◾ഗാസയ്ക്കുമേല്‍ തീമഴ പെയ്യിച്ച് ഇസ്രായേല്‍. നിര്‍ത്താതെ ബോംബുവര്‍ഷിച്ച് ഇസ്രയേല്‍ പോര്‍വിമാനങ്ങള്‍. പലസ്തീനില്‍ 75 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വ്യോമാക്രമണവുമായി ഇസ്രയേല്‍. ഹമാസിന്റെ ഭീഷണിയെത്തിയതിന് പിന്നാലെ ഗാസ മുനമ്പില്‍ ഇസ്രയേല്‍ വന്‍ ആക്രമണം നടത്തി. ഹമാസ് ഇസ്രായേലിലേക്ക് ആക്രമണം നടത്തിയ ശേഷം പ്രദേശത്തെ തരിപ്പണമാക്കുന്ന തരത്തിലുള്ള ഏറ്റവും വലിയ വ്യോമാക്രമണമായിരുന്നു നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾അതിര്‍ത്തി കടന്നുള്ള ഹമാസിന്റെ ആക്രമണത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നു. 1008 പേര്‍ കൊല്ലപ്പെട്ടുവെന്നും 3418 പേര്‍ക്ക് ഇതുവരെ പരിക്കേറ്റെന്നും അമേരിക്കയിലെ ഇസ്രയേല്‍ എംബസി. ഗാസയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഗാസയിലെ ധനകാര്യ മന്ത്രി അബു ഷംല കൊല്ലപ്പെട്ടു.
◾ഇസ്രയേല്‍ പലസ്തീന്‍ പ്രതിസന്ധിയില്‍ ഇടപെടരുതെന്ന് ഇറാന് മുന്നറിയിപ്പുമായി യുഎസ്. പ്രശ്നം വിശാലമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിന് മുതിരരുതെന്നും യുഎസ് ജനറല്‍ മുന്നറിയിപ്പുനല്‍കി. ലെബനന്‍ സായുധ സംഘമായ ഹിസ്ബുള്ള വടക്കന്‍ ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയതിന് പിന്നാലെ ആയിരുന്നു യുഎസ് ജനറലിന്റെ പ്രസ്താവന.
◾ഹൈക്കോടതി അനുമതിയില്ലാതെ ഇടുക്കി ജില്ലാ കലക്ടറെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി റിലീവ് ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. മൂന്നാറിലെയും പരിസരങ്ങളിലെയും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള മുഖ്യ ചുമതല ഇടുക്കി ജില്ലാ കലക്ടര്‍ക്കാണ്. ഈ സാഹചര്യത്തിലാണ് കോടതി നിര്‍ദ്ദേശം വന്നിരിക്കുന്നത്.
◾മുസ്ലിംലീഗിനെതിരെയും പാണക്കാട് കുടുംബത്തിനെതിരെയും വ്യാജ ആരോപണങ്ങളുമായി ആരെങ്കിലും രംഗത്തുവന്നാല്‍ അവര്‍ക്കെതിരെ മുസ്ലിംലീഗ് ശക്തമായ രീതിയില്‍ മറുപടി നല്‍കുമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. ജിഫ്രി മുത്തുക്കോയ തങ്ങളുടെ പേരുപറഞ്ഞ് ചിലര്‍ സഖാക്കളെ സഹായിക്കാന്‍ അപ്പുറത്ത് പണിയെടുക്കുകയാണെന്നും സി.പി.എമ്മിനെ സഹായിച്ച് ആരെങ്കിലും തട്ടത്തിന് പിന്നിലൊളിച്ചാല്‍ ആ തട്ടം മാറ്റിക്കുമെന്നും അദ്ദേഹം പറഞ്ഞു.
◾സംസ്ഥാനത്ത് 14 വരെയുള്ള തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.
