◾അടുത്ത നാലു ദിവസം സംസ്ഥാനത്തു വ്യാപകമായ മഴയുണ്ടാകും. ഏതാനും ദിവസമായി മഴ തുടരുന്നതുമൂലം മിക്ക സ്ഥലങ്ങളിലും ജലനിരപ്പ് ഉയര്‍ന്നു. താഴ്ന്ന പ്രദേശങ്ങള്‍ പ്രളയ ഭീഷണിയിലാണ്. ഏറ്റവും കുറവ് മഴ ലഭിച്ച കാലവര്‍ഷങ്ങളിലൊന്നായിരുന്നതെങ്കില്‍ തുലാവര്‍ഷത്തില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നു റിപ്പോര്‍ട്ട്.
◾കരുവന്നൂര്‍ ബാങ്കിന്റെ പ്രതിസന്ധി പരിഹരിക്കാന്‍ സഹകരണ പുനരുദ്ധാരണ നിധിയില്‍നിന്ന് 50 കോടി രൂപ ലഭ്യമാക്കുമെന്ന് സഹകരണ മന്ത്രി വിഎന്‍ വാസവന്‍. നിക്ഷേപകര്‍ക്കു നല്‍കാനുള്ള പണം കൊടുത്തുതീര്‍ക്കാനുള്ള പാക്കേജ് അടുത്തയാഴ്ച പ്രഖ്യാപിക്കും. പ്രശ്ന പരിഹാരമുണ്ടാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം ഇന്നലെ എകെജി സെന്ററില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു.
◾നീലഗിരിയില്‍ ടൂറിസ്റ്റ് ബസ് കൊക്കയിലേക്കു മറിഞ്ഞ് എട്ടു പേര്‍ മരിച്ചു. 54 യാത്രക്കാരുണ്ടായിരുന്ന ടൂറിസ്റ്റ് ബസ് നീലഗിരിയിലെ കൂനൂര്‍ - മേട്ടുപാളയം റൂട്ടിലാണ് 50 അടി താഴ്ചയുള്ള കൊക്കയിലേക്കു മറിഞ്ഞത്. 30 പേരെ രക്ഷപ്പെടുത്തി.
◾കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ അന്തരിച്ചു. 91 വയസായിരുന്നു. യഥാര്‍ത്ഥപേര് എസ്. സുകുമാരന്‍ പോറ്റിയെന്നാണ്. 1987 ല്‍ വഴുതക്കാട് പൊലീസ് സിഐഡി വിഭാഗത്തില്‍നിന്ന് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായി വിരമിച്ചു. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാപക ചെയര്‍മാനും സെക്രട്ടറിയുമായിരുന്നു. നര്‍മകൈരളിയുടെ സ്ഥാപകനാണ്. 1996-ല്‍ ഹാസ്യ സാഹിത്യത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. കവിത, കഥ, നോവല്‍, നാടകം ഉള്‍പ്പെടെ അമ്പതില്‍പ്പരം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
◾ചെറിയ കേസുകള്‍ക്ക് കുറ്റപത്രം വേണോയെന്ന് ഹൈക്കോടതി. ശാസനയില്‍ ഒതുക്കേണ്ട കേസുകള്‍ക്കുപോലും കുറ്റപത്രം സമര്‍പ്പിച്ച് കോടതികള്‍ക്കു ജോലിഭാരം വര്‍ധിപ്പിക്കുന്നത് ഉചിതമല്ലെന്നും ഹൈക്കോടതി ജസ്റ്റിസ് പിവി.കുഞ്ഞികൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ഇലക്ട്രിക് പോസ്റ്റില്‍ പോസ്റ്റര്‍ പതിച്ചതിന് 63 രൂപ നഷ്ടമുണ്ടായി എന്ന കേസിലെ കുറ്റപത്രം റദ്ദാക്കിയാണ് കോടതിയുടെ പരാമര്‍ശം.
◾റോഡ്, പാലം വികസനത്തിന് 136.73 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. 18 റോഡുകള്‍ക്ക് 114 കോടി രൂപ അനുവദിച്ചിട്ടുണ്ട്. രണ്ടു പാലം നിര്‍മിക്കാന്‍ 22.73 കോടി രൂപയും അനുവദിച്ചു. നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പശ്ചാത്തല വികസന പദ്ധതികള്‍ക്ക് ഫണ്ട് അനുവദിച്ചത്.
◾മൂന്നു മാസത്തിനകം കൊല്ലം തുറമുഖത്ത് യാത്രാക്കപ്പലുകള്‍ വന്നുപോകുന്ന സാഹചര്യമുണ്ടാക്കുമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. ഇമിഗ്രേഷന്‍ സംവിധാനം, സുരക്ഷാക്രമീകരണം തുടങ്ങിയവ കേന്ദ്ര സര്‍ക്കാരില്‍നിന്നു നേടിയെടുക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ പോര്‍ട്ട് ഓഫീസറെ ചുമതലപ്പെടുത്തി.
