കന്‍ ജില്ലകളില്‍ വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോര്‍ട്ട്. തീരമേഖലകളിലും, കിഴക്കന്‍ മേഖലകളിലും മഴ കനത്തേക്കും. കര്‍ണാടകയ്ക്ക് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതായും കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പറയുന്നു.10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
◾ഇലന്തൂര്‍ നരബലി കേസ് പ്രതികളിലേക്ക് മറ്റൊരു കൊലപാതകത്തിന്റെ അന്വേഷണം കൂടി .2014 ല്‍ പത്തനംതിട്ട മല്ലപ്പുഴശ്ശേരി സ്വദേശി സരോജിനി കൊല്ലപ്പെട്ടതിന്റെ അന്വേഷണമാണ് മുഹമ്മദ് ഷാഫി, ഭഗവത് സിംഗ്, ലൈല എന്നിവരിലേക്ക് എത്തുന്നത്. കേസില്‍ മൂന്നു പേരെയും ക്രൈംബ്രാഞ്ച് ജയിലിലെത്തി ചോദ്യം ചെയ്തു.
◾കുട്ടനാട് കൈനകരിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൈനകരി പഞ്ചായത്ത് 5-ാം വാര്‍ഡ് ചേന്നങ്കരി ചാലച്ചിറ വീട്ടില്‍ ആര്‍. നിരഞ്ജനയെ ആണ് അബോധാവസ്ഥയിലായ നിലയില്‍ കണ്ടെത്തിയത്.
◾തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരനായ 13 വയസ്സുകാരന്‍ ഉള്‍പ്പെട്ട കുടുംബത്തിന് തൊഴുത്തില്‍ കഴിയേണ്ടി വന്നതില്‍ ഭിന്നശേഷി കമ്മീഷണര്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ ലൈഫ് മിഷനും, നഗരൂര്‍ പഞ്ചായത്ത് സെക്രട്ടറിക്കും നോട്ടീസ് നല്‍കി.
◾ബിഹാറിലെ ബക്‌സറിനുസമീപം തീവണ്ടി പാളംതെറ്റി നാലുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. നോര്‍ത്ത് ഈസ്റ്റ് എക്‌സ്പ്രസ് തീവണ്ടിയാണ് അപകടത്തില്‍പ്പെട്ടത്. ബക്‌സറിലെ രഘുനാഥ്പുര്‍ സ്റ്റേഷനു സമീപത്തുവെച്ച് ഇന്നലെ രാത്രി 9.30-ഓടെയാണ് അപകടമുണ്ടായത്.
◾രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി മാറ്റി തെരഞ്ഞെടുപ്പ് കമ്മിഷന്‍. നവംബര്‍ 23ന് നടക്കേണ്ട തെരഞ്ഞെടുപ്പ് നവംബര്‍ 25ലേക്കാണ് മാറ്റിയത്. രാഷ്ട്രീയ പാര്‍ട്ടികളുടെയും വിവിധ സംഘടനകളുടെയും ആവശ്യം പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് തീയതി മാറ്റിയത്.
◾ഹമാസ് ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇസ്രയേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് മാര്‍പാപ്പ പറഞ്ഞു. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ഇസ്രയേലില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്കായി ഹെല്‍പ്പ് ലൈന്‍ നമ്പര്‍ പുറത്തിറക്കി ഇന്ത്യന്‍ എംബസി. ശാന്തമായും ജാഗ്രതയോടെയും ഇരിക്കണമെന്ന് ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കി. സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും എംബസി നിര്‍ദേശിച്ചു.
◾പലസ്തീന്‍ ജനതക്ക് അവരുടെ നിയമാനുസൃത അവകാശങ്ങള്‍ വീണ്ടെടുക്കാനുള്ള പിന്തുണ തുടരുമെന്ന് സൗദി മന്ത്രിസഭ. ഗാസയിലെ ഇസ്രയേല്‍ ആക്രമണവും പശ്ചിമേഷ്യന്‍ മേഖലയില്‍ അതിന്റെ വ്യാപനവും തടയേണ്ടതുണ്ടെന്നും സൗദി മന്ത്രിസഭ വ്യക്തമാക്കി.
◾ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ അഫ്ഗാനിസ്താനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ കൂറ്റന്‍ വിജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാന്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ 2 വിക്കറ്റ് നഷ്ടത്തില്‍ 15 ഓവര്‍ ബാക്കി നില്‍ക്കേ വിജയലക്ഷ്യത്തിലെത്തി. 84 പന്തില്‍ 131 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ ജയം സ്വന്തമാക്കിയത്. ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയ രോഹിത് 63 പന്തുകളിലാണ് നൂറടിച്ചത്.