◾വയനാട് ജില്ലയില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ പട്ടികയെ ചൊല്ലി ഉയര്‍ന്ന പരാതികള്‍ക്ക് പിന്നാലെ പട്ടിക മരവിപ്പിക്കാന്‍ ഹൈക്കമാന്റ് നിര്‍ദ്ദേശം. ജില്ലയിലെ 36 മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ പ്രസിഡണ്ടുമാരെ നിയമിച്ച് കൊണ്ട് ഡിസിസി നല്‍കിയ പട്ടിക, കെപിസിസി അംഗീകരിച്ചിരുന്നു. ഈ പട്ടികയാണ് ഇപ്പോള്‍ ഹൈക്കമാന്റ് മരവിപ്പിച്ചത്.
◾കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളായ അരവിന്ദാക്ഷനെയും ജില്‍സിനെയും വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 14 ദിവസത്തേക്കാണ് റിമാന്റില്‍ വിട്ടത്. ഇഡി കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്.
◾എസ്എന്‍സി ലാവലിന്‍ കേസ് ഇന്നലെയും സുപ്രീം കോടതി പരിഗണിച്ചില്ല. തിരക്ക് കാരണം കേസ് പരിഗണിക്കാന്‍ സുപ്രീം കോടതിക്ക് സമയം ലഭിച്ചില്ല. ഇതേ തുടര്‍ന്ന് കേസ് വീണ്ടും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
◾പരാതി പിന്‍വലിക്കാന്‍ പണം വാഗ്ദാനം ചെയ്തെന്ന ആരോപണത്തില്‍ വിശദീകരണവുമായി ഡിവൈഎഫ്‌ഐ നേതാവും അഭിഭാഷകനുമായ എന്‍വി വൈശാഖന്‍. അഭിഭാഷകന്‍ എന്ന നിലയിലാണ് സംഭവത്തില്‍ ഇടപെട്ടതെന്ന് വൈശാഖന്‍ വിശദീകരിച്ചു.
◾ജാതി സംവരണത്തിനെതിരെ നായര്‍ സര്‍വീസ് സൊസൈറ്റി രംഗത്ത്. രാഷ്ട്രീയപാര്‍ട്ടികള്‍ സ്വീകരിച്ച പ്രീണന നയത്തിന്റെ ഭാഗമാണ് ജാതി സംവരണത്തിനു വേണ്ടിയുള്ള മുറവിളിയെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
◾നവംബര്‍ 1 മുതല്‍ കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളിലെയും ഡ്രൈവര്‍ക്കും മുന്‍സീറ്റിലെ യാത്രക്കാരനും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയതായി ഗതാഗത മന്ത്രി ആന്റണി രാജു. സെപ്തംബര്‍ ഒന്ന് മുതല്‍ സീറ്റ് ബെല്‍റ്റ് കര്‍ശനമാക്കുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ റോഡ് സുരക്ഷ സംബന്ധിച്ച് ചേര്‍ന്ന ഉന്നതതല അവലോകന യോഗത്തിലാണ് തീയതികളില്‍ മാറ്റം വരുത്തിയത്.
◾എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് കൊച്ചി രാജാവായിരുന്ന രാമവര്‍മ്മന്റെ പേര് നല്‍കണമെന്ന പ്രമേയം പാസ്സാക്കിയത് രാജഭക്തി കൊണ്ടെടുത്ത തീരുമാനമല്ലെന്ന് കൊച്ചി മേയര്‍ അനില്‍കുമാര്‍. പൈതൃകം മനസിലാക്കണമെന്നും രാജസ്വത്ത് വിറ്റ് വികസനം കൊണ്ടുവന്ന രാജാവാണ് രാമവര്‍മ്മനെന്നും മേയര്‍ അനില്‍കുമാര്‍ പറഞ്ഞു.