◾ഇന്നു മുതല്‍ വിദ്യാലയ മുറ്റത്തേക്ക് കേരളത്തിലെ 46 ലക്ഷം വനിതകള്‍ എത്തുന്നു. കുടുംബശ്രീ ഒരുക്കുന്ന അയല്‍ക്കൂട്ട ശാക്തീകരണ പ്രചാരണത്തിനാണ് ഈ സംഗമം. ഇന്ന് 870 സ്‌കൂളുകളിലായി 8700 ക്ലാസുകള്‍ നടക്കും. നാലു ലക്ഷം അയല്‍ക്കൂട്ട അംഗങ്ങള്‍ പങ്കെടുക്കും. 15000 അധ്യാപകരും ഉണ്ടാകും. ഇന്നു മുതല്‍ ഡിസംബര്‍ 10 വരെയുള്ള 71 ദിവസത്തിനിടയിലുള്ള 21 അവധി ദിവസങ്ങളിലാണ് കാമ്പയിന്‍ നടക്കുന്നത്.
◾ഡോക്ടര്‍ നിയമനത്തിന് ആരോഗ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫിനു കോഴ നല്‍കിയെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് പോലീസ്. സെക്രട്ടേറിയറ്റിലെ സിസിടിവിയില്‍ പണം കൈമാറുന്ന ദൃശ്യങ്ങളില്ല. ദൃശ്യങ്ങളില്‍ ഹരിദാസും ബാസിതും സെക്രട്ടറിയേറ്റിനു മുന്നിലെത്തിയത് കാണാം. അഖില്‍ മാത്യുവും ദൃശ്യങ്ങളില്‍ ഇല്ല.
◾കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന്റെ പേരില്‍ സിപിഎമ്മിന്റെ പ്രതിച്ഛായ തകര്‍ന്നിരിക്കേ, ഭവന സന്ദര്‍ശന പദ്ധതിയുമായി സഹകരണ സംഘങ്ങളുടെ അസോസിയേഷന്‍ രംഗത്തു വരുന്നു. സഹകരണ മേഖലയുടെ വിശ്വാസ്യത നിലനിര്‍ത്താന്‍കൂടിയാണ് ഭവന സന്ദര്‍ശനം. നിക്ഷേപകരുടെ പണം നഷ്ടപ്പെടില്ലെന്നു ബോധ്യപ്പെടുത്താന്‍ വി. ജോയ് എംഎല്‍എ അധ്യക്ഷനായുള്ള അസോസിയേഷന്‍ തീരുമാനിച്ചു.
◾എറണാകുളം ജനറല്‍ ആശുപത്രിയോടനബന്ധിച്ചു തുടങ്ങുന്ന കാന്‍സര്‍ സെന്ററില്‍ അത്യാധുനിക സൗകര്യങ്ങള്‍ സജ്ജമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 25 കോടി രൂപ മുതല്‍മുടക്കില്‍ ആറു നിലകളിലായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച കാന്‍സര്‍ സെന്റര്‍ നാളെ ഉദ്ഘാടനം ചെയ്യും. കാന്‍സര്‍ പ്രതിരോധം, രോഗനിര്‍ണയം, ചികിത്സ എന്നീ രംഗങ്ങളിലെ നൂതന സംവിധാനങ്ങള്‍ ചുരുങ്ങിയ ചെലവില്‍ എല്ലാവര്‍ക്കും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള സംവിധാനങ്ങള്‍ അടുത്തയാഴ്ച സജ്ജമാകുമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
◾പൊന്നാനി സര്‍ക്കാര്‍ ആശുപത്രിയില്‍ എട്ടു മാസം ഗര്‍ഭിണിയായ പാലപ്പെട്ടി സ്വദേശിനി റുക്സാനയ്ക്കു രക്തം മാറി നല്‍കിയ സംഭവത്തില്‍ രണ്ടു താല്‍ക്കാലിക ഡോക്ടര്‍മാരെ പിരിച്ചുവിട്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ സസ്പെന്‍ഡു ചെയ്തു. കേസ് ഷീറ്റ് പരിശോധിക്കാതെയാണ് രോഗിക്കു രക്തം നല്‍കിയതെന്നും നഴ്സിനും ഡോക്ടര്‍ക്കും വീഴ്ചയുണ്ടായെന്നും കണ്ടെത്തിയതിനെത്തുടര്‍ന്നാണു നടപടി.
◾ക്ഷേമ പെന്‍ഷന്‍ ഇല്ലാതാക്കുമെന്ന സൂചനയാണ് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേമ പെന്‍ഷന്‍ അനര്‍ഹര്‍ക്കു നല്‍കുകയാണെന്നു കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി സംസാരിച്ചത് അതുകൊണ്ടാണെന്നു പിണറായി വിജയന്‍ പറഞ്ഞു. തിരുവല്ലയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
◾എലത്തൂര്‍ ട്രെയിന്‍ തീവയ്പു കേസിലെ ഏക പ്രതിയായ ഷാരൂഖ് സൈഫിക്ക് തീവ്രവാദ ലക്ഷ്യങ്ങളുണ്ടായിരുന്നെന്ന് എന്‍ഐഎ. കൊച്ചിയിലെ കോടതിയില്‍ സമര്‍പ്പിച്ച അന്തിമ കുറ്റപത്രത്തിലാണ് ഈ വിവരം. ജിഹാദി പ്രവര്‍ത്തനം വഴി സമൂഹത്തില്‍ ഭീകരത സൃഷ്ടിക്കാനും ഭയം സൃഷ്ടിക്കാനുമായിരുന്നു ഇയാളുടെ ശ്രമമെന്നും കുറ്റപത്രത്തില്‍ പറയുന്നു.
