*ടിക്കറ്റ് 20 രൂപ മുതല്‍ 50 രൂപ വരെ,സ്‍പീഡ് 180 കിമി: നമോഭാരത് ട്രാക്കിൽ*

ന്യൂഡൽഹി: വർഷങ്ങളായി രാജ്യം കാത്തിരിക്കുന്ന അതിവേഗ ട്രെയിനായ റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്‌റ്റം (ആർആർടിഎസ്) ട്രെയിൻ ഓടിത്തുടങ്ങി. സാഹിബാബാദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്തു. രാജ്യത്തെ ആദ്യ മിനി ബുള്ളറ്റ് ട്രെയിൻ ‘നമോ ഭാരത്’ എന്നാണ് അറിയപ്പെടുക. ഡൽഹിക്കും മീററ്റിനും ഇടയിലുള്ള റൂട്ടിൽ തുടക്കത്തിൽ 17 കിലോമീറ്റർ മാത്രമേ ട്രെയിൻ ഓടുകയുള്ളൂ. സാഹിബാബാദിനും ദുഹായ്ക്കും ഇടയിൽ അഞ്ച് സ്റ്റേഷനുകള്‍ ഉണ്ടാകും. 

നമോഭാരത് ട്രെയിനിൻ്റെ പരമാവധി വേഗത മണിക്കൂറിൽ 180 കിലോമീറ്റർ വരെയാണ്. ശരാശരി വേഗത മണിക്കൂറിൽ 100 ​​കിലോമീറ്റർ. ട്രെയിനിൽ വൈഫൈ സൗകര്യം ഉണ്ടാകും. ബിസിനസ് ക്ലാസ് കോച്ചുകളിൽ ഭക്ഷണം വിതരണം ചെയ്യുന്ന യന്ത്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാരുടെ സൗകര്യാർത്ഥം മാപ്പിന് പുറമെ മെട്രോയിലേതു പോലെ ഓഡിയോ അനൗൺസ്‌മെന്റുകളും ഉണ്ടാകും. 

സ്റ്റാൻഡേർഡ്, പ്രീമിയം എന്നിങ്ങനെ രണ്ട് തരം കോച്ചുകളാണ് ട്രെയിനിൽ സ്ഥാപിച്ചിരിക്കുന്നത്. സ്റ്റാൻഡേർഡ് കോച്ചിലെ നിരക്ക് കുറഞ്ഞത് 20 രൂപ മുതൽ പരമാവധി 50 രൂപ വരെയാണ്. പ്രീമിയം ക്ലാസിൽ കുറഞ്ഞ നിരക്ക് 40 രൂപയും കൂടിയ നിരക്ക് 100 രൂപയുമാണ്. 2025 ഓടെ ഡൽഹിയിൽ നിന്ന് മീററ്റിലേക്കുള്ള ട്രെയിൻ ഓടുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് പൂർത്തിയാകുന്നതോടെ രണ്ട് നഗരങ്ങൾക്കിടയിലുള്ള യാത്ര വെറും 55 മിനിറ്റിനുള്ളിൽ സാധ്യമാകും. നിലവിൽ റോഡ് മാർഗം മീററ്റിലെത്തുന്നതിന് 2 മുതൽ 3 മണിക്കൂർ എടുക്കും.