പൊട്ടിത്തെറിയെ തുടർന്ന് തീ അതിവേഗം പടരാൻ തുടങ്ങി. ഇതോടെ ഫാക്ടറിക്കുള്ളിൽ കുടുങ്ങിയ തൊഴിലാളികൾക്ക് രക്ഷപ്പെടാനായില്ല. വിവരമറിഞ്ഞ് അരിയല്ലൂർ, ശെന്തുരൈ, തിരുവയ്യാറ്, ജയങ്കണ്ടം എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ ആൻഡ് റെസ്ക്യൂ സർവീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. അയൽ ഗ്രാമങ്ങളിൽ നിന്നുള്ളവരുടെ സഹായത്തോടെയായിരുന്നു രക്ഷാപ്രവർത്തനം.
മരിച്ചവരുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അരിയല്ലൂർ ഗവൺമെന്റ് കോളജ് ആശുപത്രിയിലേക്കും ഗുരുതരമായി പരിക്കേറ്റ തൊഴിലാളികളെ ചികിത്സയ്ക്കായി തഞ്ചാവൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും അയച്ചു. എന്താണ് അപകടത്തിന് കാരണമായതെന്നും ഷിഫ്റ്റിൽ എത്രപേർ ഉണ്ടായിരുന്നുവെന്നും ഇതുവരെ അറിവായിട്ടില്ല.
അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ മൂന്ന് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും പരിക്കേറ്റ മറ്റുള്ളവർക്ക് 50,000 രൂപയും നൽകും. ഒരാഴ്‌ചയ്‌ക്കിടെ ഇത്തരത്തിൽ രണ്ടാമത്തെ അപകടമാണ് പടക്ക യൂണിറ്റിൽ ഉണ്ടാകുന്നത്. നേരത്തെ ഒക്‌ടോബർ ഏഴിന് കർണാടക-തമിഴ്‌നാട് അതിർത്തിയിലെ അത്തിബെലെയിൽ ഗോഡൗണിലുണ്ടായ അപകടത്തിൽ 14 തൊഴിലാളികൾ മരിച്ചിരുന്നു.