◾കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വായ്പ തിരിച്ചടച്ചിട്ടും ആധാരം തിരികെ ലഭിച്ചില്ലെന്ന ഹര്‍ജിയില്‍ ഹൈക്കോടതി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് വിശദീകരണം തേടി. ആധാരം ഉള്‍പ്പെടെയുള്ള രേഖകള്‍ ഇഡി കൊണ്ടുപോയെന്ന് ബാങ്ക് വിശദീകരിച്ചിരുന്നു. രേഖകള്‍ തിരിച്ചു നല്‍കാന്‍ എന്താണ് തടസമെന്ന് കോടതി ഇഡിയോടു ചോദിച്ചു. തൃശൂര്‍ ചെമ്മണ്ട സ്വദേശി ഫ്രാന്‍സിസാണ് വായപയ്ക്ക് ഈടായി നല്‍കിയ 50 സെന്റ് സ്ഥലത്തിന്റെ ആധാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
◾മുസ്ലിം ലീഗിന് മൂന്നാം ലോക്സഭാ സീറ്റിന് അര്‍ഹതയുമുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. യുഡിഎഫില്‍ ആലോചിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
◾ശബരിമല തീര്‍ഥാടന പാതകള്‍ ശുചീകരിക്കുന്നതിന് ആയിരം വിശുദ്ധി സേനാംഗങ്ങളെ നിയോഗിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍. സന്നിധാനം, പമ്പ, നിലയ്ക്കല്‍, പന്തളം, കുളനട എന്നിവിടങ്ങളിലെ തീര്‍ഥാടന പാതകള്‍ ശുചീകരിക്കുന്നതിനാണ് ഈ നടപടി. കഴിഞ്ഞ വര്‍ഷം ഇവര്‍ക്കു പ്രതിഫലമായി 450 രൂപയാണ് നല്‍കിയിരുന്നത്. ഈ വര്‍ഷം വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ നല്‍കും. യാത്രാപടിയായി 1000 രൂപയും നല്‍കും. കളക്ടര്‍ പറഞ്ഞു.
◾കാസര്‍കോട് ചെറുവത്തൂരില്‍ ഹോം നേഴ്സിനെ കൊന്നു കുഴിച്ചുമൂടിയ കേസില്‍ ഒന്നാം പ്രതി കണിച്ചിറ സ്വദേശി സതീശന് ജീവപര്യന്തം തടവുശിക്ഷ. രണ്ടാം പ്രതി മാഹി സ്വദേശി ബെന്നിക്ക് അഞ്ചു വര്‍ഷം തടവു ശിക്ഷയുമാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധിച്ചത്. 2014 സെപ്റ്റംബര്‍ 12 നാണ് ഒളവറ സ്വദേശിനി രജനിയെ കൊലപ്പെടുത്തിയത്.
◾തിരുവനന്തപുരം മദാക്കല്‍ ചെമ്പൂര്‍ കളിക്കല്‍കുന്നില്‍ വീട്ടില്‍ നിഷയെ (35) തലയ്ക്കടിച്ചു കൊന്ന കേസില്‍ ഭര്‍ത്താവ് അഴൂര്‍ സ്വദേശി സന്തോഷിന് (37) ജീവപര്യന്തം തടവും ലക്ഷം രൂപ പിഴയും ശിക്ഷ. പണം മകള്‍ സനീഷയ്ക്കു നല്‍കണം. മദ്യപിച്ചു ലക്കുകെട്ടു മര്‍ദിക്കാറുള്ള ഭര്‍ത്താവിനെതിരേ പോലീസില്‍ പരാതി നല്‍കിയതിനുള്ള വൈരാഗ്യംമൂലമാണു കൊല നടത്തിയത്.
◾പാലക്കാട് സമ്പത്ത് കസ്റ്റഡി മരണക്കേസില്‍ പൊലീസ് സ്റ്റേഷന്‍ രേഖകളില്‍ കൃത്രിമം കാണിച്ചെന്ന കുറ്റാരോപിതനായ പൊലീസ് ഉദ്യോഗസ്ഥന്‍ എ.വിപിന്‍ദാസിനെ സിബിഐ കോടതി കുറ്റവിമുക്തനായി. പുത്തൂര്‍ ഷീല വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു വിപിന്‍ദാസ്.
◾കളമശേരി മെഡിക്കല്‍ കോളേജില്‍ 17 കോടി രൂപയുടെ 36 പദ്ധതികളുടെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 12 മണിക്ക് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.