◾കേരള കലാമണ്ഡലത്തില്‍ ചാന്‍സലറായി നിയമിതയായ നര്‍ത്തകി മല്ലികാ സാരാഭായ് സര്‍ക്കാരിനോട് ശമ്പളം ആവശ്യപ്പെട്ട് കത്ത് നല്‍കി. സാമ്പത്തികബാധ്യത ഉണ്ടാകില്ലെന്നുപറഞ്ഞ് നിയമിച്ച മല്ലികയ്ക്ക് യാത്രച്ചെലവും മറ്റുസൗകര്യങ്ങളുമാണ് കലാമണ്ഡലം ഇപ്പോള്‍ നല്‍കുന്നത്. ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയാണെങ്കില്‍ കുറഞ്ഞത് മൂന്നുലക്ഷം രൂപയെങ്കിലും ശമ്പളമായി നല്‍കേണ്ടി വരും. കേരള കലാമണ്ഡലത്തില്‍ മല്ലികയുടെ ആവശ്യം അംഗീകരിച്ചാല്‍ അതൊരു കീഴ്വഴക്കമാകുകയും ചെയ്യും
◾ഇസ്രയേല്‍ പലസ്തീനില്‍ നടത്തുന്ന ക്രൂരതയാണ് ഇപ്പോഴത്തെ സംഭവങ്ങളിലേക്ക് നയിച്ചതെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി. പലസ്തിന്‍ ജനതയുടെ കൂടെയാണ് മുസ്ലിം ലീഗെന്ന് പികെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
◾എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നെന്ന് ജെ.ഡി.എസ് ഔദ്യോഗികമായി പ്രഖ്യാപിച്ച് ഒരു മാസമായിട്ടും കേരളത്തില്‍ എല്‍ഡിഎഫിനോ സിപിഎമ്മിനോ മുഖ്യമന്ത്രിക്കോ മിണ്ടാട്ടമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ എന്‍ഡിഎ ഘടകകക്ഷിയുമായി ചേര്‍ന്ന് ഭരണം നടത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
◾അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് പിടിച്ചെടുത്ത പണം മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ എം ഷാജിക്ക് വിട്ടുനല്‍കണമെന്ന് ഹൈക്കോടതി. 47 ലക്ഷം രൂപ വിട്ടുനല്‍ണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. കഴിഞ്ഞ വര്‍ഷം കെ എം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നിന്നാണ് വിജിലന്‍സ് റെയ്ഡ് നടത്തി 47,35,000 രൂപ പിടികൂടിയത്. പണം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കെ എം ഷാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
◾ശബരിമലയില്‍ അന്നദാനത്തിന് അനുമതി തേടി അഖില ഭാരത അയ്യപ്പ സേവാ സംഘം നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. അനുമതി നിഷേധിച്ച ഹൈക്കോടതി ഉത്തരവില്‍ ഇടപെടാനില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് അനിരുദ്ധ ബോസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
◾സിനിമ റിലീസ് ചെയ്ത് ഏഴ് ദിവസം വരെ നെഗറ്റീവ് റിവ്യൂ പാടില്ലെന്ന ഉത്തരവ് ഇറക്കിയിട്ടില്ലെന്ന് ഹൈക്കോടതി. അതേസമയം സിനിമ വ്യവസായത്തെ നശിപ്പിക്കരുതെന്നും കോടതി അഭിപ്രായപ്പെട്ടു.
◾കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ അന്വേഷണം സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരിലേക്കും നീളുന്നു. റബ്കോ എംഡിക്കും സഹകരണ രജിസ്ട്രാര്‍ക്കും ഇഡി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി.
◾പലസ്തീന്‍ ജനതയെയും നാടിനെയും ഇല്ലായ്മ ചെയ്യാനാണ് ശ്രമം നടക്കുന്നതെന്നും എന്നാല്‍ ഏതെങ്കിലും പക്ഷം ചേരേണ്ട സമയമല്ല ഇതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കുരുതി അവസാനിപ്പിക്കാനുള്ള നീക്കങ്ങളാണ് വേണ്ടത്. മനുഷ്യത്വ രഹിതമായ മനുഷ്യക്കുരുതി ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
◾വനിതാ പൊലീസ് സെല്‍ സംവിധാനം കാര്യക്ഷമമാക്കണമെന്ന് വനിതാ കമ്മീഷന്‍. കുടുംബപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ ഇടപെടല്‍ ശക്തമാക്കണമെന്നും പി സതീദേവി പറഞ്ഞു.
