പോത്തൻകോട് ഗുണ്ടാസംഘം വീടുകയറി ആക്രമിച്ച സംഭവം; രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം: പോത്തൻകോട് നേതാജിപുരത്ത് ഗുണ്ടാസംഘം വീടുകയറി ആക്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. നേതാജിപുരം സ്വദേശികളായ ദിനീഷ്, എം ശ്യാംകുമാർ എന്നിവരാണ് അറസ്റ്റിലായത്. സംഭവം നടന്നയുടൻ പ്രതികൾ ഒളിവിൽ പോയിരുന്നു. പോത്തൻകോട് പൊലീസാണ് പ്രതികളെ പിടികൂടിയത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം.

നേതാജിപുരം സ്വദേശി നഹാസിന്റെ വീടിന് നേർക്കാണ് കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായത്. നഹാസിന്റെ കൈ ഇരുമ്പു കമ്പി കൊണ്ട് തല്ലി ഒടിച്ചിരുന്നു. കൊലക്കേസ് പ്രതി ഉൾപ്പെടെ 30 പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയതെന്ന് കുടുംബം പൊലീസിന് പരാതി നൽകിയിരുന്നു. തുട‍ർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. മറ്റുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

രണ്ട് സ്കൂട്ടറുകളും അക്രമിസംഘം തല്ലിത്തകർത്തു. തടയാനെത്തിയ നാട്ടുകാരെയും ഇവർ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ജംഗ്ഷനിൽ തുടങ്ങിയ വാക്കേറ്റമാണ് ആക്രമണത്തിലേക്ക് നയിച്ചത്. യുവതിയെ വീടിനുള്ളിൽ വച്ച് കഴുത്തറുത്ത് കൊന്ന കേസിലെ പ്രതിയായ ബിനീഷ്, പപ്പടം കുട്ടൻ എന്ന ശ്യാം എന്നിവരടങ്ങുന്ന സംഘമാണ് അക്രമത്തിന് പിന്നിലെന്നായിരുന്നു ആരോപണം.