◾ഇസ്രയേലില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍. കൊല്ലം ഇരവിപുരം പുത്തന്‍നട നിള ഭവനില്‍ ഷീജ മൈക്കിള്‍ (55) ആണ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്. കൂട്ടുപ്രതിയായ അഭിലാല്‍ രാജു ഒളിവിലാണ്.
◾പതിനേഴുകാരിയെ പീഡിപ്പിച്ച രണ്ടു യുവാക്കള്‍ അറസ്റ്റില്‍. ഇടുക്കി കൂട്ടാര്‍ സ്വദേശികളായ അല്ലിയാര്‍ മഞ്ജു ഭവനില്‍ നിഖില്‍, ചക്കുകളംപടി അടിമാക്കല്‍ ആരോമല്‍ എന്നിവരാണ് അറസ്റ്റിലായത്.
◾കോവളം പാം ബീച്ച് റെസ്റ്റോറന്റില്‍ കയറി ഉടമയായ വനിതയെയും ജീവനക്കാരനെയും മര്‍ദിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍. വഴിഞ്ഞം സ്വദേശി മാലിക് (36), ആവാടുതുറ വിജി (41). കണ്ണങ്കോട് മനോജ് (29), വെങ്ങാനൂര്‍ വിപിന്‍ (24), വിഴിഞ്ഞം വേണു എന്ന ജപ്പാനുണ്ണി (49), വെങ്ങാനൂര്‍ ബിപിന്‍ കുമാര്‍ (ലാലു 34) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
◾കോഴിക്കോട് സൗത്ത് ബീച്ചിനു സമീപം നീലത്തിമിംഗലത്തിന്റെ അഴുകിയ ജഡം കരക്കടിഞ്ഞു. പതിനഞ്ച് അടിയോളം നീളമുണ്ട്.
◾അമ്മയെ കൊന്ന കേസിലെ പ്രതി തൂങ്ങി മരിച്ചു. കോട്ടയം വാകത്താനത്ത് പനച്ചിക്കാട് സ്വദേശി ബിജു എന്ന 52 കാരനാണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം അമ്മ സതിയെ കൊന്ന കേസില്‍ ഇയാള്‍ ജയിലിലായിരുന്നു. ഈയിടെയാണ് ജാമ്യത്തിലിറങ്ങിയത്. വാകത്താനം പള്ളിക്കു സമീപം ഉദിക്കല്‍ പാലത്തിലാണ് മൃതദേഹം കണ്ടത്. ഓട്ടോ ഡ്രൈവറായ ഇയാളുടെ ഓട്ടോയില്‍ കയര്‍ കെട്ടി കഴുത്തില്‍ കുരുക്കിട്ട ശേഷം പാലത്തില്‍ നിന്ന് ചാടുകയായിരുന്നു.
◾നടന്‍ മോഹന്‍ ശര്‍മ്മക്ക് ചെന്നൈയില്‍ മര്‍ദനം. ടി നഗറില്‍നിന്നു ചെന്നൈ ചെട്ട്പേട്ട് ഹാരിംഗ്ടണ്‍ റോഡിലെ തന്റെ വസതിയിലേക്കു മടങ്ങിവരവേയാണ് മോഹന്‍ ശര്‍മയെ ആക്രമിച്ചത്. മുഖത്ത് ഇടിയേറ്റിട്ടുണ്ട്.
◾ഗള്‍ഫ് രാജ്യങ്ങള്‍ ഒറ്റ വിസയില്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കുന്ന വിസ സംവിധാനം ഏര്‍പ്പെടുത്തിതു വിനോദ സഞ്ചാരികള്‍ക്കു പ്രയോജനകരമാകും. സൗദി അറേബ്യ, യു.എ.ഇ, കുവൈറ്റ്, ഖത്തര്‍, ബഹറിന്‍, ഒമാന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളിലേക്കായി ഒറ്റ വിസയാണു പുറത്തിറക്കിയത്.
◾സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരേ മോശമായി പ്രസംഗിച്ച മുന്‍മന്ത്രിയും സിപിഎം നേതാവുമായ എംഎം മണിക്കെതിരെ ഫെഡറേഷന്‍ ഓഫ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍ ഡിജിപിക്കു പരാതി നല്‍കി. സര്‍ക്കാര്‍ ജീവനക്കാരേയും കുടുംബാംഗങ്ങളെയും അപമാനിച്ച മണിക്കെതിരേ നടപടിയെടുക്കണമെന്നാണ് ആവശ്യം.
◾ഇന്ത്യ ഭീകരന്മാരുടെ പട്ടികയില്‍ ഉള്‍പെടുത്തിയിട്ടുള്ള ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കാനഡയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്ന കാനഡയുടെ ആവശ്യം ഇന്ത്യ തള്ളി. എന്തെങ്കിലും തെളിവു ഹാജരാക്കണമെന്ന ആവശ്യം കാനഡ അംഗീകരിച്ചിട്ടില്ലെന്നും ഇന്ത്യ കുറ്റപ്പെടുത്തി. സെല്‍ഫോണ്‍ തെളിവുകളുണ്ടെന്നാണ് കാനഡ പറയുന്നത്.