◾ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയര്‍ന്ന നിയമന കോഴ വിവാദത്തില്‍ ബാസിത് തന്നെക്കൊണ്ട് ഭീഷണിപ്പെടുത്തി ഒപ്പിടുവിപ്പിച്ചതാണെന്ന് പരാതിക്കാരനായ ഹരിദാസന്റെ മൊഴി. പിന്നാലെ ബാസിതിനെ പൊലീസ് മലപ്പുറത്ത് നിന്ന് കസ്റ്റഡിയിലെടുത്തു. അതേസമയം ആരോപണം ഉന്നയിച്ച ഹരിദാസനെയും പ്രതി ചേര്‍ത്തേക്കും. ഗൂഢാലോചനയില്‍ ഹരിദാസനും മുഖ്യ പങ്കുണ്ടെന്ന കാരണത്തിലാണ് പ്രതി ചേര്‍ക്കാന്‍ ആലോചിക്കുന്നത്. അതേസമയം മുഖ്യ ആസൂത്രകന്‍ ബാസിത്തിനെയും കോഴ ആരോപണം ഉന്നയിച്ച ഹരിദാസനെയും ഇന്ന് ഒരുമിച്ച് ചോദ്യം ചെയ്യും.
◾സമസ്തയും ലീഗുമായി പ്രശ്നമില്ലെന്ന് മുസ്ലിംലീഗ് നേതാവ് എം.കെ.മുനീര്‍ എംഎല്‍എ. സാദിഖലി തങ്ങള്‍ പറഞ്ഞതാണ് പാര്‍ട്ടി നിലപാട്. സമസ്ത - ലീഗ് ബന്ധത്തില്‍ ഒരിക്കലും വിള്ളല്‍ ഉണ്ടാകില്ലെന്നും മുനീര്‍ കോഴിക്കോട്ട് പറഞ്ഞു.
◾എ ഐ ക്യാമറ വഴി കണ്ടെത്തിയ നിയമലംഘനങ്ങള്‍ക്കായി 102 കോടിയിലധികം ചെല്ലാനാണ് ഗതാഗതവകുപ്പ് നല്‍കിയിട്ടുള്ളതെന്നും, സംസ്ഥാന ഖജനാവിലേക്ക് വലിയൊരു തുക ഇതുവഴി എത്തുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു. എ ഐ ക്യാമറകള്‍ വഴി വി ഐ പി വാഹനങ്ങളുടെ ഗതാഗത നിയമലംഘനങ്ങളും പിടികൂടിയിട്ടുണ്ടെന്നും, ഗതാഗത നിയമ ലംഘനങ്ങള്‍ കുറഞ്ഞെന്നും മന്ത്രി പറഞ്ഞു.
◾വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ എഴുത്തുകാരി അരുന്ധതി റോയിയെ വിചാരണ ചെയ്യാന്‍ ദില്ലി ലഫ് ഗവര്‍ണറുടെ അനുമതി. കശ്മീരിനെ ഇന്ത്യ ബലം പ്രയോഗിച്ചു കൂട്ടിച്ചേര്‍ത്തു എന്ന് 2010 -ല്‍ നടത്തിയ പ്രസ്താവനയുടെ പേരിലാണ് കേസ്. രാജ്യദ്രോഹ കുറ്റവും എഫ്ഐആറിലുണ്ടായിരുന്നുവെങ്കിലും പിന്നീട് ഒഴിവാക്കി.
◾ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അന്വേഷണ ഏജന്‍സികള്‍ നിശ്ശബ്ദരാണെന്നും എന്നാല്‍, ബി.ജെ.പി. ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അന്വേഷണ ഏജന്‍സികള്‍ അക്രമാസക്തരാണെന്ന് ആംആദ്മിയുടെ രാജ്യസഭ എംപി ആയ രാഘവ് ഛദ്ദ. സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളില്‍ 95 ശതമാനവും പ്രതിപക്ഷത്തെ രാഷ്ട്രീയ നേതാക്കള്‍ക്ക് എതിരെയാണെന്ന് അദ്ദേഹം ആരോപിച്ചു.
◾ഇസ്രയേല്‍-ഹമാസ് സംഘര്‍ഷത്തില്‍ ഇസ്രയേലിനൊപ്പമാണ് ഇന്ത്യ നില്‍ക്കുന്നതെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ തരം തീവ്രവാദത്തെയും ഇന്ത്യ ശക്തമായി അപലപിക്കുകയാണെന്നും നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.
