രണ്ടിലൊന്ന് അറിഞ്ഞ് ബ്ലാസ്റ്റേഴ്സ്; മുംബൈക്കെതിരെ തോൽവി 2-1ന്

മുംബൈ: ഇന്ത്യൻ സൂപ്പർ ലീ​ഗിൽ കേരളാ ബ്ലാസ്റ്റേഴ്സിന് ആദ്യ തോൽവി. സ്വന്തം സ്റ്റേഡിയത്തിൽ രണ്ട് ജയവുമായി മുംബൈക്ക് വണ്ടി കയറിയ ബ്ലാസ്റ്റേഴ്സ് തോൽവി അറിഞ്ഞു. മുംബൈ സിറ്റി എഫ്‌സിക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടത്.

ആദ്യ പകുതിയുടെ 68 ശതമാനവും മുംബൈയാണ് പന്തിനെ നിയന്ത്രിച്ചത്. പക്ഷേ ആദ്യ ​ഗോൾ പിറന്നത് ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലാണ്. സീസണിൽ മികച്ച ഫോമിലുള്ള ജോർജ് പെരേര ഡയസാണ് വലചലിപ്പിച്ചത്. 58-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് തിരിച്ചടിച്ചു. ഡാനിഷ് ഫാറൂഖാണ് ​​ഗോൾ നില തുല്യമാക്കിയത്. പക്ഷേ 68-ാം മിനിറ്റിൽ മുംബൈ സിറ്റി വീണ്ടും മുന്നിലെത്തി. ഇത്തവണ ലാലാംഗ്മാവിയ റാല്‍റ്റെ മുംബൈയ്ക്കുവേണ്ടി വലചലിപ്പിച്ചു.

ഐഎസ്എൽ പത്താം പതിപ്പിൽ മുംബൈയുടെ രണ്ടാം ജയമാണിത്. ബ്ലാഴ്സ്റ്റേഴ്സിന്റെ ആദ്യ തോൽവിയും. തോല്‍വിയോടെ ബ്ലാസ്‌റ്റേഴ്‌സ് പോയിൻ്റ് ടേബിളിൽ നാലാം സ്ഥാനത്തേക്ക് വീണു. മൂന്ന് മത്സരങ്ങളില്‍ രണ്ട് ജയമുള്ള ബ്ലാസ്‌റ്റേഴ്‌സ് ആറ് പോയിന്റുണ്ട്. ബ്ലാസ്റ്റേഴ്സ് ഉണ്ടായിരുന്ന രണ്ടാം സ്ഥാനത്ത് മുംബൈ എത്തി. രണ്ട് ജയവും ഒരു സമനിലയുമുള്ള മുംബൈ രണ്ടാമതാണ്. അതിനിടെ അവസാന പത്ത് മിനിറ്റിൽ ഇരുടീമുകളിലെയും താരങ്ങൾ തമ്മിൽ വാക്കുതർക്കമുണ്ടായത് മത്സരത്തിന്റെ നിറം കെടുത്തി.