◾രാജ്യത്ത് വ്യക്തിഗത ആദായനികുതി പിരിവിലെ വളര്‍ച്ചാനിരക്ക് കമ്പനികള്‍ ഒടുക്കുന്ന കോര്‍പ്പറേറ്റ് ആദായ നികുതിയേക്കാള്‍ ബഹുദൂരം മുന്നില്‍. നടപ്പുവര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ ഒക്ടോബര്‍ 9 വരെയുള്ള കണക്കുപ്രകാരം കോര്‍പ്പറേറ്റ് നികുതി പിരിവിലെ വളര്‍ച്ചാനിരക്ക് 12.39 ശതമാനമാണ്; ഇക്കാലയളവില്‍ വ്യക്തിഗത ആദായനികുതി പിരിവിലെ വളര്‍ച്ച 31.85 ശതമാനമാണെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് വ്യക്തമാക്കി. അതേസമയം, വ്യക്തിഗത ആദായനികുതി ഇനത്തില്‍ 35 ലക്ഷം റീഫണ്ട് അപേക്ഷകള്‍ തീര്‍പ്പാക്കാനുണ്ട്. ഇത് അതിവേഗം തീര്‍പ്പാക്കുമെന്നും സി.ബി.ഡി.ടി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) പുതുതായി 53 ലക്ഷം പേരാണ് ആദായനികുതി ദായകരായത്. നടപ്പുവര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ ഒക്ടോബര്‍ 9 വരെയായി വ്യക്തിഗത, കോര്‍പ്പറേറ്റ് ആദായനികുതികള്‍ ഉള്‍പ്പെടുന്ന പ്രത്യക്ഷ നികുതിയിനത്തില്‍ കേന്ദ്രസര്‍ക്കാര്‍ 11.07 ലക്ഷം കോടി രൂപയാണ് പിരിച്ചെടുത്തത്. ഇതില്‍ റീഫണ്ടുകള്‍ കിഴിച്ചുള്ള നികുതി വരുമാനം 9.57 ലക്ഷം കോടി രൂപയാണ്. റീഫണ്ടിന് മുമ്പ് 17.95 ശതമാനവും ശേഷം 21.82 ശതമാനവുമാണ് വളര്‍ച്ചാനിരക്ക്. നടപ്പുവര്‍ഷം പ്രത്യക്ഷ നികുതിയായി ആകെ 18.23 ലക്ഷം കോടി രൂപ പിരിച്ചെടുക്കുകയാണ് ബജറ്റില്‍ കേന്ദ്രം ഉന്നമിട്ടിട്ടുള്ളത്. ഇതില്‍ 9.23 ലക്ഷം കോടി രൂപ കോര്‍പ്പറേറ്റ് നികുതിയും 9 ലക്ഷം കോടി രൂപ വ്യക്തിഗത ആദായ നികുതിയുമാണ്. 16.61 ലക്ഷം കോടി രൂപയായിരുന്നു കഴിഞ്ഞവര്‍ഷം (2022-23) സമാഹരിച്ചത്.
◾തമിഴ് സിനിമയില്‍ ഇന്ന് ഏറ്റവുമധികം വിപണിമൂല്യമുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദര്‍. അനിരുദ്ധിന്റെ ഹിറ്റ് ഗാനങ്ങളില്‍ കൂടുതലും ഫാസ്റ്റ് ആന്‍ഡ് മാസ് നമ്പറുകളാണെങ്കില്‍ ചില ശ്രദ്ധേയ മെലഡികളും അദ്ദേഹത്തിന്റേതായി ഉണ്ട്. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് ഇടംപിടിക്കുന്ന ഒരു പുതിയ ഗാനം എത്തിയിരിക്കുകയാണ്. വിജയ് നായകനാവുന്ന അപ്കമിംഗ് റിലീസ് 'ലിയോ'യിലേതാണ് പുറത്തെത്തിയിരിക്കുന്ന ഗാനം. 'അന്‍പെനും' എന്നാരംഭിക്കുന്ന ഗാനം ലിയോയിലെ മൂന്നാം ഗാനമാണ്. വിഷ്ണു ഇടവന്‍ വരികള്‍ എഴുതിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദറും ലോതികയും ചേര്‍ന്നാണ്. ചിത്രത്തില്‍ വിജയ് അവതരിപ്പിക്കുന്ന കഥാപാത്രം പാര്‍ഥിയുടെ ഫാമിലി ട്രാക്കില്‍ യാത്ര ചെയ്യുന്ന ഗാനമാണിത്. വിജയ്‌ക്കൊപ്പം തൃഷയും ബാലതാരം പുയലും മലയാളി താരം മാത്യു തോമസും ഗാനരംഗത്തിലുണ്ട്. ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ലിയോയില്‍ സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ താരങ്ങള്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സെന്‍സറിംഗ് കഴിഞ്ഞ ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കറ്റ് ആണ്. ഒക്ടോബര്‍ 19നാണ് ചിത്രത്തിന്റെ റിലീസ്.