◾ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ ആദ്യ പ്രതികരണവുമായി റഷ്യ . പശ്ചിമേഷ്യയില്‍ കാണുന്നത് അമേരിക്കയുടെ നയ പരാജയമാണെന്ന് റഷ്യ പ്രതികരിച്ചു. ഇരു വിഭാഗങ്ങളേയും പരിഗണിക്കുന്നതില്‍ വീഴ്ച പറ്റിയെന്നും റഷ്യന്‍ പ്രസിഡന്റ് വ്ളാട്മിര്‍ പുടിന്‍ പറഞ്ഞു. ഇസ്രയേല്‍ ഹമാസ് യുദ്ധത്തില്‍ ആദ്യമായാണ് പുടിന്‍ പ്രതികരിക്കുന്നത്.
◾പലസ്തീന്‍ ജനതക്ക് യുഎഇയുടെ സഹായം. രണ്ട് കോടി ഡോളര്‍ സഹായം എത്തിക്കാനാണ് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ നിര്‍ദേശം നല്‍കിയത്. പലസ്തീനില്‍ ജീവകാരുണ്യ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഐക്യരാഷ്ട്രസഭ ഏജന്‍സിയായ യു.എന്‍.ആര്‍.ഡബ്ല്യൂ.എ വഴിയാണ് സഹായം എത്തിക്കുക.
◾ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ 137 റണ്‍സിന് തകര്‍ത്ത് ഇംഗ്ലണ്ട്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 365 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 48.2 ഓവറില്‍ 227 റണ്‍സിന് ഓള്‍ഔട്ടായി. 107 ബോളില്‍ 140 റണ്‍സ് നേടി ഡേവിഡ് മലാന്റെ പ്രകടനമികവാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.
◾ഏകദിനക്രിക്കറ്റ് ലോകകപ്പിലെ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ശ്രീലങ്ക ഉയര്‍ത്തിയ റണ്‍മല കിഴടക്കിയ പാകിസ്ഥാന് തുടര്‍ച്ചയായ രണ്ടാം വിജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക 77 ബോളില്‍ 122 റണ്‍സ് നേടിയ കുശാല്‍ മെന്‍ഡിസിന്റേയും 89 ബോളില്‍ 108 റണ്‍സ് നേടിയ സതീര സമരവിക്രമയുടേയും മികവില്‍ 9 വിക്കറ്റിന് 344 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ 131 റണ്‍സ് നേടിയ മുഹമ്ദ് റിസ്വാന്റയും 113 റണ്‍സ് നേടിയ അബ്ദുള്ള ഷഫീഖിന്റേയും കരുത്തില്‍ 48.2 ഓവറില്‍ മറികടന്നു. ശ്രീലങ്കയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. ലോകകപ്പ് ചരിത്രത്തില്‍ ഒരു ടീം പിന്തുടര്‍ന്ന് വിജയിക്കുന്ന ഏറ്റവും വലിയ വിജയലക്ഷ്യമാണിത്.
◾ഏകദിന ക്രിക്കറ്റ് ലോക കപ്പില്‍ ഇന്ന് ഇന്ത്യ അഫ്ഗാനിസ്ഥാനുമായി ഏറ്റുമുട്ടും. ഉച്ചക്ക് 2 മണിക്ക് ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തില്‍ മത്സരം ആരംഭിക്കും.