◾മണിപ്പൂര്‍ കലാപത്തില്‍ ഭീകരസംഘങ്ങളുടെ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് ഒരാളെ എന്‍ഐഎ അറസ്റ്റു ചെയ്തു. ചുരാചന്ദ്പൂരില്‍ നിന്ന് സെയ് മിന്‍ലുന്‍ ഗാംഗ്ടെ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മ്യാന്‍മര്‍, ബംഗ്ലാദേശ് ഭീകരവാദ സംഘങ്ങളെ ഉപയോഗിച്ച് മണിപ്പൂരില്‍ കലാപം സൃഷ്ടിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം.
◾2000 രൂപ നോട്ടുകള്‍ മാറ്റുന്നതിനും നിക്ഷേപിക്കുന്നതിനുമുള്ള സമയപരിധി ഒക്ടോബര്‍ ഏഴു വരെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നീട്ടി.
◾എന്‍ഡിഎയില്‍ ചേര്‍ന്നതിനെതിരേ ജെഡിഎസ് കര്‍ണാടക സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് സി.എം. ഇബ്രാഹിം. അങ്ങനെയൊരു സഖ്യം നിലവിലില്ല. തങ്ങളോടു കൂടിയാലോചിക്കാതെ എടുത്ത തീരുമാനം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
◾മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെയുടെ ആശയങ്ങള്‍ പിന്തുടരുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
◾പാകിസ്ഥാനെ തകര്‍ത്ത ഇന്ത്യന്‍ ചുണക്കുട്ടികള്‍ക്ക് അണ്ടര്‍ 19 സാഫ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം. ഫൈനലില്‍ പാകിസ്താനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യ കിരീടമുയര്‍ത്തിയത്.
◾ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് പത്താം സ്വര്‍ണം. പുരുഷ സ്‌ക്വാഷ് വിഭാഗത്തിന്റെ ആവേശകരമായ ഫൈനലില്‍ പാകിസ്താനെ 2-1ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ പത്താം സ്വര്‍ണം നേടിയത്. പുരുഷന്‍മാരുടെ 10,000 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയ്ക്ക് രണ്ട് മെഡലുകള്‍. കാര്‍ത്തിക്ക് കുമാര്‍ വെള്ളിയും ഗുല്‍വീര്‍ സിങ് വെങ്കലവും നേടി. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 38 ആയി. നിലവില്‍ 10 സ്വര്‍ണവും 14 വെള്ളിയും 14 വെങ്കലവുമടക്കം നാലാം സ്ഥാനത്താണ് ഇന്ത്യ.
◾ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ പാകിസ്താനെ തകര്‍ത്തെറിഞ്ഞ് ഇന്ത്യ. രണ്ടിനെതിരേ 10 ഗോളുകള്‍ക്കാണ് ഇന്ത്യന്‍ സംഘം പാക് ടീമിനെ കീഴടക്കി തുടര്‍ച്ചയായ നാലാം ജയം നേടിയത്. അതേസമയം ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തില്‍ ആദ്യമായി ഫൈനലില്‍ കടന്ന് ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണ്‍ ടീം. സെമിയില്‍ ദക്ഷിണ കൊറിയയോട് ഇഞ്ചോടിഞ്ച് പോരാടിയാണ് ഇന്ത്യന്‍ സംഘത്തിന്റെ കന്നി ഫൈനല്‍ പ്രവേശം.
◾ജൂലായില്‍ റിലയന്‍സ് ജിയോ ഇന്ത്യന്‍ ടെലികോം വിപണിയില്‍ 3.9 ദശലക്ഷം പുതിയ ഉപയോക്താക്കളെ നേടിയതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ. ലാന്‍ഡ്‌ലൈന്‍ കണക്ഷനുകള്‍ മുന്‍ മാസത്തെ 9.95 ദശലക്ഷത്തില്‍ നിന്ന് ജൂലായില്‍ 10 ദശലക്ഷം മറികടന്നു, ഇപ്പോള്‍, ഇന്ത്യയിലെ 30.6 ദശലക്ഷം ശക്തമായ ലാന്‍ഡ്‌ലൈന്‍ വിപണിയിലെ ഓരോ മൂന്ന് കണക്ഷനുകളില്‍ ഒന്ന് ജിയോയുടെ സേവനം നല്‍കുന്നു. ജൂലായില്‍ ജിയോയുടെ വരിക്കാരുടെ വിപണി വിഹിതം 38.6 ശതമാനവും എയര്‍ടെല്ലിന് 32.7 ശതമാനവുമാണ്. വി.ഐയുടെ വിപണി വിഹിതം ജൂലായില്‍ 19.9 ശതമാനമാണ് രേഖപ്പെടുത്തിയത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓപ്പറേറ്റര്‍മാരായ ബി.എസ്.എന്‍.എല്‍, എം.ടി.എന്‍.എല്‍ എന്നിവയ്ക്ക് യഥാക്രമം 1.4 ദശലക്ഷം, 33,623 വയര്‍ലെസ് ഉപയോക്താക്കളെ നഷ്ടപ്പെട്ടു. ജൂലായില്‍ ഇന്ത്യയിലെ മൊത്തത്തിലുള്ള മൊബൈല്‍ ഫോണ്‍ കണക്ഷനുകളുടെ എണ്ണം 2.67 ദശലക്ഷം വര്‍ദ്ധിച്ചു, ജൂണിലെ 0.37 ദശലക്ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ ഉപയോക്താക്കളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധന ഉണ്ടായി.