◾നിവിന്‍ പോളിയെ നായകനാക്കി പ്രശസ്ത സംവിധായകന്‍ റാം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം 'ഏഴു കടല്‍ ഏഴു മലൈ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. വി ഹൗസ് പ്രൊഡക്ഷസിന്റെ ബാനറില്‍ സുരേഷ് കാമാച്ചിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിവിന്‍ പോളിയെ കൂടാതെ അഞ്ജലി, സൂരി എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. കാട്രാതു തമിഴ്, തങ്ക മീന്‍കള്‍, താരമണി, പേരന്‍പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം റാം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'ഏഴു കടല്‍ ഏഴു മലൈ'. നേരം, റിച്ചി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിവിന്‍ പോളി വീണ്ടും തമിഴില്‍ തിരിച്ചെത്തുന്ന ചിത്രംകൂടിയാണ് ഏഴു കടല്‍ ഏഴു മലൈ. നിവിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.
◾വരാനിരിക്കുന്ന ഉത്സവ സീസണില്‍ വില്‍പ്പന വര്‍ധിപ്പിക്കാന്‍ പുതിയ രണ്ട് പ്രത്യേക പതിപ്പുകളുമായി വിപണിയില്‍ എത്തിയിരിക്കുകയാണ് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ഇന്ത്യ. ഹൈനസ് സിബി350 ലെഗസി, സിബി350ആര്‍എസ് ന്യൂ ഹ്യൂ എന്നിവയാണ് ഹോണ്ട പുറത്തിറക്കിയ ട്വിന്‍ മോഡലുകള്‍. യഥാക്രമം 2,16,356 രൂപയ്ക്കും (എക്‌സ്-ഷോറൂം, ന്യൂഡല്‍ഹി) 2,19,357 രൂപയ്ക്കുമാണ് (എക്‌സ്-ഷോറൂം, ന്യൂഡല്‍ഹി) കമ്പനി ഈ വേരിയന്റുകള്‍ പുറത്തിറക്കിയത്. ഈ മോട്ടോര്‍സൈക്കിളുകള്‍ ഇപ്പോള്‍ ഹോണ്ട ബിഗ്വിംഗ് ഡീലര്‍ഷിപ്പുകളില്‍ നിന്ന് ബുക്ക് ചെയ്യാന്‍ കഴിയും. രാജ്യത്തുടനീളം ഇവയുടെ കസ്റ്റമര്‍ ഡെലിവറി വൈകാതെ ആരംഭിക്കും. ഹൈനസ് സിബി350 ലെഗസി, സിബി350ആര്‍എസ് ന്യൂ ഹ്യൂ എന്നിവയ്ക്ക് ഒരേ 348.36സിസി, എയര്‍-കൂള്‍ഡ്, 4-സ്ട്രോക്ക്, സിംഗിള്‍-സിലിണ്ടര്‍, പിജിഎം-എഫ്ഐ എഞ്ചിന്‍ ലഭിക്കുന്നു. ഇത് 21.07പിഎസ് പരമാവധി കരുത്തും 30എന്‍എം പീക്ക് ടോര്‍ക്കും വികസിപ്പിക്കുന്നു. എഞ്ചിന്‍ 5-സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. പുതിയ പേള്‍ സൈറന്‍ ബ്ലൂ കളര്‍ സ്‌കീമില്‍ ഹൈനസ് സിബിആ350 ലെഗസി പതിപ്പ് ഹോണ്ട വാഗ്ദാനം ചെയ്യുന്നു. രണ്ട് വീലുകളിലും ഫെന്‍ഡറുകളിലും ടാങ്ക് ഗ്രാഫിക്‌സും സ്ട്രൈപ്പുകളുമുള്ള സ്‌പോര്‍ട്‌സ് റെഡ്, അത്‌ലറ്റിക് ബ്ലൂ മെറ്റാലിക് പെയിന്റ് സ്‌കീമുകളാണ് സിബി350ആര്‍എസ് ന്യൂ ഹ്യൂ എഡിഷന്റെ ഏറ്റവും വലിയ സവിശേഷത.