◾ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും എം.ഡിയുമായ മുകേഷ് അംബാനി. ഹുറൂണ്‍ 360 ഉം വണ്‍ വെല്‍ത്തും സംയുക്തമായി പുറത്തിറക്കിയ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിലാണ് 8.08 ലക്ഷം കോടി രൂപയുടെ മൊത്തം ആസ്തിയുമായി മുകേഷ് അംബാനി ഒന്നാമതെത്തിയത്. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് മൂലം സമ്പത്തില്‍ ഗണ്യമായ ഇടിവ് നേരിട്ട അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയെ മറികടന്നാണ് മുകേഷ് അംബാനി ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരന്‍ എന്ന പദവി തിരിച്ചുപിടിച്ചത്. 4.74 ലക്ഷം കോടി രൂപയുടെ ആസ്തിയോടെ ഗൗതം അദാനി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സ്ഥാപകനായ സൈറസ് എസ്. പൂനവാല പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. 2023ലെ കണക്കനുസരിച്ച് അദ്ദേഹത്തിന്റെ മൊത്തം സമ്പത്ത് 2.78 ലക്ഷം കോടി രൂപയാണ്. 2.29 ലക്ഷം കോടി രൂപ ആസ്തിയുമായി എച്ച്.സി.എല്ലിന്റെ ശിവ് നാടാര്‍ നാലാം സ്ഥാനം നിലനിര്‍ത്തി. അഞ്ചാം സ്ഥാനത്ത് 1.76 ലക്ഷം കോടി രൂപയുമായി ഗോപിചന്ദ് ഹിന്ദുജയും കുടുംബവും ആറാം സ്ഥാനത്ത് 1.64 ലക്ഷം കോടി രൂപയുമായി സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസിന്റെ സ്ഥാപകനായ ദിലീപ് സാംഘ്വിയുമെത്തി. ഏഴു മുതല്‍ പത്തുവരെ യഥാക്രമം 1.62 ലക്ഷം കോടി രൂപ ആസ്തിയോടെ ലക്ഷ്മി മിത്തലും കുടുംബവും, 1.44 ലക്ഷം കോടി രൂപ ആസ്തിയോടെ അവന്യൂ സൂപ്പര്‍മാര്‍ട്ടിന്റെ രാധാകിഷന്‍ ദമാനിയും 1.25 ലക്ഷം കോടി രൂപ ആസ്തിയോടെ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ കുമാര്‍ മംഗളം ബിര്‍ളയും കുടുംബവും 1.2 ലക്ഷം കോടി രൂപ ആസ്തിയോടെ ബജാജ് ഓട്ടോയുടെ നീരജ് ബജാജും കുടുംബവും ഇടം നേടി. അതേസമയം ഇന്ത്യയിലെ ടോപ്പ് 10 ലിസ്റ്റില്‍ നിന്ന് വിനോദ് അദാനിയും ഉദയ് കൊട്ടക്കും പുറത്തായി. ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2023ല്‍ സ്വയാര്‍ജിത ധനികരായ വനിതകളില്‍ മുന്നില്‍ സോഹോയുടെ രാധ വെമ്പു ആണ്. നൈകയുടെ ഫാല്‍ഗുനി നയ്യാറിനെ പിന്തള്ളിയാണ് രാധ വെമ്പു മുന്നിലെത്തിയത്.
◾നടന്‍ എന്നതിനൊപ്പം നിര്‍മ്മാതാവായും ശ്രദ്ധേയ ചിത്രങ്ങളുടെ ഭാഗമായ ആളാണ് ജോജു ജോര്‍ജ്. ഇപ്പോഴിതാ സിനിമയുടെ മറ്റൊരു മേഖലയിലേക്കുകൂടി പ്രവേശിക്കുകയാണ് അദ്ദേഹം. ജോജു ജോര്‍ജ് സംവിധാനം ചെയ്യുന്ന ആദ്യചിത്രം തൃശൂരില്‍ ആരംഭിച്ചു. 'പണി' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ജോജു തന്നെ നായക കഥാപാത്രത്തെയും അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും അദ്ദേഹത്തിന്റേതാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എം റിയാസ് ആദവും സിജോ വടക്കനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നിര്‍മ്മാണ പങ്കാളിയായി ജോജുവും ഉണ്ട്. ജോജു സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ ബിഗ് ബോസ് താരങ്ങളായ സാഗര്‍ സൂര്യയും ജുനൈസ് വി പിയും ഉണ്ടാവുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. വേണുവാണ് സിനിമയുടെ ഛായാഗ്രഹണം. ജോജുവിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം പൊറിഞ്ചു മറിയം ജോസിന്റെ പശ്ചാത്തലവും തൃശൂര്‍ ആയിരുന്നു. അതേസമയം എ കെ സാജന്‍ സംവിധാനം ചെയ്ത പുലിമട ഒക്ടോബര്‍ 26 ന് റിലീസ് ചെയ്യും.