◾സിനിമാലോകം ഒന്നടങ്കം കാത്തിരുന്ന 'എമ്പുരാന്‍' ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് എത്തി. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാന്‍ പോവുകയാണ് എന്നാണ് മോഹന്‍ലാല്‍ പങ്കുവച്ച വീഡിയോയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഒക്ടോബര്‍ 5ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. 'ലൂസിഫര്‍' ചിത്രത്തിലെ ഏതാനും ദൃശ്യങ്ങളുടെ മാഷ്അപ് കാണിച്ചതിന് പിന്നാലെ ഇന്ദ്രജിത്ത് അവതരിപ്പിച്ച ഗോവര്‍ദ്ധനെയാണ് കാണിക്കുന്നത്. ലൈവിനിടെ 'ഹീ ഈസ് കമ്മിംഗ് ബാക്ക്..' എന്ന ഡയലോഗ് ആണ് പറയുന്നത്. നിമിഷങ്ങള്‍ കൊണ്ട് തന്നെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ആശിര്‍വാദ് സിനിമാസിനൊപ്പം ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ താരങ്ങളെ കുറിച്ചോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ദില്ലി, സിംല എന്നിവിടങ്ങളിലാണ് ചിത്രീകരണം ആരംഭിക്കുകയെന്ന് ട്രേഡ് അനലിസ്റ്റുകളില്‍ ചിലര്‍ നേരത്തെ അറിയിച്ചിരുന്നു. ലഡാക്കും ഒരു പ്രധാന ലൊക്കേഷന്‍ ആണ്. എമ്പുരാന്‍ വലിയ സിനിമയാണ്. വലിയ സിനിമയെന്നു പറഞ്ഞാല്‍ അതിന്റെ കഥാപശ്ചാത്തലം വലുതാണ്. സിനിമ ഒരു സാധാരണ സിനിമയാണ്. ലൂസിഫറില്‍ കണ്ട ടൈംലൈനിന് മുന്‍പ് നടന്ന കാര്യങ്ങളും ശേഷം നടന്ന കാര്യങ്ങളും എമ്പുരാനില്‍ ഉണ്ടാവും, പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു.
◾അര്‍ജുന്‍ സര്‍ജയെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന 'വിരുന്ന്' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ആക്ഷന്‍ എന്റര്‍ടെയ്നര്‍ ചിത്രമാണിത്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് റീച്ച് മ്യൂസിക് കരസ്ഥമാക്കിയത് നേരത്തെ വാര്‍ത്തയായിരുന്നു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ മ്യൂസിക് കമ്പനി ആദ്യമായാണ് മലയാളത്തില്‍ നിന്നും മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കുന്നത്. വരാലിനു ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാളത്തിലും തമിഴിലുമായിട്ടാണ് ഒരുങ്ങുന്നത്. ഇന്‍വെസ്റ്റിഗേറ്റീവ് സസ്പെന്‍സ് ത്രില്ലര്‍ സ്വഭാവത്തിലുള്ള സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം ദിനേശ് പള്ളത്ത് ആണ്. ചിത്രത്തില്‍ അര്‍ജുന്‍, നിക്കി ഗല്‍റാണി എന്നിവരെ കൂടാതെ മുകേഷ്, ഗിരീഷ് നെയ്യാര്‍, അജു വര്‍ഗീസ്, ബൈജു സന്തോഷ്, ഹരീഷ് പേരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സോന നായര്‍, മന്‍രാജ്, സുധീര്‍, കൊച്ചുപ്രേമന്‍, പൂജപ്പുര രാധാകൃഷ്ണന്‍, വി കെ ബൈജു, അജയ് വാസുദേവ്, കൊല്ലം ഷാ, ജിബിന്‍ സാബ്, പോള്‍ തടിക്കാരന്‍, എല്‍ദോ, അഡ്വ. ശാസ്തമംഗലം അജിത് കുമാര്‍, രാജ്കുമാര്‍, സനല്‍ കുമാര്‍, അനില്‍ പത്തനംതിട്ട, അരുന്ധതി, ശൈലജ, നാന്‍സി, ജീജാ സുരേന്ദ്രന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. ചിത്രം നവംബര്‍ മാസം തീയേറ്ററുകളില്‍ എത്തും.
