ഇസ്രയേല്‍ – ഹമാസ് സംഘര്‍ഷത്തിൽ ആകെ മരണം 1,700 പിന്നിട്ടു. ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ ഇസ്രയേലില്‍ മാത്രം ആയിരം പേരാണ് കൊല്ലപ്പെട്ടത്. ഇസ്രയേലിന്റെ തിരിച്ചുള്ള വ്യോമാക്രമണത്തില്‍ 770 പലസ്തീനികള്‍ കൊല്ലപ്പെട്ടെന്നും 4000ത്തോളം പേര്‍ക്ക് പരുക്കേറ്റെന്നുമാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടുകൾ. ഗാസയുടെ ധനകാര്യമന്ത്രി ജാവേദ് അബു ഷമാല, സക്കറിയ അബു മാമര്‍ എന്നിങ്ങനെ രണ്ട് ഹമാസ് നേതാക്കളെ കൊലപ്പെടുത്തിയെന്നാണ് ഇസ്രയേലിന്റെ അവാകാശവാദം. മരണപ്പെട്ടവരില്‍ 140 കുട്ടികളുമുണ്ട്.ഗാസയില്‍ സമ്പൂര്‍ണ ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്രയേല്‍. ഗാസയിലേക്കുള്ള ഭക്ഷണവും ഇന്ധനവും വൈദ്യുതിയുമടക്കം തടയുമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചത്. ഇസ്രയേലില്‍ നിന്ന് ഗാസയിലേക്കുള്ള ജലവിതരണം നിര്‍ത്തിവെച്ചു. വൈദ്യുതിയും വെള്ളവും ഭക്ഷണവും ഇന്ധനവുമില്ലാതെ ഗാസ പൂര്‍ണമായും ഒറ്റപ്പെടണം. എല്ലായിടവും അടച്ചുപൂട്ടിയിരിക്കുകയാണ്.”-എന്നാണ് ഇസ്രയേല്‍ പ്രതിരോധമന്ത്രി എക്സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചത്.
ഗാസയിലേക്ക് ഭക്ഷണമെത്തിക്കരുതെന്ന് ഈജിപ്തിന് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഗാസയില്‍ നിന്ന് ഈജിപ്തിലേക്ക് കടക്കാനുള്ള ഏക വഴിയും ഇസ്രയേല്‍ സേനയുടെ അധീനതയിലാണ്. ഇസ്രയേലിനുമേല്‍ ഹമാസ് നടത്തിയ ആക്രമണത്തെ അപലപിച്ച് ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി രാജ്യങ്ങള്‍കൂടി രംഗത്തെത്തിയിരുന്നു. ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം തുടര്‍ന്നാല്‍ ഇപ്പോള്‍ ബന്ദികളാക്കിയിട്ടുള്ളവരെ പരസ്യമായി കൊലപ്പെടുത്തുമെന്നാണ് ഹമാസിന്റെ മുന്നറിയിപ്പ്. ഹമാസ് ആക്രമികള്‍ ഇപ്പോഴും ഇസ്രായേലില്‍ ഉണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ടെലിവിഷന്‍ അഭിസംബോധനയില്‍ സമ്മതിച്ചു. ഹമാസിനെതിരെ ആക്രമണം തുടങ്ങിയിട്ടേയുള്ളൂ എന്ന് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.