◾മലയാള ചലച്ചിത്രനിരയിലേക്ക് വേറിട്ട പ്രമേയവുമായി ചില യഥാര്‍ത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു ക്യാമ്പസ് ത്രില്ലര്‍ ചിത്രം കൂടി എത്തുന്നു. 'താള്‍' എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റസൂല്‍ പൂക്കുട്ടി, എം ജയചന്ദ്രന്‍, കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കൂടി റിലീസ് ചെയ്തു. നവാഗതനായ രാജാസാഗര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും മാധ്യമ പ്രവര്‍ത്തകനായ ഡോ. ജി കിഷോര്‍ നിര്‍വഹിക്കുന്നു. ഗ്രേറ്റ് അമേരിക്കന്‍ ഫിലിംസിന്റെ ബാനറില്‍ ക്രിസ് തോപ്പില്‍, മോണിക്ക കമ്പാട്ടി, നിഷീല്‍ കമ്പാട്ടി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആന്‍സണ്‍ പോള്‍, രാഹുല്‍ മാധവ്, ആരാധ്യ ആന്‍, രണ്‍ജി പണിക്കര്‍, രോഹിണി,ദേവി അജിത്ത്, സിദ്ധാര്‍ത്ഥ് ശിവ, നോബി, ശ്രീധന്യ, വിവിയ ശാന്ത്, അരുണ്‍കുമാര്‍, മറീന മൈക്കിള്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.
◾ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാന്‍ഡായ യമഹ മോട്ടോര്‍ ഇന്ത്യ എയ്‌റോക്‌സ് 155-ന്റെ 2023 മോണ്‍സ്റ്റര്‍ എനര്‍ജി യമഹ മോട്ടോജിപി പതിപ്പ് പുറത്തിറക്കി. ഈ മോഡലില്‍ ഇപ്പോള്‍ ക്ലാസ് ഡി ഹെഡ്‌ലൈറ്റ് സജ്ജീകരിച്ചിരിക്കുന്നു. മൊത്തത്തിലുള്ള ബോഡിയില്‍ യമഹ മോട്ടോജിപി ലിവറി ഫീച്ചര്‍ ചെയ്യുന്ന പുതിയ എയറോക്‌സ് 155 മോട്ടോജിപി എഡിഷന്റെ വില 1,48,300 രൂപയാണ് (എക്സ്-ഷോറൂം, ഡല്‍ഹി). പ്രത്യേക മോണ്‍സ്റ്റര്‍ എനര്‍ജി ലിവറി പുതിയ എയ്‌റോക്‌സ് 155 ന് നല്‍കിയിരിക്കുന്നു. വേരിയബിള്‍ വാല്‍വ് ആക്ച്വേഷന്‍ ഘടിപ്പിച്ച പുതിയ തലമുറ 155 സിസി ബ്ലൂ കോര്‍ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ഒരു സിവിടി ട്രാന്‍സ്മിഷനുമായി ജോടിയാക്കിയ, ലിക്വിഡ്-കൂള്‍ഡ്, 4-സ്ട്രോക്ക്, സോക്, 4വാല്‍വ് മോട്ടോറിന് 8,000ആര്‍പിഎമ്മില്‍ 15പിഎസ് പരമാവധി പവര്‍ ഔട്ട്പുട്ടും 6,500ആര്‍പിഎമ്മില്‍ 13.9എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയും. മോണ്‍സ്റ്റര്‍ എനര്‍ജി യമഹ മോട്ടോജിപി പതിപ്പിനൊപ്പം, മെറ്റാലിക് ബ്ലാക്ക്, റേസിംഗ് ബ്ലൂ, ഗ്രേ വെര്‍മില്യണ്‍, സില്‍വര്‍ എന്നീ നാല് നിറങ്ങളില്‍ ഏയിറോക്സ് 155 ലഭ്യമാണ്.