◾ബ്രിട്ടീഷ് അള്‍ട്രാ ലക്ഷ്വറി സ്‌പോര്‍ട്‌സ് കാര്‍ നിര്‍മ്മാതാക്കളായ ആസ്റ്റണ്‍ മാര്‍ട്ടിന്‍ ലോകത്തിലെ ആദ്യത്തെ സൂപ്പര്‍ ടൂറര്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബി12 ഇന്ത്യന്‍ വിപണിയില്‍ 4.59 കോടി രൂപ വിലയില്‍ അവതരിപ്പിച്ചു. ഡിബി11 ന്റെ പിന്‍ഗാമിയാണ് പുതിയ മോഡല്‍ എത്തുന്നത്. ഇതില്‍ കൂടുതല്‍ ശക്തമായ 4.0-ലിറ്റര്‍ വി8 എഞ്ചിന്‍ സജ്ജീകരിച്ചിരിക്കുന്നു. ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബി12 ന് 4.0 ലിറ്റര്‍ വി8 ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് എഞ്ചിനാണ് കരുത്ത് പകരുന്നത്. അത് പരമാവധി 670ബിഎച്പി കരുത്തും 800എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് വഴിയാണ് പിന്‍ ചക്രങ്ങളിലേക്ക് പവര്‍ കൈമാറുന്നത്. 325 കിലോമീറ്റര്‍ ആണ് പരമാവധി വേഗത. വെറും 3.5 സെക്കന്‍ഡിനുള്ളില്‍ ബൈക്ക് പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. പുതിയ മോഡല്‍ ജിടി, സ്പോര്‍ട്, സ്പോര്‍ട് പ്ലസ് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകള്‍ വാഗ്ദാനം ചെയ്യുന്നു.
◾ക്ഷേത്രമുറ്റങ്ങളിലും ഉത്സവപ്പന്തലുകളിലും പൂരപ്പറമ്പുകളിലും നെറ്റിപ്പട്ടം കെട്ടി, തീവട്ടിവെളിച്ചത്തില്‍ തിടമ്പേറ്റി, മേളത്തിന്റെ താളത്തില്‍ ചെവികളാട്ടി വിരാജിച്ച നൂറ്റിയൊന്ന് ഗജവീരന്മാരുടെ കഥകള്‍. കേരളത്തിനുമാത്രം അഭിമാനിക്കാവുന്ന ഉത്സവകാലത്തിന്റെ ആനച്ചന്തത്താല്‍ നമ്മെ വിസ്മയിപ്പിച്ച് വിടവാങ്ങിയ ഈ കരിവീരന്മാര്‍ ഉത്സവാസ്വാദകരായ മലയാളികളുടെ മനസ്സില്‍ ദീപ്തസ്മരണകളായി തലയെടുപ്പോടെ ചന്തമാര്‍ന്നു നില്‍ക്കുന്നു. മലയാളിയുടെ മനസ്സില്‍ സ്മരണകളുയര്‍ത്തി എന്നും നിറഞ്ഞുനില്‍ക്കുന്ന 101 ആനകളുടെ കഥകള്‍. '101 ആനക്കഥകള്‍'. ജയന്‍ വി കുറുപ്പ്. മാതൃഭൂമി. വില 230 രൂപ.
◾ആരോഗ്യവും രുചിയും ഒരുപോലെ വേണമെങ്കില്‍ ആവിയില്‍ വേവിച്ച ഭക്ഷണം ശീലമാക്കാം. ഇവ പോഷകങ്ങളുടെ കലവറയായിരിക്കും. കുറഞ്ഞ കലോറി ആയതിനാല്‍ ശരീരഭാരം നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉറപ്പായും കൂടെകൂട്ടാം. ദഹനപ്രക്രിയയും സുഗമമായിരിക്കും. ആവിയില്‍ വേവിക്കുമ്പോള്‍ പഴങ്ങളും പച്ചക്കറികളുമെല്ലാം അവയുടെ പോഷകങ്ങള്‍ നിലനിര്‍ത്തും. ഇത് ദഹനവ്യവസ്ഥയ്ക്ക് അനുയോജ്യമായ സാഹചര്യമുണ്ടാക്കും. ഭക്ഷണം എളുപ്പത്തില്‍ ദഹിക്കുന്നതിനും കുടലിന്റെ ആരോഗ്യത്തിനും ഇത് നല്ലതാണ്. കൊളസ്‌ട്രോള്‍ പ്രശ്‌നമുണ്ടെങ്കില്‍ ആവിയില്‍ വേവിച്ച ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമില്ല. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും നിയന്ത്രിക്കാന്‍ ഇത് സഹായിക്കും. എണ്ണ, നെയ്യ് എന്നിവ ഒഴിവാക്കുന്നത് ദീര്‍ഘകാലം ആരോഗ്യം നിലനിര്‍ത്താനും നല്ലതാണ്. പഴങ്ങളുടെയും പച്ചക്കറികളുടെയും ആകര്‍ഷകമായ നിറങ്ങള്‍ നഷ്ടപ്പെടാതെ അവ പ്ലേറ്റിലേക്കെത്തിക്കാന്‍ മികച്ച പാചകരീതിയാണിത്. രുചിയുടെ കാര്യത്തിലും സംശയം വേണ്ട. വിഭവങ്ങളുടെ സ്വാഭാവിക രുചി സംരക്ഷിച്ചുകൊണ്ട് പാചകം പൂര്‍ത്തിയാക്കാം. അമിതമായി വെന്തുപോകുമെന്നോ കരിഞ്ഞുപോകുമെന്നോ പേടിക്കുകയും വേണ്ട. ശരീരഭാരം കുറയ്ക്കാനുള്ള പരിശ്രമങ്ങളിലാണെങ്കില്‍ ഇതിനോടകം ആവിയില്‍ പുഴുങ്ങിയ ഭക്ഷണം നിങ്ങളുടെ ഡയറ്റില്‍ കൂടുകൂട്ടിയിട്ടുണ്ടാകും. ചിലര്‍ പഴങ്ങളും പച്ചക്കറികളും പാകം ചെയ്യാതെ പച്ചയ്ക്ക് കഴിക്കാറുണ്ട്, ഇത് ചിലപ്പോള്‍ നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തെ ബാധിച്ചേക്കാം. ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗം ആവിയില്‍ വേവിച്ച് കഴിക്കുന്നതാണ്.