◾സാമൂഹിക, രാഷ്ട്രീയ മണ്ഡലത്തിലെ ജനകീയപ്രതിരോധത്തെ മലയാളനോവലുകളില്‍ എങ്ങനെയെല്ലാം അടയാളപ്പെടുത്തിയിരിക്കുന്നുവെന്ന് അന്വേഷിക്കുന്ന വിമര്‍ശന കൃതിയാണിത്. ഇന്ദുലേഖ, കയര്‍, ധര്‍മ്മപുരാണം, പിതാമഹന്‍ തുടങ്ങി അന്ധകാരനഴി, ചാവുനിലം, ആരാച്ചാര്‍ വരെ 22 നോവലുകള്‍ വിശകലനവിമര്‍ശനങ്ങള്‍ക്കു വിധേയമാക്കുന്നു. 'പ്രതിബോധത്തിന്റെ അടയാളങ്ങള്‍'. വി വിജയകുമാര്‍. ഐ ബുക്സ്. വില 285 രൂപ.
◾ഏറ്റവും പോഷകഗുണമുള്ള പഴങ്ങളില്‍ ഒന്നാണ് ആപ്പിള്‍. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് മാത്രമല്ല, നിരവധി രോഗങ്ങളെ തടയാനും ആപ്പിളിന് കഴിവുണ്ട്. ഈ പഴത്തില്‍ അടങ്ങിയിരിക്കുന്ന പോഷകമൂല്യം ശരീരത്തിന് ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഫൈബര്‍, ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമായ ആപ്പിളില്‍ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളുമുണ്ട്. എന്നാല്‍, ആപ്പിള്‍ കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നിരവധി രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയുണ്ടെന്നാണ് അടുത്തിടെ നടത്തിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. നിങ്ങള്‍ ആപ്പിള്‍ കഴിക്കുന്നത് എങ്ങനെ എന്നതിനെ ആശ്രയിച്ചിരിക്കും ഇത്. ആപ്പിള്‍ നിങ്ങള്‍ക്ക് തൊലി കളഞ്ഞോ കളയാതെയോ കഴിക്കാം. ഈ പഴത്തിന്റെ പോഷകഗുണത്തെക്കുറിച്ച് പറയുമ്പോള്‍, തൊലിയോടെ കഴിക്കുന്നതാണ് ആരോഗ്യകരം. എന്നാല്‍, വിപണിയില്‍ ഇന്ന് ലഭ്യമായ ആപ്പിളില്‍ പലതിലും കീടനാശിനികള്‍, മെഴുക്, കെമിക്കല്‍ വാഷ് എന്നിവ പുരട്ടിയവയാണ്. വളരെയധികം രാസവസ്തുക്കള്‍ ചേര്‍ക്കുന്നത് യഥാര്‍ത്ഥത്തില്‍ ഈ പഴങ്ങളുടെ പോഷക ഘടകത്തെ നശിപ്പിക്കുന്നു. അവ ആരോഗ്യത്തിന് കൂടുതല്‍ അപകടകരമായും മാറുന്നു. കടകളില്‍ നല്ല ചുവന്ന് തുടുത്ത ആപ്പിളുകള്‍ നിങ്ങള്‍ക്ക് കാണാമെങ്കിലും ഇവയില്‍ പലതും പുറംഭാഗത്ത് മെഴുക് പുരട്ടി വെച്ചിരിക്കുന്നവയാണ്. ഇത്തരം രാസവസ്തുക്കള്‍ പുരട്ടുന്നതിലൂടെ ആപ്പിള്‍ കൂടുതല്‍ കാലം കേടുകൂടാതെ നിലനില്‍ക്കും. എന്നാല്‍ ഇത് ശരീരത്തിലെത്തിയാല്‍ ഫലം വിപരീതമായിരിക്കും. അതിനാല്‍ ഇന്നത്തെ കാലത്ത് ആപ്പിള്‍ കഴിയുന്നതും തൊലി കളഞ്ഞതിന് ശേഷം കഴിക്കാന്‍ ശ്രമിക്കുകയാണ് ഉത്തമം.