◾അന്താരാഷ്ട്രപ്രസിദ്ധയായ തുര്‍ക്കി എഴുത്തുകാരി സെറയ് സാഹിനറുടെ ശ്രദ്ധേയമായ നോവല്‍. യാഥാസ്ഥിതികമായ സമൂഹത്തിന്റെയും നാട്ടുനടപ്പുകളുടെയും ബന്ധനത്തിലായ സ്ത്രീജീവിതത്തിന്റെ ആവിഷ്‌കാരം. ഫ്രഞ്ച്, ഇറ്റാലിയന്‍, അറബി തുടങ്ങി നിരവധി ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ട പുസ്തകം. ഒര്‍ഹാന്‍ കമാല്‍ പുരസ്‌കാരം നേടിയ കൃതി. 'അന്റാബസ്'. വിവര്‍ത്തനം - രമാ മേനോന്‍. മാതൃഭൂമി. വില 306 രൂപ.
◾പതിവായി വ്യായാമം ചെയ്യുന്നത് സ്ട്രെസ് അകറ്റുന്നതിന് വലിയൊരു പരിധി വരെ സഹായിക്കും. ഉത്കണ്ഠ കുറയ്ക്കുന്നതിന് ഉപകരിക്കുന്ന കെമിക്കലുടെ ഉത്പാദനത്തിന് വ്യായാമം കാരണമാകുന്നു. അതുപോലെ ടെന്‍ഷന്‍/ സ്ട്രെസ് ഉണ്ടാക്കുന്ന കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. രാത്രികളില്‍ 7-8 മണിക്കൂര്‍ തുടര്‍ച്ചയായ, സുഖകരമായ ഉറക്കം ഉറപ്പിക്കുന്നതും സ്ട്രെസ് അകറ്റുന്നതിന് വലിയൊരു പരിധി വരെ സഹായിക്കും. ഉറക്കം ശരിയായില്ലെങ്കില്‍ അത് മറ്റ് സ്ട്രെസുകളെയെല്ലാം ഇരട്ടിയാക്കും. സ്ട്രെസ് അനുഭവിക്കുന്നവര്‍ക്ക് 'മൈന്‍ഡ്ഫുള്‍നെസ്' പ്രാക്ടീസ് ചെയ്യാവുന്നതാണ്. എന്ത് കാര്യമാണോ ചെയ്തുകൊണ്ടിരിക്കുന്നത് അതിലേക്ക് മുഴുവന്‍ ശ്രദ്ധയും നല്‍കുക, നമ്മുടെ സ്ട്രെസ്- ഉത്കണ്ഠ എന്നിവയുടെ കാരണം ചിന്തിച്ച് മനസിലാക്കി- അവയെ നീക്കി നിര്‍ത്തുക എന്നിങ്ങനെയുള്ള പരിശീലനങ്ങളെല്ലാം ഇതില്‍ വരാം. ഡീപ് ബ്രീത്തിംഗ് പതിവായി ചെയ്യുന്നതും സ്ട്രെസ് വലിയ രീതിയില്‍ അകറ്റും. ഉത്കണ്ഠ കുറയ്ക്കുന്നതിനും ഡീപ് ബ്രീത്തിംഗ് നല്ലതുപോലെ സഹായകമാണ്. ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്നതും സ്ട്രെസ് കുറയ്ക്കും. സമയത്തിന് കഴിക്കുക, നല്ല ഭക്ഷണം കഴിക്കുക, കഴിയുന്നതും പ്രോസസ്ഡ് ഫുഡ്സ് കുറയ്ക്കുക എന്നിങ്ങനെ അടിസ്ഥാനപരമായ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ ഏറെ വ്യത്യാസം കാണാം. ആരോഗ്യകരമായ ബന്ധങ്ങളില്‍ സന്തോഷകരമായി നില്‍ക്കുക. സൗഹൃദങ്ങളിലും മറ്റും സജീവമാവുക. ഉള്‍വലിയുന്ന നിലപാട് വീണ്ടും സ്ട്രെസ്- ഉത്കണ്ഠ എന്നിവയെല്ലാം ഉണ്ടാക്കും. മൊബൈല്‍ ഫോണ്‍- ഇന്റര്‍നെറ്റ്- സോഷ്യല്‍ മീഡിയ എന്നിങ്ങനെ നമ്മള്‍ ഏറെ സമയം ചിലവിടുന്ന സാങ്കേതിക ലോകത്തില്‍ നിന്ന് ഇടവേളകളെടുക്കുക. ഇതും സ്ട്രെസ് കുറയ്ക്കാന്‍ ഉപകരിക്കും.