*ശുഭദിനം*
*കവിത കണ്ണന്‍*
വിമാനം പറപ്പിക്കണം... അതായിരുന്നു അബ്ദുളിന്റെ സ്വപ്നം. ക്ലാസ്സിലെ ഏറ്റവും നല്ല വിദ്യാര്‍ത്ഥി. അതുകൊണ്ട്തന്നെ അധ്യാപകരുടെ കണ്ണിലുണ്ണിയായിരുന്നു അബ്ദുള്‍. യുദ്ധവിമാനങ്ങളായിരുന്നു അവന് ഏററവും ഇഷ്ടം. അതുകൊണ്ട് തന്നെ സമയം കിട്ടുമ്പോഴെല്ലാം തന്റെ ഇഷ്ടവിമാനത്തെപ്പറ്റി പഠിക്കുമായിരുന്നു. ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്ത്തിയായപ്പോള് അബ്ദുള്‍ എയര്ഫോഴ്സിലേക്ക് അപേക്ഷ അയച്ചു. അവന്റെ ആഗ്രഹം പോലെത്തന്നെ ഇന്റര്‍വ്യൂവിന് അവര്‍ ക്ഷണിക്കുകയും ചെയ്തു. ആദ്യ റൗണ്ട് എഴുത്തുപരീക്ഷ അവന്‍ ഗംഭീരമായിത്തന്നെ പൂര്‍ത്തിയാക്കി. രണ്ടാം റൗണ്ട് ശാരീരിക ക്ഷമത തെളിയിക്കുന്നതായിരുന്നു. കുറച്ച് ബുദ്ധിമുട്ടിയാണെങ്കിലും ആ റൗണ്ടും അവന്‍ കടന്നു. പിന്നീടുവന്ന ഇന്റര്‍വ്യൂവിലും അവന്‍ തിളങ്ങി. വലിയ ആത്മവിശ്വാസത്തോടെയായിരുന്നു അവന്‍ മത്സരഫലത്തിനായി കാത്തിരുന്നത്. പന്ത്രണ്ടുപേരെ അവര്‍ തിരഞ്ഞെടുത്തുവെങ്കിലും അതില് അബ്ദുളിന്റെ പേരുണ്ടായിരുന്നില്ല. വര്‍ഷങ്ങളുടെ കാത്തിരിപ്പും അദ്ധ്വാനവും അങ്ങിനെ ഫലം കാണാതെ അവസാനിച്ചു. അന്ന് രാത്രി അവന്‍ ഉറങ്ങിയതേയില്ല.. പക്ഷെ, അടുത്ത ദിവസം അവന്‍ ഉണര്‍ന്നത് മറ്റൊരു സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിന് വേണ്ടി ജീവിതം വഴിതിരിച്ചുവിടാന്‍ തീരുമാനിച്ചുകൊണ്ടായിരുന്നു. ജീവിതത്തിലെ പരാജയത്തിലും പ്രതിസന്ധിയിലും മനസ്സുമടുക്കാതെ കൂടുതല്‍ മെച്ചമായ കാര്യങ്ങള്‍ തന്നെ കാത്തിരിക്കുന്നു എന്ന ഉറപ്പോടെ മുന്നേറിയ അബ്ദുള്‍ , ലോകം ആദരിച്ച എ.പി.ജെ ആയി മാറി. സ്വപ്നം കാണുക ആ സ്വപ്നത്തെക്കുറിച്ച് ചിന്തിക്കുക ആ ചിന്തകളെ പ്രവൃത്തിയിലൂടെ സഫലമാക്കുക എന്ന് നമ്മെ പഠിപ്പിച്ച അദ്ദേഹം മറ്റൊന്നുകൂടി പറഞ്ഞുവെച്ചു: ഒരു സ്വപ്നം തകര്‍ന്നടിഞ്ഞാല്‍ ഉദാത്തമായ മറ്റൊരു സ്വപ്നസാക്ഷാത്കാരത്തിന് വേണ്ടി ജീവിതം സമര്‍പ്പിക്കുക.. - ശുഭദിനം.