മുംബൈയിൽ ഏഴുനില കെട്ടിടത്തിന് തീപിടിച്ച് ഏഴ് മരണം; 14 പേർക്ക് പരിക്ക്

മുംബൈ: ​ഗൊറേഗാവിലെ ഏഴ് നില കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ ഏഴ് മരണം. 40 പേർക്ക് പരിക്കേറ്റു. പടിഞ്ഞാറൻ ഗൊറേഗാവിലെ ഭവാനി ബിൽഡിങ്ങിലാണ് തീപിടിത്തമുണ്ടായത്. പരിക്കേറ്റവരെ മുംബൈയിലെ എച്ച്ബിടി, കൂപ്പർ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

പുലർച്ചെ മൂന്ന് മണിക്ക് ആണ് തീപിടിത്തമുണ്ടായത്. മരിച്ച ഏഴ് പേരിൽ രണ്ടു പേർ കുട്ടികളാണ്. പരിക്കേറ്റവരിൽ 12 പുരുഷന്മാരും 28 സ്ത്രീകളും ഉൾപ്പെടുന്നു.

'ഗൊറേഗാവിലുണ്ടായ തീപിടുത്തത്തിൽ ജീവൻ നഷ്ടപ്പെട്ടതിനെ കുറിച്ച് അറിഞ്ഞതിൽ വേദനയുണ്ട്. ഞങ്ങൾ ബിഎംസി, മുംബൈ പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നുണ്ട്, എല്ലാ സഹായങ്ങളും നൽകും. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ സുഖം പ്രാപിക്കുന്നു,' മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എക്‌സിൽ കുറിച്ചു.

കെട്ടിടം പൂർണമായും കത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ തൊട്ട് അടുത്തുണ്ടായിരുന്ന കടകൾ, കാറുകൾ എന്നിവയും കത്തി നശിച്ചു. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.